UPDATES

ട്രെന്‍ഡിങ്ങ്

“ബാങ്കില്‍ പൈസയുണ്ടേലല്ലേ മൊബൈല്‍ ഉപയോഗിച്ച് സാധനം വാങ്ങാന്‍ പറ്റൂ?”; ഇതാണ് ഡിജിറ്റലാക്കിയ നെടുങ്കയം കോളനി

രാജ്യത്തെ ആദ്യ കറന്‍സി രഹിത കോളനിയായ നെടുങ്കയത്ത് ആദിവാസികളില്‍ പലരും ഇന്ന് അന്തിയുറങ്ങുന്നത് പുരപ്പുറത്താണ്

മലപ്പുറം ജില്ലയിലെ കരുളായി വനത്തിലെ നെടുങ്കയം ആദിവാസി കോളനിയെ രാജ്യത്തെ ആദ്യ ക്യാഷ്‌ലസ് കോളനിയാക്കി പ്രഖ്യാപിച്ചിട്ട് ഒരു മാസം പിന്നിട്ടു. കോളനിയില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ പ്രമുഖ വാര്‍ത്താ മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ക്കു മുന്‍പില്‍ വച്ച് ജില്ലാ കളക്ടര്‍ അമിത് മീണയായിരുന്നു പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് അധികം വൈകാതെ മലപ്പുറം ജില്ലയും ഡിജിറ്റലായി പ്രഖ്യാപിക്കപ്പെട്ടു. വയനാട് അടക്കമുള്ള പിന്നോക്ക ജില്ലകളും ഡിജിറ്റലാവാനുള്ള ശ്രമത്തിലാണ്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ക്കപ്പുറം പ്രാവര്‍ത്തികമാക്കപ്പെടുന്നുണ്ടോ ഇതെന്ന സംശയം ഇപ്പോഴും ബാക്കിയാവുകയാണ്. നെടുങ്കയം തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം; കാരണം, പട്ടിണിയും ദാരിദ്ര്യവും ഇല്ലായ്മകളും മാത്രമുള്ള ഒരു സമൂഹത്തെ ചൂണ്ടിക്കാട്ടി ഡിജിറ്റല്‍വത്ക്കരണത്തെക്കുറിച്ച് മേനി നടിക്കുന്നതിന് മുമ്പ് ചില യാഥാര്‍ഥ്യങ്ങള്‍.

പ്രഖ്യാപനം കഴിഞ്ഞിത്രയായിട്ടും ഇവിടെ ഡിജിറ്റല്‍ പണമിടപാടിന് യാതൊരു പ്രചാരവും ലഭിച്ചിട്ടില്ലെന്നതാണ് സത്യം. കോളനിയിലെന്നല്ല കോളനിയുടെ ഏറ്റവും അടുത്തു കിടക്കുന്ന കരുളായി അങ്ങാടിയില്‍ പോലും ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം നിലവില്‍ വന്നിട്ടില്ല. സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയില്‍ പെടുത്തി പിവി അബ്ദുള്‍ വഹാബ് എംപി ഏറ്റെടുത്ത ഗ്രാമമാണ് കരുളായി. നെടുങ്കയത്തെ ഡിജിറ്റലാക്കുന്നതിന് ചുക്കാന്‍ പിടിച്ചതും ജന്‍ ശിക്ഷാ സന്‍സ്താന്‍ (ജെഎസ്എസ്) പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിനിപ്പുറം ഡിജിറ്റല്‍ സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ ഇവരില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പരിപാടി നടന്നില്ലെങ്കിലും ഉദ്ഘാടനം ഗംഭീരമാക്കുക എന്ന നടപ്പുരീതിക്ക് ഒരുദാഹരണം കൂടി.

കറന്‍സി രഹിത ലോകത്തിന്റെ മനോഹാരിതയല്ല, ബുദ്ധിമുട്ടുകളുടെ തീരാക്കഥകള്‍ തന്നെയാണ് നെടുങ്കയം കോളനിക്കാര്‍ക്ക് ഇന്നും പറയാന്‍ ഏറെയുമുള്ളത്. ‘ബാങ്കില്‍ പൈസ ഉണ്ടെങ്കിലല്ലേ മൊബൈല്‍ ഉപയോഗിച്ച് സാധനം വാങ്ങുക’ ഡിജിറ്റല്‍ ഇടപാടിനെ കുറിച്ചു ചോദിച്ചപ്പോള്‍ ഒരു നെടുങ്കയം നിവാസിയുടെ പ്രതികരണമാണിത്.

അതെ, നെടുങ്കയത്തിനിപ്പോഴും പറയാനുള്ളത് പരിഭവങ്ങളാണ്. കുടിവെള്ളമില്ല, ആവശ്യത്തിനു ജോലിയില്ല, വന്യമൃഗ ശല്യം മൂലം രാത്രി ഉറക്കമില്ല, അങ്ങനെ ഡിജിറ്റല്‍ കോളനിയായിട്ടും ഇവര്‍ക്ക് പറയാനുള്ളത് പഴയ ദുരിതകഥകള്‍ തന്നെ.

രാജ്യത്തെ ആദ്യ കറന്‍സിരഹിത കോളനിയായ നെടുങ്കയത്ത് ആദിവാസികളില്‍ പലരും ഇന്ന് അന്തിയുറങ്ങുന്നത് പുരപ്പുറത്താണെന്നതാണ് ഏറെ രസം. മാനവും താരകവും കണ്ടുറങ്ങാന്‍ കൊതിച്ചിട്ടല്ല, മറിച്ച് കാട്ടാന ശല്യം രൂക്ഷമായതോടെയാണ് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ ഈ കൊടുംതണുപ്പിലും രാത്രി താമസം മേല്‍ക്കൂരക്കു മുകളിലേക്ക് മാറ്റിയത്. കോളനിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള വീടുകളിലെ താമസക്കാരാണ് നിലവില്‍ ആനപ്പേടിയില്‍ കഴിയുന്നത്. ദിവസവും കാട്ടാനകള്‍ കോളനിയുടെ ഈ ഭാഗത്തെ വീടുകള്‍ക്ക് സമീപം എത്തുന്നതായി കോളനി നിവാസിയായ ശാന്താ വിജയന്‍ പറയുന്നു.’ ബാക്കിയുള്ള ഭാഗങ്ങളിലെല്ലാം വനംവകുപ്പ് ജണ്ട നിര്‍മിച്ചിട്ടുണ്ട്. അതുകൊണ്ട് അവിടെ പ്രശ്‌നമില്ല. കാട്ടില് വെള്ളമില്ലാത്തോണ്ട് ആന പുഴയിലേക്ക് വെള്ളം കുടിക്കാന്‍ വരുന്നത് ഇത് വഴിയാണ്. കഴിഞ്ഞ ദിവസം വീടിന്റെ അടുക്കള ആന തകര്‍ത്തു. അതോടെയാണ് രാത്രിയുറക്കം മേല്‍ക്കൂരയിലേക്ക് മാറ്റിയത്. വീടിനോട് ചേര്‍ന്ന് നടത്തിയ കൃഷിയും ആന ചവിട്ടി മെതിച്ചു’. ശാന്താ വിജയന്‍ പറയുന്നു.

കോളനിയ്ക്ക് ചുറ്റും കിടങ്ങുകള്‍ തീര്‍ത്തിട്ടുണ്ടെങ്കിലും പടിഞ്ഞാറു ഭാഗത്ത് ഇതുവരെ കിടങ്ങ് നിര്‍മിച്ചിട്ടില്ല. ശങ്കരന്‍കോട് പാതയോട് ചേര്‍ന്ന് കിടങ്ങില്ലാത്ത ഭാഗത്തുകൂടിയാണ് ആനകള്‍ എത്തുന്നത്. കാട്ടാനകള്‍ കോളനിക്ക് സമീപമെത്തുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞതായി കോളനി നിവാസികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മഴ കുറഞ്ഞതിനാല്‍ വനത്തിനുള്ളിലെ ചോലകള്‍ മിക്കവാറും വറ്റി വരണ്ടു കഴിഞ്ഞു. കിടങ്ങില്ലാത്ത പടിഞ്ഞാറേമൂല വഴി ആനകള്‍ കോളനിയിലെ മറ്റ് ഭാഗത്തേക്കും കടക്കുമോ എന്ന പേടിയിലാണ് മുഴുവന്‍ നെടുങ്കയം നിവാസികളും. വീടിനു സമീപം താല്‍ക്കാലിക മരക്കോണികള്‍ സ്ഥാപിച്ച് ഇതിലൂടെയാണ് കോളനിക്കാര്‍ വീടിനു മുകളില്‍ കയറുന്നത്. പ്രായമായവരും കോണികയറാന്‍ കഴിയാത്തവരും രാത്രിയില്‍ കോളനിയില്‍ ആനശല്യമില്ലാത്ത ഭാഗത്തെ വീടുകളില്‍ പോയാണ് കിടക്കുന്നത്. ഇതില്‍ 15-ഓളം വീട്ടുകാരാണ് നിലവില്‍ ആനശല്യംമൂലം രാത്രിവാസം വീടിനുമുകളിലേക്ക് മാറ്റിയിരിക്കുന്നത്.

നെടുങ്കയം ആദിവാസി കോളനി ഡിജിറ്റലായി; ഇനി വേണ്ടത് കുടിവെള്ളവും സ്വന്തമായി ഭൂമിയുമാണ്

വന്യമൃഗശല്യം പോലെതന്നെ രൂക്ഷമാണ് കോളനിയിലെ കുടിവെള്ളക്ഷാമവും. മഴ ചതിച്ചതോടെ വനത്തിനകത്തെ കുടിനീരുറവകള്‍ വറ്റരുതേയെന്ന പ്രാര്‍ഥനയിലാണ് ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. നൂറോളം കുടുംബങ്ങളിലെ 350-ല്‍പരം ആളുകള്‍ക്ക് കുടിവെള്ളത്തിനായി ഒരു കിണര്‍ മാത്രമാണ് ആശ്രയം. മുന്‍വര്‍ഷങ്ങളില്‍ ഇവര്‍ വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് കോളനിയോട് ചേര്‍ന്നൊഴുകുന്ന ചാലിയാര്‍ പുഴയുടെ കൈവഴിയായ കരിമ്പുഴയെയായിരുന്നു. പതിവുപോലെ വേനല്‍ കാലത്ത് കരിമ്പുഴയെ ആശ്രയിക്കാമെന്ന ഇവരുടെ പ്രതീക്ഷകളും ഇത്തവണ തെറ്റി. പുഴയിലെ നീരൊഴുക്കും ആശങ്കയുണര്‍ത്തും വിധം കുറഞ്ഞു കഴിഞ്ഞു. പുഴയില്‍ നിര്‍മിച്ച ഏതാനും താല്‍ക്കാലിക തടയണകളാണ് അല്‍പ്പമെങ്കിലും നീരൊഴുക്ക് പിടിച്ചു നിര്‍ത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ ജലവിതാനം താഴുന്നതോടെ പുഴയോരങ്ങളില്‍ ചെറുകുഴികള്‍ നിര്‍മിച്ച് ഇതില്‍ നിറയുന്ന വെള്ളം കോരിയെടുത്താണ് ഇവര്‍ വീട്ടാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. എന്നാല്‍ ഇത്തവണ കുഴികള്‍ നിര്‍മിച്ചാലും വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളതെന്നാണ് കോളനിക്കാര്‍ പറയുന്നത്.

നേരത്തെ കോളനിയിലേക്ക് നാട്ടില്‍ നിന്നും കുടിവെള്ളമെത്തിച്ചിരുന്നു. എന്നാല്‍ ഇത് തകരാറിലായിട്ട് ആറുകൊല്ലമായി. ഇവിടുത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി 25ലക്ഷം രൂപ അനുവദിച്ചിരുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ലെന്നാണ് അറിയുന്നത്.

കോളനിയില്‍ ഐഎവൈ പദ്ധതി പ്രകാരം പണം ലഭിച്ചിട്ടും കോളനിയില്‍ വീടുവക്കാന്‍ സ്ഥലമില്ലാതെ വലയുന്ന നാലുകുടുംബങ്ങളും നെടുങ്കയം സന്ദര്‍ശനത്തില്‍ കണ്ടുമുട്ടാനിടയായി. കോളനിയിലെ രജീഷ്- രേഷ്മ, സുജിത്ത്- വൈഷ്ണവി, കൃഷ്ണ ചന്ദ്രന്‍-രാധ, കനേഷ്- സോണിയ ദമ്പതിമാരാണ് വീടുവക്കാന്‍ സ്ഥലമില്ലാതെ കഴിയുന്നത്. പദ്ധതിയില്‍ ഉള്‍പ്പെട്ടെങ്കിലും വീടിന് കരാര്‍ വക്കുമ്പോള്‍ സ്ഥലത്തിന്റെ രേഖകളും ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ സ്ഥലമില്ലാത്തതിനാല്‍ ഈ പണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇവര്‍.

ഡിജിറ്റല്‍ പ്രഖ്യാപനത്തിനെത്തിയ ജില്ലാ കലക്ടര്‍ അമിത് മീണ, പ്രഖ്യാപനത്തിനുശേഷം വിവിധ ദിവസങ്ങളിലായി കോളനി സന്ദര്‍ശിച്ച പട്ടിവര്‍ഗ ഡയറക്ടര്‍ പുകഴേന്തി ഐഎഫ്എസ്, ജില്ലാ മജിസ്‌ട്രേറ്റ് തുടങ്ങി ഇവിടെയെത്തുന്നവരോടെല്ലാം കോളനിക്കാര്‍ക്ക് പറയാനുള്ളത് ഈ ആവശ്യങ്ങള്‍ മാത്രമാണ്. വകുപ്പുകളുമായി ആലോചിച്ച് വേണ്ട നടപടികളെടുക്കുമെന്നും ഉടന്‍ പരിഹാരം കാണുമെന്നുമുള്ള ഇവരുടെ മറുപടികളില്‍ വിശ്വാസമര്‍പ്പിച്ച് കഴിയുകയാണ് ഇവര്‍.

നിത്യജീവിതപ്രശ്‌നങ്ങള്‍ക്കു പോലും വഴി കണ്ടുപിടിക്കാന്‍ കഴിയാത്ത തങ്ങളോട് ഡിജിറ്റല്‍ എന്നൊക്കെപ്പറഞ്ഞ് പരിഹസിക്കണോ എന്നതാണ് ഇവരുടെ ചോദ്യം. കേരളത്തിലെ കോളനികള്‍ മൊത്തത്തിലെടുത്തു പരിശോധിക്കുമ്പോള്‍ നെടുങ്കയത്തിന്റെ പ്രശ്‌നം ഒരു പക്ഷേ വളരെ ചെറുതായിരിക്കാം. പക്ഷേ, പ്രധാനമന്ത്രി വിഭാവനം ചെയ്ത സുന്ദര സുരഭിലമായ ഡിജിറ്റല്‍ ഇന്ത്യ ഇനിയും കാതങ്ങള്‍ അപ്പുറമാണെന്ന സത്യം ഓര്‍മിപ്പിക്കാന്‍ ഇതിലും വലിയ യാഥാര്‍ഥ്യം കണ്‍മുന്നിലില്ല. വയറുവിശക്കുമ്പോള്‍ കൈയ്യിലെ പ്ലാസ്റ്റിക് കാര്‍ഡ് തരുന്നതിനേക്കാള്‍ ധൈര്യം പോക്കറ്റിലെ നാണയത്തുട്ടുകള്‍ നല്‍കുന്ന ഒരുവിഭാഗം ഇപ്പോഴും ഇവിടെ ജീവിക്കുന്നുണ്ടെന്നും കയറിക്കിടക്കാന്‍ ഒരു കൂരയും പേടിയില്ലാതെയും അടിസ്ഥാന ആവശ്യങ്ങളെങ്കിലും നടത്തിയും ജീവിച്ച് പോകാനും തത്രപ്പെടുന്ന ഒരു ജനതയാണ് ഇവിടെയുള്ളതെന്നെങ്കിലും അധികൃതര്‍ ഓര്‍ക്കുന്നത് നന്ന്‍.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍