UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇങ്ക്വിലാബില്‍ നിന്ന് ചുംബിലാബിലേക്ക്; നക്‌സലിസം നനഞ്ഞ പടക്കം- സിവിക് ചന്ദ്രന്‍ എഴുതുന്നു

Avatar

കേരളത്തിലെ ജനകീയസമരങ്ങളെ കുറച്ചുനാളുകളായി ആരെല്ലാമോ ചേര്‍ന്ന് ഹൈജാക്ക് ചെയ്യുകയാണ്. പുറത്തു നിന്നും അകത്തുനിന്നും ഇത്തരം സമരങ്ങളെ തങ്ങളുടെ അകൗണ്ടുകളില്‍ ചേര്‍ക്കാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ പലവിധ സംശയങ്ങള്‍ ഉണ്ടാക്കുകയാണ്. ഭരണകൂടവും നിയമസംവിധനങ്ങളും ഇതില്‍ നിന്ന് മുതലെടുപ്പു നടത്തുന്നു. ഏറ്റവും ഒടുവിലായി കൊച്ചിയില്‍ നിറ്റ ജലാറ്റിന്‍ കമ്പനിയുടെ ഓഫിസ് അക്രമിക്കപ്പെട്ടപ്പോഴും അതിന്റെ ദുഷ്ഫലം പരോക്ഷമായി വന്നു ഭവിച്ചിരിക്കുന്നത് കാതികൂടം ജനകീയസമരത്തിനുമേലാണ്. സിപിഐ മാവോയിസ്റ്റ് എന്ന സംഘടന കഴിഞ്ഞ ദിവസം ആ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. ഇതടക്കം പല ജനകീയ മുന്നേറ്റങ്ങളിലും നക്‌സലൈറ്റ് സംഘടനകളുടെ സാന്നിധ്യം കടന്നുവന്നിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ കിട്ടാത്തൊരു സ്‌പേസ് കൈകടത്തലുകളിലൂടെ ഉണ്ടാക്കിയെടുക്കുകയാണ് ഇവരുടെ ഉദ്ദേശമെന്ന് നിരീക്ഷിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. നക്‌സലിസത്തിന് സ്ഥാനം നഷ്ടപ്പെട്ടൊരു സമൂഹമായി കേരളം മാറിയിട്ടും വീണ്ടും അത്തരമൊരു ഇടം തങ്ങള്‍ക്കുണ്ടെന്ന ധാരണ പരത്തി മുന്നോട്ടു വരാന്‍ ശ്രമിക്കുകയാണവര്‍. എന്നാല്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന് യാതൊരു പ്രസക്തിയും നിലവിലില്ലെന്ന്, നിറ്റ ജലാറ്റിന്‍ ഓഫിസ് ആക്രമണത്തെ മുന്‍നിര്‍ത്തി നിരീക്ഷിക്കുകയാണ് സിവിക് ചന്ദ്രന്‍.(തയ്യാറാക്കിയത്-രാകേഷ് നായര്‍)

 

കേരളത്തില്‍ ഇപ്പോള്‍ ഉണ്ടെന്നു പറയുന്ന നക്‌സലൈറ്റുകള്‍ ഒട്ടും യാഥാര്‍ത്ഥ്യബോധമോ ചരിത്രബോധമോ ഇല്ലാത്തവരാണ്. എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ, എല്ലാം ഞമ്മളാണെന്ന് പറഞ്ഞ് അവര്‍ ഈ സമരങ്ങളെല്ലാം സ്വന്തം അകൌണ്ടിലാക്കുകയാണ്. ഒരു  സമരങ്ങളിലും  അവര്‍ക്ക് പങ്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

കേരളം ഇന്ന് നക്‌സലൈറ്റുകളെ ആവശ്യമില്ലാത്ത സമൂഹമായി മാറിയിരിക്കുന്നു. നമ്മുടേത് ഒരു പോസ്റ്റ് നക്‌സലൈറ്റ് സമൂഹമാണ്. മറ്റു സംസ്ഥാനങ്ങളില്‍  ദളിതര്‍ക്കും കര്‍ഷകര്‍ക്കും മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തിനും അവരെ പ്രതിനിധീകരിക്കാന്‍ വക്താക്കളോ സംഘടനകളോ ഇല്ലായെന്നുള്ളിടത്താണ് മാവോയിസ്റ്റ്-നക്‌സലൈറ്റ് പ്രസ്ഥാനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നത്. കേരളത്തിലെ സ്ഥിതി അതല്ല. ഇവിടെ ദളിതര്‍ക്കും കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും വികസനത്തിന്റെ ഇരകള്‍ക്കും പാരിസ്ഥിതിക അഭയാര്‍ത്ഥികള്‍ക്കുമെല്ലാം സ്വന്തം സംഘടനകളുണ്ട്. കേരളം കണ്ട ഏറ്റവും ധീരനായ നക്‌സലൈറ്റ് വര്‍ഗീസായിരുന്നു. അടിയോരുടെ പെരുമന്‍ എന്നായിരുന്നു ആദിവാസികള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. അതേ ആദിവാസികള്‍ ഇന്നുചോദിക്കുന്നത് തങ്ങള്‍ക്ക് വേറൊരു പെരുമന്‍ എന്തിനാണെന്നാണ്. അവര്‍ അവരുടെ സ്വന്തമായ പെരുമനെ സൃഷ്ടിക്കുകയാണ്. അവരുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ജാനുമാര്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ആകാശത്ത് നിന്ന് യൂണിഫോമില്‍ നൂലില്‍ പറന്നിറങ്ങുന്ന പെരുമന്‍മാരെ അവര്‍ക്കെന്തിനാണ്? ഈ കാര്യം ഇന്ന് നക്‌സലിസവും കൊണ്ടുനടക്കുന്നവര്‍ക്ക് മനസ്സിലാകുന്നില്ല.

കേരളത്തില്‍ ഉണ്ടായിരുന്ന നക്‌സലൈറ്റുകള്‍ അക്കാലത്തെ ഏറ്റവും മികച്ച കവികളെക്കൊണ്ടും ചിത്രകാരന്മാരെക്കൊണ്ടും ചിന്തകന്മാരെക്കൊണ്ടും ദാര്‍ശനികരെക്കൊണ്ടും അവസാന കളി കളിച്ചിട്ടും തോറ്റുപോയവരാണ്. ഹംസഗാനം പാടി ഭൂമിമലയാളത്തില്‍ നിന്ന് പോയിക്കഴിഞ്ഞിരിക്കുന്നു നക്‌സലിസം. ഇപ്പോഴുള്ളത് പഴയതിന്റെ പാരഡിയാണ്. കടമ്മനിട്ടയും എബ്രഹാമും സുരാസുവും ബാലചന്ദ്രന്‍ ചുള്ളിക്കാടും കെ ജി ശങ്കരപ്പിള്ളയും ആറ്റൂരും ഒക്കെയുള്ള ജനകീയസാംസ്‌കാരിക പ്രസ്ഥാനം നിലനിന്നിരുന്നിടത്താണ് ഇപ്പോള്‍ ഞാറ്റുവേല പോലുള്ള സംഘടനകള്‍ എന്തിനൊക്കയോ ശ്രമിക്കുന്നത്. അറിയപ്പെടുന്നതോ അറിയപ്പെടാന്‍ സാധ്യതയുള്ളതോ ആയ ആരുമില്ല അതിനകത്ത്. എങ്ങിനെയാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു സംഘടന പാരഡിയാകുന്നതെന്നാണ് ഇവര്‍ കാണിച്ചു തരുന്നത്.

ജനകീയ സമരങ്ങള്‍ പരാജയപ്പെടുന്നില്ല
ജനകീയസമരങ്ങള്‍ വിജയിക്കാന്‍ കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ നക്‌സലൈറ്റുകളെപോലുള്ളവര്‍ ഇടപെടലുകള്‍ നടത്തുന്നുവെന്നു പറയുന്നത് ശരിയല്ല. ഏതുസമരവും ഒരു നിശ്ചിതകാലത്ത് അത് വിജയിച്ചോ എന്നു നോക്കിയല്ല ചരിത്രം വിലയിരുത്തുന്നത്. നര്‍മ്മദ സമരം എടുക്കുക. പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അതു വിജയിച്ചെന്നു പറയാനാവില്ലെങ്കിലും ഇരകള്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ കഴിഞ്ഞു. ആതിരപ്പിള്ളി പദ്ധതിപോലും പ്രതിരോധിക്കാന്‍ നര്‍മ്മദ സമരത്തില്‍ നിന്നുയര്‍ന്നു വന്ന നോ മോര്‍ ഡാംസ് എന്ന മുദ്രാവാക്യത്തിന്റെ ശക്തി സഹായിച്ചിട്ടുണ്ട്. ഒരു സമരം പ്രത്യക്ഷമായി അത് നേടുന്ന ഫലത്തെ അടിസ്ഥാനമാക്കിയല്ല വിലയിരുത്തേണ്ടത്, ദീര്‍ഘകാലയളവില്‍ അത് നേടുന്ന വിജയത്തെ അടിസ്ഥാനമാക്കിയാണ്. 

റഷ്യന്‍ വിപ്ലവത്തിന്റെ നാള്‍വഴികള്‍ നോക്കൂ. 1905 ലാണ് ആദ്യവിപ്ലവം നടക്കുന്നത്. അത് പരാജയപ്പെട്ടു. വീണ്ടും 1917 ല്‍ വിപ്ലവം നടക്കുന്നു. അതും പരാജയപ്പെട്ടശേഷമാണ് ഒക്ടോബര്‍ വിപ്ലവം സംഭവിക്കുന്നത്. സമരങ്ങള്‍ വിജയിക്കാന്‍ സമയം വേണ്ടിവരും. ആ സമയമാണ് കേരളത്തിലെ ജനകീയ സമരങ്ങള്‍ക്കും നമ്മള്‍ അനുവദിക്കേണ്ടത്. പ്രത്യേകിച്ച് ഒരു പ്രത്യയശാസ്ത്രമോ നേതാക്കളോ ഇല്ലാത്ത സമരങ്ങള്‍ക്ക്  കുറച്ചുകൂടി സമയം കൊടുക്കാം, പെട്ടെന്ന് വിധിക്കരുത്. ഈ സമരങ്ങള്‍ ഒരു ദീര്‍ഘകാലാടിസ്ഥാനത്തിലാണ് നടക്കേണ്ടത്. നക്‌സലൈറ്റുകള്‍ അവരുടെ ഇപെടലിനു കണ്ടെത്തുന്ന ന്യായവും ഈ കാലവിളംബമാണ്.

അരാണ് ഇന്നത്തെ നക്‌സലൈറ്റുകള്‍
നക്‌സലൈറ്റുകള്‍ ആകാന്‍ ധൈര്യമില്ലാത്ത, എന്നാല്‍ അതിനു കൊതിക്കുന്ന ഒരു വിഭാഗമാണ് ഇന്നുള്ളത്. സാഹസികതയോടുള്ള രഹസ്യാരാധന നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ ഒന്നും ചെയ്യാനുള്ള ധൈര്യവുമില്ല. കേരളത്തില്‍ വിശ്വാസ്യതയുള്ളൊരു പൗരാവകാശ പ്രസ്ഥാനം ഇല്ലാതെ പോകുന്നത് ഇതുകൊണ്ടാണ്. പിയുസിഎല്‍ പോലൊരു പൗരാവകാശ പ്രസ്ഥാനം ഉണ്ടായിരുന്നെങ്കില്‍ ആദിവാസികള്‍ ഇത്ര ദിവസങ്ങളായിട്ട് ഇവിടെ നില്‍ക്കേണ്ടി വരില്ലായിരുന്നു. കേരളത്തിലെ ഏറ്റവും പ്രധാനമായ പ്രശ്‌നം ഭരണകൂടത്തിനും ജനങ്ങള്‍ക്കുമിടയില്‍ നില്‍ക്കുന്നൊരു വിശ്വസനീയമായ ഗ്രൂപ്പ് ഇല്ലെന്നതാണ്. ഉണ്ടായിരുന്നത് തകര്‍ത്തുകളഞ്ഞതും നക്‌സലൈറ്റുകളാണ്. ജമാ അത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനും മാവോയിസ്റ്റുകള്‍ക്കുമെല്ലാം പൗരാവകാശ സംഘടനകളുണ്ട്. എന്നാല്‍ പൊതുസമൂഹത്തിന് യഥാര്‍ത്ഥത്തില്‍ ഒരു പൗരാവകാശ സംഘടനയില്ല.

ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേടിയെടുക്കാവുന്ന കാര്യങ്ങളെ ഹൈജാക്ക് ചെയ്യാനും അവരെ കൂടുതല്‍ അപകടത്തിലാക്കാനുമാണ് ഇന്നത്തെ നക്‌സലൈറ്റുകള്‍ ശ്രമിക്കുന്നത്. കാതികൂടത്തെ ജനകീയ സമരത്തില്‍ അവരിപ്പോഴല്ല ഇടപെടുന്നത്. കാതികൂടത്ത് നടന്ന സംഘര്‍ഷത്തില്‍ വയലന്‍സ് ഉപയോഗിച്ചവരെ നോക്കിയാല്‍ അതു മനസ്സിലാകും. ഏതെങ്കിലും തരത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനങ്ങളോട് ബന്ധമുള്ളവരെ അവിടെ കാണാം. സംഘര്‍ഷത്തിന്റെ വിഡിയോ കണ്ടാല്‍ അത് മനസ്സിലാകും. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ആരും പ്രദേശികവാസികളല്ല. കൊച്ചിയില്‍ നടന്ന കിസ് ഓഫ് ലൗവിലും ഇവര്‍ കടന്നുകയറാന്‍ ശ്രമിച്ചിരുന്നു; വിജയിച്ചില്ലെന്നു മാത്രം. കിസ് ഓഫ് ലൗവിന്റെ കാര്യത്തില്‍ പൊലീസ് പറയുന്നത് ഒരര്‍ത്ഥത്തില്‍ ശരിയാണ്. നക്‌സലൈറ്റുകള്‍, അതവരുടെതാക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. നക്‌സലൈറ്റുകളാണ് ആ പ്രതിഷേധം സംഘടിപ്പിച്ചതെന്നു പറയുന്നത് ശരിയല്ല, എന്നാല്‍ സീനില്‍ വന്ന് വയലന്‍സ് ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചെന്നുള്ളത് വിശ്വസിക്കാം.

ബെസ്റ്റ് ഓഫ് അഴിമുഖം 

കാതിക്കുടം : അനീതി പെരുമഴ പോലെ പെയ്യുമ്പോള്‍
കേരളവും മാവോയിസ്റ്റുകളും : ആദിവാസികള്‍ക്ക് ആയുധം നല്കുമ്പോള്‍
കേരളത്തിലെ ഭൂമി സമരങ്ങള്‍ ചിതറിപ്പോയത് എന്തുകൊണ്ട്?
ഭയമായി മാത്രം അവശേഷിക്കുന്ന വയനാട്ടിലെ മാവോയിസ്റ്റ് ഭീക്ഷണി
അഡ്വ. ജയശങ്കറിന്റെ രാഖിയും ളാഹ ഗോപാലന്റെ ഫ്യൂഡല്‍ സമീപനങ്ങളും: എവിടെ ദളിത് ബുദ്ധിജീവികള്‍?

ഇത്തരം കടന്നുകയറ്റത്തെ പ്രതിരോധിച്ചൊരു സംഭവം ഓര്‍ക്കാം. അത് ചെങ്ങറയിലായിരുന്നു. ളാഹ ഗോപാലന്‍ ചെങ്ങറ സമരം നടന്നപ്പോള്‍ നക്‌സലൈറ്റുകള്‍ക്ക് പ്രവേശനമില്ലെന്ന് പരസ്യമായി എഴുതിവച്ചിരുന്നു. രണ്ടുകാരണങ്ങളാണ് അതിനദ്ദേഹം പറഞ്ഞത്- ‘പുറത്ത് നിന്ന് നിങ്ങള്‍ ഒന്നോ രണ്ടോപേര്‍ ഇവിടെ നുഴഞ്ഞുകയറും. അതിന്റെ പേരില്‍ ഞങ്ങളുടെ സമരത്തെ തീവ്രവാദികളെന്നപേരില്‍ പൊലീസ് അടിച്ചമര്‍ത്തും, അകത്തു നിന്നാണെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കും’.

കേരളത്തില്‍ ഇപ്പോള്‍ നൂറുകണക്കിന് അഹിംസാത്മകതയിലധിഷ്ഠിതമായ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമരങ്ങള്‍ നടക്കുന്നുണ്ട്. ഇതൊന്നും നക്‌സലൈറ്റുകള്‍ക്ക് ചേര്‍ന്നതല്ല, എന്നാല്‍ അവരെ കൊതിപ്പിക്കുന്നതാണ്.

നക്‌സലൈറ്റുകളെ സ്വീകരിക്കുന്നവര്‍
മൂന്നുവിഭാഗങ്ങളാണ് കേരളത്തില്‍ നക്‌സലൈറ്റുകള്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത്. മാധ്യമങ്ങള്‍; അവര്‍ക്ക് സെന്‍സേഷണല്‍ വാര്‍ത്തകള്‍ കിട്ടണം. പൊലീസ്; അണ്‍ അകൗണ്ടബിളും അണ്‍ ഓഡിറ്റബളുമായ ലക്ഷക്കണക്കിന് രൂപ നക്‌സല്‍ വേട്ടയുടെ പേരില്‍ അവര്‍ക്ക് കിട്ടുന്നുണ്ട്. ഭരണകൂടം; തങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കാതെ നക്‌സലിസത്തിന്റെ പേരില്‍ മറച്ചുവയ്ക്കാം. ഈ മൂന്നുകൂട്ടരും നക്‌സലൈറ്റുകളുടെ വരവ് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇവരെ നിരാശരാക്കിക്കൊണ്ടാണ് കേരളം ഒരു പോസ്റ്റ് നക്‌സലൈറ്റ് സമൂഹമായി നിലകൊള്ളുന്നത്.

ഏതു സമൂഹത്തിലും അനാര്‍ക്കിസത്തിനും സാഹസികതയ്ക്കും ചില സ്‌പേസുകളുണ്ട്. അതിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. അവരെ കൂടെനിര്‍ത്തേണ്ടവര്‍ മാര്‍കിസ്റ്റ്-ലെനിനിസ്റ്റ് ചിന്തകള്‍ ഇവരില്‍ നിറയ്ക്കുന്നു. കഞ്ചാവും സംഗീതവും സിനിമയും സെക്ഷ്വല്‍ അനാര്‍ക്കിസവുമെല്ലാം ചേര്‍ന്നതാണ് കേരളത്തില്‍ ഇന്നുള്ള പൊട്ടന്‍ഷ്യല്‍ നക്‌സലിസം. ഇതല്ല യാഥാര്‍ത്ഥ്യമെന്നതും കേരളത്തിനറിയാം. 1967 കാലത്തെ തലശ്ശേരി-പുല്‍പ്പള്ളി ആക്രമണം നടത്തിയ നക്‌സലൈറ്റുകളെയല്ല ഇന്നുവേണ്ടത്. ഏറ്റവും മികച്ച ചിത്രകാരന്മാരെക്കൊണ്ടും ചിന്തകന്മാരെക്കൊണ്ടും കളിച്ചിട്ടും പരാജയപ്പെട്ടൊരു പ്രസ്ഥാനത്തെ അപ്റ്റുഡേറ്റ് ചെയ്യണം. ഈ കാലത്തിനാവശ്യമായ ഒന്നാക്കണം.അതിനിന്നുള്ളവര്‍ക്ക് കഴിയുന്നുമില്ല.

പഴയകാല നക്‌സലൈറ്റുകളെപ്പോലെ വയലന്‍സ് ഉപയോഗിക്കുന്നവരോ ഗറില്ല രീതികള്‍ പിന്തുടരുന്നവരോ സംഘടിതരോ ബുദ്ധിജീവി നേതൃത്വം ഉള്ളതോ ആയ ഒരു പ്രസ്ഥാനമല്ല പുതിയകാലത്തുണ്ടായിരിക്കുന്നത്. അസംഘടിതവും വികേന്ദ്രീകൃതവും നേതൃത്വവും പ്രത്യശാസ്ത്രവും ഇല്ലാത്തതുമായ ഒന്നാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. ചരിത്രം ഒരിക്കലും ആവര്‍ത്തിക്കാന്‍ പോകുന്നുമില്ല. കെ വേണുവിനെപ്പോലൊരാളുടെ സ്ഥാനം ഇന്നത്തെ സംഘടനകളിലുണ്ടോ? ഉണ്ടാകില്ല. കേരളത്തിലെ അവസാനത്തെ റാഡിക്കല്‍ ബുദ്ധിജീവിയാണ് അദ്ദേഹം. ഇനിയദ്ദേഹത്തെപ്പോലൊരു ഇന്റലക്ച്വല്‍ ഉണ്ടാകില്ല. കവിതയുടെ കാര്യത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലെ. കേരളത്തിലെ അവസാനത്തെ മഹാകവിയാണ് ചുള്ളിക്കാട്.

കോര്‍പ്പറേറ്റുകളുടെ ക്വട്ടേഷന്‍ സംഘങ്ങള്‍
കാതികൂടം ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത് കൊച്ചിയിലെ നീറ്റ ജലാറ്റിന്‍ ഓഫിസ് തകര്‍ത്തത് മാനേജ്‌മെന്റ് തന്നെ നടത്തിയ നാടകമാണെന്നാണ്. കമ്പനിക്ക് അത്തരത്തില്‍ ചിന്തിക്കാനുള്ള ക്രിയേറ്റിവിറ്റി ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒന്നുകില്‍ ഇവിടുത്തെ നക്‌സലൈറ്റുകളെന്നു പറയുന്നവര്‍ ഏതെങ്കിലും പിള്ളേരെകൊണ്ട് ചെയ്യിപ്പിച്ചതായിരിക്കാം, മാനേജ്‌മൈന്റിനുള്ള മുന്നറിയിപ്പാണെന്നു പറയുന്നതിലൊന്നും കാര്യമില്ല. മുന്നറിയിപ്പുകള്‍ നല്‍കിയ ചരിത്രം കേരളത്തിനുണ്ട്. പാലക്കാട് കളക്ടറെ ബന്ധിയാക്കിക്കൊണ്ട് ആദിവാസി പ്രശ്‌നത്തെ തിരിച്ചുകൊണ്ടുവന്ന ചരിത്രം നമുക്കോര്‍ക്കാം. കേരളം കണ്ട ഏറ്റവും മികച്ച തെരുവുനാടകം ആയിരുന്നു അത്. ആദിവാസി പ്രസ്ഥാനങ്ങള്‍ സജീവമല്ലായിരുന്നു അന്ന് . കാലം മാറിയിരിക്കുന്നു. ചരിത്രം ആവര്‍ത്തിക്കുക പ്രയാസമാണ്.

കാതികൂടം സമരം അവര്‍ വീണ്ടും ചര്‍ച്ചയാക്കുന്നുവെന്നു പറയാന്‍ കഴിയില്ല. വയലന്‍സിലൂടെ സംഭവിക്കുന്നത്, ആ ജനകീയസമരം  ബ്ലാക് ഔട്ട് ആയിപ്പോവുകയും വയലന്‍സ് മാത്രമെ സാധ്യതയായിട്ടുള്ളൂവെന്ന വ്യാജപ്രചരണത്തിന് ഇടം നല്‍കലും മാത്രമാണ്. ആക്രമണം യഥാര്‍ത്ഥത്തില്‍ കാതികൂടം ജനകീയസമരത്തെ മുക്കിക്കളയുകയാണ്. ഇനിയവര്‍ക്ക് പഴയപോലെ മുന്നോട്ടുപോകാനാകില്ല. ആ കൂട്ടായ്മയെ വീണ്ടെടുക്കാനല്ല, കുഴിച്ചുമൂടാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഓഫിസ് ആക്രമണത്തിനു പിന്നില്‍ ഉണ്ടായേക്കാവുന്ന മറ്റൊരു സാധ്യത- മാനേജ്‌മെന്റ് മാവോയിസ്റ്റുകള്‍ക്ക് ക്വട്ടേഷന്‍ കൊടുത്തിരിക്കാം എന്നതാണ്. എന്തായാലും കാതികൂടം ജനകീയസമരത്തെ അത് സാരമായി ബാധിക്കും. ഭരണകൂടം ഇനി കമ്പനിയോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കും. ചുരുക്കത്തില്‍ ജനകീയ സമരത്തിന് തലപൊക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരിക്കുന്നു.

ഇനി ആ ചുവന്ന തിര ഇവിടെയടിക്കില്ല
1950 കളില്‍ ആരംഭിച്ച് 1980 കളില്‍ അവസാനിച്ചൊരു തിര ഇവിടെയുണ്ടായിരുന്നു. ഇനി ആ ചുവന്ന തിര കേരളത്തില്‍ വീശിയടിക്കില്ല. ഇങ്ക്വിലാബില്‍ നിന്ന് ചുംബിലാബിലേക്ക് കേരളം മാറിക്കഴിഞ്ഞു. ആ മാറ്റമാണ് ഉള്‍ക്കൊള്ളേണ്ടത്. പണ്ട് നമ്മള്‍ അഭിമാനത്തോടെ പറയുമായിരുന്നു; കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുന്നുവെന്ന്. അത് വീണ്ടും ശരിയാവുകയാണ്. കൊച്ചിയില്‍ സംഘടിപ്പിച്ച ചുംബനസമരം ഇപ്പോള്‍ ഇന്ത്യയിലാകമാനം പടരുകയാണ്. ആ നിലയ്ക്ക് കേരളത്തിലെ പോസ്റ്റ് നക്‌സലൈറ്റ് രാഷ്ട്രീയം ഇന്ത്യയും ഉള്‍ക്കൊള്ളുകയാണ്. അതിനിടയിലാണ് നനഞ്ഞുപോയ പടക്കവുമായി നക്‌സലൈറ്റുകള്‍ നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍