UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: നാസി ഉദ്യോഗസ്ഥവന്‍ അഡോള്‍ഫ് ഇച്ച്മാന്‍ കുറ്റക്കാരനെന്ന് ഇസ്രയേല്‍ കോടതി

Avatar

അഴിമുഖം പ്രതിനിധി

ജര്‍മ്മന്‍ നാസി പാര്‍ട്ടിയുടെ എസ്എസ് ‘കൊടുങ്കാറ്റ് വിഭാഗം’ തലവനായിരുന്ന (ഒബെര്‍സ്റ്റംബാനന്‍ഫുറര്‍) അഡോള്‍ഫ് ഇച്ച്മാന്‍ (1902-1962), രണ്ടാം ലോക മഹായുദ്ധക്കാലത്ത് നാസികള്‍ക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കുറ്റക്കാരനായി കണ്ടെത്തിയത് 1961 ഡിസംബര്‍ ഒമ്പതിനായിരുന്നു. മാനവികതയ്‌ക്കെതിരായ കുറ്റങ്ങള്‍ ഉള്‍പ്പെടെ 15 ആരോപണങ്ങളാണ് ഇദ്ദേഹത്തിന്റെ പേരില്‍ ഉണ്ടായിരുന്നത്. ഹോളോകോസ്റ്റില്‍ ദശലക്ഷക്കണക്കിന് ജൂത•ാര്‍ കൊല്ലപ്പെടാനിടയായതിലും ഇച്ച്മാന്‍ ഉത്തരവാദിയാണെന്ന് അതേ കോടതി കണ്ടെത്തുകയും 1961 ഡിസംബര്‍ 12ന് അദ്ദേഹത്തെ മരണം വരെ തൂക്കിലേറ്റാന്‍ വിധിക്കുകയും ചെയ്തു.

യുദ്ധത്തിന് ശേഷം യുഎസ് തടവിലായിരുന്ന ഇച്ചമാന്‍ 1946ല്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുകയും 14 വര്‍ഷം ഒളിവില്‍ കഴിയുകയും ചെയ്തതിന് ശേഷം അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ വച്ചാണ് 1960 മേയ് 11ന് പിടിയിലായത്. ന്യൂറെബര്‍ഗ് വിചാരണയ്ക്ക ശേഷം നടന്ന ഏറ്റവും വലിയ നാസി വിചാരണയായി ഇച്ച്മാന്റെ വിചാരണയെ ചരിത്രം വിലയിരുത്തുന്നു.

1932ല്‍ ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയില്‍ ചേര്‍ന്ന ഇച്ച്മാന്‍ 1933ല്‍ ഡാഷ്യു കോണ്‍സന്റ്‌റേഷന്‍ ക്യാമ്പിലെ സ്‌ക്വാഡ് ലീഡറായി നിയമിക്കപ്പെട്ടു. 1938ല്‍ എസ്എസ് ഒബെര്‍സ്റ്റംബാനന്‍ഫുറര്‍ ആയി നിയമിക്കപ്പെട്ട അദ്ദേഹത്തിന്റെ ചുമതല ‘ജൂത•ാരെ നാടുകടത്തുന്നതിനുള്ള കേന്ദ്ര ഓഫീസ്’ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ജൂത•ാരെ നാടുകടത്തുന്നതിന് പകരം കൊന്നൊടുക്കാന്‍ തീരുമാനിച്ച കുപ്രസിദ്ധമായ 1942ലെ വന്നസ്സെ കോണ്‍ഫറന്‍സില്‍ അദ്ദേഹം പങ്കെടുത്തു. ‘അവസാന പരിഹാരം’ എന്ന് വിളിക്കപ്പെട്ട കൂട്ടക്കൊല നടപ്പിലാക്കാനുള്ള പ്രധാന പങ്ക് ഇച്ച്മാനായിരുന്നു.
 
1946ല്‍ അമേരിക്കന്‍ സേനയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഇച്ച്മാന്‍ വടക്കന്‍ ജര്‍മ്മനിയിലെ ഒരു കുഗ്രാമത്തില്‍ ഒളിവില്‍ പാര്‍ത്തു. ഒരു നാസി അനുയായിയുടെ സഹായത്തോടെ 1950ല്‍ റെഡ് ക്രോസിന്റെ മാനവിക പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അര്‍ജ്ജന്റീനയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ബ്യൂണസ് അയേഴ്‌സില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരിന്ന ഇച്ച്മാനെ തിരിച്ചറിഞ്ഞത് നാസി പട്ടാളത്തില്‍ അദ്ദേഹത്തിന്റെ ഡാഷ്യൂ ക്യാമ്പില്‍ ഉണ്ടായിരുന്ന ജൂതനായ ലോതര്‍ ഹെര്‍മന്‍ ആയിരുന്നു എന്നത് കാവ്യനീതിയാവാം. ഹെര്‍മന്‍ ഇസ്രായേല്‍ ചാരസംഘടനയായ മോസാദിന് വിവരം കൈമാറുകയും അവര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇച്ച്മാനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഉടനടി മരണം അല്ലെങ്കില്‍ വിചാരണ എന്ന രണ്ട് സാധ്യതകളാണ് മൊസാദ് ഇച്ച്മാന് നല്‍കിയത്. രണ്ടാമത്തേത് തിരഞ്ഞെടുത്ത ഇച്ച്മാനെ ഒരു ഫ്‌ളൈറ്റ് അറ്റന്റിന്റെ വേഷം ധരിപ്പിച്ച് ഇസ്രായലിലേക്ക് കടത്തുകയും അവിടെ വച്ച് വിചാരണ ചെയ്യുകയും വധിക്കുകയുമായിരുന്നു.


 

തങ്ങളുടെ പരാമാധികാരം ലംഘിച്ചതില്‍ അര്‍ജന്റീന പ്രതിഷേധിച്ചെങ്കിലും ഇസ്രേലി പ്രധാനമന്ത്രി ഡേവിഡ് ബെന്‍-ഗുറിയോണ്‍ വന്‍ പ്രശംസയ്ക്ക് പാത്രമായി. ഇച്ച്മാന്റെ വിചാരണ തത്സമയം ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. ഹോളോകോസ്റ്റിനെ അതിജീവിച്ചവര്‍ ഉള്‍പ്പെടെ സാക്ഷികളായി. ‘ഞാന്‍ ഉത്തരവുകള്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്തത്,’ എന്നാണ് തന്റെ ചെയ്തികളെ ഇച്ച്മാന്‍ ന്യായീകരിച്ചത്. 1945ല്‍ അഞ്ച് ദശലക്ഷം ജനങ്ങളെ കൊന്നൊടുക്കിയതില്‍ ‘അസാധാരണമായ സംതൃപ്തി’ ഉണ്ടെന്നും അതിനാല്‍ ‘പുഞ്ചിരിയോടെ കല്ലറയിലേക്ക് പോകും’ എന്നും ഇച്ച്മാന്‍ പ്രഖ്യാപിച്ചതില്‍ നിന്നും കടകവിരുദ്ധമായിരുന്നു ഇത്. 1962 മേയ് 31 റാമ്ല ജയിലില്‍ വച്ചാണ് ഇച്ച്മാനെ തൂക്കിലേറ്റിയത്. ഇസ്രായേല്‍ ചരിത്രത്തിലെ ഒരേയോരു വധശിക്ഷയായിരുന്നു അത്.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍