UPDATES

നീര മാറ്റിവരയ്ക്കുമോ കേരളത്തിന്‍റെ മുഖഛായ?

Avatar

ആര്‍ ഹേലി

നീര ഉത്പ്പാദനം ഒരു പടുകൂറ്റന്‍ വ്യവസായമായി മാറുകയാണ്. അല്പം മൃദുവായി പറഞ്ഞാല്‍ ഒരു കറയറ്റ അഗ്രി ബിസിനസ്. ഇതിനുളള തയ്യാറെടുപ്പുകളെ കുറിച്ച്  നാം ഗൗരവതരമായി ചിന്തിച്ചു തുടങ്ങേണ്ട, കഠിനമായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആദ്യമായി ഇന്ത്യന്‍ ശീതളപാനീയവിപണിയിലേയ്ക്കുള്ള നീരയുടെ കടന്നുകയറ്റം വളരെ തീക്ഷ്ണമായ പഠനത്തിന് വിധേയമാക്കണം. കേന്ദ്ര നാളികേര ബോര്‍ഡിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ  ഇന്ത്യന്‍ നാളികേര ജേണലിന്റെ ജൂണ്‍ പതിപ്പിലെ ഒരു പരാമര്‍ശം മാത്രം മതി ഇതിന്റെ വ്യാപ്തി അറിയുവാന്‍. തമിഴ്‌നാടും കര്‍ണ്ണാടകവും കേരളത്തെ കടന്ന് ഈ രംഗത്ത് മുന്നേറുമെന്ന് മാത്രമല്ല നീര പ്രചരണരംഗത്ത് കേരളം നടത്തിയ തുടക്കം ശ്രദ്ധിക്കപ്പെടാതെ പോകും വിധമായിരിക്കും ആ മുന്നേറ്റം എന്നും കൂടി എഴുതിയിരിക്കുന്നു.

വളരെ ശ്രദ്ധാര്‍ഹമായ പരാമര്‍ശമായി ഇന്ത്യയും കേരളവും ഇതിനെ കാണണം.  ഈ വര്‍ഷം 32 കോടി രൂപ ‘നീരയുടെ വികസനത്തിന് ബഡ്ജറ്റില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്ന വിവരവും ജേണല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 362 ഫെഡറേഷനുകള്‍ക്ക് നീര ഉത്പാദിപ്പിക്കാന്‍ ഗവണ്‍മെന്റ് അനുമതി നല്കിയിട്ടുണ്ട്. ഓരോ ഫെഡറേഷനും 5000 തെങ്ങുകള്‍ വരെ ടാപ്പു ചെയ്യാനുളള അനുമതിയും ലഭ്യമാക്കിയിരിക്കുന്നു.

ഈ സാമ്പത്തികവര്‍ഷം അവസാനമാകുമ്പോള്‍ കേരളത്തില്‍ ദിവസവും 15 ലക്ഷത്തോളം തെങ്ങുകള്‍ ടാപ്പു ചെയ്യാന്‍ കഴിഞ്ഞേക്കും.  കാരണം 18 ലക്ഷത്തില്‍ പരം തെങ്ങുകളില്‍ നിന്ന് നീര സംഭരിക്കാന്‍ 362 ഫെഡറേഷനുകള്‍ക്ക് ഗവണ്‍മെന്റ് അനുമതി നല്‍കി കഴിഞ്ഞിരിക്കുന്നു.  അതിനാല്‍ ദിവസവും മുപ്പത് ലക്ഷം ലിറ്റര്‍ നീര ഉല്‍പ്പാദിപ്പിച്ചാല്‍ അതൊരു അത്ഭുതമാവില്ല. പക്ഷേ ഇതിന് വന്‍ പിന്തുണ ആവശ്യമാണ്.

ഈ പശ്ചാത്തലത്തിലാണ് തമിഴ്‌നാടിന്റെയും കര്‍ണ്ണാടകത്തിന്റെയും ഈ മേഖലയിലേക്കുള്ള അതിശക്തമായ കടന്നുവരവ് കേരളത്തെ പിന്നിലാക്കിയേക്കാമെന്ന വാര്‍ത്തകള്‍ നാളികേര ബോര്‍ഡിന്റെ ജേര്‍ണലില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തിലും ഇന്ത്യയിലും ആരോഗ്യ പാനീയരംഗത്ത് വരും വര്‍ഷങ്ങളില്‍ സംഭവിച്ചേക്കാവുന്ന അതിഗംഭീരമായ ഈ മാറ്റം വന്‍ പ്രതീക്ഷകളാണ് ജനിപ്പിക്കുന്നത്.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപം, അതി വിപുലമായ വിപണനസന്നാഹം, അതിശക്തമായ ഗവേഷണ പിന്തുണ, ആരോഗ്യ പാനീയമായതിനാല്‍ മായം ചേര്‍ക്കലില്‍ നിന്നുളള സുരക്ഷ, സമര്‍ത്ഥമായ പ്രചരണം ഇവയെല്ലാം കൂടി യോജിപ്പിക്കുകയാണ് അടിയന്തരാവശ്യം.

കേരളത്തില്‍ കര്‍ഷകരുടെ സംഘങ്ങള്‍ക്കാണ് നീര ചെത്താനും സംഭരിക്കാനും വില്‍ക്കാനും നീര അധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുമുളള ലൈസന്‍സ് നല്‍കിയിരിക്കുന്നത്. കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇത് വളരെ ഉപകരിക്കും.  വന്‍തോതില്‍ വായ്പാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഒരു കണ്‍സോര്‍ഷ്യം  തന്നെ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കാം.  കാരണം ഇത് ഒരു വന്‍ വ്യവസായമായി  മാറുകയാണല്ലോ!

അതോടൊപ്പം നീരയുടെയും നീര ഉത്പ്പന്നങ്ങളുടെയും  ബിസിനസ്സിലേക്ക് കടന്നുവരാന്‍ വന്‍ തോതില്‍ സംരംഭകരെ  ആവശ്യമുണ്ട്.  വ്യവസായ വകുപ്പിന്റെ നവസംരംഭകരെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിക്കാനുളള യത്‌നങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ റീട്ടെയില്‍ വിതരണ ശൃംഖല ഗ്രാമഗ്രാമാന്തരങ്ങളിലും ട്രെയിനുകളിലും വ്യാപാരകേന്ദ്രങ്ങളിലും ഇന്ത്യന്‍ നഗരങ്ങളിലും എത്തിക്കാനുളള പരിശ്രമങ്ങള്‍ നിര്‍വ്വഹിക്കേണ്ട ഏജന്‍സികളും  ഇനി രൂപമെടുക്കണം.

ഗോവയില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ നീരയുടെ പ്രചാരണത്തിന് വന്‍ തുടക്കമാണ് കുറിച്ചിരിക്കുന്നത്! നീരയ്ക്ക് ഗോവ നല്‍കിയിരിക്കുന്ന ഓമനപേര് ‘കല്പരസ’എന്നത്രെ! ഗോവയിലെ ശ്രീകൃഷ്ണ പ്ലാന്‍ടേഴ്‌സാണ് സി.പി.സി.ആര്‍.ഐ ടെക്‌നോളജി ഉപയോഗിച്ച് നീര ഉല്‍പാദിപ്പിച്ച് വിപണിയില്‍ ഇറക്കുന്നത്.  ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ ജനറലിന്റെ അഭിപ്രായത്തില്‍ ‘മികച്ച ആരോഗ്യപാനീയം മാത്രമല്ല അതുല്ല്യമായ ഒരു സ്പോര്‍ട്ട്സ് പാനീയം കൂടിയാണത്രെ കല്പരസം!

തേങ്ങ ഉത്പാദനത്തിന്റെ പത്തിരട്ടി ലാഭം നീര ഉത്പാദിപ്പിക്കുക വഴി കിട്ടുമെന്ന് സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.പി ചൗഡപ്പ തുറന്നു പറഞ്ഞു. ഗോവയിലെ സുപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍  തുറന്ന വിപണികളില്‍ ‘കല്പരസം’ വിളയാടാന്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം. സ്വകാര്യ വ്യവസായ വാണിജ്യ രംഗം ഈ സംഭവ വികാസങ്ങളെ അതീവ താല്പര്യത്തോടെ വീക്ഷിക്കുകയാണ്. ‘നീരയ്ക്ക് ഫ്രാഞ്ചൈസികളെ ആവശ്യപ്പെട്ടും മറ്റും പത്ര പരസ്യങ്ങള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും ശ്രദ്ധേയമാണ്.


പാം ഷുഗര്‍

തമിഴ്‌നാടും കര്‍ണ്ണാടകവും കൂടി വന്‍ തോതില്‍ നീര ഉത്പാദന വിപണനത്തിനും അനുബന്ധ വ്യവസായ വികസനത്തിനും ഒരുങ്ങിയാല്‍ അതു പൂര്‍ണ്ണമായി ഉള്‍ക്കൊളളാന്‍ ഇന്ത്യയ്ക്ക് കഴിയും. പക്ഷെ അതിനുളള തയ്യാറെടുപ്പുകള്‍ വളരെ വിപുലമായി നടത്തണം. ദിവസം രണ്ടു നേരം പാലു കറന്ന് സംഭരിച്ച്, പാലും വിവിധ ഉത്പന്നങ്ങളുമാക്കി വില്ക്കുന്ന ഒരു മഹാപ്രസ്ഥാനം ഇന്ത്യയില്‍ നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നു. സംഘടിതമായ പാല്‍ സംഭരണവും വിതരണവും ഉത്പന്നങ്ങള്‍ തയ്യാറാക്കലും സമാന്തരമായി സഹകരണ മേഖലയിലും സ്വകാര്യമേഖലയിലും പ്രശസ്തമാം വിധം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ കര്‍ഷക താല്പര്യങ്ങള്‍ പരിഗണിക്കാറുണ്ടെങ്കിലും ഒരു വന്‍ വാണിജ്യ വ്യവസായരംഗമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മാത്രമല്ല യൂറോപ്യന്‍ പാല്‍ വിപണി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുളള പരിശ്രമങ്ങള്‍ ശക്തമായി നടത്തുകയും പലപ്പോഴും വിജയിപ്പിക്കുകയും ചെയ്യുന്നുണ്ട്. നാട്ടിന്‍ പുറത്തെ പശു വളര്‍ത്തല്‍ രീതി തന്നെ കേരളത്തിലും ഇന്ത്യയിലും മാറി കഴിഞ്ഞിരിക്കുന്നു. പഴമയുടെ മഹിമ തെളിയിച്ചുകൊണ്ടുളള പശു വളര്‍ത്തല്‍ പ്രസ്ഥാനം ശക്തി പ്രാപിക്കുന്നതും വളരെ ശ്രദ്ധേയമായി പഠിക്കേണ്ടതാണ്.  അവയെ തളളിക്കളയാന്‍ കഴിയാത്ത വിധം വളര്‍ച്ച ദൃശ്യമായി തുടങ്ങിയിട്ടുണ്ട്.  ഈ രംഗത്തും നാടന്‍ വാണിജ്യ വ്യവസായ ശക്തികള്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.

നീരയുടെ സാന്നിദ്ധ്യം ദക്ഷിണ ഇന്ത്യയില്‍ വളരെ പ്രകടമായ ഒരു സാമ്പത്തിക ശക്തിയായി പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കേരകൃഷിയില്‍ അധിഷ്ഠിതമായ വാണിജ്യ വ്യവസായ മേഖല പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു. പശുവും എരുമയും ഇല്ലെങ്കില്‍ പാലില്ല എന്ന സത്യം ക്ഷീര മേഖലയ്ക്ക് എത്രത്തോളം പ്രധാനമാണോ, അത്രയ്ക്ക് സുപ്രധാനമാണ് നീര രംഗത്തെ കേരളസാന്നിദ്ധ്യവും.  ഒപ്പം നാളികേര കൃഷിയിലും പരിചരണത്തിലും  ഏര്‍പ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് ഉത്പ്പാദകരും കേരവൃക്ഷത്തെ പോലെ പ്രാധാന്യം അര്‍ഹിക്കുന്നു!

നീര ചെത്താന്‍ കഴിയുന്ന തെങ്ങുകളുടെ എണ്ണം അരക്കോടി കഴിയും.  ഇതില്‍ 25 ലക്ഷം തെങ്ങുകളെ ദിവസം നീര ഉത്പാദനത്തിന് വിധേയമാക്കിയാല്‍ തന്നെ 50 ലക്ഷം ലിറ്റര്‍ നീര ലഭിക്കും. പ്രതിവര്‍ഷം കുറഞ്ഞത് 150 കോടി ലിറ്റര്‍ നീര. ഇപ്രകാരം ശേഖരിച്ച് നീരയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി വിറ്റഴിച്ചാല്‍ കിട്ടുന്നത് ‘കച്ചവട കണക്കാണ്.  അതു കണക്കാക്കി കൊളളുക! എത്ര കുറഞ്ഞാലും 20000 കോടിയില്‍ കുറയില്ല!

ഇത്രയും ഉണ്ടാകുന്നത് വെറും അരക്കോടി തെങ്ങുകളെ ഉപയോഗിക്കുന്നത് കൊണ്ടു മാത്രം!  ഇനിയും കിടക്കുന്നു, നമുക്ക് 50 കോടിയോളം തെങ്ങുകള്‍!  മാത്രവുമല്ല  ലക്ഷക്കണക്കിനു തെങ്ങിന്‍ തൈകള്‍ വര്‍ഷം തോറും നടാം! വളര്‍ത്താം! വളര്‍ത്താം!

ഇത്രയും നീര സംഭരിച്ച് ആരോഗ്യപാനീയമായും പഞ്ചസാരയായും മറ്റും മാറ്റി ഇന്ത്യയിലെ ജന കോടികളുടെ പക്കല്‍ എത്തിക്കാന്‍ നമുക്ക് കഴിയുമോ?  ഇതാണ് യഥാര്‍ത്ഥ പ്രശ്‌നം.  കേരളം തമിഴകത്തിനും കര്‍ണ്ണാടകത്തിനും മുന്‍പില്‍ തോറ്റുപോകുമോ, എന്നല്ല നാം കാണേണ്ടത്.


നീര ചോക്ക്ലേറ്റ്

നീര ഉത്പാദനവും വിപണനവും ഇന്ത്യന്‍ കാര്‍ഷികമേഖല ഏറ്റെടുത്തിരിക്കുന്ന ഒരു വന്‍ വികസന വെല്ലുവിളിയായി നാം കാണണം, അവതരിപ്പിക്കണം. ഇത്രയുമൊക്കെ ആയിട്ടും കേരളസര്‍ക്കാരും നാളികേര വികസന ബോര്‍ഡും പ്രകടിപ്പിക്കുന്ന വന്‍ താല്പര്യവും, അതിസൂക്ഷമ നീക്കങ്ങളും അല്ലാതെ കേരള വികസനത്തെ കുറിച്ച് പഠിക്കാന്‍ നാം രൂപം നല്കിയിട്ടുളള സംസ്ഥാനത്തെ ഒട്ടനവധി ഏജന്‍സികള്‍ ഇതിനെക്കുറിച്ച് പഠിക്കാനോ ഒരഭിപ്രായം പറയാനോ മുന്‍പോട്ട് വന്ന് കാണുന്നില്ല. മാധ്യമങ്ങളുടെ കലവറയില്ലാത്ത പിന്തുണ ശക്തമായി  ഉയര്‍ന്നു നില്‍ക്കുന്നത് വന്‍ ഭാഗ്യം തന്നെ. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഒരു ലേഖനത്തിലൂടെ 2013 ല്‍ എഴുതിയത് ഇപ്രകാരമാണ് – സംസ്ഥാനത്തെ 10 ശതമാനം  തെങ്ങുകളില്‍ നിന്നു നീര ടാപ്പ് ചെയ്ത്, ലിറ്ററിന് 100 രൂപയ്ക്ക് വിറ്റാല്‍ സംസ്ഥാനത്തിന് കിട്ടുന്ന പ്രതിവര്‍ഷ വരുമാനം 14000 കോടി രൂപയാണ്.

2015 ആയപ്പോള്‍ തന്നെ കേരളം ഈ രംഗത്ത് വളരെ ശുഭോദര്‍ക്കമായ നേട്ടത്തിലേക്ക് വേഗം നീങ്ങുന്നു.  ഈ നീക്കത്തെ നവ വാണിജ്യ വ്യവസായ മേഖലയിലേക്ക് ആനയിക്കാന്‍ പ്ലാനിംഗ് ബോര്‍ഡും നേതൃത്വപരമായ വന്‍ ചുമതലകള്‍ ഏറ്റെടുക്കും എന്ന് പ്രത്യാശിക്കാം. പക്ഷെ ഇതു കൊണ്ടൊന്നും നീരയുടെ സാദ്ധ്യതകള്‍ പൂര്‍ണമാകുന്നില്ല.  അതിനുളള ദേശീയ, അന്തര്‍ദേശീയ സാധ്യതകള്‍ മനസ്സിലാക്കിയുളള പഠനങ്ങളും ചര്‍ച്ചകളും ഗവേഷണങ്ങളും ആവശ്യമായിട്ടുണ്ട്.

നാളികേര ഗവേഷണത്തിന്റേയും കേര കൃഷി വികസനത്തിന്റേയും രംഗത്തുളള കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ച സമീപനങ്ങള്‍ മാറ്റി, വിപണിയേയും ഉത്പാദകനേയും സമ്പദ് വ്യവസ്ഥയേയും നവചൈതന്യ മേഖലേയ്ക്ക് മാറ്റാന്‍ നമുക്ക് കഴിയണം.

നീര ഒരു മത്സരരംഗമല്ല, നീര യഥാര്‍ത്ഥത്തില്‍ പ്രകൃതി അനുഗ്രഹിച്ചു നല്കിയ അപൂര്‍വ്വമായ പുണ്യനിധിയാണ്. അതിലൂടെ വളരാനും ഐശ്വര്യം നേടാനും ഉപയോഗിക്കുന്നതില്‍ ഇന്ത്യയ്ക്ക് ഒട്ടാകെ ഒന്നിച്ചു യത്‌നിക്കാം.  ഒരു കാര്യം തീര്‍ച്ച 21-ാം നൂറ്റാണ്ട് കേരളം ഐശ്വര്യത്തിന്റെ പുത്തന്‍  ഇതിഹാസങ്ങള്‍ രചിക്കുന്ന കാലഘട്ടമായിരിക്കും.

(മുന്‍ കൃഷിവകുപ്പ് ഡയറക്ടറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍