UPDATES

ട്രെന്‍ഡിങ്ങ്

അര്‍ണാബിന്റെ റിപ്പബ്ലിക്കില്‍ ഏറ്റവുമധികം മുതല്‍ മുടക്കിയിരിക്കുന്നത് ഏഷ്യാനെറ്റ് മുതലാളി രാജീവ് ചന്ദ്രശേഖര്‍

എന്‍ ഡി എ എം പി കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ വഴി 30 കോടി രൂപയാണ് റിപ്പബ്ലിക്കിലേക്ക് വരിക

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയുടെ പുതിയ വാര്‍ത്താ ചാനലായ റിപ്പബ്ലിക്കില്‍ ഏറ്റവുമധികം മുതല്‍ മുടക്കിയിരിക്കുന്നത് രാജ്യസഭാംഗവും എന്‍ഡിഎയുടെ കേരള വൈസ്‌ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍. നവംബര്‍ അവസാനമാണ് ചാനല്‍ അനുമതിക്കായി റിപ്പബ്ലിക് അപേക്ഷിച്ചത്. അര്‍ണാബ് ഗോസ്വാമി മാനേജിംഗ് ഡയറക്ടറായ എആര്‍ജി ഔട്ടലൈര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗം ആണ് റിപ്പബ്ലിക്.

ടൈംസ് നൗവില്‍ നിന്നും അര്‍ണാബ് രാജിവച്ച് തൊട്ടടുത്ത ദിവസമായ നവംബര്‍ 19നാണ് എആര്‍ജിയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ വഴി 30 കോടി രൂപയാണ് എആര്‍ജി ഔട്ട്‌ലൈറില്‍ മുതല്‍ മുടക്കിയിരിക്കുന്നത്. ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡിനെ കൂടാതെ ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള എസ്എആര്‍ജി മീഡിയ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് എആര്‍ജിയുടെ മുഖ്യ നിക്ഷേപകര്‍.

അര്‍ണാബും ഭാര്യ സാമ്യബ്രത റായ് ഗോസ്വാമിയുമാണ് എസ്എആര്‍ജിയുടെ ഭൂരിഭാഗം ഇക്യുറ്റി ഓഹരികളും സ്വന്തമാക്കിയിരിക്കുന്നത്. ഇവരെ കൂടാതെ 14 മറ്റ് നിക്ഷേപകരും ഇതിനുണ്ട്. 2016 നവംബര്‍ 24 വരെ എസ്എആര്‍ജി എആര്‍ജിയില്‍ 26 കോടി രൂപ മുതല്‍ മുടക്കി കഴിഞ്ഞു. അതേസമയം എസ്എആര്‍ജിയുടെ ഏറ്റവും വലിയ നിക്ഷേപകന്‍ അരെയ്ന്‍ ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സിന്റെ രഞ്ജന്‍ രാംദാസ് പൈയ്ക്കാണ്. മോഹന്‍ദാസ് പൈയും സഹഉടമയായ അരൈന്‍ 7.5 കോടിയാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. മുംബൈയിലെ ഏഷ്യന്‍ ഹേര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമ രമാകാന്ത പാണ്ഡ അഞ്ച് കോടി രൂപയും ഇന്ത്യയിലെ പ്രമുഖ നിക്ഷേപകനായ ഹേമേന്ദ്ര കൊത്താരി 2.5 കോടി രൂപയും എസ്എആര്‍ജിയില്‍ നിക്ഷേപിച്ചിട്ടുണ്ട്.

ടിവിഎസ് ടയേഴ്‌സിന്റെ ആര്‍ നരേഷ്, ശോഭന രാമചന്ദ്രന്‍ എന്നിവരും മുംബൈയിലെ റിനൈസന്‍സ് ജ്വല്ലറി, എസ്ആര്‍എഫ് ട്രാന്‍സ്‌നാഷണല്‍ ഹോള്‍ഡിംഗ്‌സ് എന്നിവയുടെ ഉടമ നിരഞ്ജന്‍ ഷായും ഇതില്‍ മുതല്‍ മുടക്കിയിരിക്കുന്നു. ഡെന്‍ നെറ്റ്‌വര്‍ക്കിന്റെ സമീര്‍ മഞ്ജന്‍ഡയും പങ്കാളികളായ സഞ്ജീവ് മഞ്ജന്‍ഡ, തപേഷ് വീരേന്ദ്ര സിങ്കി എന്നിവര്‍ 2.5 കോടിയാണ് എസ്എആര്‍ജിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. 2005 ഡിസംബറില്‍ രാജ്ദീപ് സര്‍ദേശായിയും രാഘവ് ബാഹ്‌ലും ചേര്‍ന്ന് സിഎന്‍എന്‍-ഐബിഎന്‍ ആരംഭിച്ചപ്പോള്‍ സമീര്‍ മഞ്ജന്‍ഡ അതിന്റെ ഭാഗമായിരുന്നു. തൊട്ടടുത്ത മാസമാണ് അര്‍ണാബ് ഗോസ്വാമി ടൈംസ് ഗ്രൂപ്പിന്റെ കീഴില്‍ ടൈംസ് നൗ ആരംഭിച്ചത്.

2006ല്‍ കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി പാര്‍ലമെന്റിലെത്തിയ രാജീവ് ചന്ദ്രശേഖര്‍ 2016ലാണ് കേരളത്തിലെ എന്‍ഡിഎ മുന്നണിയുടെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്കിനെ കൂടാതെ കര്‍ണാടകത്തില്‍ നിന്നുള്ള സുവര്‍ണ ന്യൂസ്, കന്നഡ പ്രഭ എന്നീ ചാനലുകളുടെയും മുഖ്യ
നിക്ഷേപകനാണ്. അതേസമയം തന്റെ ഉടമസ്ഥതയിലുള്ള ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ചുള്ള എഡിറ്റോറിയല്‍ നിലപാടുകള്‍ സ്വീകരിക്കണമെന്നും രാജ്യത്തിനും സൈന്യത്തിനും അനുകൂലമായ നിലപാടുള്ളവരായിരിക്കണമെന്നും തന്റെ പ്രത്യയശാസ്ത്രവുമായി യോജിക്കുന്നവരായിരിക്കണമെന്നും ദേശീയതയോടും സര്‍ക്കാരിനോടുമുള്ള തന്റെ മനോഭാവത്തെക്കുറിച്ച് അറിവുള്ളവരായിരിക്കണമെന്നും ചന്ദ്രശേഖര്‍ കഴിഞ്ഞ സെപ്തംബര്‍ 21ന് കത്ത് അയച്ചിരുന്നു. ചന്ദ്രശേഖറിന് വേണ്ടി ചാനല്‍ ഓഹരികള്‍ വാങ്ങിയിരിക്കുന്ന ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ സിഇഒ അമിത് ഗുപ്ത വഴിയാണ് ഈ കത്ത് അയച്ചത്. സംഭവം വാര്‍ത്തയായതോടെ ഈ ഇ-മെയില്‍ അവഗണിക്കാന്‍ ഗുപ്ത തന്നെ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ചന്ദ്രശേഖറിന്റെ ജൂപ്പിറ്റര്‍ കമ്പനിക്ക് പ്രതിരോധ കമ്പനികളിലും നിക്ഷേപമുണ്ട്. പ്രതിരോധ വകുപ്പിലെ പാര്‍മെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും ഉപദേശക കമ്മിറ്റിയിലും അംഗമായ ചന്ദ്രശേഖറില്‍ നിന്നും വിവരങ്ങള്‍ ഗോസ്വാമിയിലേക്ക് എത്താന്‍ യാതൊരു താമസവുമുണ്ടാകില്ലെന്ന് ചുരുക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍