UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്: മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ പുനര്‍നിര്‍വചിക്കുമ്പോള്‍

Avatar

ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്. ഇതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതി.

 

ടീം അഴിമുഖം 

ഇന്ത്യന്‍ ജനാധിപത്യത്തെ ഏതൊക്കെ വിധത്തില്‍ അഴിച്ചുപണിയാമെന്ന കാര്യത്തില്‍ തങ്ങള്‍ക്കുള്ള താത്പര്യങ്ങള്‍ മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി തന്നെ പുറത്തുവിടുന്നുണ്ട്. എന്നാല്‍ അതൊന്നും നടപ്പാക്കാനൊട്ട് അവര്‍ക്ക് കഴിയുന്നുമില്ല.

 

എന്‍ഡിടിവിയുടെ സംപ്രേക്ഷണം ഒരു ദിവസത്തേക്ക് മുടക്കി അവരെ ‘ശിക്ഷിക്കാനുള്ള’ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാരിന് തങ്ങളുടെ തീരുമാനം പിന്‍വലിക്കേണ്ടി വന്നു.

 

ഇതിന് സമാനമായ രീതിയിലായിരുന്നു 2015-ല്‍ ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ നിയമം-2013 ഭേദഗതി ചെയ്യാനുള്ള തീരുമാനം പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നതും. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമസ്ഥരുടെ സമ്മതവും അതോടൊപ്പം സാമൂഹ്യാഘാത പഠനങ്ങളും നടത്തിയിരിക്കണമെന്ന യു.പി.എ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിലെ വ്യവസ്ഥകളായിരുന്നു ഭേദഗതിയിലൂടെ മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനായി ഒമ്പത് ഭേദഗതികള്‍ ആദ്യം ഓര്‍ഡിനന്‍സായും പിന്നീട് ബില്ലിന്റെ രൂപത്തിലും സര്‍ക്കാര്‍ അധികാരമേറ്റ് അധികം കഴിയും മുമ്പ് കൊണ്ടുവരികയും ചെയ്തു. എന്നാല്‍ കടുത്ത എതിര്‍പ്പുയര്‍ന്നതോടെ അതില്‍ നിന്നെല്ലാം അവര്‍ക്ക് പിന്നോക്കം പോകേണ്ടി വന്നു.

 

എന്താണ് ഇത്തവണയുള്ള വ്യത്യാസം
എല്ലാ ജനാധിപത്യ വ്യവസ്ഥിതികളും മുന്നോട്ടു പോകുന്നത് എഴുതിവച്ച നിയമങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല, മറിച്ച് പ്രധാന വിഷയങ്ങളില്‍ സാമൂഹികമായുണ്ടാകുന്ന സമവായത്തിന്റേയും കൂട്ടായ തീരുമാനങ്ങളുടേയും കൂടി അടിസ്ഥാനത്തിലാണ്. അത്തരത്തില്‍ ആരോഗ്യകരമായ ഒരു ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനഘടകമായി ഏവരും അംഗീകരിച്ച ഒന്നാണ് മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമങ്ങളും. ഈ രാജ്യത്തെ സാധാരണക്കാരായ മനുഷ്യര്‍ക്കുള്ള അറിയാനുള്ള അവകാശത്തേക്കാള്‍ വലിയ വിശേഷാധികാരമൊന്നും മാധ്യമങ്ങള്‍ക്കില്ല. എന്നാല്‍ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ചില നടപടികളെങ്കിലും ഇടയ്ക്കിടെ സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാകാറുണ്ട്.

 

അതേ സമയം, എന്‍ഡിടിവിയുടെ കാര്യത്തില്‍ മോദി സര്‍ക്കാരിന്റെ നടപടി പുതിയൊരു അവസ്ഥ കൂടി സൃഷ്ടിച്ചിട്ടുണ്ട്. കടുത്ത എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ നവംബര്‍ ഒമ്പതിന് എന്‍ഡിടിവി ഇന്ത്യ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ലെന്ന ഉത്തരവ് പിന്‍വലിക്കേണ്ടി വന്നു.

 

സര്‍ക്കാര്‍ തീരുമാനം വരുന്നതിനു മുമ്പ് എന്‍ഡിടിവി സഹസ്ഥാപകന്‍ പ്രണോയ് റോയി ഉള്‍പ്പെടെ നാല് എഡിറ്റര്‍മാര്‍ കേന്ദ്ര വാര്‍ത്താ വിതരണവകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സംപ്രേഷണം നിര്‍ത്താനുള്ള തീരുമാനത്തിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നതും തീരുമാനം പിന്‍വലിക്കാനുള്ള കാരണമായി. ഇതിനൊപ്പമാണ് സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച എന്‍ഡിടിവിയുടെ നടപടിയും. പത്താന്‍കോട്ട് ഭീകരാക്രമണം നടക്കുന്ന സമയത്ത് നല്‍കിയ വാര്‍ത്തകളില്‍ തന്ത്രപ്രധാന വിവരങ്ങള്‍ള്‍ പുറത്തു വിട്ടു എന്നായിരുന്നു എന്‍ഡിടിവിക്കെതിരെയുള്ള സര്‍ക്കാരിന്റെ ആരോപണം. എന്നാല്‍ സര്‍ക്കാരിന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തെ പൂര്‍ണമായി ഹനിക്കുന്നതാണെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എന്‍ഡിടിവി വ്യക്തമാക്കി. ഇത് ഭരണഘടനയുടെ അനുചേ്ഛദം 19(1) നല്‍കുന്ന തങ്ങളുടെ അവകാശത്തെ ലംഘിക്കുന്നതാണെന്നും അവര്‍ ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.

 

ഭീകരവിരുദ്ധ നടപടികള്‍ നടക്കുമ്പോള്‍ ലൈവ് ടെലികാസ്റ്റ് നിരോധിക്കുന്നതടക്കമുള്ള, കഴിഞ്ഞ വര്‍ഷം കൊണ്ടുന്ന മാര്‍ഗനിര്‍ദേശക ചട്ടങ്ങളിലെ 6(1)(P) ലംഘിക്കുകയാണ് എന്‍ഡിടിവി ചെയ്തതെന്ന്‍ മന്ത്രിസഭാ സമിതി കണ്ടെത്തിയതെന്നായിരുന്നു നായിഡുവിന്റെ വിശദീകരണം. പക്ഷേ, ഹര്‍ജിയുമായി മുന്നോട്ടു പോകാനും സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ഇനി ഒത്തുതീര്‍പ്പിനില്ലെന്നും എന്‍ഡിടിവി പ്രതിനിധികള്‍ നിലപാടെടുത്തതായും മാധ്യമവൃത്തങ്ങള്‍ വ്യക്തമാക്കി. 

 

 

തുടര്‍ന്ന് തങ്ങളുടെ സര്‍ക്കാരിന് ‘ആരോടും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളുമില്ലെ’ന്നും ‘അഭിപ്രായ സ്വാതന്ത്ര്യത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നു’വെന്നും ‘1975-ലും 2004 മുതല്‍ 2014 വരെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയ കോണ്‍ഗ്രസിനെ പോലെയല്ല തങ്ങളെ’ന്നും നിരവധി ട്വീറ്റുകളിലൂടെ നായിഡു വ്യക്തമാക്കി. ‘അടിയന്തരാവസ്ഥയ്‌ക്കെതിരെ പല്ലും നഖവുമുപയോഗിച്ച് പൊരുതിയവരാണ് സര്‍ക്കാരിലുള്ള തങ്ങളെല്ലാവരുമെന്നും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന എന്തിനുമെതിരെ ശക്തമായി തന്നെ ചെറുക്കുമെന്നും അത്തരം ശക്തികളെ ചെറുത്തു തോല്‍പ്പിക്കു’മെന്നും അദ്ദേഹത്തിന് പറയേണ്ടി വന്നു.

 

ശക്തമാകുന്ന മാധ്യമ പ്രതിഷേധം
എന്‍ഡിടിവിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മാധ്യമ സ്ഥാപനങ്ങള്‍ മുന്നോട്ടു വരുന്ന കാഴ്ചയായിരുന്നു തിങ്കളാഴ്ച കണ്ടത്. അതോടൊപ്പം, മുഴുവന്‍ മാധ്യമങ്ങള്‍ക്കുമുള്ള ‘അപകടരമായ സൂചന’കളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വന്നുകൊണ്ടിരിക്കുന്നതെന്ന് വിമര്‍ശനമുന്നയിക്കുകയും ചെയ്തു.

 

എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രതിനിധികള്‍, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്‌സ്, ഫെഡറേഷന്‍ ഓഫ് പ്രസ് ക്ലബ്‌സ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് തുടങ്ങിയ സംഘടനകള്‍ക്കു പുറമെ മിക്ക മാധ്യമ സ്ഥാപനങ്ങളിലേയും മുതിര്‍ന്ന ജേര്‍ണലിസ്റ്റുകളടക്കം സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തി.

 

മാധ്യമ സംഘടനകള്‍ക്കു വേണ്ടി പ്രസ് ക്ലബ് പാസാക്കിയ പ്രമേയത്തില്‍ ഇങ്ങനെ പറയുന്നു: ‘സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനതത്വങ്ങളെ പോലും ലംഘിക്കുന്നതുമാണെന്ന് വിവിധ മാധ്യമ സംഘടനകളുടെ പ്രതിനിധികള്‍ പ്രതിഷേധ യോഗം അഭിപ്രായപ്പെടുന്നു…’

 

‘മാധ്യമ സ്വാതന്ത്ര്യത്തിനു നേര്‍ക്ക് ഗുരുതരമായ വെല്ലുവിളികള്‍ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഈ കടുത്ത നടപടി അപലപനീയവും ദൗര്‍ഭാഗ്യകരവുമാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കുന്നതും എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കുമുള്ള അപകടകരമായ മുന്നറിയിപ്പുമാണ് കേന്ദ്രസ സര്‍ക്കാര്‍ നടപടി’.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍