UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയിലേത്ഫാസിസ്റ്റ് സര്‍ക്കാരല്ല; ഇത് വലത് സമഗ്രാധിപത്യം – കാരാട്ട്

Avatar

പ്രകാശ് കാരാട്ട്

ലോകസഭയില്‍ ഭദ്രമായ ഭൂരിപക്ഷത്തില്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലനില്‍ക്കുന്നത് ഇടതുപക്ഷ വൃത്തങ്ങളിലും ചില ഉദാര ബുദ്ധിജീവികള്‍ക്കിടയിലും അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു സംവാദത്തിലേക്ക് നയിച്ചിരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വരവോടെ രാജ്യത്ത് വലതുപക്ഷ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നു. വലതുപക്ഷ നവ-ഉദാരവാദ സാമ്പത്തിക നയങ്ങളുടെയും തീവ്ര ഹിന്ദുത്വ അജണ്ടയുടെയും മിശ്രണമാണ് ഈ ആക്രമണത്തെ കുറിക്കുന്നത്. ഈ ആക്രമണത്തെ എങ്ങനെ നേരിടണമെന്നാണ് ഇന്ന് ഇന്ത്യയിലെ ഇടത്, ജനാധിപത്യ, മതേതര ശക്തികളുടെ ആശങ്ക.

ഇടതുപക്ഷ, ഉദാര വിഭാഗങ്ങള്‍ക്കിടയിലെ ഗണ്യമായ ഒരു വിഭാഗം രാജ്യത്ത് നിലവിലുള്ള സാഹചര്യത്തെ ഫാഷിസത്തിന്റെ വരവായാണ് ചിത്രീകരിക്കുന്നത്. ഈ ചിന്താധാരയിലെ ഏറെ സ്വാധീനമുള്ള ഒരു വിഭാഗം നിലവിലെ സാഹചര്യത്തെ, ഇത് ഫാഷിസത്തിന്റെ ഇന്ത്യന്‍ രൂപമാണെന്ന് വാദിച്ചുകൊണ്ട്  ‘വര്‍ഗീയ ഫാഷിസ’മായും നിര്‍വചിക്കുന്നു.

എന്തുതരത്തിലുള്ള വലതുപക്ഷ ഭീഷണിയാണ് ഇന്ത്യ നേരിടുന്നത്? ഭരണകൂടത്തെ ശരിയായി മനസിലാക്കുകയും അത് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ മുന്നേറ്റത്തെ മനസിലാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. കാരണം ബിജെപിക്കും മോദി സര്‍ക്കാരിനുമെതിരായ രാഷ്ട്രീയ തന്ത്രവും തെരഞ്ഞെടുപ്പ് അടവും നിശ്ചയിക്കുന്നതില്‍ അതിനു നിര്‍ണായക സ്വാധീനമുണ്ട്. ബിജെപിയുടെ സ്വഭാവത്തെ നിര്‍വചിക്കുന്നതില്‍ വ്യക്തത ആവശ്യമാണ്. ബിജെപി ഒരു സാധാരണ ബൂര്‍ഷ്വാ/ഉപരിവര്‍ഗ കക്ഷിയല്ല. അതിന്റെ സാമ്പത്തിക, സാമൂഹ്യ അജണ്ടയുടെ അടിസ്ഥാനത്തില്‍ ബിജെപിയെ ഒരു വലതുപക്ഷ കക്ഷിയായി കണക്കാക്കാം. ഭൂരിപക്ഷ വര്‍ഗീയതയുടെ ഒരു വലതുപക്ഷ കക്ഷിയുമാണ് ബിജെപി. കൂടാതെ അര്‍ദ്ധ-ഫാഷിസ്റ്റ് പ്രത്യയശാസ്ത്രമുള്ള ആര്‍എസ്എസുമായുള്ള അതിന്റെ ബന്ധം വെച്ചുനോക്കിയാല്‍, സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നു എന്നു അതിനു തോന്നിയാല്‍, ജനങ്ങള്‍ക്കുമേല്‍ ഒരു സമഗ്രാധിപത്യ ഭരണകൂടത്തെ അടിച്ചേല്‍പ്പിക്കാനുള്ള ശേഷിയും അവര്‍ക്കുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കിടയിലാണ് ഒരു പ്രത്യയശാസ്ത്രവും രാഷ്ട്രീയാധികാര രൂപവുമായി ഫാഷിസം ഉയര്‍ന്നുവരുന്നത്. മുതലാളിത്ത വ്യവസ്ഥ രൂക്ഷമായ പ്രതിസന്ധി നേരിടുകയും തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവ മുന്നേറ്റങ്ങളില്‍ ആശങ്കാകുലരാവുകയും ചെയ്തപ്പോള്‍ ബൂര്‍ഷ്വാ ജനാധിപത്യ സംവിധാനത്തെ വലിച്ചെറിഞ്ഞുകൊണ്ട് ജര്‍മ്മനിയിലെ ഭരണവര്‍ഗം കടുത്ത അടിച്ചമര്‍ത്തല്‍ സ്വഭാവമുള്ള ഭരണസമ്പ്രദായം തെരഞ്ഞെടുക്കുകയായിരുന്നു.

മുസോളിനിയുടെ ഇറ്റലിയിലും ജപ്പാനിലും ഫാസിസ്റ്റ് ഭരണമായിരുന്നു. ഫാഷിസത്തിന്റെ വിഖ്യാത നിര്‍വ്വചനം അവ്യക്തതയ്ക്ക് ഇടം നല്‍കുന്നില്ല: അധികാരത്തിലിരിക്കുന്ന ഫാഷിസം, “ഏറ്റവും പ്രതിലോമകരവും അധീശ സ്വഭാവമുള്ളതും സാമ്രാജ്യത്വ ഘടകങ്ങളോടുകൂടിയതുമായ ഫിനാന്‍സ്/സാമ്പത്തിക  മൂലധനത്തിന്റെ നഗ്നമായ ഭീകര, സ്വേച്ഛാധിപത്യ വാഴ്ച്ചയാണ്.” ഇന്ത്യയിലിന്നിപ്പോള്‍ ഫാഷിസം സ്ഥാപിക്കപ്പെടുകയോ, രാഷ്ട്രീയ, സാമ്പത്തിക, വര്‍ഗ കാഴ്ച്ചപ്പാടില്‍ ഒരു ഫാഷിസ്റ്റ് ഭരണകൂടം സ്ഥാപിക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുകയോ ചെയ്യുന്നില്ല. മുതലാളിത്ത വ്യവസ്ഥ തകര്‍ന്നുവീഴാന്‍ തക്കവണം ഒരു പ്രതിസന്ധിയും അത് നേരിടുന്നില്ല. ഇന്ത്യയിലെ ഭരണവര്‍ഗങ്ങള്‍ക്ക് അതിന്റെ വര്‍ഗ ഭരണത്തെ ആശങ്കപ്പെടുത്തുന്ന ഒരു ഭീഷണിയും നിലനില്‍ക്കുന്നില്ല. ഭരണവര്‍ഗത്തിലെ ഒരു വിഭാഗവും ബൂര്‍ഷ്വാ പാര്‍ലമെന്ററി സംവിധാനത്തെ അട്ടിമറിക്കാനായി ഇപ്പോള്‍ ശ്രമിക്കുന്നില്ല. ഭരണവര്‍ഗങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് അവരുടെ വര്‍ഗ താത്പര്യങ്ങളെ സേവിക്കുന്ന തരത്തില്‍ സമഗ്രാധിപത്യത്തിന്റെ രൂപങ്ങള്‍ ഉപയോഗിക്കുകയാണ്.

ഇന്ത്യയിലിന്ന് ഹിന്ദുത്വ പ്രത്യയശാസ്ത്രവും തീവ്ര ദേശീയതയും മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിനും വര്‍ഗീയതയുടെ പേരില്‍ ആളുകളെ ധ്രുവീകരിക്കുന്നതിനും ഉപയോഗിക്കുന്നു. മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതിന് ക്രൂരമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. വിമത, മതേതര ബുദ്ധിജീവികളെ ‘ദേശദ്രോഹികള്‍’ എന്നു മുദ്രകുത്തി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. മുകളില്‍ നിന്ന് ഭരണകൂടസ്ഥാപനങ്ങള്‍ വഴിയും താഴെ നിന്നും ഹിന്ദുത്വ സംഘങ്ങള്‍ വഴിയും സമൂഹത്തെ ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കാനുള്ള ഉറച്ച ശ്രമം നടക്കുന്നുണ്ട്. ഈ പ്രവര്‍ത്തികള്‍ ജനാധിപത്യത്തിനും മതേതരതത്തിനും നിലവില്‍ കടുത്ത ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അതുകൊണ്ടുമാത്രം അവ ഒരു ഫാഷിസ്റ്റ് ഭരണക്രമത്തെ സ്ഥാപിക്കുന്നില്ല.

നവ-ഉദാരവാദത്തിന്റെയും വര്‍ഗീയതയുടെയും മിശ്രണം ഇന്ധനമാക്കിയ ഒരു സമഗ്രാധിപത്യത്തിന്റെ മുന്നേറ്റത്തെയാണ് ഇന്ത്യയിന്നു നേരിടുന്നത്. ഹിന്ദുത്വ വര്‍ഗീയതയ്ക്ക് പുറമെ, സമഗ്രാധിപത്യത്തിന്റെ മറ്റൊരു പ്രധാന സ്രോതസ് വലതുപക്ഷ നവ-ഉദാര ശക്തികളാണ്. നവ-ഉദാര സംവിധാനം ജനാധിപത്യ ഇടങ്ങളെ ചുരുക്കാനും, എല്ലാ ബൂര്‍ഷ്വാ കക്ഷികളെയും ഏകസ്വഭാവത്തിലാക്കാനും പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലമാക്കാനും അടിസ്ഥാന നയരൂപവത്കരണത്തിന്റെ കാര്യത്തില്‍ ജനങ്ങളെ അശക്തരാക്കാനും ശ്രമിച്ചുകൊണ്ടിരിക്കും. രാഷ്ട്രീയവ്യവസ്ഥയില്‍ നവ-ഉദാരവാദത്തിന്റെ സ്വാധീനം ജനാധിപത്യത്തെ കൂടുതല്‍ കൂടുതല്‍ ചുരുക്കുന്നതിലേക്കാണ് നയിക്കുന്നത്.

ഇന്നത്തെ ലോകത്ത് തങ്ങളുടെ വര്‍ഗാധിപത്യവും നവ-ഉദാരവാദ നയങ്ങളും നടപ്പാക്കാന്‍ നഗ്നമായ ഫാഷിസ്റ്റ് ഭരണത്തെക്കാളേറെ സമഗ്രാധിപത്യത്തിന്റെ (authoritarianism) പല രൂപങ്ങളാണ് സാമ്രാജ്യത്വവും വിവിധ രാജ്യങ്ങളിലെ ഭരണ വര്‍ഗങ്ങളും ഉപയോഗിക്കുന്നത്. ഔപചാരിക ജനാധിപത്യവും തെരഞ്ഞെടുത്ത സര്‍ക്കാരുകളും നിലവിലുള്ള ഒരു വ്യവസ്ഥയിലും അത്തരം സമഗ്രാധിപത്യം അടിച്ചേല്‍പ്പിക്കാവുന്നതാണ്.

ലോകത്തിന്ന് സമഗ്രാധിപത്യത്തിന്റെ പല രൂപങ്ങളുണ്ട്. ചിലതില്‍, മത-വംശീയ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളെ സമഗ്രാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള ഒരു മാര്‍ഗമായി ഉപയോഗിക്കുന്നു. മതാടിസ്ഥാനത്തിലുള്ള വര്‍ഗീയവാദവും രാഷ്ട്രീയ മുന്നേറ്റവും ഒപ്പം കൊണ്ടുവരുന്നത് കടുത്ത വലതുപക്ഷ സാമ്പത്തിക നയങ്ങളെയാണ്. ഇന്ത്യ അത്തരത്തിലൊരു രാജ്യമാണ്.

മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ മുന്നേറ്റത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും കാര്യത്തില്‍ ഇന്ത്യയും തുര്‍ക്കിയും തമ്മില്‍ വളരെ പ്രത്യക്ഷത്തിലുള്ള സമാനതകളുണ്ട്. മോദി സര്‍ക്കാര്‍ 2014 മെയ് മാസത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍, എഴുത്തുകാരനായ അമിതാവ് ഘോഷാണ് ഈ പൊതുഘടകങ്ങളെക്കുറിച്ച് ആദ്യം എഴുതിയത്. ഇരു രാജ്യങ്ങളിലും ജനപിന്തുണ കിട്ടാന്‍ മതാടിസ്ഥാനത്തിലുള്ള ‘ദേശീയത’ ഉപയോഗിക്കുന്ന രാഷ്ട്രീയകക്ഷികളാണ് അധികാരത്തില്‍. ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ടി (AKP) ഒരു ഇസ്ളാമിക കക്ഷിയാണെങ്കില്‍ ബിജെപി ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തിലുള്ള കക്ഷിയാണ്. ഇരു കക്ഷികളുടെയും സര്‍ക്കാരുകളെ നയിക്കുന്നത് സമഗ്രാധിപത്യ പ്രവണതകളുള്ള ശക്തരായ നേതാക്കളാണ്-റിസപ് തയ്യിപ് ഏര്‍ദുഗാനും നരേന്ദ്ര മോദിയും. തുര്‍ക്കി രാഷ്ട്രത്തെ അപമതേതരവത്കരിക്കുന്നതിനും കുര്‍ദിഷ് ന്യൂനപക്ഷത്തെയും ബുദ്ധിജീവികളെയും അടിച്ചമര്‍ത്തുന്നതിനും എകെപി ശ്രമിക്കുന്നു. ബിജെപിയും മോദി സര്‍ക്കാരും മതന്യൂനപക്ഷങ്ങളെ ഉന്നംവെക്കുകയും മതേതര ബുദ്ധിജീവികളുടെ വിമതസ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇരുകൂട്ടരും നവ-ഉദാരവാദത്തെ പുല്‍കിയവരാണ്. എന്നാല്‍ തുര്‍ക്കിയിലേയോ ഇന്ത്യയിലേയോ സര്‍ക്കാരുകളെയും ഭരണകൂടത്തെയും ഫാഷിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും: അവയെ വലതുപക്ഷ സമഗ്രാധിപത്യം എന്നു വിശേഷിപ്പിക്കുന്നതായിരിക്കും കൂടുതല്‍ ശരി.

യു എസ് എയുമായുള്ള വര്‍ദ്ധിച്ചുവരുന്ന സൈനിക സഹകരണവും തന്ത്രപരമായ ബന്ധങ്ങളും മോദി സര്‍ക്കാരിന്റെ സമഗ്രാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ബിജെപി-ആര്‍എസ്എസ് ജോഡിക്കെതിരായ പോരാട്ടം ഫാഷിസവും ഫാഷിസ്റ്റ് വിരുദ്ധശക്തികളും  തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം എന്നുള്ളതിനെക്കാള്‍ കൂടുതല്‍ സങ്കീര്‍ണവും ബഹുമുഖവുമാണ്.

ബിജെപിയെയും അതിന്റെ രക്ഷാധികാരിയായ ആര്‍എസ്എസിനെയും രാഷ്ട്രീയ, പ്രത്യയശാസ്ത്ര, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെല്ലാം എതിരിടേണ്ടതുണ്ട്. വര്‍ഗീയതയ്ക്കും നവ-ഉദാരവാദത്തിനും എതിരായ പോരാട്ടങ്ങളെ സംയോജിപ്പിച്ചുകൊണ്ടാകണം ബിജെപിക്കും വലതുപക്ഷ മതവര്‍ഗീയ ശക്തികള്‍ക്കുമെതിരായ പോരാട്ടം സംഘടിപ്പിക്കേണ്ടത്. രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികളും-ബി ജെ പിയും, കോണ്‍ഗ്രസും- ഭരണര്‍ഗങ്ങള്‍ക്കുവേണ്ടി നവ-ഉദാര വ്യവസ്ഥയെ മാറിമാറി കൈകാര്യം ചെയ്യുന്നതിനാല്‍, ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടം, ഭരണവര്‍ഗങ്ങളുടെ അടുത്ത പ്രധാന രാഷ്ട്രീയ കക്ഷിയുമായുള്ള സഖ്യത്തിലൂടെ സംഘടിപ്പിക്കാനാകില്ല. ജനാധിപത്യ സംവിധാനത്തിലെ തെരഞ്ഞെടുപ്പുകള്‍ വ്യര്‍ത്ഥമായ ഒരു ഫാഷിസ്റ്റ് ഭരണക്രമത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിന്നും വ്യത്യസ്തമായി, ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പോരാട്ടം വളരെ പ്രധാനമാണ്.

ഫാഷിസത്തിനെതിരെയാണ് ഇപ്പോഴത്തെ പോരാട്ടം എന്ന മുദ്രാവാക്യം ബിജെപിക്കും മോദി സര്‍ക്കാരിനുമെതിരെ ജനങ്ങളെ അണിനിരത്തുന്നതില്‍ നിര്‍ണായകമായ ചില വിഷയങ്ങളെ അസ്പഷ്ടമാക്കുന്നതിലേക്ക്  നയിക്കുന്നു. ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങളെയും സാമ്പത്തിക അവകാശങ്ങളെയും തകര്‍ക്കുന്ന വിനാശകരമായ സാമ്പത്തിക നയങ്ങളും, കുത്തക വ്യാപാര, വ്യവസായ സ്ഥാപനങ്ങളോടും സാമ്പത്തിക മൂലധനത്തോടുമുള്ള വിധേയത്വവും ഇത്തരം വിഷയങ്ങളില്‍ ചിലതാണ്.

രാജ്യത്തുരുത്തിരിയുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്നത് മതവര്‍ഗീയവാദത്തിനെതിരായ ജനാധിപത്യ, മതേതര ശക്തികളുടെ വിശാലൈക്യം സംഘടിപ്പിക്കലും, അതിനോടൊപ്പം ഒരു ബദല്‍ പരിപാടിയുടെ അടിസ്ഥാനത്തില്‍ ഇടതു, ജനാധിപത്യ ശക്തികളുടെ ഒരു രാഷ്ട്രീയ സഖ്യം കെട്ടിപ്പടുക്കുകയുമാണ്. അത്തരമൊരു ഇരട്ട സമീപനത്തിന് മാത്രമേ ഇന്ത്യയിലെ വലതുപക്ഷ ശക്തികളുടെ മുന്നേറ്റത്തിന് തടയിടാനാകൂ.

 

(സി പി എം മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമാണ് ലേഖകന്‍)

കടപ്പാട്: ദി ഇന്ത്യന്‍ എക്സ്പ്രസ്സ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍