UPDATES

സിനിമ

ഈ കുലകന്യകയെ ഒന്നു വിട്ടുപിടിച്ചൂടെ?

Avatar

അപര്‍ണ

മലയാള സിനിമക്ക് എന്നും പ്രിയപ്പെട്ട വിഷയമാണ് സ്ത്രീ-പുരുഷ ബന്ധങ്ങളിലെ കുഴഞ്ഞു മറിയലുകളും സങ്കീർണതകളുമൊക്കെ. പഴയ ഭാര്യ മുതൽ നീ-ന  വരെയുള്ള സിനിമകൾ പല തലങ്ങളിൽ ഈ സങ്കീർണതകളെപ്പറ്റി പറഞ്ഞു തുടങ്ങി  ഒരേ തലത്തിൽ അവസാനിപ്പിച്ച സിനിമകളാണ്. എന്നും ഓർക്കാൻ ഒരു പേരും മുഖവും എന്ന വാചകത്തിൽ ഊന്നിയ പരസ്യങ്ങളും ലാൽജോസ് എന്ന സംവിധായകനെ കുറിച്ചുള്ള പ്രതീക്ഷകളും ഒരു സ്ത്രീ പക്ഷ സിനിമ എന്ന ലേബൽ നീ -ന ക്ക് ചാർത്തികൊടുത്തിരുന്നു. പക്ഷെ കുടുംബത്തിൽ തുടങ്ങി അവിടെ അവസാനിക്കുന്ന ഒരു കാഴ്ചയായി നീ-നയും മാറി എന്ന് പറയേണ്ടി വരും. 

നീന എന്ന ഡിസൈനറും അവരുടെ മേലുദ്യോഗസ്ഥനായ വിനയ് പണിക്കരും അയാളുടെ ഭാര്യ നളിനിയുമാണ് ഈ സിനിമയിലെ ത്രയങ്ങൾ. നളിനിയുടെയും വിനയുടെയും സ്വസ്ഥ ദാമ്പത്യവും നീനയെന്ന മദ്യപയും വ്യവസ്ഥാ ധിക്കാരിയുമായ സ്ത്രീയുടെ ജീവിതവും ഇടകലർത്തി കാണിച്ചാണ് സിനിമ തുടങ്ങുന്നത്. തന്റെ മറ്റു സിനിമകളിൽ എന്ന പോലെ നീ-നയിലും ലാൽജോസ് കഥാപാത്രങ്ങളെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഇട നൽകാതെ അവതരിപ്പിച്ചിരിക്കുന്നു. കള്ളുകുടിച്ചു വഴക്കുണ്ടാക്കുന്ന, ബൈക്ക് ഓടിക്കുന്ന, ഭാവനയും വിവരവുമുള്ള നീനയും ഡ്രൈ ഡേ എന്തെന്നറിയാത്ത, ബ്യുട്ടി പാർലറിലും ജിമ്മിലും മാത്രം പോകുന്ന നളിനിയും രണ്ടു സ്ത്രീകളോടുള്ള സ്നേഹത്തിനിടയിൽ കഷ്ടപ്പെടുന്ന വിനയും സംവിധായകന്റെ കയ്യിൽ ഭദ്രമാണ്. മുണ്ടും നേര്യതും ചുറ്റി ഭർത്താവിനു പ്രിയപ്പെട്ട കാപ്പിയുമായി പോകുന്ന നളിനിയും ലഹരി കൊണ്ട് പ്രശ്നങ്ങളുണ്ടാക്കി ജീവിക്കുന്ന നീനയും പ്രശ്നങ്ങൾ തുടങ്ങും മുന്നേയുള്ള വൈരുധ്യ കാഴ്ചകളായി അവതരിപ്പിച്ചിരിക്കുന്നു.

പ്രേക്ഷകരുടെ പ്രതീക്ഷകളെ തെറ്റിക്കാതെ നീന വിനയ് പണിക്കരെ തീവ്രമായി പ്രണയിച്ചു തുടങ്ങുന്നു. അവിടം മുതലാണ്‌ സംവിധായകനും നമ്മുടെ പൊതുബോധത്തെ പോലെതന്നെ പ്രശ്നത്തിലാവുന്നത്. നീനയുടെ പ്രണയത്തിൽ അസ്വസ്ഥനെങ്കിലും അവളുടെ കൌതുകങ്ങളെയും ആഗ്രഹങ്ങളെയും കേൾക്കാനും അതിനോടൊപ്പം നിൽക്കാനും ആഗ്രഹിക്കുന്ന ആളായി വിനയ് മാറുന്നു. നീനയുടെ തീക്ഷ്ണ പ്രണയത്തെ തിരിച്ചറിവിന്റെയും ത്യാഗത്തിന്റെയും വഴിയിലേക്ക് കൊണ്ടുവരാനുള്ള യാത്രകളാണ് പിന്നീട് സിനിമ. പലായനങ്ങളിലെക്കും ആത്മഹത്യാ ശ്രമത്തിലേക്കും ഡീ അഡിക്ഷൻ കേന്ദ്രത്തിലേക്കും ഒടുവിൽ റഷ്യയിലേക്കും നീന യാത്ര പോകുന്നു. റഷ്യൻ തണുപ്പിലൂടെയുള്ള നീനയുടെ യാത്രയിലാണ് സിനിമ തുടങ്ങുന്നതും ഒടുങ്ങുന്നതും. പ്രണയം അതിനിടയിലുള്ള ഇടവേള  മാത്രമാകണമെന്നു സംവിധായകൻ കൃത്യമായി തന്നെ പ്രേക്ഷകരെയും നീനയെയും ഓർമിപ്പിക്കുന്നുണ്ട്. 

ഡീ അഡിക്ഷൻ കേന്ദ്രത്തിലെ ചികിത്സക്ക് ശേഷം ശരി തെറ്റുകളെ കുറിച്ച് ഉത്തമ ബോധ്യമുള്ള കുലസ്ത്രീ ആയി നീന പരിണമിക്കുകയാണ്. വിനയ് പണിക്കരെ കുടുംബത്തിലേക്ക് തിരികെ എത്തിച്ചു അയാളോടൊപ്പമുള്ള ജോലി രാജി വെച്ച് ഫോണിൽ നിന്നും അയാളുടെ നമ്പർ കളഞ്ഞു നീന തിരിച്ചു പോകുന്നു. തന്നോട് അനീതി കാണിച്ചു എന്നുറച്ച് വിശ്വസിച്ചിരുന്ന  അച്ഛനും അമ്മയ്ക്കും ഒപ്പമാണ് നീന തന്റെ രണ്ടാം യാത്ര തുടങ്ങുന്നത്. വിനയ് തുടരെയുള്ള അവഗണനക്കൊടുവിലും എല്ലാം അറിഞ്ഞു തന്നെ കാത്തിരിക്കുന്ന ഭാര്യക്കരികിലേക്കും പുരുഷ സൌഹൃദങ്ങൾ മാത്രമുണ്ടായിരുന്ന നീന  രണ്ടു പെണ്‍കുട്ടികൾക്ക് നടുവിലും വിനയുടെ ഓർമയിലും ഉള്ള സുരക്ഷിതത്വത്തിലേക്കും നീങ്ങുന്ന  കാഴ്ചയിൽ നീ-നയുടെ ക്യാമറ ഫ്രീസ് ചെയ്യപ്പെടുന്നു. 

‘രണ്ടു സ്ത്രീകൾ ഒരു പുരുഷൻ’ ഗണത്തിൽ പിറന്ന മറ്റെല്ലാ സിനിമകളെയും പോലെ നീ-നയിലും തീരുമാനം എടുക്കാൻ പ്രാപ്തർ സ്ത്രീകൾ തന്നെയാണ്. പുരുഷൻ രണ്ടു സ്നേഹങ്ങളിൽ പെട്ട് ഉഴറുമ്പോൾ കുലസ്ത്രീകളായ കാമുകീ ഭാര്യമാർ അയാളോട് ക്ഷമിക്കാൻ തയ്യാറാകുന്നു.  കുലസ്ത്രീകൾ അല്ലാത്തവർ അയാളെ വിട്ടു കൊടുക്കാൻ  എന്നും എപ്പൊഴും സന്നദ്ധരാണ്. തൂവാന തുമ്പികളിലെ വേശ്യയായ ക്ലാര വടക്കുംനാഥന്റെ മുന്നിൽ കാത്തിരിക്കുന്ന രാധയുടെ കയ്യിലേക്ക് ജയകൃഷ്ണനെ എത്തിക്കും പോലെ തന്നെയാണ് സിനിമയും കാലവും പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നീ-നയിലും സംഭവിക്കുന്നത്. അപരകളായ സ്ത്രീകൾ വ്യവസ്ഥകളെ ധിക്കരിക്കുമ്പോളും ത്യാഗമയികളും നന്മ നിറഞ്ഞവരും ആകുന്ന പതിവും നീ-ന തെറ്റിക്കുന്നില്ല. വസ്ത്രധാരണം കൊണ്ട് കുലസ്ത്രീയെയും അല്ലാത്തവളെയും വേർതിരിക്കുന്ന കാഴ്ച്ചയെ മറികടക്കാന്‍ പോലും ലാൽജോസ് ശ്രമിച്ചിട്ടില്ല. 

ലാൽ ജോസിന്റെ മറ്റു പല സിനിമകളിലെയും പോലെ ആണ്‍ പെണ്‍ നിർമിതികളിലെ ആശയ കുഴപ്പങ്ങൾ നീന എന്ന കഥാപാത്ര സൃഷ്ടിയിലും തെളിഞ്ഞു കാണാം. ചാന്തുപൊട്ടിലെ ‘പെണ്ണായി വളർത്തപ്പെടുന്ന’ രാധയെ ആണായി വളർത്തപ്പെടുന്ന നീനയായി തിരിച്ചിടുന്നു ഇവിടെ. വസ്ത്രധാരണവും ശരീര ഭാഷയും തന്നെയാണ് ഈ ആശയ കുഴപ്പങ്ങളെ സൂചിപ്പിക്കാൻ സംവിധായകൻ തിരഞ്ഞെടുത്തിട്ടുള്ളത്. എൽസമ്മ എന്നആണ്‍കുട്ടിയിലും ഈ നിർമിതിയെ പറ്റിയുള്ള ആശങ്കകൾ കാണാം. കഥാപാത്രങ്ങളുടെ സംവിധായകൻ അടയാളപ്പെടുത്തുന്ന പ്രശ്നങ്ങൾക്കുള്ള ഒരേയൊരു പരിഹാരം  വ്യവസ്ഥയിലേക്കുള്ള തിരിച്ചു പോക്ക് മാത്രമാണെന്ന് ഈ സിനിമകൾ  എപ്പൊഴും ഊട്ടിയുറപ്പിക്കുന്നുണ്ട്. ഭിന്നലിംഗക്കാർ ഒരിക്കലും ലാൽജോസ് സിനിമകളിൽ കടന്നു വരുന്നില്ല. മറിച്ചു വളർത്തുദോഷം എന്ന് സമൂഹം കല്പിക്കുന്ന ആളുകളിൽ ആ ദോഷം പല രീതിയിൽ അദ്ദേഹം അടിച്ചേൽപ്പിക്കുന്നു. കഥാവസാനം ആ ദോഷത്തെ മാറ്റി അവരെ സമൂഹ മധ്യത്തിലേക്ക് ഇറക്കി വിടുന്നു. 

നീനയുടെ മദ്യപാനാസക്തിയും ചടുല ചലനങ്ങളും പുതുമ ഉണ്ടാക്കുന്നുണ്ടെങ്കിലും എഴുപതുകളിൽ പുറത്തുവന്ന കെ ജി ജോർജ് ചിത്രം രാപ്പാടികളുടെ ഗാഥയിലെ വിധുബാലയുടെ ഗാഥയുടെ തുടർച്ചയാകുന്നു പലപ്പോഴും. ദീപ്തി സതി ശരീര ഭാഷ കൊണ്ട് നീനയായപ്പോഴും വികലമായ  ചുണ്ടനക്കം കൊണ്ട് പലപ്പോഴും അലോസരമുണ്ടാക്കുന്നു. വിനയ് പണിക്കർ എന്ന കഥാപാത്രത്തെ അറിഞ്ഞു തന്നെ അഭിനയിച്ചിരിക്കുന്നു വിജയ്‌ ബാബു. സാരികളും ചലനങ്ങളും  ആൻ എന്ന നടിയെ നമ്മുടെ സങ്കൽപ്പത്തിലെ കുല കന്യകയാക്കി മാറ്റിയിരിക്കുന്നു. ലാൽ ജോസ് എന്ന  ഇരുത്തം വന്ന സംവിധായകൻ വലിച്ചു നീട്ടാതെ കഥ പറയുന്നുമുണ്ട്. പക്ഷെ ലാൽജോസിന്റെ ആദ്യ സിനിമയായ ചന്ദ്രനുദിക്കുന്ന ദിക്കിലിന്റെ നഗര കാഴ്ചയായി മാറി കാഴ്ചയും സംവിധായകനും പിന്തിരിഞ്ഞു കുടുംബം എന്ന സുരക്ഷിത സ്ഥാനത്തേക്ക് തന്നെ എത്തുന്ന അനുഭവം തന്നെയാകുന്നു നീ-നയും. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(ഗവേഷകവിദ്യാര്‍ഥിയാണ് അപര്‍ണ)

നീ-നയെക്കുറിച്ച് അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച റിവ്യൂകള്‍ ഇവിടെ വായിക്കാം

നീ-ന; ഒരു ബാര്‍ നിരോധനകാല മണിച്ചിത്രത്താഴ്
നീ-നയും നീനയും; ഇത് വെറും കള്ളും പുകയുമല്ല

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍