UPDATES

ഞാന്‍ എന്തുകൊണ്ട് സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കുന്നു; നയന്‍താര സെഗാള്‍

Avatar

അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും മേല്‍ സംഘ പരിവാര്‍ നടത്തുന്ന ഹിംസാത്മക കടന്നു കയറ്റത്തിലും സമീപകാല കൊലപാതകങ്ങളിലും പ്രതിഷേധിച്ച് പ്രശസ്ത  ഇന്‍ഡോ-ആംഗ്ലിക്കന്‍ എഴുത്തുകാരി യും ജവഹര്‍ ലാല്‍ നെഹ്റുവിന്റെ മരുമകളുമായ നയന്‍താര സെഗാള്‍ തനിക്ക് കിട്ടിയ പുരസ്കാരങ്ങള്‍ സാഹിത്യ അക്കാദമിക്ക് തിരിച്ചു നല്കുന്നു എന്നു പറഞ്ഞുകൊണ്ട് എഴുതിയ കുറിപ്പ്.
 
ചിന്തിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണ ഘടന എല്ലാ ഇന്ത്യക്കാര്‍ക്കും ഉറപ്പു നല്‍കുന്നുവെന്ന് ഈയിടെ ഒരു പ്രഭാഷണത്തില്‍ ഉപരാഷ്ട്രപതി ഡോക്ടര്‍ ഹാമിദ് അന്‍സാരിക്ക് നമ്മെ ഓര്‍മ്മപ്പെടുത്തേണ്ടി വന്നു. വിസമ്മതിക്കാനുള്ള അവകാശവും ഈ ഭരണഘടനാ ഉറപ്പിന്റെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയുടെ വൈവിധ്യത്തിന്റേയും വാദപ്രതിവാദത്തിന്റേയും സംസ്‌കാരം ഇപ്പോള്‍ ഹീനമായ അതിക്രമങ്ങള്‍ക്കിരയാക്കപ്പെടുന്നതിനാലാണ് അന്‍സാരിക്ക് ഇങ്ങനെ പറയേണ്ടി വന്നത്.

അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന യുക്തിവാദികളും, ഹിന്ദുത്വ എന്നറിയപ്പെടുന്ന ഹിന്ദുയിസത്തിന്റെ ഏറ്റവും ബീഭത്സവും അപകടകരവുമായ വളച്ചൊടിക്കലുകളെ ബൗദ്ധികമായോ കലാപരമായോ അല്ലെങ്കില്‍ ഭക്ഷണ, ജീവിത രീതികളെയോ ചോദ്യം ചെയ്യുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. ആദരണീയനായ കന്നഡ എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ എം എം കല്‍ബുര്‍ഗി, അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ട നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നീ രണ്ട് മഹാരാഷ്ട്രക്കാരും മോട്ടോര്‍സൈക്കിളില്‍ തോക്കുമായി വന്ന അക്രമികള്‍ക്കിരയായി. വിയോജിപ്പുകള്‍ വച്ചു പുലര്‍ത്തുന്ന മറ്റുള്ളവര്‍ക്ക് അടുത്തത് നിങ്ങളാണെന്ന മുന്നറിയിപ്പും നല്‍കി. ഏറ്റവുമൊടുവില്‍ വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ദല്‍ഹിക്കടുത്ത ബിസാറ ഗ്രാമത്തിലെ കൊല്ലപ്പണിക്കാരനായ മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്തിട്ട് ജനക്കൂട്ടം ക്രൂരമായി അടിച്ചു കൊന്നു.

എല്ലാ സംഭവങ്ങളിലും നീതി ഏറെ വൈകി. ഭീകരതയുടെ ഈ ആധിപത്യത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനത്തിലാണ്. തന്റെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന ഈ വിനാശകാരികളെ ഒറ്റപ്പെടുത്താനുള്ള ധൈര്യം അദ്ദേഹം കാണിക്കില്ലെന്ന് വേണം കരുതാന്‍.

സാഹിത്യ അക്കാദമിയും മൗനത്തിലാണെന്നത് എന്നില്‍ അതീവ ദുഖമുണ്ടാക്കുന്നു. സര്‍ഗാത്മക ചിന്തയുടെ സംരക്ഷണത്തിനും കല, സാഹിത്യം, സംഗീതം, നാടകം തുടങ്ങിയ മേഖലകളിലെ മികവുറ്റവരെ വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടു സ്ഥാപിക്കപ്പെട്ടതാണ് അക്കാദമി. കല്‍ബുര്‍ഗി വധത്തില്‍ പ്രതിഷേധിച്ച് ഹിന്ദി എഴുത്തുകാരന്‍ ഉദയ് പ്രകാശ് അദ്ദേഹത്തിന്റെ സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കി. ആറു കന്നഡ എഴുത്തുകാര്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരം കന്നഡ സാഹിത്യ പരിഷത്തിനും തിരിച്ചു നല്‍കി.

കൊല്ലപ്പെട്ട ഇന്ത്യക്കാര്‍ക്കു വേണ്ടി, വിയോജിക്കാനുള്ള അവകാശം മുറുകെപിടിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കുമുള്ള പിന്തുണയായി, വിയോജിപ്പുകള്‍ മൂലം ഭയത്തിലും അനിശ്ചിതത്വത്തിലും കഴിയുന്ന എല്ലാവരേയും പിന്തുണച്ച് ഞാനും എന്റെ സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കുന്നു.

നയന്‍താര സെഗാള്‍
ഡെറാഡൂണ്‍, ഒക്ടോബര്‍ 6, 2015

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍