UPDATES

സയന്‍സ്/ടെക്നോളജി

നിയാണ്ടര്‍ത്താല്‍ പൂര്‍വികരുടെ ഫോസിലുകള്‍ സ്പെയിനില്‍

Avatar

ജോയേല്‍ എകെന്‍ബാക്ക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വടക്കന്‍ സ്പെയ്നിലെ ഒരു ഗുഹയില്‍ നിന്നും 28 ചരിത്രാതീതകാല മനുഷ്യരുടെ അവശിഷ്ടങ്ങള്‍ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. നിഗൂഢതകള്‍ നിറഞ്ഞ ഈ ജീവിവര്‍ഗത്തിന്  നിയാണ്ടര്‍ത്താലുകളോട് സാമ്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.

നിയാണ്ടര്‍ത്താലുകളെ പോലെ കട്ടിയുള്ള പുരികങ്ങളും ഉയര്‍ന്നു നില്‍ക്കുന്ന മൂക്കുകളും ഇവയ്ക്കുണ്ട്. ഇവയുടെ ശക്തമായ താടിയെല്ലുകളും നല്ലവണ്ണം തുറക്കാവുന്ന വായും സൂചിപ്പിക്കുന്നത് പല്ലുകളുപയോഗിച്ച് അവര്‍ പണിയായുധങ്ങള്‍ പിടിച്ചിരുന്നു എന്നാണ്. എന്നാല്‍, നൂറുകണക്കിനു സഹസ്രാബ്ദങ്ങള്‍ക്ക് ശേഷം ഐസ് ഏജില്‍ യൂറോപ്പില്‍ ഉണ്ടായിരുന്ന നിയാണ്ടര്‍ത്താലുകളില്‍ കണ്ടിരുന്ന വലിയ തലയോടുകളോ മറ്റ് വികസിതമായ അസ്ഥികളോ ഇവര്‍ക്കുണ്ടായിരുന്നില്ല.

ആധുനിക മനുഷ്യന്റെ മുന്‍ഗാമികളില്‍ നിന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്പ് പിരിഞ്ഞ ഇവര്‍ നിയാണ്ടര്‍ത്താലുകളുടെയും മുന്‍ഗാമികളാണെന്ന് കരുതപ്പെടുന്നു. ഈയിടെ ഒരു ശാസ്ത്ര മാസികയില്‍ ഇതുവരെ പേരുനല്‍കിയിട്ടില്ലാത്ത ഈ സ്പാനിഷ് ഫോസിലുകളെക്കുറിച്ച് ശാസ്ത്രജ്ഞരുടെ ഒരു അന്താരാഷ്ട്ര കൂട്ടായ്മ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. മറ്റ് വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം പിന്നീട് അവയ്ക്കു പേര് നല്കുമെന്ന് ഇവര്‍ വ്യക്തമാക്കി. 

ഈ കണ്ടെത്തല്‍ മനുഷ്യ പരിണാമത്തെ സംബന്ധിക്കുന്ന ചിത്രം ഏറെയൊന്നും മാറ്റില്ലെന്നത് തീര്‍ച്ചയാണ്. എന്നാല്‍ വികസിച്ചും പിന്‍മാറിയും നിലനിന്നിരുന്ന ഹിമഫലകങ്ങളുടെ സാന്നിധ്യം മൂലം ഏറെ പ്രതികൂലമായിരുന്ന അന്തരീക്ഷത്തില്‍, പരസ്പരം നിലനില്‍പ്പിനായി മത്സരിച്ചിരുന്ന, ഒരേ സമയത്ത് പലയിടങ്ങളിലായി, എന്നാല്‍ ഒറ്റപ്പെട്ട് നിലനിന്നിരുന്ന ഒട്ടനവധി ജീവിവര്‍ഗങ്ങള്‍ ഭൂമിയില്‍ നിലനിന്നിരുന്നു എന്നതിന് പുതിയ തെളിവുകള്‍ നല്‍കിക്കൊണ്ട് പരിണാമകഥയെ ഈ പഠനം കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്.     

ഇതൊരു ‘ഗെയിം ഓഫ് ത്രോണ്‍സ്’ അവസ്ഥയാണെന്ന് സ്പെയിനിലെ പ്രാചീന നരവംശശാസ്ത്രജ്ഞനും ഒരു പ്രമുഖ പത്രത്തിലെ എഴുത്തുകാരനുമായ ജുവാന്‍ ലൂയിസ് അര്‍സുവാഗ അഭിപ്രായപ്പെട്ടു. അദ്ദേഹം പറയും പോലെ, ഭൂമിയെ ആകെ ഭരിച്ചിരുന്ന ഒരു മിഡില്‍ പ്ലെയിസ്ടോസെന്‍ രാജ്യം ഇല്ലായിരുന്നെന്നും ഒരേ ഭൂമിയില്‍ അനവധി സംഘങ്ങള്‍ പരസ്പരം മത്സരിച്ചിരുന്നുവെന്നും ഇത് ചൂണ്ടിക്കാണിക്കുന്നു കാലാനുസൃതമായി വളരെ സാവധാനത്തില്‍ നടന്ന സമാധാനപരമായ ഒരു മടുപ്പന്‍ പ്രക്രിയയായിരുന്നില്ല പരിണാമമെന്നും അദ്ദേഹം  റിപ്പോര്‍ട്ടര്‍മാരുമായി നടത്തിയ ടെലികോണ്‍ഫറന്‍സില്‍ കൂട്ടിച്ചേര്‍ത്തു.

മണ്ണിനടിയില്‍ കണ്ട ഒരു ലംബസ്തൂപത്തിന്റെ താഴെയായി രൂപം കൊണ്ടിരുന്ന ഒരു അറയിലാണ് ഫോസിലുകള്‍ കണ്ടെടുത്ത ‘എല്ലുകുഴി’ (പിറ്റ് ഓഫ് ബോണ്‍സ്) എന്നു പേരിട്ട ഗുഹ സ്ഥിതിചെയ്യുന്നത്.  മരിച്ചവരെ അടക്കം ചെയ്തിരുന്ന സ്ഥലമായിരുന്നു ഇതെന്ന് അര്‍സുവാഗ കരുതുന്നു. കരടികളുടെ നഖങ്ങളുടെ പാടുകള്‍ ചുവരിലും അവയുടെ ഫോസില്‍ രൂപത്തിലായ എല്ലുകള്‍ ഗുഹയിലും നിന്നു കണ്ടെത്തി.

ഒരു കൈമഴുവല്ലാതെ മറ്റ് സംസ്കാരത്തെ സൂചിപ്പിക്കുന്ന യാതൊന്നും അതില്‍ നിന്നും കിട്ടിയിട്ടില്ലാത്തതിനാല്‍ പുരാവസ്തു ഗവേഷകര്‍ക്കു പഠനം നടത്താന്‍ കുറെ എല്ലുകള്‍ മാത്രമേ ഉള്ളൂ.

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതെയിടത്ത് നിന്നും ലഭിച്ച എല്ലുകള്‍ അര്‍സുവഗയും കൂട്ടരും മറ്റൊരു ജീവിവര്‍ഗത്തിന്റെ കൂടെ ചേര്‍ത്തിരുന്നു. എന്നാല്‍ ഈ രണ്ടു ജീവി വര്‍ഗങ്ങളും സമകാലീനരായിരുന്നെന്നും ശാരീരികമായി വ്യത്യസ്തരായിരുന്നെന്നും 17 തലയോടുകള്‍ പരിശോധിച്ച ശേഷം ഇപ്പോള്‍ വിലയിരുത്തുന്നു.

ഇതൊരു വലിയ പുരോഗതിയാണെന്നും എന്നാല്‍, തനതായ ഒരു സ്ഥാനം നല്‍കപ്പെടാതെ ഈ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ ടക്സോണമിക് അനിശ്ചിതാവസ്ഥയില്‍  തുടരുന്നത് ഖേദകരമാണെന്നും ഈ ഗവേഷണത്തിന്റെ ഭാഗമല്ലാതിരുന്ന അമേരിക്കന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രാചീനനരവംശശാസ്ത്രജ്ഞന്‍ ഇയാന്‍ ടാറ്റര്‍സള്‍ പറഞ്ഞു.

നിയാണ്ടര്‍ത്താല്‍ വംശത്തിന്റ്റെ ശാരീരിക പ്രത്യേകതകള്‍ പൂര്‍ണമായും ഒറ്റയടിക്ക് കിട്ടിയതല്ലെന്നും പലതരം പ്രത്യേകതകള്‍ പല വേഗത്തില്‍ ഒരു മൊസൈക് മാതൃകയില്‍ ഒറ്റപ്പെട്ട് പരിണമിച്ചതാണെന്നും ഈ ഫോസിലുകള്‍ സാക്ഷ്യപ്പെടുത്തുന്നുവെന്ന് അര്‍സുവഗയും കൂട്ടരും കരുതുന്നു.

ചവയ്ക്കലുമായി ബന്ധപ്പെട്ട ഒരു ആര്‍ജിതസവിശേഷതയുമായി നിയാണ്ടര്‍ത്താലിന്റെ പരിണാമം ഇഴചേര്‍ന്നിരിക്കുന്നുവെന്ന് ഈ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ചവയ്ക്കുന്നതിനുള്ള പ്രത്യേക ലക്ഷണങ്ങള്‍ എങ്ങനെ പരിണാമത്തിന് വിധേയമായി ഉടലെടുത്തു എന്നുള്ളതിക്കുറിച്ച് ഈ പ്രബന്ധം പറയുന്നില്ലെങ്കിലും ഈ നിയാണ്ടര്‍ത്താല്‍ പൂര്‍വികര്‍ മാംസവും മറ്റ് വസ്തുക്കളും പിടിക്കാന്‍ പല്ലുകള്‍ ഉപയോഗിച്ചിരുന്നു എന്നു താന്‍ കരുതുന്നതായി അര്‍സുവാഗ ടെലികോണ്‍ഫറന്‍സില്‍ പറഞ്ഞു.  രണ്ടിന് പകരം മുറുക്കെ പിടിക്കാന്‍ സഹായിക്കുന്ന മൂന്ന്‍ അവയവങ്ങള്‍ നിയാണ്ടര്‍ത്താലിന് ഉണ്ടായിരുന്നതായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറു വ്യത്യസ്ത പരിശോധനാ ഫലങ്ങള്‍ അനുസരിച്ചു ഏതാണ്ട് 430,000 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഈ ഫോസിലുകള്‍. വളരെയധികം കൃത്യതയുള്ള കാലനിര്‍ണയമാണിത് എന്നതിനാല്‍ തന്നെ, നിയാണ്ടര്‍ത്താല്‍ വംശത്തിലെ ഏറ്റവും പഴക്കമുള്ള അംഗങ്ങളാണിവയെന്നും ഇത്രയും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആധുനിക മനുഷ്യന്റെ പൂര്‍വികരും നിയാണ്ടര്‍ത്താല്‍ വംശാവലിയും പിരിഞ്ഞതെന്നും ഇനി ഉറപ്പിക്കാനാവും.  

ഈ പ്രോടോ-നിയാണ്ടര്‍ത്താലുകള്‍ക്കു സംസാരശേഷി ഉണ്ടായിരുന്നെന്നും അവര്‍ സംഘങ്ങളായാണ് ജീവിച്ചിരുന്നതെന്നും ഈ ഗവേഷകര്‍ വിശ്വസിക്കുന്നു. തൊട്ടടുത്ത് താമസിച്ചിരുന്ന, മിക്കവാറും ഒരേ ഗോത്രത്തില്‍ പെട്ടയാളുകളുടെ ഫോസിലുകളാണ് ഇവിടെനിന്നും കിട്ടിയതെന്നും ഇവര്‍ പറഞ്ഞു.

നിയാണ്ടര്‍ത്താലുകളെക്കുറിച്ചൊരു വാക്ക്
ഭൂമിയുടെ ചരിത്രത്തിലെ ബുദ്ധിയുള്ള ജീവികളുടെ വംശനാശത്തെക്കുറിച്ച് പറയാവുന്ന ഏറ്റവും നല്ല ഉദാഹരണമാണ് നിയാണ്ടര്‍ത്താലുകളുടേത്. ആധുനിക മനുഷ്യന്‍റേതിനെക്കാള്‍ വലിയ തലയോടുകളും തലച്ചോറുകളും അവയ്ക്കുണ്ടായിരുന്നു (അതവരെ കൂടുതല്‍ ബുദ്ധിശാലികളാക്കി എന്നു പറഞ്ഞുകൂടാ). 30,000 വര്‍ഷം മുന്‍പ് വരെ നിലനിന്നിരുന്ന അവര്‍ പൊടുന്നനെ അപ്രത്യക്ഷരായി.

അവര്‍ക്കെങ്ങനെ വംശനാശം സംഭവിച്ചെന്നും ഏതളവ് വരെ, ഏതൊക്കെ കാരണങ്ങളാല്‍ അവര്‍ മനുഷ്യരുമായി ഇണചേര്‍ന്നുവെന്നും ഉള്ളതിനെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്. ആഫ്രിക്കയ്ക്ക് പുറത്തുള്ള മനുഷ്യരില്‍ ഒന്നു തൊട്ട് മൂന്നു ശതമാനം വരെ നിയാണ്ടര്‍ത്താല്‍ ഡി. എന്‍. എ. കലര്‍ന്ന ജീനുകള്‍ ആണുള്ളതെന്ന് സമീപകാലത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എന്നാല്‍, ഒരു ജീവിവര്‍ഗമെന്ന നിലയില്‍ നിയാണ്ടര്‍ത്താല്‍ അപ്രത്യക്ഷമാകുകയും ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരുടെയും പൂര്‍വികരായ ആധുനിക മനുഷ്യര്‍ ഇവര്‍ക്കുശേഷം ആഫ്രിക്കയില്‍ പരിണമിച്ചുണ്ടാവുകയും ചെയ്തു.  നിയാണ്ടര്‍ത്താലുകള്‍ വളരെ സമര്‍ത്ഥരും മികച്ച ഉപകരണങ്ങള്‍ ഉണ്ടാക്കുന്നവരും വിഭാവോപയോഗത്തില്‍ മിടുക്കരും ആയിരുന്നുവെങ്കിലും വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലായിരുന്നു അവര്‍ ജീവിച്ചിരുന്നതെന്ന് ടാറ്റര്‍സല്‍ പറഞ്ഞു.

ബെസ്റ്റ്  ഓഫ് അഴിമുഖം

ചൊറിച്ചിലിന്റെ ശാസ്ത്രം
ബള്‍ബ് കൊണ്ടുവന്ന മാറ്റങ്ങള്‍
മിസൈലുകള്‍ പറയുന്ന കഥകള്‍; സങ്കീര്‍ണതകള്‍
ഭ്രമിപ്പിക്കുന്ന പ്രകാശ ഗോപുരങ്ങള്‍
കുഞ്ഞുങ്ങള്‍ വളരുന്നതെങ്ങനെ

അവര്‍ കലാവസ്തുക്കള്‍ പോലെയുള്ള സിമ്പോളിക് സാധനങ്ങള്‍ ഉണ്ടാക്കിയിരുന്നില്ലെന്നും അവരുടെ സംസാരത്തില്‍ സിമ്പോളിക് ഭാഷ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  ഭാവിയെക്കുറിച്ച് ചിന്തിയ്ക്കുകയോ പഴയകാലത്തെ പകര്‍ത്തുകയോ അവര്‍ ചെയ്തിരുന്നില്ല.

മനുഷ്യവംശത്തിന്റെ പ്രാചീന ചരിത്രം വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു കാലഘട്ടമായിരുന്നുവെന്ന് ഉറപ്പിക്കുന്ന തെളിവുകളിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് സ്പെയിനില്‍ ഉണ്ടായ ഈ കണ്ടെത്തലുകള്‍. “ഭൂമുഖത്ത് ഒരൊറ്റ ഹോമോ വംശമേ ഉള്ളൂ എന്നു നമുക്ക് സ്വാഭാവികമായി തോന്നാം. എന്നാല്‍, ഒരേ സമയത്ത് പരസ്പരം മത്സരിച്ച് നിലനിക്കാന്‍ ശ്രമിക്കുന്ന അനവധി ഹോമോ വര്‍ഗങ്ങള്‍ ഉണ്ടാവുക എന്നത് തികച്ചു സാധാരണമാണെന്ന് ഫോസില്‍ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാവും. ഒറ്റപ്പെട്ട് നിലനില്‍ക്കുന്നതാണ് അസാധാരണം. അതുകൊണ്ടു തന്നെ നാം എത്ര വ്യത്യസ്തരാണെന്ന് നമുക്ക് മനസ്സിലാക്കാം”, ടാറ്റര്‍സല്‍ കൂട്ടിച്ചേര്‍ത്തു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍