UPDATES

സിനിമ

നീ-ന; ഒരു ബാര്‍ നിരോധനകാല മണിച്ചിത്രത്താഴ്

Avatar

സഫിയ ഓ സി

നീ-ന. ലാല്‍ ജോസിന്‍റെ പുതിയ പടം. ഈ അടുത്തകാലത്തിറങ്ങിയ ആട്ടിന്‍കുട്ടിയോ, വിക്രമാദിത്യനോ പോലെ ഒരു തട്ടുപൊളിപ്പന്‍ മെലോ ഡ്രാമയല്ല. ശരിക്കും പരീക്ഷണാത്മകം. അതേ നമ്മുടെ ബുദ്ധിജീവി സിനിമാക്കാര്‍ എന്ന് ആക്ഷേപിക്കപ്പെടുന്ന സംവിധായകര്‍ ഇടയ്ക്കിടെ പറയാറുള്ള അതേ പരീക്ഷണാത്മകം തന്നെ. പക്ഷേ ഇവിടെ സിനിമയിലല്ല എന്ന് മാത്രം. സിനിമയുടെ പേരിലാണ്. നീ-ന!

ഇതിലെ നീന എന്ന തലതിരിഞ്ഞ കഥാപാത്രം യഥാര്‍ഥത്തില്‍ നീന മാത്രമല്ല. അവള്‍ നളിനി കൂടിയാണ്. നളിനി എന്ന പേരിലെ ‘ള’ കളഞ്ഞു തലതിരിച്ചിട്ടാണ് നീന ഉണ്ടാക്കിയിരിക്കുന്നത്. അതായത് നളിനി തലത്തിരിഞ്ഞപ്പോള്‍ നീനയായെന്നര്‍ഥം. ഒപ്പം ‘ന’യ്ക്ക് ഒരു കമ്മലിട്ട പെണ്ണിന്റെ ചിത്രവും ‘നീ’യ്ക്ക് കമ്മലിടാത്ത പെണ്ണിന്റെ ചിത്രവും കൊടുത്തതോടെ അര്‍ത്ഥം സ്ഫുടം. (ചിഹ്നശാസ്ത്ര വായനക്കാര്‍ ജാഗ്രത!) അതേ ലാല്‍ ജോസിന്‍റെ പുതിയ പടം പതിവിലും വിപരീതമായി അര്‍ഥസമ്പുഷ്ടമാണ്.

എപ്പോഴും വോഡ്ക കഴിച്ചുകൊണ്ടിരിക്കുന്ന, ചുണ്ടില്‍ സദാ സിഗരറ്റ് എരിച്ചുകൊണ്ടിരിക്കുന്ന, റോയല്‍ എന്‍ഫീല്‍ഡില്‍ ചുറ്റി നടക്കുന്ന, ചേരിപ്പയ്യന്‍മാരുടെ കൂട്ടില്‍ ആനന്ദം കണ്ടെത്തുന്ന നീനയില്‍ നിന്ന് സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെ മഞ്ഞു പൊഴിയുന്ന സന്ധ്യയില്‍ കോഫി മോന്തുന്ന നീനയിലേക്കുള്ള രൂപാന്തരത്തിന്റെ കഥയാണ് ‘നീന’. അഥവാ പണ്ട് തമിഴത്തി നാഗവല്ലിയെ ഫാസില്‍ കുടുംബിനി ഗംഗയാക്കി മാറ്റിയത് പോലെ നീനയെ മര്യാദക്കാരി നളിനിയാക്കുകയാണ് ലാല്‍ ജോസ് ഇവിടെ. മനശാസ്ത്രജ്ഞനായ ഡോ. സണ്ണിക്ക് പകരം ഇവിടെ അഡ്വര്‍ടൈസിംഗ് കമ്പനി തലവന്‍ വിനയ് പണിക്കരാണ് കാര്‍മ്മികന്‍ എന്നു മാത്രം.

മുംബയില്‍ നിന്നു സ്വന്തം കൊച്ചു കൊച്ചിയിലേക്ക് എത്തിയതിന്റെ ആഹ്ലാദത്തിലാണ് വിനയ് പണിക്കര്‍. ഭാര്യയും മകനും അടങ്ങുന്ന കൊച്ചു കുടുംബത്തില്‍ സ്വാസ്ഥ്യവും ആനന്ദവും കണ്ടെത്തുന്ന കുടുംബ നാഥനാണ് അയാള്‍. അയാളുടെ ജീവിതത്തിന്റെ ഓളപ്പരപ്പിലേക്കാണ് സാമാന്യം വലിയ ഒരു കല്ലായി നീന വന്നു വീഴുന്നത്. അത് വലിയ ഓളങ്ങള്‍ തന്നെ അയാളുടെ മനസിനുള്ളില്‍ സൃഷ്ടിച്ചു. കുടുംബം വിറകൊണ്ടു. സാധാരണ മലയാള കുടുംബ ചിത്രങ്ങളിലേതുപോലെ റിക്ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തിയ കുലുക്കങ്ങളല്ല. ഒന്നും തട്ടി മറിഞ്ഞു വീഴാത്ത ചെറിയ പ്രകമ്പനങ്ങള്‍. ഒരു ശ്യാമപ്രസാദ് സ്റ്റൈല്‍. ഈ സിനിമയെ ആകര്‍ഷകമാക്കുന്ന ഏക ഘടകവും ബഹളമില്ലാത്ത കണ്ണീരിന്റെ കുത്തൊഴുക്കില്ലാത്ത ഈ പതിഞ്ഞ താളമാണ്.

നഗരത്തിലെ പെണ്ണ്/ഗ്രാമത്തിലെ പെണ്ണ് അല്ലെങ്കില്‍ ഭാര്യ/കാമുകി എന്ന ഇരട്ട കഥാപാത്രങ്ങള്‍ എം ടി തന്റെ ചിത്രങ്ങളിലൂടെ പല തവണ പയറ്റിയതാണ് (നീലത്താമര, സുകൃതം, തീര്‍ഥാടനം etc). എം ടിയെ സംബന്ധിച്ചിടത്തോളം അത് ആധുനികതയിലേക്കുള്ള സഞ്ചാരത്തിനിടയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സ്വാഭാവിക തുടര്‍ച്ചയായിരുന്നു. നാഗരികതയുടെ ഭോഗപരതയും പാരമ്പര്യത്തിന്റെ വിശുദ്ധിയും പോരടിച്ച് ആണ്‍മനസില്‍ സൃഷ്ടിച്ച ഭൂകമ്പങ്ങളാണ് ആ ചിത്രങ്ങള്‍. ഈ ആഗോളീകരണ കാലത്ത് അങ്ങനെയെന്തെങ്കിലും ഭൂകമ്പങ്ങള്‍ ആണ്‍മനസില്‍ നടക്കുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ തന്നെ നീനയിലെ നായകന്‍ വിനയ് പണിക്കരുടെ മനസില്‍ അത്തരം അസ്ക്യത എന്തെങ്കിലും ഉള്ളതായി സൂചനകളൊന്നുമില്ല. ഒരു ബുദ്ധിജീവിയായ പെണ്‍കുട്ടിക്ക് ‘കള്ളിന്റെ പുറത്ത്’ തന്നോട് തോന്നിയ അഭിനിവേശത്തില്‍ വന്നു വീഴുന്ന ഒരു പാവം നായകനാണ് അയാള്‍. ആഗോളവത്ക്കരണ കാലത്തെ ദുര്‍ബല പുരുഷന്‍. 

അപ്പോള്‍ സ്ത്രീയോ? അവിടെയാണ് ഈ ചിത്രം കുഴപ്പം സൃഷ്ടിക്കുന്നത്. അവള്‍ ഉത്തമ കുടുംബിനിയായി വരും. നളിനിയെപ്പോലെ. ചിലപ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ പരദൂഷകയായി വരും. നളിനിയുടെ കൂട്ടുകാരിയെപ്പോലെ. അല്ലെങ്കില്‍ ഭര്‍ത്താവ് നേര്യമംഗലത്തുകാരിയുടെ കൂടെ കിടന്നു എന്നറിഞ്ഞപ്പോള്‍ ചങ്കില്‍ പിച്ചാത്തി കുത്തിക്കയറ്റിയതുപോലെ തോന്നി എന്നു നിലവിളിച്ച വേലക്കാരിയായി വരും. അതുമല്ലെങ്കില്‍ നീനയെപ്പോലെ ‘ദിശാബോധ’മില്ലാത്തവളായും വരും. അപ്പോള്‍ സ്ത്രീക്ക് നല്കേണ്ട ചികിത്സയാണ് പ്രധാനം. ആ ചികിത്സയാണ് ലാല്‍ ജോസ് ചെയ്യുന്നത്. മനശാസ്ത്രത്തിന്റെ ആരും ഇതുവരെ കണ്ടിട്ടില്ലാത്ത വഴികളിലൂടെ ഡോ. സണ്ണിയെപ്പോലെ അലയുന്നതിന് പകരം മദ്യപാനിയായ നായികയെ ഒരു പുനര്‍ജീവിതമെന്ന ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ അടയ്ക്കുകയാണ് സംവിധായകന്‍. 

നീന ഏറ്റവും ദുര്‍ബലമാകുന്നത് അതിന്റെ രണ്ടാം പകുതിയിലാണ്. കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ ഒരു വര്‍ഷമായി കേരളം ചാനലുകളിലൂടെ അന്തിചര്‍ച്ചകളിലൂടെ കേട്ട് ചെടിച്ച മദ്യവര്‍ജ്ജന പ്രഭാഷണം വീണ്ടും കേള്‍ക്കേണ്ടി വരുന്നു എന്നത് തന്നെ. യഥാര്‍ഥത്തില്‍ നീന ആരുടെ കഥയാണ്? സൈദ്ധാന്തികമായി നോക്കുകയാണെങ്കില്‍ നീന-വിനയ്-നളിനി ത്രികോണ ബന്ധത്തിലൂടെ കുടുംബ ശൈഥില്യത്തിന്റെ കഥയോ? അതോ പോസ്റ്റ് ബാര്‍ നിരോധന കാലത്തെ കേരളത്തിന്റെ കഥയോ? എന്തായാലും ബാര്‍ നിരോധനത്തിന് ശേഷം ഇത്രയേറെ മദ്യം കുടിച്ചു വറ്റിക്കുന്ന (അതും ഒരു പെണ്‍കുട്ടി) ഒരു ചിത്രം എന്നതാണ് നീനയുടെ ചരിത്രപരമായ പ്രാധാന്യം. ആ അടയാളപ്പെടുത്തലിനെ അഭിനന്ദിക്കാതെ തരമില്ല. അതോടൊപ്പം ചില രാഷ്ട്രീയ വിയോജിപ്പുകളും കൂട്ടിച്ചേര്‍ക്കുന്നു. നീനയെ കുടിപ്പിച്ച് വഷളാക്കിയത് ചേരിയിലെ കറുത്തകുട്ടിക്കൂട്ടങ്ങളാണ് എന്ന ധ്വനിയിലുള്ള പ്രതിഷേധം. 

പിന്‍കുറിപ്പ്: ജൈവ പച്ചക്കറി കൃഷി പ്രചരിപ്പിച്ചതിന് ടാക്സ് ഒഴിവ് കൊടുത്ത ഹൌ ഓള്‍ഡ് ആര്‍ യു പോലെ മദ്യവര്‍ജ്ജനം മുഖ്യ മുദ്രാവാക്യമായ നീനയ്ക്കും അതിന് അവകാശമുണ്ട്. മദ്യ വിരുദ്ധ പോരാളിയും ചലച്ചിത്ര പ്രേമിയുമായ വി എം സുധീരന്‍ നീന എത്രയും പെട്ടെന്നു കാണുമെന്ന് വിചാരിക്കാം. അല്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ കെ പി സി സി ഓഫീസില്‍ ഒരു പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചാലും മതിയാകും.  

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍