UPDATES

സിനിമ

നരേന്ദ്ര മോദി കണ്ടിരിക്കേണ്ട കൊറിയന്‍ സിനിമകള്‍

Avatar

റോണ്‍ ബാസ്റ്റിന്‍

എഴുത്തുകാര്‍ക്കും, ശാസ്ത്രജ്ഞര്‍ക്കും ശേഷം ചലച്ചിത്രകാരന്മാരും, പുരസ്‌ക്കാരങ്ങള്‍ തിരിച്ചു നല്‍കി പ്രതിഷേധിക്കുകയാണ്. സ്റ്റേറ്റ് സ്‌പോണ്‍സേഡ് അസഹിഷ്ണുതയിലും, പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ തകര്‍ക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ചാണ് ആനന്ദ് പട്‌വര്‍ദ്ധനും, ദിബാകര്‍ ബാനര്‍ജിയും രാകേഷ് ശര്‍മയുമടക്കം 40-ഓളം സംവിധായകര്‍ പ്രക്ഷോഭത്തിന്റെ പാതയില്‍ അണിനിരന്നത്. വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചുകൊണ്ട് അവാര്‍ഡ് മടക്കി നല്‍കിയവരോട് ബഹുമാനമുണ്ടെന്ന് പറഞ്ഞ ഷാരൂഖ് ഖാനെ പാക് ഏജന്റാക്കാനുള്ള ശ്രമം നടക്കുകയാണ്. സിനിമയുടെ സൗന്ദര്യശാസ്ത്രം നശിപ്പിക്കുന്ന നടപടികളാണ് സെന്‍സര്‍ബോര്‍ഡിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും ഇതിനെതിരെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ നിന്നും സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഫെഫ്ക നിലപാടെടുത്തിരിക്കുകയാണ്. ചലച്ചിത്ര പ്രവര്‍ത്തകരേക്കാള്‍ നന്നായി സിനിമയുടെ ശക്തി തിരിച്ചറിയുന്നവരാണ് ഭരണകൂടാധികാരം കയ്യാളുന്നവര്‍. അത് കൊണ്ട് തന്നെ ലോകമെമ്പാടുമുള്ള മര്‍ദ്ദകഭരണങ്ങള്‍ നിരന്തരം സിനിമയെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. അതിനുള്ള ഒന്നാന്തരം ആയുധമാണ് സെന്‍സറിംഗ്. തോക്കിനേക്കാള്‍ ലക്ഷ്യവേധിയാണ് സെന്‍സര്‍ കത്രിക. ഇന്ത്യയിലെ സെന്‍സര്‍ നിയമങ്ങളുടെ അടിവേര് 1920-കളില്‍ രൂപം കൊടുത്ത ചട്ടങ്ങളിലേക്കാണ് നീളുന്നത്. ദേശീയതയും സ്വാതന്ത്ര്യബോധവുമുണര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് കൂച്ചുവിലങ്ങിടലായിരുന്നു പ്രധാന ദൗത്യം. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും നിയമങ്ങള്‍ പഴയപടി തുടര്‍ന്നു . ഇന്ത്യ കണ്ട എക്കാലത്തേയും വലിയ ഹിറ്റ് ചിത്രമായ ‘ഷോലേ’യുടെ സംവിധായകന്‍ രമേഷ് സിപ്പി പറഞ്ഞത്, സെന്‍സര്‍ ബോര്‍ഡിന്റെ ഭീഷണിക്ക് വഴങ്ങി ക്ലൈമാക്‌സ് തനിക്ക് റീഷൂട്ട് ചെയ്യേണ്ടി വന്നെന്നാണ്. സെന്‍സര്‍ ബോര്‍ഡ് തന്റെ ചിത്രം കാണുമ്പോള്‍ പ്രോഗ്രസ് കാര്‍ഡിനായി കാത്ത് നില്‍ക്കുന്ന കുട്ടിയുടെ മാനസിക സമ്മര്‍ദ്ദമാണ് താന്‍ അനുഭവിച്ചിട്ടുള്ളതെന്നാണ് സംവിധായകന്‍ കെ. ഹരിഹരന്‍ പറഞ്ഞത്.

സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സെന്‍സര്‍ ബോര്‍ഡിന്റെ റിജിയണല്‍ പാനലുകളില്‍ ഇഷ്ടക്കാരെ കുത്തിത്തിരുകി വെറുപ്പിച്ചുവെങ്കിലും പ്രതീകാത്മകമായ ഒരു ആശ്വാസ നടപടിയെങ്കിലും ഉണ്ടായത് കഴിഞ്ഞ യു.പി.എ. ഭരണകാലത്താണ്. ‘ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷം’ ആഘോഷിച്ചപ്പോള്‍ ‘കട്ട് അണ്‍കട്ട് ഫെസ്റ്റിവല്‍’ ഡല്‍ഹിയില്‍ സംഘടിപ്പിച്ചുകൊണ്ട് സിനിമ പാരഡിസോയിലെ ക്ലൈമാക്‌സിന് സമാനമായി മുറിച്ചുനീക്കപ്പെട്ട രംഗങ്ങളുടെ ഒരു പ്രദര്‍ശനം നടത്തുകയുണ്ടായി. എന്നാല്‍, മോദി ഭരണം ഇത്തരം പ്രതീകാത്മകതയില്‍ പോലും വിശ്വസിക്കുന്നില്ല.

നരേന്ദ്രമോദി അധികാരമേറ്റശേഷം ആദ്യമായി നിരോധിക്കപ്പെട്ട ഡോക്യുമെന്ററി എന്ന പദവി ലഭിച്ചത്, ‘ഇന്‍ ദിനോ മുസഫര്‍ നഗര്‍’ നാണ്. സുഭ്രദീപ് ചക്രവര്‍ത്തിയും മീരാചൗധരിയും ചേര്‍ന്നൊരുക്കിയ ഡോക്യുമെന്ററി ഉത്തര്‍പ്രദേശില്‍ വോട്ട് ബാങ്ക് സൃഷ്ടിക്കായി ആസൂത്രണം ചെയ്യപ്പെട്ട മുസഫര്‍ നഗര്‍ കലാപത്തിന്റെ അണിയറക്കഥകളിലേയ്ക്ക് വെളിച്ചം വീശുന്നതായിരുന്നു പശ്ചിമബംഗാളിലെ റിജിയണല്‍ പാനല്‍ അംഗീകാരം കൊടുത്തില്ലെന്ന് മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ പ്രദര്‍ശനാനുമതിയും നിഷേധിച്ചു. ബംഗാളിലെ മുസ്ലീങ്ങളുടെ അവസ്ഥ പ്രതിപാദിക്കുന്ന സൗമുത്ര ദസ്തിദാറിന്റെ ‘മുസല്‍മാനേര്‍ കഥാ’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും കൊല്‍ക്കത്ത പൊലീസ് തടസപ്പെടുത്തിയിരുന്നു. സ്വകാര്യ പ്രദര്‍ശനത്തിന് സിബിഎഫ്‌സി സെര്‍ട്ടിഫിക്കേഷന്‍ ആവശ്യമില്ലെന്ന സംവിധായകന്റെ വാദം വിലപ്പോയില്ല.

ഒരു പോരാട്ടമെങ്കിലും നടത്താതെ ഞങ്ങള്‍ പരാജയം സമ്മതിക്കില്ലെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ച സുഭ്രദീപും കൂട്ടരും അപ്പീലിന് പോയി. എന്നാല്‍, ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ അവരുടെ അപ്പീല്‍ തള്ളി അധികനാള്‍ കഴിയും മുമ്പ് സുഭ്രദീപ് തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ജീവിതത്തോട് വിട പറഞ്ഞു. ഇതേ സമയത്ത് സൈന്യത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് വിശാല്‍ ഭരദ്വാജിന്റെ ‘ഹൈദര്‍’ നും പിടി വീണു. എന്നാല്‍ 41 വെട്ടോടെ ‘ഹൈദര്‍’ പ്രദര്‍ശനാനുമതി നേടി. പിന്നീട്, സി.ബി.എഫ്.സി. മേധാവി അഴിമതിക്കേസില്‍ പുറത്ത് പോയതോടുകൂടി ലീലാസാംസണ്‍ ബോര്‍ഡിന്റെ തലപ്പത്തെത്തി. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആക്രമണത്തില്‍ നിന്ന് രാജ്കുമാര്‍ ഹിറാനിയുടെ പി.കെ. സംരക്ഷിക്കപ്പെട്ടത് ഈ കാലയളവിലാണ്. എന്നാല്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുരു റാം റഹിം സിങ്ങിന്റെ പ്രചാരണചിത്രം ഓ മൈ ഗോഡ് (ഒ.എം.ജി.) ബോര്‍ഡിനെ മറികടന്ന് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ അനുമതി നേടിയതോടെ ലീലാ സാംസണടക്കം ഒമ്പതുപേര്‍ രാജിവെച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക സമീപനവും അനാവശ്യമായ നിയന്ത്രണങ്ങളും രാജിക്ക് കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേത്തുടര്‍ന്ന് ബോളിവുഡിലെ നിര്‍മാതാവ് പഹ്ളാജ് നിഹ്‌ലാനിയുടെ നേതൃത്വത്തില്‍ വലിയ പ്രാഗത്ഭ്യമൊന്നും അവകാശപ്പെടാനില്ലാത്ത ബി.ജെ.പിക്കാരും സര്‍വോപരി മോദിഭക്തരുമായ ഒമ്പതംഗസംഘത്തിന്റെ പട്ടാഭിഷേകം നടന്നു. അതോടെയാണ് നിലവിലെ സ്ഥിതിക്ക് കളമൊരുങ്ങിയത്. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ‘ഹര്‍ഹര്‍ മോദി, ഘര്‍ ഘര്‍ മോദി’ എന്ന പ്രചാരണ വീഡിയോ ഒരുക്കിയത് നിഹ്‌ലാനിയാണ്. മോദി തന്റെ ആക്ഷന്‍ ഹീറോയാണെന്നാണ് ചുമതലയേറ്റശേഷം പഹ്‌ലാനി പറഞ്ഞത്. മറ്റൊരംഗമായ ജീവിത രാജശേഖര്‍ തെലുങ്ക് നടിയും ബി.ജെപി. വക്താവും തെരഞ്ഞെടുപ്പ് കാലത്ത് മോദിഭക്തിഗാനം തയ്യാറാക്കിയ ആളുമാണ്. ഹൈദര്‍ നിരോധിക്കണമെന്ന് ശക്തിയുക്തം വാദിച്ച അശോക് ഭട്ടാണ് മറ്റൊരാള്‍. ഒരേസമയം രാമാനന്ദ് സാഗറിന്റെ മഹാഭാരതത്തിലെ യുധിഷ്ഠിരവേഷവും ബോളിവുഡിലെ സോഫ്റ്റ് പോണ്‍ വേഷങ്ങളും കൈകാര്യം ചെയ്തുപോന്ന ഗജേന്ദ്ര ചൗഹാന്റെ നേതൃത്വത്തില്‍ മറ്റൊരു ബിജെ.പി. ഡെലിഗേഷന്‍ പുനെ FTII യുടെ നേതൃത്വവും ഏറ്റെടുത്തതോടെ ചിത്രം വ്യക്തമായി.

സിനിമയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ‘മോശം’ വാക്കുകളുടെ പട്ടിക പുറത്തിറക്കിക്കൊണ്ടാണ് പുതിയ സെന്‍സര്‍ ബോര്‍ഡ് ആദ്യത്തെ വെടി പൊട്ടിച്ചത്. ചലച്ചിത്രമേഖലയില്‍ നിന്നുള്ള ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ബോര്‍ഡിന് ഈ നീക്കത്തില്‍ നിന്ന് പിന്തിരിയേണ്ടി വന്നു. സിനിമാട്ടോഗ്രാഫ് ആക്ടിന്റെ പരിധിക്ക് പുറത്തുള്ള അധികാരം സൃഷ്ടിക്കാനാണ് പഹ്‌ലാനിയും കൂട്ടരും ശ്രമിച്ചത്. സെന്‍സര്‍ ബോര്‍ഡ് താലിബാനെ പോലെ പെരുമാറുന്നുവെന്ന് വിശാല്‍ ഭരദ്വാജും, സിബി.എഫ്‌സി തന്റെ സ്വാതന്ത്ര്യത്തെ ഞെരുക്കുകയാണെന്ന് കമല്‍ഹാസനും പറയുകയുണ്ടായി. പക്ഷേ, ദേശീയ അവാര്‍ഡ് ജേതാവ് കമല്‍സ്വുരൂപിന്റെ ‘ഡാന്‍സ് ഫോര്‍ ഡെമോക്രസി, ബാറ്റില്‍ ഫോര്‍ ബനാറസ്’ എന്ന ഡോക്യുമെന്ററി നിര്‍ദ്ദയം തള്ളിയതോടെ തങ്ങളുടെ അവതാരദൗത്യത്തില്‍ നിന്നു പുതിയ ബോര്‍ഡ് അത്ര എളുപ്പമൊന്നും പിന്മാറില്ലെന്ന് വ്യക്തമായി. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയും അരവിന്ദ് കെജ്‌രിവാളും ഏറ്റുമുട്ടിയ വാരണാസി തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഡോക്യുമെന്ററിയുടെ വിഷയം. നിഹ്‌ലാനി ചിത്രം കണ്ടിട്ടില്ല. അദ്ദേഹം പറയുന്നു, ”എന്റെ ഓഫീസര്‍മാര്‍ പറഞ്ഞതനുസരിച്ച് അതൊരു പൊളിറ്റിക്കല്‍ സറ്റയറാണ്. അതില്‍ എല്ലാ രാഷ്ട്രീയക്കാരേയും വിമര്‍ശിച്ചിരിക്കുന്നുവെങ്കിലും, അതൊരു കെജ്‌രിവാള്‍ അനുകൂല ചിത്രമാണ്. അതിലുപയോഗിച്ചിരിക്കുന്ന ഭാഷ അധിക്ഷേപാര്‍ഹമാണ്’. ചിത്രത്തിന്റെ പ്രമേയം തന്നെ സ്വീകാര്യമല്ലാത്തതിനാല്‍ റിവ്യൂവിന് അപേക്ഷിക്കേണ്ട കാര്യം പോലുമില്ലെന്നാണ് ചിത്രം കണ്ട അംഗങ്ങള്‍ പൊഡ്യൂസര്‍മാരോട് പറഞ്ഞത്. മുറിച്ചുനീക്കലുകളോട് കൂടിയ ഒരു സര്‍ട്ടിഫിക്കേഷനുപോലും യാതൊരു സാധ്യതയുമില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, രസകരമായ വസ്തുത ഡോക്യുമെന്ററിയുടെ സ്രഷ്ടാക്കള്‍ തങ്ങളുടേതായ ഒരഭിപ്രായവും ചിത്രത്തിലൂടെ മുന്നോട്ട് വെച്ചിട്ടില്ല എന്നതാണ്. വിവരണങ്ങളോ, അഭിമുഖങ്ങളോ ഇല്ലാതെ വിവിധ കക്ഷികളുടേയും സ്ഥാനാര്‍ത്ഥികളുടേയും പ്രചാരണപരിപാടികള്‍ അതേപടി പകര്‍ത്തിയിരിക്കുന്നു. അത്ര മാത്രം. സ്വതന്ത്രസ്ഥാനാര്‍ത്ഥിയും ട്രാന്‍സ്‌ജെന്‍ഡറുമായ കമലാ കിന്നാര്‍, ‘മോദിയുടെ 56 ഇഞ്ച് നെഞ്ചിനേക്കാള്‍ വിസ്താരമുണ്ട് തന്റെ നെഞ്ചിനെന്ന്’ പ്രസംഗിക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡംഗങ്ങളെ ഏറ്റവും കൂടുതല്‍ ചൊടിപ്പിച്ച രംഗങ്ങളിലൊന്ന് ഇതായിരുന്നു.

ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രപ്രയോഗവും, ബദല്‍ രാഷ്ട്രീയത്തിന്റെ നിഷേധവുമാണ് സെന്‍സര്‍ഷിപ്പിലൂടെ നടപ്പാക്കപ്പെടുന്നത്. മുമ്പും മതമൗലികവാദികളുടേയും ഗവണ്‍മെന്റിന്റേയും ആക്രമണങ്ങള്‍ നേരിട്ട സിനിമകളുണ്ട്. ബാന്‍ഡിറ്റ് ക്വീന്‍, ഫയര്‍, വാട്ടര്‍, പര്‍സാനിയ, ഫിറാഖ്… അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങള്‍ കിട്ടും. അപ്പോള്‍, സംഘ്പരിവാറിന്റെ പ്രത്യക്ഷഭരണം നടത്തുന്ന മോദി സര്‍ക്കാരിന്റെ സെന്‍സര്‍ബോര്‍ഡില്‍ നിന്നും നാം അത്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ, യാതൊരു പ്രതിപക്ഷ ബഹുമാനത്തിനുമിടയില്ലാതെ അവിടം സംഘിന്റെ ചിന്തന്‍ ബൈഠക്കാക്കിയപ്പോള്‍ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന അവസ്ഥയിലായി ഇന്ത്യന്‍ സിനിമ.

അധികാരത്തില്‍ എത്തി ഒന്നരവര്‍ഷത്തിനുള്ളില്‍ 29 വിദേശപര്യടനങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്. അതിലൊന്ന് ദക്ഷിണകൊറിയയിലേയ്ക്കായിരുന്നു. 2015 മേയ് മാസത്തില്‍. അവിടുത്തെ കോര്‍പ്പറേറ്റ് മേധാവികളുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയ അദ്ദേഹം ഒരു പിടി വാണിജ്യക്കരാറുകളില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. മോദിനോമിക്‌സും, കൊറിയയുടെ 3.0 ഇക്കണോമിക്‌സും ചേര്‍ന്നാല്‍ ആഗോളസമ്പദ്‌വ്യവസ്ഥയിലെ നിര്‍ണായകശക്തിയാകും എന്നാണ് അവിടുത്തെ പ്രസിഡന്റ് പറഞ്ഞത്. ദക്ഷിണകൊറിയന്‍ ജനതയുടെ ഹൃദ്യമായ ആതിഥേയത്വത്തിന് മോദി നന്ദി പറയുകയും ചെയ്തു. ഈ പര്യടനത്തിനിടെ അല്പസമയം ചില കൊറിയന്‍ സിനിമകള്‍ കാണാനും, ‘കൊറിയന്‍ അക്കാദമിക് ഓഫ് ഫിലിം ആര്‍ട്’ സന്ദര്‍ശിക്കാനും മോദിക്ക് ഉപയോഗിക്കാമായിരുന്നു. എങ്കില്‍ നിഹ്‌ലാനിക്കും, ചൗഹാനും നല്ല ബുദ്ധി ഉപദേശിക്കാന്‍ പാകത്തിന് ചില പാഠങ്ങള്‍ അവിടെ നിന്നും കിട്ടുമായിരുന്നു.

ഉത്തരകൊറിയയും, ദക്ഷിണകൊറിയയും ഭൂമിശാസ്ത്രപരമായും ജനിതകപരമായും ചരിത്രപരമായും പൊതുഘടകങ്ങളുള്ള ഒരു ജനതയാണ്. 1945 വരെ അവര്‍ ഒരു രാഷ്ട്രമായിരുന്നു. എന്നാല്‍ കൊറിയന്‍ സിനിമ എന്ന പേരില്‍ ലോകമെങ്ങും ഇന്ന് ആഘോഷിക്കപ്പെടുന്നത് ദക്ഷിണകൊറിയന്‍ സിനിമകളാണ്. ഉത്തരകൊറിയന്‍ ചലച്ചിത്രങ്ങള്‍ പാര്‍ട്ടി പ്രചാരവേലയ്ക്ക് വേണ്ടി പടച്ചുവിടുന്ന പ്രൊമോഷണല്‍ വീഡിയോകള്‍ ആകുമ്പോള്‍, പുത്തന്‍ പരീക്ഷണങ്ങള്‍ കൊണ്ട് ആസ്വാദകരെ ഞെട്ടിക്കാന്‍ പാകത്തിന് സൗത്ത് കൊറിയന്‍ സിനിമയെ വളര്‍ത്തിയ ഘടകമെന്താണ്? ഒരു കാലത്ത് ഹോളിവുഡിന് വേണ്ടി സ്വന്തം നാട്ടുകാര്‍ കയ്യൊഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു കൊറിയന്‍ സിനിമയ്ക്ക്. അവിടെ നിന്ന് ഹോളിവുഡിന് മേലേ ചിറക് വിരിക്കാനും കിം കി ഡുക് അടക്കമുള്ള പ്രതിഭാധനരെ സൃഷ്ടിച്ച് കമേഴ്‌സ്യല്‍ സിനിമയുടേയും ഫെസ്റ്റിവല്‍ സിനിമയുടേയും ലോകത്ത് ഒരു പോലെ വെന്നിക്കൊടി പാറിക്കാനും പാകത്തിലുള്ള സിനിമാസംസ്‌കാരം വളര്‍ത്താനും അവരെ പ്രാപ്തരാക്കിയ ഒരു പിടി ഘടകങ്ങളുണ്ട്. അതില്‍ പ്രധാനം തൊണ്ണൂറുകളോടെ ഉദാരമാക്കപ്പെട്ട അവിടത്തെ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ തന്നെയാണ്.

കൊറിയന്‍ സിനിമയുടെ ആരംഭം മുതല്‍ അതിന്റെ വളര്‍ച്ചയ്ക്ക് വിഘാതമായി നിന്ന ഏറ്റവും വലിയ ഘടകം സെന്‍സര്‍ഷിപ്പ് ആയിരുന്നു. സെന്‍സര്‍ഷിപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ കൊറിയന്‍ സിനിമയുടെ ചരിത്രം മനസിലാക്കാനാവാത്ത വണ്ണം ശക്തമായിരുന്നു അതിന്റെ സ്വാധീനം. കൊറിയന്‍ ഭാഷയില്‍ സിനിമയുണ്ടാവുന്നതിന് വളരെ മുമ്പ് തന്നെ അവിടെ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ നിലവില്‍ വന്നിരുന്നു. കോളനിവാഴ്ചക്കാലത്ത് കൊറിയന്‍ സംസ്‌ക്കാരത്തേയും സ്വാതന്ത്ര്യബോധത്തേയും തകര്‍ത്ത് ജനങ്ങളില്‍ വിധേയത്വം സ്ഥാപിക്കാനുള്ള ഒന്നാന്തരം ഉപാധിയായാണ് സിനിമയെ ജാപ്പനീസ് ഭരണകൂടം കണ്ടത്. എല്ലാ വിദേശചിത്രങ്ങളും നിരീക്ഷിക്കപ്പെട്ടു. റിലീസ് ചെയ്യാന്‍ അനുവദിച്ചിരുന്നതാവട്ടെ ജപ്പാന്റെ സഖ്യകക്ഷികളായ ജര്‍മ്മനിയുടേയും ഇറ്റലിയുടേയും ചിത്രങ്ങള്‍ മാത്രം. ജാപ്പനീസ് കോളനിവാഴ്ചയെ ഘോഷിക്കുന്ന നൂറുകണക്കിന് പ്രചാരണ സിനിമകള്‍ നിര്‍മിക്കപ്പെട്ടു. ഇറക്കുമതി ചെയ്യപ്പെട്ടു. വിദേശചിത്രങ്ങള്‍ക്ക് ബാധകമായിരുന്ന സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ പിന്നീട് കൊറിയന്‍ ചിത്രങ്ങള്‍ക്കും ബാധകമാക്കി. പ്രോവിന്‍ഷ്യല്‍ പൊലീസ് ബ്യൂറോയാണ് തിരക്കഥകളും സിനിമകളും സെന്‍സര്‍ ചെയ്തിരുന്നത്. തിയേറ്ററുകളില്‍ സിനിമകളും അതിന്റെ പ്രേക്ഷകരും പൊലീസിനാല്‍ ഒരു പോലെ നിരീക്ഷിക്കപ്പെട്ടു.

ജപ്പാന്‍ അനുകൂല സൈനിക സിനിമകള്‍ നിര്‍മിക്കാന്‍ തയ്യാറാകാത്ത പ്രൊഡക്ഷന്‍ കമ്പനികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമം കൊണ്ടുവന്നു. കൊറിയന്‍ സിനിമകള്‍ ജാപ്പനീസില്‍ റെക്കോര്‍ഡ് ചെയ്യണമെന്ന വിചിത്രമായ നിയമവും നിലവിലുണ്ടായിരുന്നു. തങ്ങളുടെ സാംസ്‌കാരികാധിപത്യം നിലനിര്‍ത്തുന്നതിന് കൊറിയയില്‍ തനത് സിനിമാ സംസ്‌കാരത്തിന്റെ വളര്‍ച്ചയെ ജപ്പാന്‍ എല്ലാ വിധത്തിലും തടസപ്പെടുത്തി. എന്നാല്‍ ഈ പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന് 35 വര്‍ഷം നീണ്ട ജാപ്പനീസ് കോളനിവാഴ്ചക്കാലത്ത് 160 കൊറിയന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങി. ‘കല വര്‍ഗസമരത്തിന്റെ ആയുധം’ എന്ന് പ്രഖ്യാപിച്ച കെ.എ.പി.എഫ് (കൊറിയന്‍ ആര്‍ട്ടിസ്റ്റ് പ്രോലിറ്റേറിയറ്റ് ഫെഡറേറ്റ്) മൂവ്‌മെന്റില്‍പ്പെട്ട സംവിധായകരുടെ അഞ്ചോളം ചിത്രങ്ങളും ഇക്കൂട്ടത്തില്‍ പെടും. 1945-ലെ വിഭജനത്തിന് ശേഷം കെ.എ.പി.എഫിന്റെ ഭാഗമായ പല സംവിധായകരും ഉത്തരകൊറിയയിലേയ്ക്ക് ചേക്കേറിയെന്നും 1967-ലെ വിഭാഗീയ വിരുദ്ധപോരാട്ടത്തിന്റെ പേരില്‍ അവിടുത്തെ വര്‍ക്കേഴ്‌സ് പാര്‍ട്ടി അവരില്‍ മിക്കവരേയും കൊന്നുതള്ളിയെന്നുമാണ് പറയപ്പെടുന്നത്. ഏതായാലും 45-ലെ വിഭജനത്തില്‍ കൊറിയയുടെ ഉത്തരഭാഗം സോവിയറ്റ് യൂണിയന്റേയും ദക്ഷിണഭാഗം അമേരിക്കയുടെയും നിയന്ത്രണത്തിലായി. നോര്‍ത്ത് കൊറിയയില്‍ പാര്‍ട്ടി പ്രൊപ്പഗാണ്ട എന്ന പേരില്‍ രാഷ്ട്രത്തലവന്‍ കിംഇല്‍സുങ്ങിനെ അതിമാനുഷനായി ചിത്രീകരിക്കുന്ന സിനിമകളാണ് ഇറങ്ങിയത്. സൗത്ത് കൊറിയയില്‍ ഹോളിവുഡും, ഹോളിവുഡ്‌വത്കരിക്കപ്പെട്ട ഹോംഗ്‌കോംഗ് സിനിമകളും സമഗ്രാധിപത്യം സ്ഥാപിച്ചു. പിന്നീടങ്ങോട്ട് പട്ടാളഭരണങ്ങളും, ഏകാധിപത്യങ്ങളും സമ്മാനിച്ച അസ്ഥിരതകള്‍ക്കും, അടിച്ചമര്‍ത്തലുകള്‍ക്കും തെക്കന്‍ കൊറിയന്‍ ജനത സാക്ഷികളായി. പക്ഷേ, മാറി മാറി വന്ന ഭരണങ്ങളുടെയെല്ലാം പൊതുസവിശേഷത അവര്‍ അധികാരമുറപ്പിക്കുന്നതിന്റെ ഭാഗമായി കൊറിയന്‍ സിനിമയുടെ സ്വതന്ത്രവളര്‍ച്ചയ്ക്ക് മൂക്കുകയറിട്ടു എന്നതാണ്.

ഉദാഹരണത്തിന് 1980-കളില്‍ സെസര്‍ഷിപ്പിന്റെ ഭാഗമായി ഗ്യാംഗ്സ്റ്റര്‍ സിനിമകള്‍ പോലും അപ്രത്യക്ഷമായി. 1980-കള്‍ രൂക്ഷമായ അടിച്ചമര്‍ത്തലുകള്‍ക്ക് സാക്ഷ്യം വഹിച്ചു. സിനിമ മാത്രമല്ല, പത്രങ്ങളും റേഡിയോ സ്റ്റേഷനുകളും എല്ലാവിധ രാഷ്ട്രീയപ്രവര്‍ത്തനവും നിരോധിക്കപ്പെട്ടു. സര്‍വകലാശാലകള്‍ അടച്ചുപൂട്ടപ്പെട്ടു. നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടു. ആക്രമിക്കപ്പെട്ടു. 90-കളുടെ ആദ്യവര്‍ഷങ്ങളില്‍ വരെ സിനിമകള്‍ ദേശസുരക്ഷയുടെ പേരില്‍ നിരോധിക്കപ്പെടുന്നതും സംവിധായകര്‍ അറസ്റ്റ് ചെയ്യപ്പെടുന്നതും സാധാരണ സംഭവമായിരുന്നു.

എന്നാല്‍ 90-കളില്‍ നിലവില്‍ വന്ന സിവിലിയന്‍ ഭരണം സെന്‍സര്‍ഷിപ്പ് നിയമങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് കൊറിയന്‍ സിനിമയില്‍ ഇന്ന് നാം കാണുന്ന നവോത്ഥാനം ആരംഭിക്കുന്നത്. 80-കളുടെ കലുഷമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വിദ്യാര്‍ത്ഥികളായിരുന്ന, പൊതുവായ അനുഭവങ്ങളുള്ള ഒരു തലമുറയാണ് 90-കളുടെ മാറിയ സാഹചര്യത്തില്‍ സംവിധായകരും എഴുത്തുകാരുമായി അരങ്ങേറ്റം കുറിച്ചത്. ഇവര്‍ 386 ജനറേഷന്‍ എന്നാണ് പിന്നീട് വിളിക്കപ്പെട്ടത്. (1960 ല്‍ ജനിച്ച്, 80 കളില്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികളായിരിക്കുകയും, ജനകീയപ്രക്ഷോഭത്തിലൂടെ 87 ല്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുകയും ചെയ്ത തലമുറ. 386 അന്നത്തെ ഇന്റല്‍ കമ്പ്യൂട്ടറിന്റെ ലേറ്റസ്റ്റ് മോഡലായിരുന്നു). അവര്‍ പറഞ്ഞത് തങ്ങളുടെ കഥ തന്നെയാണ്. ദേശീയവും വൈയക്തികവുമായ അനുഭവങ്ങളുടെ വൈകാരിക തലങ്ങള്‍ അവര്‍ ലോകത്തിന് മുന്നില്‍ തുറന്നിട്ടു. സമകാലീനകൊറിയയുടെ രാഷ്ട്രീയ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ വെള്ളിത്തിരയിലെത്തി. അത് ലോകം സ്വീകരിച്ചു. വര്‍ഷങ്ങള്‍ നീണ്ട ഹോളിവുഡ് വത്കരണത്തിന് അറുതി കുറിച്ച് കൊറിയന്‍ ജനത സ്വന്തം സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു.

2005 ഓടെ സൗത്ത് കൊറിയ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ തീയറ്ററിക്കല്‍ മാര്‍ക്കറ്റായി. കൊമേഴ്‌സ്യല്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് സമാന്തരമായി സാര്‍വദേശീയ ഫിലിം ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലും അവര്‍ അംഗീകാരം നേടി. അതിനനുകൂലമായ കാലാവസ്ഥയൊരുക്കിയത് പ്രാദേശിക ഭരണങ്ങളുടെയടക്കം മുന്‍കൈയില്‍ രാജ്യമെങ്ങും സംഘടിപ്പിക്കപ്പെട്ട ചലച്ചിത്രോത്സവങ്ങളാണ്. ഏഷ്യയിലെ നമ്പര്‍ വണ്‍ ചലച്ചിത്രമേളയായ പുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തന്നെ ഉദാഹരണം. ഹ്യൂമന്‍ റൈറ്റ്‌സ് ഫിലിം ഫെസ്റ്റിവലര്‍, ക്വീര്‍ ഫിലിം ആന്‍ഡ് വീഡിയോ ഫെസ്റ്റിവലല്‍, വിമെന്‍സ് ഫിലിം ഫെസ്റ്റ് എന്നിങ്ങനെ രാജ്യമെങ്ങും സംഘടിപ്പിക്കപ്പെട്ട മേളകള്‍ വര്‍ഗം, ലിംഗം, ലൈംഗികത തുടങ്ങിയ സാമൂഹ്യസാംസ്‌കാരിക പ്രശ്‌നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാനുള്ള വേദികളായി. കണ്‍ഫ്യൂഷന്‍ ചിന്തയിലധിഷ്ഠിതമായ നിലവിലുള്ള ധാര്‍മികബോധത്തെ ചോദ്യം ചെയ്യാന്‍ പാകത്തിലുള്ള ബദല്‍ ആശയങ്ങളുടെ വിളനിലമായി ഈ പൊതുഇടങ്ങള്‍ മാറി. ബഹുസ്വരതയുടെ ആഘോഷമായി ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കിംഗും ഡോക്യുമെന്ററികളും അനിമേഷന്‍ ചിത്രങ്ങളുമെല്ലാം പ്രോത്സാഹിപ്പിക്കപ്പെട്ടു. സിനിമയില്‍ മുതല്‍ മുടക്കുന്നവര്‍ക്ക് നികുതിയിളവ് നല്‍കാന്‍ പോലും പുതിയ ഭരണകര്‍ത്താക്കള്‍ തയ്യാറായി. കൊറിയന്‍ സിനിമയുടെ പുതുയുഗം രചിക്കുന്നവരില്‍ പലരും 1984-ല്‍ സ്ഥാപിക്കപ്പെട്ട കൊറിയന്‍ അക്കാദമി ഓഫ് ഫിലിം ആര്‍ട്‌സില്‍ പഠിച്ചിറങ്ങിയവരാണ്. പൊള്ളുന്ന അനുഭവങ്ങളുടെ തീച്ചൂളയില്‍ വിരിഞ്ഞ സാമൂഹ്യബോധമുള്ള ചലച്ചിത്രകാരന്മാരും അവരുടെ ഭാവനയ്ക്ക് നിയമം കൊണ്ട് വിലങ്ങ് തീര്‍ക്കാത്ത ഭരണാധികാരികളുമാണ് കൊറിയന്‍ സിനിമയില്‍ നവതരംഗം സാധ്യമാക്കിയത്. അത്തരമൊരു ജനാധിപത്യാന്തരീക്ഷം ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളുടെ ഉത്പന്നമാണ് എന്ന് കൂടി നാം തിരിച്ചറിയണം. നാട്ടില്‍ തകര്‍ത്തോടിയ കൊറിയന്‍ പടങ്ങള്‍ പലതിന്റേയും ഹോളിവുഡ് റീമേക്കുകള്‍ പരാജയപ്പെടുന്നത്, ആ ചിത്രങ്ങള്‍ സാധ്യമാക്കിയ തീക്ഷ്ണാനുഭവങ്ങളുടെ അഭാവത്തിലാണ്. എന്നാല്‍ നിലവില്‍ തെക്കന്‍ കൊറിയ ഭരിക്കുന്ന വലതുപക്ഷ സര്‍ക്കാര്‍ പഴയ സെന്‍സര്‍ഷിപ്പ് കാര്‍ക്കശ്യം തിരികേ കൊണ്ടുവരാന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്ത ഭൂതകാലത്തിന്റെ ഭീതികള്‍ തിരികേ കൊണ്ടുവരുന്നുണ്ട്. എന്തായാലും ഭരണകൂട ധാര്‍ഷ്ഠ്യത്തിന്റെ മുകളില്‍ പറന്നുയരുന്ന സ്വതന്ത്ര സിനിമകള്‍ പിറക്കട്ടെ. കൊറിയയിലായാലും, ഇന്ത്യയിലായാലും.

(സാമൂഹ്യ നിരീക്ഷകനാണ് റോണ്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

u-azhi70


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍