UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്താനോട് ചര്‍ച്ച വേണമെന്ന് നവ്‌ജോത് സിംഗ് സിധു, പ്രതികരിക്കാതെ കോണ്‍ഗ്രസ്

“ഭീകരത തുടച്ചുനീക്കുന്നതിനുള്ള വഴി സമാധാനവും വികസനവും പുരോഗതിയും ഉറപ്പുവരുത്തുകയാണ്. തൊഴിലില്ലായ്മയും വെറുപ്പും ഭീതിയുമല്ല മറുപടി” – സിധു പറഞ്ഞു.

ഭീകരപ്രവര്‍ത്തനത്തെ തടയുന്നതിനും അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനും ഇന്ത്യ പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്ന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജോത് സിംഗ് സിധു. ചര്‍ച്ചകളും നയതന്ത്ര ഇടപെടലുകളും ദീര്‍ഘകാല പരിഹാരത്തിന് സഹായകമാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ സിധു പ്രതീക്ഷ പ്രകടിപ്പിച്ചു. “വീ ഹാവ് ചോയ്‌സ്” (നമുക്കൊരു മാര്‍ഗമുണ്ട്) എന്ന പേരില്‍ രണ്ട് പേജുള്ള പ്രസ്താവനയും സിധു പുറത്തിറക്കിയിട്ടുണ്ട്.

ഭീകരത തുടച്ചുനീക്കുന്നതിനുള്ള വഴി സമാധാനവും വികസനവും പുരോഗതിയും ഉറപ്പുവരുത്തുകയാണ്. തൊഴിലില്ലായ്മയും വെറുപ്പും ഭീതിയുമല്ല മറുപടി. ഞാനൊരു സ്വാതന്ത്ര്യ പ്രക്ഷോഭകന്റെ മകനാണ്. ഞാന്‍ എന്റെ രാജ്യത്തിനൊപ്പമാണ്. ഞാന്‍ എതിര്‍ക്കുന്നത് ഭയപ്പെടുത്തി നിശബ്ദരാക്കുന്നതിനെയാണ്. പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട് കാശ്മീരികള്‍ക്കെതിരെയല്ല, കാശ്മീരിന് വേണ്ടി ഭീകരതയ്‌ക്കെതിരെയാണ് പോരാട്ടമെന്ന്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞത് പാകിസ്താനുമായി യുദ്ധത്തിന് ഇന്ത്യ താല്‍പര്യപ്പെടുന്നില്ല എന്നും ഭീകരതയ്ക്കതിരെയാണ് പോരാട്ടമെന്നുമാണ് – സിധു ചൂണ്ടിക്കാട്ടി.

പുല്‍വാമയില്‍ നടന്നത് ഭീരുത്വപൂര്‍ണമായ ആക്രമണമാണ്. എന്നാല്‍ ഒരു രാജ്യത്തെ മുഴുവനായി ഇതില്‍ നമുക്ക് പ്രതിസ്ഥാനത്ത് നിര്‍ത്താനാവില്ല എന്ന് നേരത്തെ സിധു പറഞ്ഞിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്തായ സിധുവിന്റെ പ്രസ്താവനകളും പാകിസ്താന്‍ സന്ദര്‍ശനങ്ങളും നേരത്തെ ബിജെപി വിവാദമാക്കിയിരുന്നു. കര്‍താര്‍പൂര്‍ സാഹിബ് കോറിഡോര്‍ അടക്കമുള്ളവയുടെ ഉദ്ഘാടനങ്ങളില്‍ സിധു ഇമ്രാനൊപ്പം പങ്കെടുത്തിരുന്നു. പാക് കരസേന മേധാവിയെ സിധു കെട്ടിപ്പിടിച്ചതും എതിരാളികള്‍ വിവാദമാക്കിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ പലപ്പോളും സിധുവിന്റെ അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞും സിധുവിനെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. സിധുവിന്റെ പുതിയ പ്രസ്താവനയോട് അകലം പാലിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍