UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്പൂതിരി ജീവിതം എല്ലാവര്‍ക്കുമറിയാം; ഈ നായാടി ജീവിതമോ?

Avatar

എം കെ രാമദാസ്

സിവില്‍ സര്‍വിസിനുള്ള ഇന്റര്‍വ്യൂവില്‍ ആദ്യത്തെ ചോദ്യം തന്നെ എന്റെ ജാതിയെപ്പറ്റിയായിരുന്നു. അത് ഞാന്‍ പ്രതീക്ഷിച്ചതുമായിരുന്നു. വിയര്‍ത്ത കൈപ്പത്തികളെ മേശപ്പുറത്ത് പരന്നിരുന്ന കണ്ണാടിയില്‍ ഉരസികൊണ്ട് ഹൃദയമിടിപ്പു കേട്ടുകൊണ്ട് ഞാന്‍ കാത്തിരുന്നു. എ സിയുടെ ര്‍ര്‍ ശബ്ദം… കടലാസുകള്‍ മറിയുന്ന ശബ്ദം… കടലാസുകള്‍ മറിയുന്നതുപോലെ അധികാരത്തെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു ശബ്ദമില്ല. വളരെ പതിഞ്ഞ ശബ്ദം, മര്‍മ്മരം. പക്ഷേ അതിനെ നമ്മുടെ ആത്മാവ് കേള്‍ക്കും. ഒരാള്‍ അനങ്ങിയപ്പോള്‍ കറങ്ങുന്ന കസേര ശബ്ദിച്ചു. അയാള്‍ വീണ്ടും എന്റെ കടലാസുകള്‍ നോക്കിയിട്ട് നിങ്ങളുടെ ജാതി…. മ്മ് … എന്ന് സ്വയം പറഞ്ഞ് ഗോത്രവര്‍ഗത്തില്‍ നായാടി എന്നു വായിച്ച് നിവര്‍ന്ന് ‘വെല്‍’ എന്നു പറഞ്ഞു. 

ഞാന്‍ വിറങ്ങലിച്ച് കുത്തിയിരുന്നു. നിങ്ങള്‍ മലയില്‍ ജീവിക്കുന്നവരാണോ? ഞാന്‍ ‘അല്ല’ എന്നു പറഞ്ഞു. എന്താണ് നിങ്ങളുടെ പ്രത്യേകത? ഞാന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വലില്‍ എന്റെ ജാതിയെപ്പറ്റി പറഞ്ഞിട്ടുള്ള ഭാഗം മന:പാഠമായിട്ടു പറഞ്ഞു. നായാടികള്‍ അലഞ്ഞുതിരിയുന്ന കുറവരാണ്. ഇവരെ കണ്ടാല്‍ തന്നെ അയിത്തമാണെന്നായിരുന്നു വിശ്വാസം. അതുകൊണ്ട് പകല്‍വെട്ടത്തില്‍ സഞ്ചരിക്കാനുള്ള അവകാശം ഇവര്‍ക്കില്ലായിരുന്നു. ഇവരെ നേര്‍ക്കുനേര്‍ കണ്ടാല്‍ ഉടന്‍തന്നെ ഉയര്‍ന്ന ജാതിക്കാര്‍ ഒച്ചയും ബഹളവുമുണ്ടാക്കി ആളെകൂട്ടി ചുറ്റിവളച്ച് കല്ലെടുത്തെറിഞ്ഞ് കൊല്ലുകയാണ് പതിവ്. അതുകൊണ്ട് ഇവര്‍ പകല്‍ മുഴുവന്‍ കാടിന്റെ ഉള്ളില്‍ ചെടികളുടെ ഇടയ്ക്ക് കുഴിതോണ്ടി അതില്‍ കുഞ്ഞുകുട്ടികളോടെ, പന്നികളെപ്പോലെ ഒളിച്ചിരിക്കുകയാണ് പതിവ്. രാത്രി പുറത്തേയ്ക്കിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. ഇവര്‍ മൂധേവിയുടെ അംശമുള്ളവരാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ഇവര്‍ക്ക് തവിട്, എച്ചില്‍ ഭക്ഷണം, ചീഞ്ഞവസ്തുക്കള്‍ തുടങ്ങിയവയെ ചിലര്‍ വീട്ടീന്ന് വളരെ അകലെ കൊണ്ടുവെക്കുന്ന പതിവുണ്ട്. ഇവര്‍ കയ്യില്‍ കിട്ടുന്ന എന്തും തിന്നും. മിക്കവാറും പച്ചക്കറികളും കിഴങ്ങുവര്‍ഗ്ഗങ്ങളും പച്ചയായി തന്നെ കഴിക്കും. പൊതുവെ ഇവര്‍ കറുത്ത്, കുറിയ മനുഷ്യരാണ്. നീളമുള്ള വെളുത്ത പല്ലുകളും, വലിയ വെളുത്ത കണ്ണുകളുമുള്ളവര്‍. ഇവരുടെ ഭാഷ പഴന്തമിഴാണ്. ഇവര്‍ക്കൊരു കൈത്തൊഴിലുമറിയില്ല. ഇവരുടെ കയ്യില്‍ സ്വന്തമായി യാതൊരു വസ്തുക്കളും ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് സ്ഥിരമായി പാര്‍പ്പിടമില്ല എന്നതു കൊണ്ടു തന്നെ ഇവരെയൊരിടത്തും സ്ഥിരമായി കാണാന്‍ കഴിയില്ല. തിരുവിതാംക്കൂറില്‍ ഇവര്‍ എത്രപേരാണ് ഉള്ളതെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. ഇവരെക്കൊണ്ട് സര്‍ക്കാരിന് യാതൊരു വരുമാനവുമില്ല. 

മറ്റൊരാള്‍ എന്നെ ശ്രദ്ധിച്ചു നോക്കി; നിങ്ങളുടെ ജാതി ഇപ്പോള്‍ എങ്ങനെയുണ്ട്, മുന്നോട്ട് വന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ല, മിക്കവാറും എല്ലാവരും തന്നെ ഇപ്പോഴും ഭിക്ഷയെടുത്താണ് കഴിയുന്നത്. തെരുവിലാണ് ജീവിക്കുന്നത്. നഗരങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ നഗരത്തിലെത്തി. അവിടെയുള്ള തെരുവുജീവികളില്‍ ലയിക്കുകയയാണുണ്ടായത്. മിക്കമാറും ആളുകള്‍ ഇന്ന് തമിഴ്‌നാട്ടിലാണ്. 

അയാള്‍ കണ്ണുകള്‍ എന്നില്‍ തറപ്പിച്ച്, താങ്കള്‍ വന്നിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. ‘താങ്കള്‍ സിവില്‍ സര്‍വ്വീസ് എഴുതി ജയിച്ചിരിക്കുന്നു’. അയാള്‍ എന്നെ നോക്കി, ‘നിങ്ങള്‍ ഇതാ ഇവിടെ വന്ന് ഇരിക്കുകയും ചെയ്യുന്നു’. ഞാന്‍ ചലനമില്ലാത്ത മുഖത്തോടെ, എനിക്കൊരു വലിയ മനുഷ്യന്റെ സഹായം കിട്ടിയെന്നു പറഞ്ഞു. അയാള്‍ പുഞ്ചിരിയോടെ ‘അംബേദ്ക്കറിന് കിട്ടിയതുപോലെ?’എന്നു ചോദിച്ചു. ഞാന്‍ തറപ്പിച്ചു പറഞ്ഞു, ‘അംബേദ്കറിന് കിട്ടിയതുപോലെ’.

ഏതാനും സെക്കന്‍ഡുകള്‍ നിശബ്ദത. മൂന്നാമത്തെയാള്‍ എന്നോട് ഇനിയൊരു ഊഹച്ചോദ്യം, നിങ്ങള്‍ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങള്‍ വിധിപറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്തു തിരുമാനമാണ് എടുക്കുക? എന്റെ ചോര മുഴുവന്‍ തലയ്ക്കകത്തേക്കു കയറി , കണ്ണുകളില്‍, കാതില്‍, വിരല്‍ത്തുമ്പുകളില്‍ ഒക്കെ ചൂടുള്ള ചോര ഇരച്ചുപാഞ്ഞു. മറ്റുള്ളവരും ആ ചോദ്യംകൊണ്ട് വല്ലാതെ ഉന്മേഷവാന്മാരായി എന്നു കസേരകള്‍ അനങ്ങിയതിലൂടെ ഞാന്‍ മനസ്സിലാക്കി. ഞാന്‍ പറയേണ്ട ഉത്തരമേതാണ് എന്ന് എനിക്ക് നന്നായറിയാം പക്ഷെ, ഞാന്‍ അപ്പോള്‍ ഓര്‍ത്തത് സ്വാമി പ്രജാനന്ദയെയാണ്.

ഉറച്ച ശബ്ദത്തില്‍ ‘സര്‍, ന്യായം എന്നുവെച്ചാലെന്താണ്? എന്നു ഞാന്‍ പറഞ്ഞു. ‘വെറും നിയമങ്ങളും സമ്പ്രദായങ്ങളുമാണോ ന്യായത്തെ തീരുമാനിക്കേണ്ടത് ? ന്യായം എന്നു പറഞ്ഞാല്‍ അതില്‍ കാതലായ ഒരു ധര്‍മ്മം ഉണ്ടായിരിക്കണം. ധര്‍മ്മങ്ങളില്‍ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്. ഒരു നായാടിയേയും മറ്റൊരു മനുഷ്യനേയും രണ്ട് വശത്തു നിര്‍ത്തുകയാണങ്കില്‍ സമത്വം എന്ന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറികഴിഞ്ഞു. അവന്‍ എന്തുചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്’. 

ശരീരങ്ങള്‍ അയഞ്ഞപ്പോള്‍ കസേരകള്‍ പിന്നെയും ശബ്ദിച്ചു. ചോദിച്ചയാള്‍ ഒന്ന് മുന്നോട്ടാഞ്ഞ്, ‘അത് കൊലപാതകമാണങ്കിലോ? മിസ്റ്റര്‍ ധര്‍മ്മപാലന്‍, കൊലപാതകമാണെങ്കില്‍ നിങ്ങള്‍ എന്തു പറയും?’ എനിക്ക് അപ്പോളത് പറയാതിരിക്കാനായില്ല. ‘സര്‍, കൊലപാതകം തന്നെയായാലും ഒരു നായാടിതന്നെയാണ് നിരപരാധി. അവനോട് തന്നെയാണ് അനീതികാട്ടിയിട്ടുള്ളത്’.

മലയാളവുമായി സ്‌നേഹബന്ധമുള്ള തമിഴ് സാഹിത്യകാരന്‍ ജയമോഹന്റെ പ്രസിദ്ധമായ കഥയാണ് നൂറ് സിംഹാസനങ്ങള്‍. നായാടി കുലത്തില്‍ പിറന്ന ഒരു ഐഎസ്സുകാരന്റെ കഥയെന്ന തലക്കെട്ടില്‍ ഭാഷാപോഷിണിയിലാണ് മലയാളത്തിലാദ്യം ഇക്കഥ പ്രസിദ്ധീകരിച്ചത്. കഥാനായകന്‍ ധര്‍മ്മപാലന്റെ സിവില്‍ സര്‍വ്വീസ് ഇന്റ്‌റര്‍വ്യു അനുഭവം വിവരിക്കുന്ന കഥയിലെ ഒരു ഭാഗമാണ് മേല്‍ കൊടുത്തത്. 

നായാടി മുതല്‍ നമ്പൂതിരിവരെ പ്രാതിനിധ്യം അവകാശപ്പെടാത്ത കക്ഷി രാഷ്ട്രീയ സംഘടനകള്‍ കേരളക്കരയില്‍ ഉണ്ടാവില്ലെന്ന് ഉറപ്പാണ്. കേരള കോണ്‍ഗ്രസ്സിനും മുസ്ലിംലീഗിനും കീഴില്‍ ദളിത് സംഘടനകള്‍ ഉണ്ടെന്നുമറിയണം. നമ്പൂതിരിമാരെക്കുറിച്ചുള്ള ഒട്ടുമിക്ക വിവരങ്ങളും നമുക്ക് അറിയാം. എന്നാല്‍ മണ്ണിന്റെ മടിത്തട്ടില്‍ കഴിയുന്ന നായാടികള്‍ സുപരിചിതമല്ല. 

അഴിമുഖം സീനിയര്‍ എഡിറ്റര്‍ സാജു കൊമ്പന്‍ നല്‍കിയ മേല്‍വിലാസവുമായാണ് പാലക്കാട്, മലമ്പുഴയിലെ എലപ്പുള്ളിയിലെത്തുന്നത്. അവിടെയാണ് കാരങ്കോട് നായാടി കോളനി. സാക്ഷരത പ്രേരക്കായ ജയപ്രകാശ് പഞ്ചായത്ത് ഓഫീസില്‍ ഞങ്ങളെ കാത്തിരുന്നു. പഞ്ചായത്തംഗമായ സുനില്‍ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുത്തി. ‘കോണ്‍ഗ്രസ്സുകാരനാണ് സുനില്‍. ഇയാള്‍ പറഞ്ഞാലെ നമ്മളവിടെ പോയിട്ട് കാര്യമുള്ളു. കോളനിയിലുള്ളവര്‍ വാ തുറക്കണമെങ്കില്‍ മെമ്പര്‍ പറയേണ്ടിവരും’, ജയപ്രകാശ് പറഞ്ഞു. ‘നിങ്ങളവിടെ പോയാല്‍ മതി. അവിടെയെല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട്’- വലിയ മുഖവുരയൊന്നുമില്ലാതെ സുനില്‍ പറഞ്ഞു. 

കോളനിക്ക് മുന്നിലാണ് ഹോമിയോപ്പതി മെഡിക്കല്‍ കേന്ദ്രം. കുറച്ചു വര്‍ഷമായി ഡോ. ദുഷ്യന്തനാണ് മെഡിക്കല്‍ ഓഫീസര്‍. അവിടെയാണ് സുനില്‍ ഏര്‍പ്പാടാക്കിയ രാജേഷ് ജോലി ചെയ്യുന്നത്. രാജേഷിന്റെ ഭാര്യ ശുഭയും അവിടെയുണ്ട്. 

57 വീടുകള്‍ കാരങ്കോട് നായാടി കോളനിയിലുണ്ട്. കോളനിക്ക് എത്രഭൂമിയുണ്ടെന്നൊന്നും ആര്‍ക്കുമറിയില്ല. എന്തായാലും അതിരുകളില്ല. കുടിവെള്ളസംഭരണിയുണ്ട്. കാറ്റും വെളിച്ചവുമൊന്നും കയറാത്ത പതിവു കോളനി വീടുകള്‍; മിക്കവീടുകളോടും ചേര്‍ന്ന് ഓലക്കൂരകള്‍. കത്തുന്ന ചൂടില്‍ കോണ്‍ക്രീറ്റു വീടിനുള്ളില്‍ പ്രവേശിക്കുന്നത് അസഹനീയമെന്നറിയുന്നവരുടെ ആശ്വാസയിടമാണ് നിലമ്പറ്റിയുള്ള ഈ കൂരകള്‍. ബട്ടണുകളില്ലാത്ത കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി മൂക്കൊലിപ്പിച്ച് തലങ്ങും വിലങ്ങും കുട്ടികള്‍. സ്ത്രീകള്‍ അലസരായി പരസ്പരം പേന്‍കൊല്ലുന്നു. അപരിചിതരായ ഞങ്ങളെ കണ്ട മട്ടൊന്നും കുട്ടികള്‍ക്കില്ല. സ്ത്രീകള്‍ തുറിച്ചു നോക്കി. പുരുഷന്മാര്‍ വീട്ടിനുള്ളിലേക്ക് മറഞ്ഞു. സുനിലേട്ടന്‍ പറഞ്ഞിട്ട് തിരുവനന്തപുരത്ത് നിന്ന് നമ്മളെക്കുറിച്ചറിയാന്‍ വന്നതാണെന്ന് രാജേഷ് കോളനിവഴിയില്‍ കണ്ടവരോടെല്ലാം പറഞ്ഞു. മുമ്പെപ്പോഴോ മാധ്യമപ്രവര്‍ത്തകര്‍ വഞ്ചിച്ച കഥപറഞ്ഞു രോഷത്തോടെ കോളനിയിലൊരാള്‍ നടന്നുപോയി. പ്രസിദ്ധീകരിക്കില്ലെന്നും പ്രക്ഷേപണം ചെയ്യില്ലെന്നും വിശ്വസിപ്പിച്ച് വിവരങ്ങളും ചിത്രവും ശേഖരിച്ച് മടങ്ങിയവര്‍ അടുത്ത ദിവസം വാഗ്ദാനം ലംഘിച്ചതാണ് ഇയാളുടെ കോപത്തിനു കാരണം. 

രാജേഷ് പരിചയപ്പെടുത്തിയ വേലായുധന്‍ ഒരു നായാടിയുടെ ജീവിതം എങ്ങനെയെന്ന് പറഞ്ഞു തന്നു;

‘ഇപ്പോള്‍ പണിക്കൊന്നും പോകുന്നില്ല. രണ്ടാട്ടിന്‍കുട്ടികള്‍ ഉണ്ട്. അതിനെ നോക്കും. സുനില്‍ മെമ്പര്‍ എഴുതികൊടുത്ത് വാങ്ങിയതാ. പാരമ്പര്യമായി ഇവിടെത്തന്നെയാണ് താമസം. ഭൂമിക്ക് പട്ടയമുണ്ട്; ഇതുവരെ വാങ്ങിയിട്ടില്ല. ഭൂമി പണയം വെക്കുമോ വില്‍ക്കുമോ എന്ന് പേടിച്ച് പട്ടയം വാങ്ങാത്തതാ. കാശിനെന്തങ്കിലും ബുദ്ധിമുട്ട് വന്നാല്‍ പട്ടയം അങ്ങോട്ടുമിങ്ങോട്ടും വെച്ച് നഷ്ടപ്പെട്ടാലോ എന്ന് പേടിയാണ്. വായ്പ്പ വാങ്ങിയാല്‍ തിരിച്ചടക്കാനും ബുദ്ധിമുട്ടാകും. സുനില്‍ മെമ്പറാണ് പട്ടയം കയ്യില്‍ വാങ്ങേണ്ടെന്ന് പറഞ്ഞത്’. അച്ഛനും അവരുടെ അച്ഛനുമെല്ലാം ഇവിടെ ഓലപ്പുരയിലാണ് കഴിഞ്ഞത്. ചുറ്റാന്‍ പോക്കായിരുന്നു പണി (ഭിക്ഷാടനം). അമ്മയും പോകും. ചുറ്റാന്‍ പോകുന്നത് ഒരു അവകാശമാണ്. തേനാരി ഭാഗത്ത് ഒരാള്‍ പോകും. നിങ്ങള്‍ക്ക് നിങ്ങളുടെ അച്ഛന്‍ കൃഷിഭൂമിയുണ്ടെങ്കില്‍ വീതിച്ചു തരുമല്ലോ, അതു പോലെ ചുറ്റാന്‍ പോകുന്ന സ്ഥലം അച്ഛനമ്മമാര്‍ മക്കള്‍ക്ക് നിശ്ചയിച്ച് കൊടുക്കും. നീ ഈ വഴിക്ക് പോയ്‌ക്കോ, മറ്റേയാള്‍ മറുഭാഗത്തേക്ക് പോയ്‌ക്കൊ എന്നെല്ലാം. 

പിന്നെ എലിയെ പിടിക്കും. മാളങ്ങളിലുള്ള എലിയെയാണ് ഞങ്ങള്‍ വയലുകളില്‍ നിന്ന് പിടിക്കാറ്. തമിഴ്‌നാട്ടില്‍ നിന്ന് ഈയിടെ ഒരു കെണി വന്നിട്ടുണ്ട്. മാളത്തിനു മുകളില്‍ അരിവിതറി എലിയെ അങ്ങോട്ടേക്ക് വരുത്തും. ഇവിടെയെത്തി അരി തിന്നാല്‍ എലി കെണിയില്‍പ്പെടുമെന്ന് ഉറപ്പ്. മാളം കണ്ടാല്‍ അതിനുചുറ്റും കുഴിയെടുത്താണ് ഞങ്ങള്‍ സാധാരണ എലിയെ പിടിക്കുന്നത്. വയല്‍ വരമ്പിലായിരിക്കും എലി മാളം. മാളങ്ങളില്‍ എലികള്‍ ശേഖരിച്ച നെല്‍ക്കതിരുകള്‍ ഉണ്ടാവും. ചിലപ്പോള്‍ ഒരു മാളത്തില്‍ നിന്ന് രണ്ട് പറയോളം നെല്ല് ഞങ്ങള്‍ക്ക് കിട്ടും. ഇങ്ങനെ കിട്ടുന്ന നെല്ലിന്റെ അവകാശികള്‍ ഞങ്ങളാണ് . വലിയവരമ്പില്‍ മണ്ണ് പുറത്തേക്ക് തള്ളിയത് കണ്ടാല്‍ അറിയാം അവിടെ എലിയുണ്ടെന്ന്. മുതലാളിമാര്‍ വന്ന് എലിയെപ്പിടിക്കാന്‍ പറഞ്ഞാല്‍ അവിടെപ്പോയി മണ്ണ് വെട്ടിമാറ്റി പണിതുടങ്ങും. വെള്ളമൊഴിച്ച് എലിയെ പുറത്തേക്ക് വരുത്തും. വടികൊണ്ട് തല്ലിയോ കൈകൊണ്ട് കഴുത്ത് ഞെരിച്ചോ എലിയെ കൊല്ലും. എലിയെ പിടിച്ചാല്‍ മുതലാളിമാര്‍ കൂലി തരും. ഇപ്പോള്‍ അന്‍പത് രൂപ വരെ കിട്ടും. ഇങ്ങനെ പിടിക്കുന്ന എലിയെ ചിലപ്പോള്‍ ഞങ്ങള്‍ തിന്നും. ഇപ്പോള്‍ അങ്ങനെയല്ല. എലിപ്പനിയുണ്ടാവുമെന്ന് കേട്ടതിനു ശേഷമാണ് തീറ്റ കുറച്ചത്. കൊന്നുകൊണ്ടുവരുന്ന എലിയുടെ രോമം തീയില്‍ കരിക്കും. അല്ലെങ്കില്‍ തോല്‍ അപ്പാടെ പൊളിച്ചെടുക്കും. കോഴിവെക്കുന്നതുപോലെ വേവിക്കും. നല്ല രുചിയുണ്ടാകും. എലി നാലഞ്ചു തരമുണ്ട്; കോറ എലിയെയാണ് തിന്നാനെടുക്കുക.

അരിയാണ് പ്രധാനമായും ഞങ്ങളുടെ ഭക്ഷണം. പണ്ടൊക്കെ ചാമ, തെന, കോറ തുടങ്ങിയവ ഉണ്ടായിരുന്നു. മുതലാളിമാര്‍ക്ക് കൊയ്യാന്‍ പോയാല്‍ അതിലൊരു പങ്ക് കിട്ടും. ഇപ്പോള്‍ ഞങ്ങളുടെ കൂട്ടര്‍ പഴയ സാധനങ്ങള്‍ പെറുക്കാന്‍ പോകുന്നുണ്ട്. അതില്‍ നിന്ന് നല്ല വരുമാനം കിട്ടും. റേഷന്‍ കാര്‍ഡ് ഉള്ളതു കൊണ്ട് അരിക്ക് പ്രയാസമില്ല. നേരത്തെ ഞങ്ങള്‍ സ്‌കൂളിലൊന്നും പോകില്ലായിരുന്നു. അടുത്തകാലത്താണ് ഞങ്ങള്‍ക്ക് വീട് കിട്ടിയത്. ആരും ഞങ്ങളുടെ അടുത്ത് രാഷ്ട്രീയം പറഞ്ഞ് വരാറില്ല. മുഖ്യമന്ത്രിയെയൊന്നും ഞങ്ങള്‍ക്ക് അറിയില്ല. സുനില്‍ മെമ്പര്‍ പറയുന്ന ആള്‍ക്കായിരിക്കും വോട്ട്’. ജീവിതവും തെരഞ്ഞെടുപ്പും വേലായുധന്‍ എന്ന നായാടി ഇങ്ങനെ ചുരുക്കി വിവരിച്ചു. 

സഹായിയായി ഞങ്ങളോടൊപ്പമുള്ള രാജേഷിനോട് കൂടുതല്‍ വിശേഷങ്ങള്‍ തിരക്കി. ആ കോളനിയില്‍ നിന്ന് ആദ്യമായി 10-ാംതരം ജയിച്ചയാള്‍ രാജേഷാണ്. ഭാര്യയായ ശുഭയും രാജേഷിനൊപ്പമുണ്ട്. ‘എലിയെ ചുട്ടു തിന്നുന്നവരല്ലേ നിങ്ങള്‍ എന്ന കളിയാക്കല്‍ പുറത്തിറങ്ങിയാല്‍ ഉണ്ടാവും. സ്‌കൂളിലും അങ്ങനെയായിരുന്നു. നായാടിയായി ജനിച്ചതില്‍ ഞങ്ങള്‍ക്ക് അപമാനമൊന്നും തോന്നിയിട്ടില്ല. പാമ്പിനെ തിന്നുന്നവരെന്ന അധിക്ഷേപം കേട്ടിട്ടുണ്ട്. അനുഭവിച്ച് അനുഭവിച്ച് മറ്റുള്ളവരുടെ മുന്നില്‍ വരാന്‍ പേടിയാണ്. ഇരുവരും പറഞ്ഞു. 

‘എന്റെച്ഛോ മുത്തച്ഛോ കാരന്നോന്മാരെ 
ഞങ്ങള്‍, ഭൂമിയെതൊട്ടുകളിക്കണ പിള്ളേരാണ് 

വേലുമൂപ്പന്റെ പേരക്കുട്ടി രാജേഷ് ഓര്‍മ്മയില്‍ ചികഞ്ഞാണ് ഈ രണ്ടു വരി മൂളിയത്. പൂര്‍വ്വപിതാക്കന്‍മാര്‍ അവശേഷിപ്പിച്ചു പോയ ഈ വാക്കുകളില്‍ എല്ലാമുണ്ടെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. നായാടിയാണ് മനുഷ്യകുലത്തിലെ ആദ്യ ജാതി. നരവംശശാസ്ത്ര വിശകലനമോ ചരിത്രകാരന്‍മാരുടെ സാക്ഷ്യപ്പെടുത്തലോ അല്ല നായാടികുലത്തില്‍ പിറന്ന ചെറുപ്പക്കാരുടെ അവകാശവാദത്തിനു കൂട്ട്. മനുഷ്യകുലത്തിന്റെ ആദ്യതൊഴില്‍ നായാട്ടായിരുന്നു. ഇപ്പണി കൈയൊഴിയാത്തവര്‍ നായാടികളായി. അത്രമേല്‍ മണ്ണില്‍ അലിഞ്ഞതാണ് നായാടി ജീവിതം എന്ന് വ്യക്തമാക്കുന്നതാണ് ഈ വരികള്‍.

എലിയെക്കൂടാതെ ആമ, തവള തുടങ്ങിയവയൊക്കെ ഇവരുടെ ഭക്ഷണമാണ്. അനാരോഗ്യമുള്ളവര്‍ കാരങ്കോട് നായാടി കോളനിയില്‍ ഇല്ലെന്നുതന്നെ പറയാം; ഡോ.ദുഷ്യന്തന്‍ പറഞ്ഞു. ജീവിതശൈലീരോഗം കാര്യമായി ബാധിച്ചിട്ടില്ല. ജലാശയങ്ങളില്‍ നിന്ന് പിടിക്കുന്ന മീനാണ് മറ്റൊരു വിഭവം. നേരത്തെ കോളനിയിലേക്കെത്തുമ്പോള്‍ അസ്വാഭാവികമായ ഒരു മണം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴതില്ല. ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പുകള്‍ അനുസരിക്കാന്‍ ഇപ്പോള്‍ അവര്‍ തയ്യാറാണ്. അതുകൊണ്ട് തന്നെ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്.

 

ഈ മനുഷ്യര്‍ അക്രമകാരികളേയല്ല, ശാന്തരാണ്. തലമുറകളായി അനുഭവിക്കേണ്ടി വന്ന നിരന്തര അവഹേളനത്തിന്റെ ഭാഗമായി പുറംപോക്കുകളിലേക്ക് ആട്ടിപ്പായിക്കപ്പെട്ടവരാണ് നായാടികള്‍. മറ്റുള്ളവരുടെ മുന്നില്‍ വരാന്‍ യോഗ്യരല്ലെന്ന ഭയം ഇവര്‍ സൂക്ഷിക്കുന്നു. നായാടി ഒരു അധിക്ഷേപപദമായി ജീവിതത്തിലുടനീളം ഇവരെ വേട്ടയാടുന്നു. ദളിത് ജീവിതത്തിന്റെ നൊമ്പരങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ നിരാശ്രയരായ, പച്ചയായ ഈ മനുഷ്യര്‍ക്ക് കഴിയുന്നില്ല. പുരോഗമന സ്വഭാവം വാക്കുകളില്‍ നിറയ്ക്കുന്നവരൊക്കെ മണ്ണിന്റെ മക്കളോട് സംവദിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കാരങ്കോട് നായാടി കോളനി കേരളത്തോട് പറയുന്നു. അവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയം അതിജീവനത്തിന്റെതാണ്.

(അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍