UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എം.എം ഖാന്‍: ഇന്നത്തെ ഇന്ത്യയിലെ ഒരു ‘സാധാരണ’ കൊലപാതകം

Avatar

ടീം അഴിമുഖം

രാജ്യതലസ്ഥാനത്തെ അധികാരത്തിന്റെ ആസ്ഥാനമായ ല്യൂട്യന്‍സ് ഡല്‍ഹിയിലെ നഗര കാര്യങ്ങള്‍ നോക്കുന്ന, സമ്പന്നമായ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വിട്ടുവീഴ്ച്ചയില്ലാത്ത ഒരു നിയമകാര്യ ഉദ്യോഗസ്ഥനായിരുന്നു എം എം ഖാന്‍. ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള രാഷ്ട്രപതിയും പ്രധാനമന്ത്രിയുമൊക്കെ താമസിക്കുന്നതും ഇവിടെയാണ്. 

അധികവും മുസ്ലീം സമുദായക്കാര്‍ തിങ്ങിനിറഞ്ഞ ജാമിയ നഗറിലെ ഒരു കോളനിയിലെ ഒരു ചെറിയ വീട്ടിലാണ് ഖാന്‍ കുടുംബവുമായി താമസിച്ചിരുന്നത്. ജാമിയ നഗര്‍ അടുത്തകാലത്ത് ശ്രദ്ധയില്‍പ്പെട്ടത് ആ പേരിലുള്ള ഒരു സര്‍വകലാശാലയുടെ മികവുകൊണ്ടല്ല, 2008-ല്‍ അവിടെയുണ്ടായ വിവാദ ബട്‌ല ഹൗസ് വെടിവെപ്പിനെ തുടര്‍ന്നാണ്.

എന്തായാലും ഈ ഞെരുങ്ങിയ തെരുവില്‍ നിന്നും കൂടുതല്‍ ‘വൃത്തിയുള്ള’ ഇന്ത്യയുടെ ‘മതേതര പ്രദേശ’ത്തേക്ക് കുടിയേറാന്‍ ഖാന്‍ ഉദ്ദേശിച്ചിരുന്നില്ല. 

അയാള്‍ക്കതിന് അവസരമില്ലായിരുന്നു എന്നല്ല അതിനര്‍ത്ഥം. 

കാരണം, നൂറു കണക്കിന് കോടി രൂപ വിലമതിക്കുന്ന ചില ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വന്‍തുക കോഴയായി നല്‍കാന്‍ തയ്യാറായി പല ധനികരും അയാളെ സമീപിച്ചിരുന്നു. ‘ആളുകള്‍ വാപ്പയെ കാണാന്‍ ഇടക്കിടെ വരുമായിരുന്നു, പുറത്തേക്ക് വിളിച്ചുകൊണ്ടുപോകും. വാപ്പ അവരെയെല്ലാം തിരിച്ചയച്ചു. ലോകത്തെ ഏറ്റവും വലിയ സംതൃപ്തി സത്യസന്ധതയാണെന്ന് വാപ്പ ഞങ്ങളോടു പറഞ്ഞു,’ – തന്റെ ജോലി ചെയ്തതിന് ഖാന്‍ കൊല്ലപ്പെട്ടു കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാളുടെ മകള്‍ ഇക്ര പറഞ്ഞതാണിത്.

നഗര കേന്ദ്രമായ കൊണാട്ട് പ്ലേസില്‍ നിന്നും ഒരു വിളിപ്പാടകലെ കേരള സംസ്ഥാന എംപോറിയത്തിന് തൊട്ടുപിന്നിലുള്ള കൊണാട്ട് ഹോട്ടലുമായി ബന്ധപ്പെട്ട 140 കോടി രൂപയുടെ തര്‍ക്കത്തില്‍ വഴിവിട്ട ആനുകൂല്യം നല്‍കി കേസ് ഒതുക്കാന്‍ വിസമ്മതിക്കുകയും അതിനായി വാഗ്ദാനം ചെയ്യപ്പെട്ട നാലു കോടി രൂപയുടെ കോഴ നിരസിക്കുകയും ചെയ്തതിനാണ് ഖാന്‍ കൊല്ലപ്പെട്ടത്. 

കോഴ വാഗ്ദാനം ഖാന്‍ നിരസിച്ചതിനെ തുടര്‍ന്ന്, ഹോട്ടലിന്റെ പാട്ട വ്യവസ്ഥകള്‍ സംബന്ധിച്ച അന്തിമ ഉത്തരവുകള്‍ ഖാന്‍ പുറപ്പെടുവിക്കുന്നതിന് ഒരു ദിവസം മുമ്പ് അയാളെ വധിക്കാന്‍ ഹോട്ടല്‍ ഉടമ രമേഷ് കാക്കര്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയതായാണ് ആരോപണം. മെയ് 16-ന് മോട്ടോര്‍ സൈക്കിളില്‍ വന്ന രണ്ടുപേര്‍ ഖാന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ വാതില്‍ചില്ലില്‍ മുട്ടിവിളിച്ചു. അയാള്‍ ചില്ല് താഴ്ത്തിയ ഉടന്‍ തന്നെ നെഞ്ചിലേക്കു വെടിയുണ്ടകളുതിര്‍ത്തു രക്ഷപ്പെട്ടു. രക്തത്തില്‍ കുളിച്ച ഖാന്‍ വീടുവരെ കാര്‍ ഓടിച്ചെത്തിയെങ്കിലും പുറത്തിറങ്ങിയ ഉടനെ കുഴഞ്ഞുവീണു. മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയായ അയാളുടെ മൂത്ത മകള്‍ ഇക്ര (23) ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്തുനിന്നും പെട്ടെന്നെത്തിയ ഒരു ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു.

ഖാനെ മര്‍ദിക്കാന്‍ ചില പ്രാദേശിക ഗുസ്തിക്കാര്‍ക്ക് കാക്കര്‍ ആദ്യം പണം വാഗ്ദാനം ചെയ്‌തെങ്കിലും അവരത് നിരസിച്ചു എന്നു പൊലീസ് പറയുന്നു. എന്നാല്‍, പിന്തിരിയാതെ ഖാനെ കൊല്ലാന്‍ രണ്ടു വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കുകയായിരുന്നു കാക്കര്‍. അയാളിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഖാനെ കൊല്ലുന്നതിന് മുമ്പ് അയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ വാടകക്കൊലയാളികള്‍ നാല് പ്രദേശവാസികളെയും ഏര്‍പ്പാടാക്കിയിരുന്നു.

ആളുകള്‍ തിങ്ങിനിറഞ്ഞു താമസിക്കുന്ന ജാമിയ നഗറിലെ ജനങ്ങള്‍ ഖാനെ പൊതുവിലും നിയമപരമായും ഉപദേശങ്ങള്‍ നല്‍കിയിരുന്ന ജനപ്രിയനായ ആളായാണ് ഓര്‍ക്കുന്നത്.

ഒരു മാസത്തിനു ശേഷം 
ഒരു മാസത്തിനുശേഷവും ഖാന്റെ കൊലപാതകം ഡല്‍ഹിയിലെ രാഷ്ട്രീയ തര്‍ക്കമായി തുടരുകയാണ്. പൊതുജീവിതത്തില്‍ ധാര്‍മികത എന്നൊന്നില്ല എന്നു നമ്മെ ബോധ്യപ്പെടുത്തുന്ന രീതിയിലാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി ഇക്കാര്യത്തില്‍ അതിനെ അസംബന്ധ നാടകമാക്കി മാറ്റുന്നത്. 

കൊലപാതകത്തിന് രണ്ടു ദിവസത്തിനുള്ളില്‍ത്തന്നെ ഖാനെതിരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജൂങ്ങിനെ സ്വാധീനിക്കാന്‍ കുറഞ്ഞത് രണ്ടു പ്രമുഖ ബി ജെ പി നേതാക്കളെയെങ്കിലും ഹോട്ടല്‍ ഉടമ ഉപയോഗിച്ചു എന്നത് വ്യക്തമായിരുന്നു. ഖാന്‍ തീരുമാനമെടുക്കേണ്ടിയിരുന്ന ഹോട്ടല്‍ തര്‍ക്കത്തെക്കുറിച്ച് സംസാരിക്കാന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ അടുത്ത അനുയായിയും കിഴക്കന്‍ ഡല്‍ഹിയിലെ ബി ജെ പി എം പിയുമായ മഹേഷ് ഗിരിയാണ് രമേഷ് കാക്കറിനെ ലെഫ്റ്റനന്‍റ് ഗവര്‍ണരുടെ കാര്യാലയത്തിലേക്ക് അനുഗമിച്ചത് എന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് ഖാനെതിരെ കാക്കര്‍ ജങ്ങിനു പരാതി സമര്‍പ്പിച്ചിരുന്നു. പ്രസ്തുത പരാതിയില്‍ ‘നിയമപ്രകാരമുള്ള’ അന്വേഷണത്തിന് അപ്പോള്‍ത്തന്നെ ഉത്തരവിടുകയും ചെയ്തു അദ്ദേഹം. ഗിരി ഇതിനായി എഴുതിയ ഒരു കത്തും ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്. അതായത്, ഖാനെതിരെ ഗിരിയും കാക്കറും ഒരേ പരാതി തന്നെ ലഫ്റ്റ്. ഗവര്‍ണര്‍ക്ക് നല്‍കി. “എന്‍റെ ഓഫീസ് പലര്‍ക്കും പല കത്തുകളും അയച്ചിട്ടുണ്ടാകും. എന്തായാലും ഞാന്‍ ഖാനെതിരെ കത്തെഴുതിയിട്ടില്ല”- ഇതാണ് ഗിരി ഇന്ത്യന്‍ എക്സ്പ്രസിനോട് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഖാന്‍റെ മരണത്തിന് ശേഷം ഈ രണ്ട് കത്തുകളും എന്‍ഡിഎംസി സ്വീകരിക്കുകയും മറുപടി അയയ്ക്കുകയും ചെയ്തു. രണ്ട് കത്തുകള്‍ക്കുമുള്ള മറുപടിയില്‍ ഖാന്‍ എടുത്ത നിലപാടുകളായിരുന്നു ശരി എന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം.

 

ഖാന്റെ കൊലപാതകത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എന്‍ഡിഎംസി ഉപാധ്യക്ഷനും ബിജെപി നേതാവുമായ കരണ്‍ സിങ് തന്‍വറും, ഖാനെക്കുറിച്ച് ഗുരുതരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് ഒരു കത്തെഴുതിയെന്നും ഇപ്പോള്‍ വെളിപ്പെട്ടിട്ടുണ്ട്. 

ഖാന്റെ കൊലയാളികളുമായി ഗിരിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ട് എഎപി രംഗത്തുവന്നതോടെ, രാഷ്ട്രീയ നാടകങ്ങള്‍ കൂടുതല്‍ കൊഴുത്തു. ഗിരി മുഖ്യമന്ത്രി കെജ്രിവാളിനെ ഒരു പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു. അത് നടന്നില്ല എന്നുകണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നിരാഹാരസമരം തുടങ്ങി.

 

നരേന്ദ്ര മോദിയുടെ പ്രതിപുരുഷനാണെന്ന് തോന്നിക്കുന്ന സുബ്രഹ്മണ്യന്‍ സ്വാമി ഗിരിയെ പിന്തുണയ്ക്കാനെത്തി. കൂടെ കരണ്‍ സിങ് തന്‍വറും. അതിനും പിറകെ ബിജെപി നേതാക്കളുടെ ഒരു പടതന്നെയെത്തി.

മൂന്നുദിവസം കഴിഞ്ഞപ്പോള്‍, ചൊവ്വാഴ്ച്ച വൈകിട്ട് ഈ നിരാഹാര നാടകം അതിന്റെ വൃത്തികെട്ട തുഞ്ചത്തെത്തി. കെജ്രിവാളിന്റെ കാര്യാലയത്തിന് കുറച്ചപ്പുറത്തായുള്ള ഗിരിയുടെ നിരാഹാര സമര സ്ഥലത്തേക്ക് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ചെന്നു. ഗിരിയോട് നിരാഹാരം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

ഒരിറക്ക് വെള്ളം കുടിച്ച ഗിരി മുഖ്യമന്ത്രിയെ വീണ്ടും പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു. പിന്നെ വൈകാതെ എല്ലാവരും പിരിഞ്ഞുപോയി. ആരുംതന്നെ, ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയടക്കം, ഗിരിയോടും തന്‍വറിനോടും ചോദിച്ചില്ല അവര്‍ ഖാനെതിരായി എഴുതിയോ, അവരുടെ ഉദ്ദേശം എന്തായിരുന്നു എന്നോ, ഒന്നും.

ആ സമയത്ത് കുറച്ച് കിലോമീറ്ററുകള്‍ അകലെ 
ബിജെപി, ഖാന്റെ മരണം ഒരു രാഷ്ട്രീയ നാടകമാക്കി മാറ്റുന്ന സമയത്ത്, അയാളുടെ കുടുംബവും കുറച്ച് സുഹൃത്തുക്കളും ജന്തര്‍ മന്തറില്‍ നീതിയാവശ്യപ്പെട്ടു മെഴുകുതിരി ജാഥ നടത്തുകയായിരുന്നു. 

‘വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്നുപറഞ്ഞ ഖാന്റെ മൂത്ത മകള്‍ ഇക്ര ഖാന്‍ ഗിരിയോട് നിരാഹാരം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ‘ഞാനാരെയും കുറ്റപ്പെടുത്തുകയല്ല, പക്ഷേ എന്റെ പിതാവിന്റെ മരണം സംബന്ധിച്ച അന്വേഷണം നീതിയുക്തവും സ്വതന്ത്രവുമായി നടക്കണം. അതാണ് ഞാന്‍ ആവശ്യപ്പെടുന്നതും, അതുതന്നെയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതും.’

 

തന്റെ കുടുംബത്തെ സഹായിച്ചതിനും ഖാനെ ഒരു രക്തസാക്ഷിയായി കണക്കാക്കിയതിനും ഇക്ര കെജ്രിവാളിന് നന്ദി പറഞ്ഞു. എന്നാല്‍ ഗിരി ഒരിക്കല്‍പ്പോലും തന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ലെന്നും അവര്‍ വ്യക്തമാക്കി.

വടക്കന്‍ ഡല്‍ഹിയിലെ കെജ്രിവാളിന്റെ വീടിനെക്കാള്‍ രാജ്‌നാഥ് സിങ് ഇരിക്കുന്ന നോര്‍ത്ത് ബ്ലോക്കിനടുത്താണ്‌ ജന്തര്‍ മന്തിര്‍. ഖാന്‍ അഴിമതിക്ക് കൂട്ടുനിന്നില്ല, അയാള്‍ ഒരു നായകനായാണ് മരിച്ചത്. അയാള്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളായിരുന്നു അയാള്‍ ഉയര്‍ത്തിപ്പിടിച്ചത്.

എന്നാലും ജന്തര്‍ മന്തറിലേക്കല്ല, വടക്കന്‍ ഡല്‍ഹിയിലേക്ക് പോകാനാണ് രാജ്‌നാഥ് സിങ് തീരുമാനിച്ചത്. രാജ്യത്തിന്റെ ധീരന്‍ എന്നുവിളിക്കാവുന്ന ഒരാളുടെ കുടുംബത്തെ അവഗണിച്ചുകൊണ്ട് കൊലപാതകവുമായി ബന്ധപ്പെട്ട ഒരഴിമതിക്ക് കൂട്ടുനിന്നു എന്നാരോപിക്കപ്പെടുന്ന ഒരാളെ കാണാനാണ് അദ്ദേഹം പോയത്.

നമ്മുടെ കാലഘട്ടത്തിലെ യാഥാര്‍ഥ്യങ്ങളുടെ നേര്‍പ്പകര്‍പ്പാണിത്.

 

മെയ്‌ 10ന് കക്കാര്‍ നല്‍കിയ പരാതിയില്‍ “ എസ്റ്റേറ്റ് ഓഫീസര്‍(ഖാന്‍) നിയമപ്രകാരമല്ലാതെയാണ് നടപടികള്‍ സ്വീകരിക്കുന്നത്..അദ്ധേഹത്തിന്റെ നടപടികള്‍ നീതിയുക്തമല്ലെന്നു മാത്രമല്ല പക്ഷപാതപരവുമാണ്”- കക്കാര്‍ ആരോപിക്കുന്നു.

‘ദ ഇന്ത്യന്‍ എക്സ്പ്രസ്’ പത്രമാണ്‌ വിവരങ്ങള്‍ പുറത്തുവിട്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍