UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നക്സല്‍ബാരി മുതല്‍ പശ്ചിമഘട്ടം വരെ; കേരളത്തിലെ നക്സല്‍ പോരാട്ടം- നാള്‍വഴികളിലൂടെ

Avatar

അഴിമുഖം പ്രതിനിധി

1967-ല്‍ പശ്ചിമബംഗാളിലെ നക്‌സല്‍ബാരി ഗ്രാമത്തില്‍ നിന്ന് സായുധ കര്‍ഷക കലാപത്തിന്‌റെ വാര്‍ത്തകള്‍ വന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ റിവിഷനിസത്തിനെതിരെ പോരാടി രൂപീകരിച്ച സിപിഎം അതേ റിവിഷനിസ്റ്റ് പാതയിലേയ്ക്ക് പോവുന്നു എന്ന ആരോപണം ഉന്നയിച്ചവരാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ജന്മിമാരുടേയും ഭൂപ്രഭുക്കന്മാരുടേയും തലയറുക്കുന്ന ഉന്മൂലന സിദ്ധാന്തം മുന്നോട്ട് വച്ച ചാരു മജുംദാറായിരുന്നു ഇതിന്‌റെ പ്രധാന നേതാവ്. നക്‌സല്‍ബാരിയിലെ സായുധ കലാപത്തെ ചൈനയിലെ പീക്കിങ് (ബീജിങ്) റേഡിയോ ‘വസന്തത്തിന്‌റെ ഇടിമുഴക്കം’ എന്ന് വിളിച്ചു.

 

ഇന്ത്യന്‍ വിപ്ലവത്തിന്‌റെ ശരിയായ പാത സായുധസമരം മാത്രമാണെന്ന പ്രഖ്യാപനം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്‌ലി അഭിപ്രായപ്പെട്ടു. 1950-ല്‍ തെറ്റായ രാഷ്ട്രീയ ലൈന്‍ എന്ന് വിലയിരുത്തി അവിഭക്ത സിപിഐ ഉപേക്ഷിച്ച സായുധ സമരപാത അങ്ങനെ പുനര്‍ജ്ജനിച്ചു. അമര്‍ ബാഡി, തൊമാര്‍ ബാഡി, നക്‌സല്‍ ബാഡി… നക്‌സല്‍ ബാരി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

 

നക്‌സല്‍ബാരിയിലെ സായുധകലാപം കേരളത്തിലും അലയൊലികള്‍ സൃഷ്ടിച്ചു. സിപിഎമ്മിന്‌റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടായിരുന്ന ഒരു സംഘം വിമതര്‍ സംഘടിക്കാന്‍ തുടങ്ങി. കോഴിക്കോട് സ്വദേശിയായ കുന്നിക്കല്‍ നാരായണനും ഭാര്യ മന്ദാകിനിയുമാണ് ഇതിന് തുടക്കം കുറിച്ചത്. കണ്ണൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന എ വര്‍ഗീസ്, അന്ന് 18 വയസ് മാത്രം പ്രായമുണ്ടായിരുന്ന, നാരായണന്‌റെ മകള്‍ അജിത തുടങ്ങി നിരവധി ചെറുപ്പക്കാര്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടരായി.

 

കേരളത്തിലെ അടിസ്ഥാന വര്‍ഗങ്ങളുടെ മോചനത്തിന് ഏക മാര്‍ഗം സായുധ വിപ്ലവമാണ് എന്ന് അവര്‍ പ്രചരിപ്പിച്ചു. ബഹുജനപിന്തുണ, സംഘടനയുടെ പ്രവര്‍ത്തനശേഷി, ആയുധ ശേഷിയും വിഭവശേഷിയും ഇതൊന്നും പരിഗണിക്കാതെയുള്ള എടുത്തുചാട്ടമായിരുന്നു നക്‌സല്‍ മുന്നേറ്റം.

 

 

പിന്നീട് സംസ്ഥാനത്തും അഖിലേന്ത്യാടിസ്ഥാനത്തിലും പലഗ്രൂപ്പുകളായി ഛിന്നഭിന്നമായി. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്‍റര്‍ ഓഫ് ഇന്ത്യ (MCCI) ചേര്‍ന്ന് 2004-ല്‍ സിപിഐ (മാവോയിസ്റ്റ്) രൂപം കൊണ്ടു. ഇന്ന്‍ രാജ്യത്തെ ഏറ്റവും വലിയ നക്സലൈറ്റ് ഗ്രൂപ്പും മാവോയിസ്റ്റുകളാണ്. നിലമ്പൂരില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച നക്‌സലൈറ്റുകളുടെ കേരളത്തിലെ പ്രവര്‍ത്തന ചരിത്രത്തിലേയ്ക്ക് നോക്കാം.

 

1968 നവംബര്‍ 22, 24
1968-ല്‍ തലശേരി പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തോടെയാണ് കേരളത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനം സാന്നിധ്യമറിയിക്കുന്നത്. കേരളത്തിലെ ആദ്യത്തെ നക്‌സലൈറ്റ് ആക്രമണം. ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു അന്ന് മുഖ്യമന്ത്രി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നതും ഇഎംഎസ് തന്നെ. 1968 നവംബര്‍ 22-നാണ് കുന്നിക്കല്‍ നാരായണന്‌റെ നേതൃത്വത്തില്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്. രണ്ട് ദിവസം കഴിഞ്ഞ് വയനാട്ടിലെ പുല്‍പ്പള്ളിയില്‍ വര്‍ഗീസിന്‌റെ നേതൃത്വത്തിലുള്ള നക്‌സലൈറ്റ് സംഘം പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. ഫിലിപ്പ് എം പ്രസാദ്, അജിത, തേറ്റമല കൃഷ്ണന്‍കുട്ടി എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. വയനാട്ടിലെ ആദിവാസികളേയും കര്‍ഷകത്തൊഴിലാളികളേയും സംഘടിപ്പിക്കാനായി സിപിഎം നിയോഗിച്ച അരീക്കാട് വര്‍ഗീസ് സായുധ സമര പാതയിലേക്ക് തിരിയുകയായിരുന്നു.

 

1970 ഫെബ്രുവരി 18
വയനാട്ടിലെ തിരുനെല്ലിയില്‍ നിന്ന് വര്‍ഗീസിനെ അറസ്റ്റ് ചെയ്യുകയും വ്യാജ ഏറ്റുമുട്ടലിന്‌റെ ഭാഗമായി പൊലീസ് വെടിവച്ചുകൊല്ലുകയും ചെയ്തു. സി അച്യുതമേനോനാണ് അക്കാലത്ത് കേരള മുഖ്യമന്ത്രി. സിഎച്ച് മുഹമ്മദ് കോയ ആഭ്യന്തര മന്ത്രിയും. കേരളത്തിലെ ആദ്യത്തെ അറിയപ്പെട്ട വ്യാജ ഏറ്റമുമുട്ടല്‍ കൊലപാതകം. ഐജി ലക്ഷ്മണയുടെ ആവശ്യവും ഭീഷണിയും പ്രകാരം താനാണ് വര്‍ഗീസിനെ വെടിവച്ച് കൊന്നതെന്ന് 1998-ല്‍ മുന്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തി. വര്‍ഗീസ് കൊല്ലപ്പെട്ട് 40 വര്‍ഷത്തിന് ശേഷം ലക്ഷ്മണ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.

 

1970 ജൂലൈ 30 – ജന്മിമാരെ ഉന്മൂലനം ചെയ്യല്‍
പാലക്കാട് ജില്ലയിലെ കോങ്ങാട് നാരായണന്‍കുട്ടി നായര്‍ എന്ന ജന്മിയെ തലവെട്ടി കൊന്ന സംഭവം വലിയ കോളിളക്കമുണ്ടാക്കി. എംഎന്‍ രാവുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല നടത്തിയത്. ഈ കേസില്‍ രാവുണ്ണിയും മുരളിയും ഭാസ്‌കരനും അടക്കമുള്ളവര്‍ അറസ്റ്റിലായി.

 

1976 കായണ്ണ പൊലീസ് സ്‌റ്റേഷന്‍ ആക്രമണം
1976-ല്‍ അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് ജില്ലയിലെ കായണ്ണ പൊലീസ് സ്‌റ്റേഷന്‍ നക്‌സലൈറ്റുകള്‍ ആക്രമിച്ചു. മുരളി കണ്ണമ്പള്ളി അടക്കമുള്ളവര്‍ ഈ ആക്രമണവുമായി ബന്ധപ്പെട്ട് പിന്നീട് അറസ്റ്റിലായി. കോഴിക്കോട് റീജിയണല്‍ എഞ്ചിനിയറിഗ് കോളേജ് വിദ്യാര്‍ത്ഥിയായ പി രാജനെ ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചുകൊണ്ടുപോയത് വിവാദമായി. രാജന്‍ പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു എന്നകാര്യം വ്യക്തമാണെങ്കിലും മൃതദേഹം എന്ത് ചെയ്തു എന്ന കാര്യത്തില്‍ അവ്യക്തത ഇന്നും തുടരുന്നു.

 

 

പല സ്ഥലങ്ങളിലും നക്‌സലൈറ്റ് ഗ്രൂപ്പുകള്‍ ഒറ്റപ്പെട്ട ആക്ഷനുകളും ഉന്മൂലനങ്ങളും പിന്നീടും നടത്തിയെങ്കിലും 80-കളോടെ കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനം ഛിന്നഭിന്നമാവുകയും നാമാവശേഷമാവുകയും ചെയ്തു. അജിതയും കെ വേണുവും ഫിലിപ്പ് എം പ്രസാദും അടക്കമുള്ളവര്‍ ജയില്‍ മോചിതരായ ശേഷം സാമൂഹ്യപ്രവര്‍ത്തനങ്ങളിലേയ്ക്ക് തിരിഞ്ഞു. എഴുപതുകളില്‍ കേരളത്തിലെ വലിയൊരു വിഭാഗം ചെറുപ്പക്കാരെ രാഷ്ട്രീയമായും സാംസ്‌കാരികമായും ആകര്‍ഷിക്കുകയും പൊതുരംഗത്ത് സജീവമാക്കുകയും ചെയ്ത നക്‌സലൈറ്റ് പ്രസ്ഥാനത്തിന്‌റെ അന്ത്യം കുറിക്കപ്പെട്ടു.

 

2011-ന് ശേഷമാണ് കേരളത്തില്‍ മാവോയിസ്റ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ധാരാളമായി വരുന്നത്. നിലമ്പൂര്‍ കാടുകളില്‍ നിന്നാണ് മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നത്. മാവോയിസ്റ്റ് വേട്ടയ്ക്കായി രൂപീകരിച്ച തണ്ടര്‍ബോള്‍ട്ടിനെ ഇവിടേയ്ക്ക് നിയോഗിച്ചു. മലയാളി മാവോയിസ്റ്റ് നേതാക്കളായ രൂപേഷ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നത് കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരില്‍ നിന്നാണ്. പശ്ചിഘട്ട വനമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഇവരെന്നാണ് പറയുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍