UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോരാടാന്‍ പറ്റില്ലെങ്കില്‍ ന്യൂയോര്‍ക്കില്‍ പോയി വിശ്രമിക്കൂ – കാരാട്ടിനെതിരെ വിമര്‍ശനവുമായി കനയ്യ

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ നിലനില്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ലെന്നും വലത് സമഗ്രാധിപത്യ സര്‍ക്കാരാണെന്നുമുള്ള സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്‌ക്കെതിരെ ജെഎന്‍യു വിദ്യാര്‍ഥി യുണിയന്‍ പ്രസിഡന്റും എഐഎഎസ്എഫ് നേതാവുമായ കനയ്യ കുമാര്‍ രംഗത്ത്. കാരാട്ടിനെതിരെ രൂക്ഷമായ പരിഹാസവുമായാണ് കനയ്യ കഴിഞ്ഞ ദിവസം കല്‍ക്കത്തയില്‍ നടന്ന പരിപാടിയില്‍ രംഗത്തെത്തിയത്. “ഒരു മുതിര്‍ന്ന സഖാവുണ്ട്, ജെ.എന്‍.യുവില്‍ പഠിച്ചയാളാണ്. അദ്ദേഹം പറയുന്നു ബി.ജെ.പി സമഗ്രാധിപത്യ പാര്‍ട്ടിയാണ്, ഫാസിസ്റ്റ് അല്ലെന്ന്. സഖാവേ, താങ്കള്‍ക്ക് പൊരുതാന്‍ കഴിയില്ലെങ്കില്‍ ന്യൂയോര്‍ക്കില്‍ പോയി വിശ്രമജീവിതം നയിക്കണം, ഞങ്ങളുടെ പോരാട്ടം ഞങ്ങള്‍ നടത്തിക്കൊള്ളാം” എന്നായിരുന്നു കനയ്യയുടെ വാക്കുകള്‍. എഐഎസ്എഫിന്റെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ആര്‍.എസ്.എസ് പിന്തുണയുള്ള ബി.ജെ.പിയും ഇപ്പോഴത്തെ നരേന്ദ്ര മോദി സര്‍ക്കാരും ഫാസിസ്റ്റ് അല്ല, വലതുപക്ഷ സ്വഭാവം പേറുന്ന സമഗ്രാധിപത്യ സംവിധാനമാണെന്ന കാരാട്ടിന്റെ പ്രസ്താവന പാര്‍ട്ടിയിലും പൊതുസമൂഹത്തിലും വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. “തുര്‍ക്കിയിലേയോ ഇന്ത്യയിലേയോ സര്‍ക്കാരുകളെയും ഭരണകൂടത്തെയും ഫാഷിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും: അവയെ വലതുപക്ഷ സമഗ്രാധിപത്യം എന്നു വിശേഷിപ്പിക്കുന്നതായിരിക്കും കൂടുതല്‍ ശരി” എന്നായിരുന്നു കാരാട്ട് ലേഖനത്തില്‍ പറഞ്ഞത്. അതോടൊപ്പം, ബി.ജെ.പിക്കെതിരായ പോരാട്ടം, ഭരണവര്‍ഗങ്ങളുടെ അടുത്ത പ്രധാന രാഷ്ട്രീയ കക്ഷിയുമായുള്ള സഖ്യത്തിലൂടെ സംഘടിപ്പിക്കാനാകില്ല എന്നും തന്റെ ലേഖനത്തില്‍ കാരാട്ട് പറഞ്ഞിരുന്നു. (ഇന്ത്യയിലേത് ഫാസിസ്റ്റ് സര്‍ക്കാരല്ല; ഇത് വലത് സമഗ്രാധിപത്യം – കാരാട്ട്)

 

ഇടതുപക്ഷ ഐക്യത്തെക്കുറിച്ചുള്ള സംവാദം മുറുകിവരുന്ന സമയത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സിപിഎമ്മിലെ ഒരു വിഭാഗവും സിപിഐയും ഒരു ഭാഗത്തും കാരാട്ടിന്റെ നേതൃത്വത്തില്‍ മറുവിഭാഗവും നേര്‍ക്കുനേര്‍ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതിനെതിരെ കാരാട്ട് രംഗത്തു വന്നിരുന്നു. ഇത് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച തീരുമാനങ്ങള്‍ക്ക് എതിരാണെനന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ചെങ്കിലും ബംഗാള്‍ ഘടകത്തിന്റെ നിലപാടിനോട് പൊതുവെ അനുഭാവ സ്വഭാവമാണ് യെച്ചൂരി പുലര്‍ത്തുന്നത്. അതുകൊണ്ടു തന്നെ ബി.ജെ.പിയെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ഇപ്പോഴത്തെ പ്രത്യയശാസ്ത്ര പോരാട്ടം എത്രത്തോളം ഗുണം ചെയ്യുമെന്ന ആശങ്കയും ചില നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. (ഫാഷിസ്റ്റ് വ്യാഖ്യാനത്തിനിടയില്‍ കാരാട്ട് സഖാവ് പറയാതെ പോയത്)

 

കോണ്‍ഗ്രസുമായുള്ള സഖ്യം ആവശ്യമില്ല എങ്കില്‍ കാരാട്ട് അക്കാര്യം വ്യക്തമായി പറയുകയാണ് വേണ്ടത്, അല്ലാതെ ബി.ജെ.പിയെ വെള്ളപൂശുകയല്ല വേണ്ടതെന്നാണ് ചില നേതാക്കളുടെ നിലപാട്. ബി.ജെ.പിയെ ഫാസിസ്റ്റ് പാര്‍ട്ടിയല്ല എന്നു വിശേഷിപ്പിക്കുന്നത് രാജ്യമൊട്ടാകെ ആര്‍എസ്എസിനും സംഘപരിവാര്‍ നടപടികള്‍ക്കുമെതിരെ ഉയര്‍ന്നുവരുന്ന പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് ഇവരുടെ വാദം.

 

ജെഎന്‍യുവിലെ സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസില്‍ വിദ്യാര്‍ഥിയായിരുന്ന കാരാട്ട് 1972-73-ല്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായിരുന്നു. ജെഎന്‍യുവില്‍ ഇന്നു നടക്കുന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എഐഎഎസ്എഫ് പിന്മാറിയിരുന്നു. സംഘടനയുടെ സ്ഥാനാര്‍ഥികളെ എസ്എഫ്‌ഐ-ഐസ സഖ്യത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ ഈ സഖ്യത്തിന്റെ ഭാഗമാകേണ്ടതില്ലെന്ന് എഐഎഎസ്എഫ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിന്റെ ഗുണഫലം എബിവിപിക്ക് ലഭിക്കാതിരിക്കാന്‍ മത്സരിക്കാനില്ലെന്നും ഇവര്‍ വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍