UPDATES

വര്‍ഗ്ഗീസ് കൊള്ളക്കാരനെങ്കില്‍ കയ്യൂരെയും കരിവെള്ളൂരെയും രക്തസാക്ഷികളെ നിങ്ങള്‍ എന്തുവിളിക്കും?

സഖാവ് വർഗീസ് കൊള്ളയടിച്ചെങ്കിൽ അത് വയനാട്ടിലെ ജന്മികളെയായിരുന്നു. ആദിവാസികളുടെ വിയർപ്പിന്റെ മണമുള്ള ആ നെല്ല് അയാൾ വെള്ളമുണ്ടയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയില്ല.

കെ എ ആന്റണി

കെ എ ആന്റണി

ചില മരണങ്ങൾ അല്ലെങ്കിലും ഇങ്ങനെയാണ്. വർഷമെത്ര കഴിഞ്ഞാലും അവ ഇടയ്ക്കിടെ പൊന്തി വന്നുകൊണ്ടിരിക്കും; ഒരു ഓർമ്മപ്പെടുത്തൽ എന്നോണം. നാല്പത്തിയേഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോൾ ഇതാ വയനാട്ടിലെ ആദിവാസികൾക്കുവേണ്ടി പോരാടി മരിച്ച നക്സൽ നേതാവ് അരീക്കാട് വര്‍ഗീസ്സ് വീണ്ടും വാർത്തകളിൽ നിറയുന്നു. 1970-ൽ പിടിയിലായ വര്‍ഗ്ഗീസിനെ അന്നത്തെ പോലീസ് മേധാവികളുടെ ഉത്തരവ് പ്രകാരം വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന പിൽക്കാല കണ്ടെത്തലിനെത്തുടർന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട് വര്‍ഗ്ഗീസിന്റെ സഹോദരങ്ങൾ നൽകിയ കേസിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച അത്യന്തം വിചിത്രമായ സത്യവാങ്മൂലമാണ് വര്‍ഗ്ഗീസ് വധം വീണ്ടും വാർത്തയാക്കിയിരിക്കുന്നത്.

വര്‍ഗ്ഗീസ് കൊള്ളക്കാരനും കൊടും കൊലപാതകിയുമായിരുന്നു എന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിനുവേണ്ടി അണ്ടർ സെക്രട്ടറി സന്തോഷ്‌കുമാർ 2016 ജൂണില്‍ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. വര്‍ഗ്ഗീസിന്റെ മരണത്തെ ചൊല്ലി കേരള നിയമസഭയിൽ വലിയ കോലാഹലമായിരുന്നു ഇഎംഎസ്സും കൂട്ടരും അക്കാലത്ത് ഉയർത്തിയത്. അതേ ഇഎംഎസ്സിന്റെ പിന്തുടർച്ചക്കാർ കേരളം ഭരിക്കുന്ന വേളയിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇത്തരത്തിൽ ഒരു സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതെന്നത് വിരോധാഭാസം അല്ലെങ്കിൽ പിന്നെ എന്താണെന്ന് തീർച്ചയായും പിണറായി സർക്കാർ വിശദമാക്കേണ്ടതുണ്ട്.

പതിവുപോലെ ഇക്കുറിയും പാട്ടുകാർ രംഗത്തുണ്ട്. പഴയകാല പാണപ്പാട്ടുകളെയും വെല്ലുന്ന പിന്നണി ഇന്നും സജീവമാണ്. വാഴ്ത്തുന്നവരും വീഴ്ത്തുന്നവരും എന്ന പഴയ കാലം വിട്ട് വാഴ്ത്തൽ എന്ന ഹിറ്റ്ലർ -മുസോളിനി കാലഘട്ടത്തിൽ ആരംഭിച്ച ഇത്തരം പുത്തൻ പാട്ടുകാർ തന്നെയാണ് പി ആർ ഓ പണികളിൽ ഏർപ്പെടുന്നത്. ഭരണത്തിൽ ഇരിക്കുന്നവർ ആര് തന്നെ ആയിരുന്നാലും ഇമേജ് ബിൽഡിംഗ് ജോലി അവരുടെ ബാധ്യത തന്നെ. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

എകെജി, ഏവി കുഞ്ഞമ്പു എന്നിവരോടൊപ്പം വര്‍ഗ്ഗീസ്. പിന്‍നിരയില്‍

സഖാവ് വര്‍ഗ്ഗീസ് കേരളത്തിന്റെ സ്വന്തം ചെഗുവേര ആയിരുന്നുവെന്നു മലയാളികൾ ഏറെ വൈകി മനസ്സിലാക്കിയ ഒന്നാണ്. അയാളുടെ മരണത്തെ ചൊല്ലിയാണ് സഖാവ് ഇ എം എസ് നിയമസഭയെ പ്രക്ഷുബ്ധമാക്കിയതെന്ന് അറിയാത്തവരല്ല ഇന്ന് ഭരണത്തിൽ ഇരിക്കുന്നവർ. ഇവിടെ ഒരു നല്ല കുമ്പസാരത്തിന്റെ പ്രശ്നം ഉദിക്കുന്നുണ്ട്. തങ്ങൾ നിലനിൽക്കുന്നത് അല്ലെങ്കിൽ ഭരണം നടത്തുന്നത് മര്‍ദ്ദിതർക്കും പീഡിതർക്കും വേണ്ടിയോ അതോ കൃഷ്ണദാസിനെ പോലുള്ള വേദനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന കോടീശ്വരന്മാർക്കുവേണ്ടിയോ എന്നതാണത്.

പതിവ് പോലെ ഇക്കുറിയും പിന്നണിക്കാർ അതേ പല്ലവി തന്നെ പാടുന്നു; എല്ലാകുറ്റവും മുൻ യുഡിഎഫ് സർക്കാരിന്റേതാണെന്ന്. ഭരണമേ മാറിയിട്ടുള്ളൂ സിസ്റ്റം അഥവാ ഭരണകൂട സംവിധാനം മാറിയിട്ടില്ലെന്നു വിലപിക്കുന്നു. പ്രിയ സഖാക്കളേ , ഒരു കാര്യം നിങ്ങൾ വ്യക്തമാക്കേണ്ടതുണ്ട് . സഖാവ് ഇ എം എസ് ഇത്തരം തട്ടിപ്പ് ന്യായവാദങ്ങൾ നിരത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ രണ്ടു സർക്കാരുകൾക്കും അതിനു കനത്ത വില നൽകേണ്ടിവന്നു എന്നത് മറ്റൊരു കാര്യം. എന്നാൽ ആ വില നൽകലിൽ നിന്നു തന്നെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾക്ക് പുതിയ കരുത്തും ഊർജവും ലഭിച്ചതെന്ന യാഥാർഥ്യം മറക്കാതിരുന്നാൽ ചുരുങ്ങിയ പക്ഷം കേരളത്തിൽ ഒരു ബംഗാൾ ആവർത്തിക്കുന്നത്  തടയാൻ കഴിഞ്ഞേക്കും എന്നല്ല തടയാൻ കഴിയും എന്നതാണ് ഇത് എഴുതുന്ന ആളുടെ ഉറച്ച വിശ്വാസം.

എന്നാൽ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനവും അത് മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടും എത്രകണ്ട് വലുതാണെന്ന് ഈ പിന്നണി അഥവാ ടിപ്പണിക്കാർ എത്ര കണ്ടു മനസ്സിലാക്കി എന്ന ആശങ്ക വര്‍ഗ്ഗീസ് പ്രശ്നത്തിൽ മാത്രമല്ല, പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള ഈ പത്തു മാസ ഭരണ കാലയളവിൽ സംഭവിച്ച ജിഷ്ണു പ്രണോയിയുടെ  മരണം തുടങ്ങി മറ്റു പല വീഴ്ചകളിൽ നിന്നും വ്യക്തമാണ്. നെഹ്‌റു ഗ്രൂപ്പ് ഓഫ് കോളേജസ് ചെയർമാന്റെ  മുൻ‌കൂർ ജാമ്യത്തെ എതിർക്കാൻ സർക്കാർ അഭിഭാഷകൻ കാണിച്ച വീഴ്ച തന്നെ ഇതിൽ പ്രധാനം.

ഒടുവിൽ കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെട്ടപ്പോൾ ഒരു നല്ല പോലീസ് ഉദ്യോഗസ്ഥൻ ആ കോടീശ്വരനെ അറസ്റ്റു ചെയ്തതിന്റെ പേരിൽ ഒരു ന്യായാധിപൻ നടത്തിയ അമിത ഭാഷണവും നമ്മെളൊക്കെ കേട്ടതും അറിഞ്ഞതുമല്ലേ. അയാൾക്കെതിരെ സുപ്രീം കോടതിക്കു പരാതി നൽകിയ ജിഷ്ണുവിന്റെ അമ്മയെ ബാർ കൌൺസിൽ ഓഫ് ഇന്ത്യയുടെ ഒരു പ്രതിനിധി മൂക്കിൽ വലിച്ചു കയറ്റി കളയും എന്ന് ഭീഷണി മുഴക്കിയതും നമ്മളൊക്കെ കേട്ടതും അറിഞ്ഞതും തന്നെയല്ലേ? ബാർ കൌൺസിൽ ഈ രാജ്യത്തെ പരമോന്നത നീതിപീഠം അല്ലെന്ന് നിയമമന്ത്രിയെങ്കിലും എന്തുകൊണ്ട് പറഞ്ഞില്ല?

കള്ളങ്ങൾ മൂടിവെക്കുന്നത് വൃണങ്ങൾ മൂടിവെയ്ക്കുന്നതുപോലെയാണ്. അധികാരിത്തിലേറ്റുന്ന ജനങ്ങൾക്ക് അറിയേണ്ടത് അധികാരികൾ അവരോടു നീതി ചെയ്തോ എന്നാണ്. ഈ നീതി കൃഷ്ണദാസിനെ പോലുള്ളവർക്കാകുമ്പോൾ ജിഷ്ണുവിന്റെ അമ്മ മഹിജക്കും ജീവിച്ചിരിക്കുന്ന ജിഷ്‌ണു പ്രണോയ് എന്നറിയപ്പെടുന്ന ഷഹീറിനും പീഡനത്തിനിരയായ ഒട്ടേറെ പെൺകുട്ടികൾക്കും ബാലിക, ബാലന്മാർക്കും അത് നിഷേധിക്കപ്പെടുന്നതിനോട് കൃഷ്ണപിള്ളയുടെയും ഇ എം എസ്സിന്റെയും എ കെ ജിയുടേയുമൊക്കെ പിന്‍തലമുറക്കാർ എങ്ങനെ സന്ധി ചെയ്യും എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല.

സഖാവ് വർഗീസ് കൊള്ളയടിച്ചെങ്കിൽ അത് വയനാട്ടിലെ ജന്മികളെയായിരുന്നു. ആദിവാസികളുടെ വിയർപ്പിന്റെ മണമുള്ള ആ നെല്ല് അയാൾ വെള്ളമുണ്ടയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയില്ല. പകരം ചോമൻ മൂപ്പന്റെയും മറ്റും സഹായത്തോടെ വയനാട്ടിലെ ആദിവാസി ഊരുകളിൽ എത്തിച്ചു. ഒരർത്ഥത്തിൽ നമ്മൾ ഇന്നും പാടി നടക്കുന്ന കരിവെള്ളൂരിലെയും പാടിക്കുന്നിലെയും കാവുമ്പായിലേയുമൊക്കെ കാർഷിക വിപ്ലവകാരികൾ ചെയ്തതും ഇത് തന്നെയായിരുന്നില്ലേ. കയ്യൂരിലും മൊറാഴയിലുമൊക്കെ പൊലീസുകാരെ കൊന്നവർ ധീരന്മാരും വയനാട്ടിലെ പട്ടിണിപ്പാവങ്ങളെയും ആദിവാസികളെയും നിലക്കു നിർത്താൻ പോരാടിയ വര്‍ഗ്ഗീസ് ഒരു നാലാം കിട ക്രിമിനലും ആകുന്ന ഈ വരട്ട് ലോജിക്, സത്യത്തിൽ നിങ്ങളുടെ കമ്മ്യൂണിസ്റ്റ് വായനയുടെ പരിമിതിയെ മാത്രമല്ല, ഭരണത്തോടുള്ള ആർത്തിയും പുരപ്പുറത്തിരുന്നു വിളിച്ചോതുന്നുണ്ട് എന്ന് പറയാതെ വയ്യ.

ഏറ്റുവും ഒടുവിലായി ഇത്ര കൂടി കുറിക്കാതെ വയ്യ. എല്ലാ കുറ്റവും യു ഡി എഫിന്റെയും അവരുടെ പിണിയാളുകളായിരുന്ന പോലീസ്-സർക്കാർ സേനക്കും മുകളിൽ ചാർത്തി വെച്ച് നല്ലപിള്ള ചമയുന്ന നിങ്ങൾ ഇവിടെ ഇപ്പോൾ ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് -ഇടതു പക്ഷ സർക്കാരാണെന്ന യാഥാർഥ്യത്തിലേക്ക് ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യു ഡി എഫ് അല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയും അത് നേതൃത്വം നൽകുന്ന എൽ ഡി എഫും. അങ്ങനെ ആയിരുന്നെങ്കിൽ ജനം ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും ഒരു തുടർ ഭരണം നൽകുമായിരുന്നു. ഇത്തരത്തിലുള്ള ചില തിരിച്ചറിവുകളെങ്കിലും ഉണ്ടായേ തീരു. അത് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍