UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മത വിശ്വാസമാകാം; പക്ഷേ പേ പിടിച്ചാലോ?

Avatar

ശരത് കുമാര്‍

(കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ മനശാസ്ത്ര വിദഗ്ദനും എഴുത്തുകാരനുമായ ഡോ. എന്‍ എം മുഹമ്മദാലി തന്റെ ശരീരം മെഡിക്കല്‍ കോളേജിനു ദാനം നടത്തിയതിനെ അപഹസിച്ചുകൊണ്ട് നവാസ് ജാനെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനോടുള്ള പ്രതിഷേധ കുറിപ്പ്. )

നവാസ് ജാനെ എന്ന മനുഷ്യനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അയാളെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് ഇന്നുച്ചയ്ക്ക് ഒരു സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോഴാണ്. ചില കാര്യങ്ങളില്‍ ചില തിരിച്ചറിവുകള്‍ ഉണ്ടാകുന്നത് ഇങ്ങനെ ചില ഞെട്ടലുകളിലൂടെ ആയിരിക്കും.

ഏതായാലും അയാളുടെ പോസ്റ്റ് വായിക്കാന്‍ നിര്‍ബന്ധിതനായി. എന്താണ് ആ പോസ്റ്റില്‍ ആവര്‍ത്തിക്കപ്പെടുന്ന ജബ്ര എന്ന് അറിയില്ല. അത്രയും ഇസ്ലാമിക ജ്ഞാനമുള്ള ഒരാളല്ല ഇതെഴുതുന്നത്. മറ്റ് മതങ്ങളെ കുറിച്ചുള്ള ജ്ഞാനവും ഏകദേശം അതുപോലെ തന്നെയാണ്. പക്ഷെ ചില കാര്യങ്ങള്‍ ചെറിയ രീതിയിലുള്ള വായന കൊണ്ടും സിനിമ കാണല്‍ കൊണ്ടും കുറെ മനുഷ്യരുമായി ഇടപഴകാന്‍ അവസരം കിട്ടിയത് കൊണ്ടും ഒക്കെ ലഭിച്ചിട്ടുണ്ട്. അതിന്‍ പ്രകാരമാണെങ്കില്‍ ഒരു മതഗ്രന്ഥവും മറ്റുവരെ നിന്ദിക്കണമെന്നോ നശിപ്പിക്കണമെന്നോ കൊല്ലണമെന്നോ പറയുന്നില്ല എന്നാണ് മനസിലാക്കാന്‍ സാധിച്ചിട്ടുള്ളത്.

എന്നാല്‍ സര്‍വമതങ്ങളുടെയും മൊത്തക്കച്ചവടം ചെയ്യുന്ന ചിലര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി മതസംഹിതകളെ വളച്ചൊടിച്ചതിന്റെ ഫലമാണ് രാമ-രാവണയുദ്ധവും കുരിശ് യുദ്ധങ്ങളും മുതല്‍ ബാബറി മസ്ജിദിന്റെ തകര്‍ച്ച വരെയുള്ള ദുരന്തങ്ങള്‍ക്ക് കാരണമായതെന്ന് പരിമിതമായ ഇതഹാസ, ചരിത്ര വായനകളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുമുണ്ട്.

അതിലും പ്രധാനമായി ശത്രുവായാലും മിത്രമായാലും മരിച്ച ജീവനെ (അത് മനുഷ്യനോ പ്രകൃതിയിലുള്ള സര്‍വചരാചരങ്ങളില്‍ ഒന്നോ ആയിക്കൊള്ളട്ടെ) അപമാനിക്കരുതെന്നും നിന്ദിക്കരുതെന്നുമാണ് എല്ലാ മതസംഹിതകളും പറയുന്നതെന്നും കേട്ടിട്ടുണ്ട്. ഇതൊന്നും അറിയാത്ത, അല്ലെങ്കില്‍ തിരിച്ചറിയാനുള്ള മാനസിക വളര്‍ച്ചയെത്തിയിട്ടില്ലാത്ത ഇപ്പോഴും പ്രിമേറ്റുകളുടെ കാലത്തില്‍ ജീവിക്കുന്ന ഒരു അപൂര്‍വ ജനുസാണ് ശ്രീമദ് നവാസ് ജാനെ എന്നും ആ കുറിപ്പ് വായിച്ചപ്പോള്‍ മനസിലായി.

ശ്രീമദ് ജാനെ ഒരിക്കല്‍ പോലും കണ്ടിട്ടുണ്ടാവാന്‍ സാധ്യതയില്ലാത്ത, ഇനി കണ്ടിട്ടുണ്ടെങ്കില്‍ തന്നെയും ഒരിക്കലും മനസിലാക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത ഒരു മനുഷ്യനെ കുറിച്ചായിരുന്നു കുറിപ്പെന്നത് കൂടുതല്‍ ഞെട്ടിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിരിക്കാനോ പുകവലിച്ചിരിക്കാനോ സാധ്യതയില്ലാത്ത ഒരു മനുഷ്യനെ കുറിച്ചായിരുന്നു പരാമര്‍ശം. ഇത്തരം പരാമര്‍ശങ്ങളിലൂടെ എതുവഴി ഏത് മതത്തെയാണ് ഈ മഹാനുഭാവന്‍ വളര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അതുവഴി എന്തു മനുഷ്യത്വമാണ് ഇയാള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുതെന്നും ഉള്ള ചോദ്യങ്ങള്‍ മനസിലാക്കാനുള്ള ത്രാണി ആ പോസ്‌റ്റെഴുതിയ ആള്‍ക്ക് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. അങ്ങനെ ഒരാള്‍ സംസ്‌കാരം തുടങ്ങിയ കാര്യങ്ങളെ കുറിച്ചോ ഭൂമിയില്‍ തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചോ മനസിലാക്കണം എന്ന് വാശി പിടിക്കുന്നതില്‍, ചുറ്റും ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന സഹജീവികളെ മനസിലാക്കണം എന്ന് ശാഠ്യം പിടിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല.

കമ്പ്യൂട്ടര്‍ തുറക്കാനും മലയാളം ടൈപ്പ് ചെയ്യാനും അറിയാമെന്നത് മാത്രമാണ് ഈ വികൃത മനസ്ക്കന് കിട്ടിയിട്ടുള്ള ഏക ഗുണം. അത് ഗുണമാണെങ്കില്‍. ആര്‍ക്കും നിരങ്ങാവുന്ന ഒരു സ്ഥലമാണ് ഓണ്‍ലൈന്‍ മീഡിയ എന്നതിനാല്‍ ഇദ്ദേഹത്തിനും ഒരിടം ഇവിടെ ലഭിക്കുന്നു എന്നതാണ് അതിന്റെ അപകടവും. ഫേസ്ബുക്ക് സുഹൃത്തിന്റെ കുറിപ്പില്‍ പറഞ്ഞത് പോലെ ഇത്തരം ജീവികള്‍ ശ്വസിക്കുന്ന വായു പങ്കിടേണ്ട കാലത്തില്‍ ജീവിക്കുന്നത് അപമാനവും ദുരുയോഗവുമാണ്. സംസ്‌കാരം എന്ന വാക്കിന്റെ ഏഴയലത്തുകൂടി പോകുന്നവരുടെ ആത്മനിന്ദാഭാരം വര്‍ദ്ധിപ്പിക്കുന്നതും.

നവാസ് ജാനെയുടെ ഫേസ്ബുക്ക് പോസ്റ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍