UPDATES

സിനിമാ വാര്‍ത്തകള്‍

നടി ആക്രമിക്കപ്പെട്ട സംഭവം: ഇരയുടെ പേര് വെളിപ്പെടുത്തിയ കമല്‍ഹാസനെതിരെ കേസ്

കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമ മേഖലയോടുണ്ടായിരുന്ന വിശ്വാസവും പ്രതീക്ഷയും നഷ്ടമായെന്നും കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

മലയാള ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ ഉലകനായകന്‍ കമല്‍ഹാസനെതിരെ ദേശീയ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കമല്‍ഹാസന് നോട്ടീസ് അയക്കുമെന്ന് കമ്മിഷന്‍ അറിയിച്ചു. ഇരയുടെ പേര് വെളിപ്പെടുത്തുന്നതില്‍ തെറ്റില്ലെന്നാണ് കമല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമ മേഖലയോടുണ്ടായിരുന്ന വിശ്വാസവും പ്രതീക്ഷയും നഷ്ടമായെന്നും കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ പിന്തുണ ഇരയ്ക്കാണെന്ന് പ്രഖ്യാപിച്ച കമല്‍ഹാസന്‍ താന്‍ നിയമത്തെ ബഹുമാനിക്കുന്നെന്നും അറിയിച്ചു. ആക്രമിക്കപ്പെട്ടത് നായിക നടിയാണോ സാധാരണക്കാരിയായ ഒരു സ്ത്രീയാണോയെന്നതില്‍ കാര്യമില്ല. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ടത് താനുള്‍പ്പെടെയുള്ള ഓരോ പുരുഷന്റെയും ഉത്തരവാദിത്വമാണെന്നും കമല്‍ഹാസന്‍ പറയുന്നു. ഇതിനിടെയിലാണ് കമല്‍ നടിയുടെ പേര് പറഞ്ഞത്. നടിയുടെ പേര് വെളിപ്പെടുത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നടിയുടെ പേര് രഹസ്യമാക്കി വയ്ക്കുന്നതിന്റെ ആവശ്യമില്ലെന്നാണ് കമല്‍ മറുപടി പറഞ്ഞത്. സംഭവം നടന്നതിന് ശേഷമുള്ള ആദ്യകാലങ്ങളില്‍ നടിക്ക് പിന്തുണയര്‍പ്പിച്ചും അവരുടെ ധൈര്യത്തെ പ്രശംസിച്ചും രംഗത്തെത്തിയ പല പ്രമുഖരും മാധ്യമങ്ങളും അവരുടെ പേരും ചിത്രവും ഉപയോഗിച്ചിരുന്നു. അതേസമയം ബലാത്സംഗം നടന്നെന്ന് വ്യക്തമായതോടെ മാധ്യമങ്ങള്‍ നടിയുടെ പേര് വെളിപ്പെടുത്തുന്നത് നിര്‍ത്തുകയായിരുന്നു.

കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് തമിഴ് പരിപാടിയില്‍ അശ്ലീലപരമായ ഉള്ളടക്കമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഹിന്ദു മക്കള്‍ കക്ഷി ഈ പരിപാടി നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. തമിഴ് സംസ്‌കാരത്തെ കളങ്കപ്പെടുത്തിയ കമലിനെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പരിപാടിയില്‍ അശ്ലീല ഉള്ളടക്കം ഉള്‍പ്പെടുത്തിയെന്നും സംസ്‌കാരരഹിതമായ ഭാഷ ഉപയോഗിച്ചെന്നുമാണ് ആരോപണം. അതേസമയം തനിക്കെതിരെ പരാതി പറഞ്ഞവരോട് ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. കേസിനെക്കുറിച്ച് തനിക്ക് ആശങ്കയൊന്നുമില്ലെന്നും കമല്‍ഹാസന്‍ അറിയിച്ചു.

തനിക്ക് നിയമത്തിലും സര്‍ക്കാരിലും വിശ്വാസമുണ്ട്. ബിഗ് ബോസ് തമിഴ് സംസ്‌കാരത്തെ കളങ്കപ്പെടുത്തിയെന്ന് താന്‍ വിശ്വസിക്കുന്നില്ല. മുമ്പും സിനിമകളില്‍ താന്‍ ചുംബന രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴാണ് ഇവര്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നതെന്നും കമല്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഷോകള്‍ ഇവര്‍ കണ്ടിട്ടുണ്ടാകില്ല. ഇന്ത്യയില്‍ ക്രിക്കറ്റ് എന്നതുപോലെ തന്നെ അനിവാര്യമാണ് ബിഗ്‌ബോസും. താനൊരു വ്യത്യസ്തനായ മനുഷ്യനാണെന്നും താന്‍ വിശ്വരൂപം നിര്‍മ്മിച്ചപ്പോള്‍ അത് ആഘോഷമാക്കിയവരാണ് ഇപ്പോള്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍