UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ 23ന് പ്രഖ്യാപിക്കും

തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പോലുള്ള പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുള്ളതിനാല്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

എന്‍ഡിഎയുടെ രാഷ്ട്രപത്രി സ്ഥാനാര്‍ത്ഥിയെ ജൂണ്‍ 23ന് പ്രഖ്യാപിക്കാന്‍ ബിജെപി തീരുമാനിച്ചു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തമായതിന് ശേഷമായിരിക്കും പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ന്യൂഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. രാജ്‌നാഥ് സിംഗും ജയ്റ്റ്‌ലിയും നായിഡുവും ചേര്‍ന്ന് ഇതിനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തും.

ജൂലായ് 17ന് വോട്ടെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. 20ന് ഫല പ്രഖ്യാപനം. ജൂലായ് 24നാണ് രാഷ്ട്രപതി സ്ഥാനത്ത് പ്രണബ് മുഖര്‍ജിയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. ജൂണ്‍ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേയ്ക്ക് പോവുകയാണ്. ഇത് കൂടി കണക്കിലെടുത്താണ് 23ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ തീരുമാനമായിരിക്കുന്നത്.

പ്രതിപക്ഷത്തും ചര്‍ച്ചകള്‍ മുറുകിയിരിക്കുന്നു. നേതാക്കളായ ഗുലാം നബി ആസാദ് (കോണ്‍ഗ്രസ്), സീതാറാം യെച്ചൂരി (സിപിഎം), ശരദ് യാദവ് (ജെഡിയു), ഡെറിക് ഓബ്രിയന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്) എന്നിവര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. അതേസമയം പൊതുസ്വീകാര്യതയുള്ള വ്യക്തിയെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആക്കുകയാണെങ്കില്‍ പിന്തുണക്കാമെന്നും അങ്ങനെയായാല്‍ വോട്ടെടുപ്പിന്റെ ആവശ്യം വരില്ലെന്നുമാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി പറഞ്ഞത്.

തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പോലുള്ള പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുള്ളതിനാല്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ മോദി സര്‍ക്കാരിനെതിരെ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കാണുന്നത് – പ്രത്യേകിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മു, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തുടങ്ങിയവരെ എന്‍ഡിഎ പരിഗണിക്കുമ്പോള്‍ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി, ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീര കുമാര്‍ തുടങ്ങിയവരെ പ്രതിപക്ഷം പരിഗണിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍