UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

ഹരീഷ് ഖരെ

നവജോത് സിംഗ് സിദ്ധു കോമാളി കളി അവസാനിപ്പിക്കുമോ? ഹരീഷ് ഖരെ എഴുതുന്നു

ഒരു കപ്പ് കടുംകാപ്പിക്ക് അലിയിക്കാന്‍ പറ്റാത്ത എന്തു ചവര്‍പ്പാണുള്ളത്?

ഹരീഷ് ഖരെ

ഒരു പൊതുപദവിയില്‍ ഇരിക്കുമ്പോള്‍ അതിനാവശ്യമായ ഗൌരവവും സൂക്ഷ്മതയും പുലര്‍ത്തണമെന്ന് നവജോത് സിംഗ് സിദ്ധുവിനോട് ആരെങ്കിലും പറഞ്ഞുകൊടുക്കണം എന്ന് എനിക്കാഗ്രഹമുണ്ട്. സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം ഒരു മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനാണ്. അത്തരമൊരാള്‍ക്ക് ഒരു പകുതിസമയം തമാശ പരിപാടി അവതാരകനും ബാക്കിസമയം മന്ത്രിയുമായിരിക്കുക സാധ്യമല്ല. കോമാളിത്തവും പൊതുപദവിയും കൂട്ടിക്കുഴക്കാന്‍ പറ്റുന്നവയല്ല.

ഒരു ജനപ്രിയതാരം എന്ന നിലയിലെ പ്രശസ്തിയാണ് സിദ്ധുവിനെ ലോക്സഭാംഗവും ഉപ്പോള്‍ പഞ്ചാബ് നിയമസഭാംഗവും ആകാന്‍ സഹായിച്ചത് എന്നത് വാസ്തവം തന്നെ. രാഷ്ട്രീയ രംഗത്ത് അദ്ദേഹം സ്വന്തം ശൈലിയിലാണ്  മുന്നിലെത്തിയതും. പക്ഷേ ഇതാദ്യമായി ഒരു മന്ത്രാലയത്തിന്റെ ചുമതല അദ്ദേഹത്തിന് നല്കിയിരിക്കുന്നു. തന്റെ ചുമതലയ്ക്കനുസരിച്ച് അയാള്‍ സ്വയം പാകപ്പെടേണ്ടതുണ്ട്.

മന്ത്രിസഭയില്‍ താരപ്പകിട്ടിന് ഇടമില്ല എന്നദ്ദേഹം മനസിലാക്കണം. ഉപമുഖ്യമന്ത്രിയായി സ്ഥാനം കിട്ടാത്തതിലോ ‘പ്രാധാന്യം കുറഞ്ഞ വകുപ്പ്’ കിട്ടിയതിലോ തനിക്ക് നിരാശയില്ലെന്ന് അയാള്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്.

ആഴത്തില്‍ വേരോടിയ പല പിഴവുകളും തീര്‍ക്കേണ്ട ചുമതല പുതിയ സര്‍ക്കാരിനുണ്ട്.  ഒരു പുതിയ ഉത്തരാവാദിത്തബോധം ആവശ്യമാണ്. മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നോട്ടുപോകാന്‍ എല്ലാ ആശംസകളും ലഭിക്കുമെങ്കിലും ആപ് ശ്രദ്ധാപൂര്‍വം കളത്തിലുണ്ടെന്ന് ഓര്‍മ്മവേണം. പൊതുജനത്തിന്റെ അവബോധവും പൌരന്മാരുടെ അവശ്യസൂചികയും ഭരണതലത്തില്‍ നിന്നുള്ള നീതി ആവശ്യപ്പെടലും ഉയര്‍ത്തിക്കൊണ്ട് ആപ് സംസ്ഥാനത്തിന് നല്ല കാര്യമാണ് ചെയ്തത്.

രിയാന മുഖ്യമന്ത്രി സത്യസന്ധനും ആത്മാര്‍ത്ഥതയുമുള്ള രാഷ്ട്രീയക്കാരനുമാണെന്ന് പേരുള്ള ഒരാളാണ്. എന്നാല്‍ തങ്ങളുടെ ‘കാര്യങ്ങള്‍’ നടക്കുന്നില്ലെന്ന് എം എല്‍ എമാര്‍ പരാതി പറയുന്നു. തങ്ങളുടെ ‘ആവശ്യങ്ങള്‍’ അവഗണിക്കപ്പെടുന്നു എന്നാണ് പരാതി. ‘ഉദ്യോഗസ്ഥവൃന്ദത്തിന്റെ തടവുകാരനാണ്’ മുഖ്യമന്ത്രി എന്നാണ് ആക്ഷേപം.

പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിക്കും വേഗം തന്നെ ഈ പ്രശ്നം നേരിടേണ്ടിവരും. ബിജെപിയെ പോലെ അച്ചടക്കമുള്ള ഒരു കക്ഷിയല്ല കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ എപ്പോഴും മുഖ്യമന്ത്രിയുടെ ‘പ്രവര്‍ത്തന ശൈലിയാണ്’ കുഴപ്പത്തില്‍പ്പെടാറുള്ളത്. മുഖ്യമന്ത്രിയെയും സംസ്ഥാന അധ്യക്ഷനെയും കുറിച്ചുള്ള പരാതിയും പരിഭവങ്ങളും പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ പതിവും ഇതിന് വളം വെക്കാറുണ്ട്.

കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാ സാമാജികരെയും തൃപ്തിപ്പെടുത്തേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. എല്ലാ സാമാജികരെയും മന്ത്രിമാരാക്കാന്‍ പറ്റില്ല. നിയമവും പൊതുജനാഭിപ്രായവും ആവശ്യപ്പെടുന്നത് ചെറിയ മന്ത്രിസഭകളാണ്. മറ്റ് സാമാജികരെ പൊതുമേഖല സ്ഥാപനങ്ങളില്‍ മന്ത്രിതുല്യപദവിയോടെ പ്രതിഷ്ഠിക്കുകയാണ് കാലങ്ങളായുള്ള പതിവ്. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കാറുണ്ട്.

മറുവശത്തു സാമാജികരും പൊതുസമൂഹത്തിന്റെ ഭാഗമാണ്. തങ്ങളുടെ മണ്ഡലത്തിന് പദ്ധതികള്‍ ആവശ്യപ്പെടാന്‍ അവര്‍ക്ക് എല്ലാ അവകാശവുമുണ്ട്. അധികൃതരുടെ അവഗണനയ്ക്കെതിരെ അവരുടെ അനുയായികളും മണ്ഡലത്തിലെ ജനങ്ങളും പരാതിയും പറയും. ചില താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍,പ്രത്യേകിച്ചും പോലീസിലും റവന്യൂവിലും, പലപ്പോഴും വളഞ്ഞ വഴികളുടെ ആശാന്‍മാരുമാണ്. ചൂഷണത്തില്‍ മടുത്ത ജനം ‘നീതിക്കായി’ ജനപ്രതിനിധികളെ സമീപിക്കും.

ഉദ്യോഗസ്ഥരെ അതിരുകവിഞ്ഞ പൊതുജന വിമര്‍ശനത്തില്‍ നിന്നും സംരക്ഷിക്കേണ്ട ചുമതലയും ഒരു നല്ല മുഖ്യമന്ത്രിക്കുണ്ട്. പക്ഷേ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുകയും വേണം. ഈ രണ്ടു വെല്ലുവിളികളും നേരിടുന്നതിനു മുഖ്യമന്ത്രി ഒരു വഴി കണ്ടെത്തേണ്ടതുണ്ട്.

എന്നാല്‍ മന്ത്രിപദം എന്നാല്‍ ഉദ്യോഗസ്ഥരെ അവഹേളിക്കാനുള്ള ഒരു അനുമതിയല്ലെന്ന് മന്ത്രിമാരെ മുഖ്യമന്ത്രി ബോധ്യപ്പെടുത്തണം. ‘ഹൈക്കമാണ്ടില്‍’ പിടിയുണ്ട് എന്നതിനാല്‍ എന്തും ചെയ്തുകളയാം എന്നും ഏതെങ്കിലും മന്ത്രിക്ക് തോന്നരുത്. അഴിമതിക്കാരനോ പിടിപ്പുകെട്ടവനോ അയ്യാ ഒരു മന്ത്രിയെയും ഹൈക്കമാണ്ട് സംരക്ഷിക്കരുത്. പകരം മന്ത്രിമാര്‍ ഉത്തരവാദിത്തതോടെ കാര്യങ്ങള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടണം. ഭരണത്തിന്റെ ധാര്‍മികഉത്തരവാദിത്തം മുഴുവന്‍ മുഖ്യമന്ത്രിക്കാണ്.

ഭൂരിപക്ഷത്തിന്റെയും സാമുദായികതയുടെയും പേരില്‍ കാഹളം മുഴക്കുന്നവര്‍ക്കെതിരെ നമ്മുടെ ചെറുപ്പക്കാര്‍ രംഗത്തുവരുന്നു എന്നത് സന്തോഷകരമാണ്. നേരത്തെ 20-കാരിയായ ഗുര്‍മെഹര്‍ കൌര്‍ ആയിരുന്നുവെങ്കില്‍ ഇപ്പോളത് പരസ്യമായി പാട്ടുപാടുന്നതിനെതിരെ മുല്ലമാരുടെ വിലക്കിനെ ചെറുത്ത 14-കാരിയായ പാട്ടുകാരി നഹീദ് അഫ്രിന്‍ ആണ്.

ഗുവാഹാത്തിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ പട്ടണത്തിലെ 9-ആം തരം വിദ്യാര്‍ത്തിയാണ് അഫ്രിന്‍. നല്ലൊരു പാട്ടുകാരിയും. എന്നാല്‍ പാടുന്നത് ശരിയത്ത് വിരുദ്ധമാണെന്ന് വിശ്വസിക്കുന്ന തന്റെ സമുദായത്തിലെ അലീമുകളുടെയും മുല്ലമാരുടെയും എതിര്‍പ്പാണ് അവള്‍ക്ക് നേരിടേണ്ടിവന്നത്. ഈ മാസം അവസാനം നിശ്ചയിച്ച അവളുടെ സംഗീത പരിപാടി പാടില്ലെന്ന് അവര്‍ വിലക്കി. ഈ വിശ്വാസത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകര്‍ പറയുന്നതനുസരിച്ച്, ‘ഇന്ദ്രജാലം, നൃത്തം, നാടകം’ എന്നിവയെല്ലാം നിരോധിക്കപ്പെട്ട പ്രവര്‍ത്തികളാണ്. എന്തൊരു മധ്യകാല മനസുകള്‍! മാത്രവുമല്ല, എത്ര വിരസമായ ജീവിത വീക്ഷണം. കഴിഞ്ഞകാലത്തെ സുവര്‍ണശബ്ദങ്ങളായ സുരയ്യയെയും നൂര്‍ ജഹാനെയുമൊക്കെ ഈ മാന്യന്‍മാര്‍ കേള്‍ക്കുകയാണ് വേണ്ടത്.

എന്നാല്‍ ഈ ധീരയായ പെണ്‍കുട്ടി പിന്‍വാങ്ങിയില്ല. എന്നാല്‍ പ്രതീക്ഷിച്ചപ്പോലെ അവളുടെ ഗതികേടിനെ ചില രാഷ്ട്രീയക്കാര്‍ മുതലെടുത്തു.

എന്തു കുത്സിത ചിന്തയാണ് ഈ 46 പുരോഹിതരെ അഫ്രിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. പക്ഷേ ഇതെല്ലാം മുസ്ലീം സമുദായത്തെക്കുറിച്ച് പ്രചരിപ്പിക്കുന്ന വാര്‍പ്പുമാതൃകകളെ ശക്തിപ്പെടുത്താനെ സഹായിക്കൂ. ഇന്ത്യന്‍ സമൂഹത്തിലെ മറ്റേത് വിഭാഗത്തെയും പോലെ മുസ്ലീം സമുദായത്തില്‍ നിന്നുള്ള ചെറുപ്പക്കാരും സര്‍ഗാത്മക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് തീര്‍ത്തൂം സ്വാഭാവികമാണ്.

ഇന്ത്യയിലെ മുസ്ലീങ്ങളും ഇസ്ലാമോഫോബിയ എന്ന ആഗോളപകര്‍ച്ചവ്യാധിയുടെ ഇരകളാകേണ്ടി വരുന്നത് മോശമാണ്, പക്ഷേ ശരിയത്ത് നിയമങ്ങള്‍ സര്‍ഗാത്മകതയെ  മുറുക്കാന്‍ തുടങ്ങുമ്പോള്‍ ഇത് കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ശേഷം മുസ്ലീം സമുദായം കൂടുതല്‍ സമ്മര്‍ദത്തിലാകും എന്നു കരുതേണ്ടിവരും. ആധുനിക, പുരോഗമന ധാരകളോട് ചേര്‍ന്നുനിന്നാല്‍ മാത്രമേ അതിനു ഇത്തരം ആക്രമണങ്ങളെ നേരിടാനാകൂ.

ടുവില്‍ ചണ്ഡീഗഡിലെ PGI-ക്കു ഒരു മുഴുവന്‍ സമയ ഡയറക്ടറുടെ പേര് നിര്‍ദ്ദേശിക്കാന്‍ പ്രധാനമന്ത്രിയുടെ കാര്യാലയം സമയം കണ്ടെത്തിയിരിക്കുന്നു. ദേശീയ പ്രാധാന്യമുള്ള ഈ സ്ഥാപനം ഏറെക്കാലം നാഥനില്ലാതെ കിടക്കാന്‍ പാടില്ല. PGIMER വെറുമൊരു ആശുപത്രിയല്ല, അദ്ധ്യാപകരുടെയും ഗവേഷകരുടെയും കളരികൂടിയാണ്. സ്വകാര്യ മേഖലയുടെ വലിയ പ്രലോഭനങ്ങളില്‍ വീഴാത്ത മികച്ച പ്രതിഭകളെ ഇപ്പൊഴും ആകര്‍ഷിക്കാന്‍ അതിനു കഴിയുന്നുണ്ട് എന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം. അവസാനിക്കാത്ത ജോലിഭാരത്തിനിടയിലും ഗവേഷണം നടത്തുക എന്ന വലിയ വെല്ലുവിളിയും അവര്‍ക്ക് ഏറ്റെടുക്കേണ്ടിവരുന്നു.

പുതിയ ഡയറക്ടര്‍ ഡോക്ടര്‍ ജഗത് റാമിനോടു എനിക്കല്‍പ്പം പക്ഷപാതമുണ്ട്. കഴിഞ്ഞ വര്‍ഷം അദ്ദേഹം എന്റെ കണ്ണില്‍ നടത്തിയത് ഇന്ദ്രജാലമാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാറ്റിവെച്ചാല്‍ PGI-യുടെ പെരുമ ഊട്ടിയുറപ്പിക്കുക എന്ന വലിയ കടമയാണ് അദ്ദേഹത്തിനുള്ളത്.

ര്‍ദാര്‍ പ്രകാശ് സിംഗ് ബാദല്‍ 16-ആം തിയ്യതി രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. സമാധാനപരമായ അധികാരക്കൈമാറ്റം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അഭിമാനമാണ്. ഉദാഹരണത്തിന് ഡോ. മന്‍മോഹന്‍ സിംഗ് അധികാരമേല്‍ക്കുമ്പോള്‍ എബി വാജ്പേയീ സന്നിഹിതനായിരുന്നു. ഡോ. സിംഗ്, നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞക്കും എത്തി.

ചടങ്ങിലെ ബാദലിന്റെ അഭാവത്തിലും, പുതിയ മുഖ്യമന്ത്രി അദ്ദേഹത്തെ ഒരു കപ്പ് കാപ്പി കുടിക്കാന്‍ വിളിക്കാവുന്നതാണ് എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഒരു കപ്പ് കടുംകാപ്പിക്ക് അലിയിക്കാന്‍ പറ്റാത്ത എന്തു ചവര്‍പ്പാണുള്ളത്.

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍