UPDATES

യാത്ര

ഗ്രാമം നടന്നളക്കുന്ന ഒരാള്‍; ഒരു ഒമാന്‍ അനുഭവം

Avatar

വി കെ അജിത്‌ കുമാര്‍

കുന്നുകള്‍ക്കു വേണ്ടി കടലൊഴിഞ്ഞു മാറിയോരിടമെന്ന് ഒമാന്‍ ഭൂപ്രദേശത്തെ കാണുന്നവരുണ്ട്‌. ശല്ക്കങ്ങള്‍ കൊണ്ട് പൊതിയുന്ന വലിയ മണ്‍കുന്നുകളെന്നും വിളിക്കാം. ഭൂമിശാസ്ത്രം പറഞ്ഞുതരാന്‍ അതിന്‍റെ വിദഗ്ദ്ധന്മാര്‍ ഉണ്ടായിരിക്കാം. അതിലേക്കു ഞാന്‍ കടന്നാല്‍ അത് ശാസ്ത്രീയ മണ്ടത്തരങ്ങള്‍ മാത്രമായി തീരുമെന്നതിനാല്‍ അതിനു തുനിയുന്നില്ല.

എഴുത്തിന്‍റെ മേഖല ഒന്ന് മാറ്റിപ്പിടിക്കാന്‍ കാരണമായത് പഴയ ഒരു സുഹൃത്ത് മൂലമാണ്. ഞാനും കുട്ടുകാരന്‍ മലയാള സിനിമാസംവിധായകന്‍  രഞ്ജിലാല്‍ ദാമോദരനും ഒത്തു ചേര്‍ന്നത് ഒരു പുതിയ കഥ മെനയുവാനാണ്. ഒരു പുതിയ സിനിമയുടെ രൂപപ്പെടുത്തല്‍. കലഹിച്ചും തര്‍ക്കിച്ചും ഒത്തുതീര്‍പ്പാക്കിയും ഞങ്ങള്‍ പരുവപ്പെടുത്തിയ സിനിമയെ പകര്‍ത്തുവാന്‍ ഒടുവില്‍ യഥാര്‍ത്ഥ്യത്തിന്‍റെ സ്ഥലികള്‍ തേടിയത്  മസ്കറ്റിലേക്കുള്ള ഒരു പറക്കലിലാണ് അവസാനിച്ചത്‌.

വളരെ തിരക്കുപിടിച്ച കുറച്ചു ദിവസങ്ങള്‍. കാണുന്നതെല്ലാം മനസിലേക്ക് ആവാഹിക്കുക; അത്രമാത്രം. പടം പിടിക്കുക എന്നതാണ് ആഗമനോദ്ദേശ്യം. അതിനിടയില്‍ എന്ത് വിനോദ സഞ്ചാരം. ശീതികരിച്ച മുറികളും വാഹനങ്ങളും കടന്നെത്തുന്ന പലേടവും അതികഠിനമായ സുര്യ സാന്നിധ്യം കൊണ്ട് ഞങ്ങളെ ക്ഷീണിപ്പിച്ചുകൊണ്ടിരുന്നു. ഉള്ളിലെവിടെയോ ഉണ്ടായിരുന്ന ഒറ്റപ്പെടല്‍ ബോധം എന്നെ ആ തിരക്കിലും പലപ്പോഴും ഒറ്റപ്പെടുത്തുന്നതായും തോന്നി.

നഗരങ്ങളില്‍ നിന്നും ഒരുപാടകലെയുള്ള ഒരു താഴ്വാരത്തിലായിരുന്നു അന്ന് ഞങ്ങള്‍. കുറച്ചു ചെറിയ വീടുകള്‍ മലകളില്‍ നിന്നും അടര്‍ന്നു വീണതു  പോലെ. വൃത്തിയുള്ള വഴികളും ഒരു കോഫി സ്റ്റാളും ഒരു ബാര്‍ബര്‍ ഷോപ്പും മാത്രമുള്ള ഒരു മുക്കവല ചുറ്റും നിറഞ്ഞുനില്‍ക്കാന്‍ ഭീമാകാരമായ മണ്‍മലകള്‍ അവിടെയും ഉണ്ടായിരുന്നു.

ഏതാണ്ട് വൈകിട്ട് നാലുമണി സമയത്തായിരുന്നു അയാളെ ഞാന്‍ കണ്ടത്. നേവി നിറമുള്ള ടി ഷര്‍ട്ടും മുട്ടിനു താഴെയെത്തുന്ന ഒരു ട്രൌസറും ഇട്ട സാമാന്യം നീള മുള്ള ഒരു മനുഷ്യന്‍. വളര്‍ന്നു ഇടതൂര്‍ന്ന താടിയും അല്പം നീളമുള്ള മുടികളുമുണ്ടെങ്കിലും എന്നെ പിടിച്ചു നിര്‍ത്തിയത് അയാളുടെ കണ്ണുകളിലെ തീഷ്ണതയാണ്. അതെന്നെ കുറച്ചു ഭയപ്പെടുത്തുകയും ചെയ്തു.

ശ്വേതാമേനോനും ഒരു ചെറിയകുട്ടിയും തെരുവിലൂടെ നടക്കുന്ന ഭാഗമാണ്  ഷൂട്ട്‌ ചെയ്യുന്നത്. സീന്‍ ചിത്രീകരിക്കാന്‍  ഞങ്ങളുടെ കൂട്ടം ഒരുങ്ങിക്കഴിഞ്ഞു. സംവിധായകനും എന്‍റെ സഹപാഠിയുമായ രഞ്ജിലാല്‍ ഉറക്കെ ആക്ഷന്‍ പറയുന്നു ജോബി ക്യാമറയിലേക്ക് ശ്രദ്ധിക്കുന്നു.ശബ്ദലേഖകരായ അനുരാജും അരുണും സൈലന്‍സ് വിളിക്കുന്നു. സശ്രദ്ധം നില്‍ക്കുന്ന ഞങ്ങള്‍ക്കിടയിലൂടെ  ഒരു ചാഞ്ചല്യവുമില്ലാതെ അയാള്‍ നടന്നു പോകുന്നു.

പൊതുവേ അവിടത്തെതദ്ദേശിയര്‍ക്ക് സിനിമയോടും സിനിമാക്കാരോടും എന്തോ വലിയ താത്പര്യമൊന്നുമില്ലെന്നു ഞങ്ങള്‍ ആദ്യം തന്നെ തിരിച്ചറിഞ്ഞിരുന്നു. ആധുനിക ലോകത്തിന്‍റെ അതിസങ്കീര്‍ണ്ണമായ ഈ കലാരൂപം ഇതേ വരെ മെട്രോ സിറ്റികള്‍ നിറയുന്ന ആ സമ്പന്നതയുടെ മണ്ണില്‍ കിളിര്ത്തിട്ടില്ല എന്നതാണ് സത്യം. അതിന്‍റെ മനോഭാവമാകാം  അയാളിലുമെന്നാണ് ഞാന്‍ കരുതിയത്‌. എനിക്കയാളോടു അകാരണമായ ഒരു വെറുപ്പും ഉണ്ടായിവന്നു.

സമീപത്തെ ഒരു വിടിന്‍റെ മുകളിലെ നിലയിലെ ജാലകത്തിന്‍റെ. തിരശ്ശീലയിളകിയത് ഞാന്‍ കണ്ടു അതിലൂടെ ഒരു സ്ത്രീ താഴെയെന്താണ് നടക്കുന്നതെന്ന് അലസമായി നോക്കുന്നതും കണ്ടു. എനിക്ക് തോന്നുന്നു അവരല്ലാതെ മറ്റാരും ഞങ്ങളെ ഒന്ന് ശ്രദ്ധിക്കുക കൂടി ചെയ്തില്ലെന്ന്.

ആ തെരുവില്‍  നിന്നും ലൊക്കേഷന്‍ വളരെ അടുത്തുള്ള ഒരു ചെറിയ വീട്ടിലേക്ക് മാറുന്നു. നേരം ഇരുട്ടുന്നുണ്ടായിരുന്നു. മലകളുടെ നിഴല്‍ നോക്കി ഞാന്‍ പടിഞ്ഞാറ് കണ്ടു പിടിച്ചു. ലോകത്തെവിടെയാണെങ്കിലും ഈ സൂര്യന് ഒളിക്കാന്‍ പടിഞ്ഞാറ് തന്നെ വേണമെന്നകാര്യം ഒരു തമാശ പോലെ തോന്നി.

ഇരുട്ട് കയറി വരുന്നത് ഞങ്ങള്‍ അറിയുന്നു. ഒരു ഗ്രാമം അതിന്‍റെ എല്ലാ നിശബ്ദതയും ആവാഹിച്ചുകൊണ്ട്  ഉറക്കത്തിലേക്ക് കടക്കുന്നു. ഞങ്ങള്‍ സൃഷ്ടിച്ച കൃത്രിമമായ വെളിച്ചവും ബഹളവും ഒന്നും അവരെ ആലോരസപ്പെടുത്തുന്നില്ലെന്നും എനിക്ക്  തോന്നി. ഞങ്ങളുടെ  സാന്നിധ്യം അവിടെ നിന്നും അടര്‍ത്തി മാറ്റിയാല്‍ ഭീകരമായ നിശബ്ദത നിറയുന്ന ഒരിടമായി അത് മാറുമെന്ന് ഞാന്‍ കരുതി.

ഇരുള്‍ മുറിച്ചു വന്ന അയാളെ ഞാന്‍ അപ്പോഴാണ്‌ വിണ്ടും ശ്രദ്ധിച്ചത്. ഉച്ചയ്ക്ക് കണ്ട അതേ ആവേഗത്തില്‍ അയാള്‍ നടക്കുകയാണ്. ഈ ഗ്രാമം മുഴുവന്‍ തന്‍റെ അധീനതയിലാണെന്നും അവിടെയെല്ലാവരും സുഖമയുറങ്ങിയോ എന്നും ഉറപ്പ് വരുത്തുന്ന ഒരു കാവല്‍ക്കാരനെപ്പോലെയുമാണ് ഞാന്‍ അപ്പോള്‍ അയാളെ വായിച്ചത്.

കുന്നിന്‍ മുകളിലെ മണ്‍ഗുഹകളില്‍ ചേക്കേറിയ ആട്ടിന്‍ പറ്റങ്ങളും തെരുവില്‍ അലയുന്ന നായ്ക്കളും മാത്രമേ അവിടെയുണ്ടായിരിക്കുകയുള്ളു; ഞങ്ങളുടെ സാന്നിദ്ധ്യം അവിടെയില്ലെങ്കില്‍. അപ്പോഴും അയാള്‍ നടക്കുന്നുണ്ടാവും. ഇരപിടിയനായ ഒരു പിശാചിന്‍റെ രൂപമാണ് ഞാന്‍ അപ്പോള്‍ അയാളില്‍ ആരോപിച്ചത്. അയാളുടെ കണ്ണുകള്‍ ഇരുട്ടത്ത് പൂച്ചയുടെതെന്നെപൊലെയും ചുണ്ടുകള്‍ക്കിരുവശത്തുനിന്നും രണ്ട് തേറ്റകള്‍ തഴേക്കിറങ്ങുന്നതു പോലെയും എനിക്ക് തോന്നി. പിന്നീടയാള്‍ കടന്നു വന്നപ്പോള്‍ എനിക്കല്‍പ്പം ഭയം തോന്നാതിരുന്നില്ല. ആ മലനിരകള്‍ക്കുള്ളില്‍ എവിടെയോ അയാളുടെ കോട്ടയുണ്ടാകാമെന്നും അവിടെ മനുഷ്യന്‍റെ അസ്ഥിയും തലമുടിയും നിറഞ്ഞ ഒരു കിണര്‍ കാണുമെന്നും ഞാന്‍ വെറുതെ ചിന്തിച്ചു കൂട്ടി.

എന്‍റെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ എന്നപോലെ അയാളുടെ അപ്പോഴത്തെ വരവില്‍ ഒരു സാധുവിന്‍റെ രൂപമാണ് കണ്ടത്. ഇരു കൈകളും തോളുകളില്‍ പിണച്ചുവച്ചു തണുപ്പകറ്റി നടക്കുന്ന ഒരു പാവം മനുഷ്യന്‍. രാത്രി പന്ത്രണ്ട് മണിയോടടുക്കുന്നു അയാള്‍ അവിടെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഉന്മാദത്തിന്റെ സമയരേഖകളില്‍ ക്ലോക്കിനും കലണ്ടറിനും സ്ഥാനമില്ലെന്ന് ഞാനറിയുന്നു. അതിനു നേര്‍രേഖയിലുള്ള സഞ്ചാര ഗതിയുമില്ല. അതുകൊണ്ട് തന്നെ അവരെ നമ്മള്‍ ‘വട്ടന്‍’ എന്ന വിളിപ്പേരില്‍ ഒതുക്കുന്നു.

എനിക്കയാളോടു ഒന്ന് സംസാരിക്കണമെന്ന് തോന്നി, ഒന്ന് വിളിക്കണമെന്ന് തോന്നി. എന്ത് ഭാഷ? എങ്ങനെ? എന്നൊക്കെയുള്ള പരിഷ്കൃത ചിന്തകളും പിന്നെ അകാരണമായ ആ ഭയവും എന്നെ അതില്‍ നിന്നും വിലക്കിയതില്‍ ഇന്നും എനിക്ക് ദുഃഖം തോന്നുന്നു. എങ്കിലും ഞാന്‍ അയാളെ ശ്.. ശ്… എന്ന് വിളിച്ചു. അയാള്‍ എനിക്ക് മുഖം തരാതെ  യാത്ര തുടര്‍ന്നു കൊണ്ടിരുന്നു…രാത്രി ഒരു മണിയോടെ ഞങ്ങള്‍ അവിടെ നിന്നും മടങ്ങി. 

ഞാന്‍ സഞ്ചരിച്ചിരുന്ന വാഹനം കുന്നു കയറി വളവു തിരിയുന്നിടത്ത് ആ ഗ്രാമത്തിന്‍റെ അവസാന കാഴ്ചയും അവസാനിക്കും  ഒരിക്കല്‍ കൂടി ഞാന്‍  അവിടേക്ക് നോക്കി. ഇരു കൈകളും കഴുത്തില്‍ പിണച്ചു വച്ച് അയാള്‍ നടക്കുകയാണ്. നാടു കാക്കുന്ന ഭൂതത്താനെപ്പോലെ. ഉന്മാദമെന്ന തുരുത്തില്‍ ഒറ്റപ്പെട്ടു പോയോരാള്‍ ..ഇനി ഒരിക്കലും കാണാന്‍ സാധിക്കാത്ത ഒരാള്‍…

*പ്രശസ്ത സംവിധായകന്മാരായ ഭദ്രന്‍, വേണു തുടങ്ങിയവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച രഞ്ജിലാല്‍ ദാമോദരനോടൊപ്പം ഒരു അന്തര്‍ദേശിയ കഴ്ച്ചപ്പാടുള്ള  നവല്‍ എന്ന ജൂവല്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും രചിച്ചതിന്റെ ഭാഗമായി ചിത്രീകരണത്തിനായി ഒമാനില്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍