UPDATES

Avatar

കാഴ്ചപ്പാട്

ബ്ലൂംബര്‍ഗ്

ന്യൂസ് അപ്ഡേറ്റ്സ്

നീരജ ഭാനോട്ട്: 360 വിമാനയാത്രക്കാരുടെ ജീവന്‍ രക്ഷിച്ച അസാമാന്യ ധീരതയുടെ കഥ

വന്ദിതാ കപൂര്‍

1985 സെപ്തംബര്‍ അഞ്ച് രാവിലെയാണ് മുംബയില്‍ നിന്ന് പറന്നുയര്‍ന്ന പാന്‍ ആം 73-ാം നമ്പര്‍ വിമാനം കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഒരു തടസ്സങ്ങളുമുണ്ടായിരുന്നില്ലെങ്കില്‍ അവിടെ നിന്നും ഫ്രാങ്ക്ഫുര്‍ട്ടിലേക്കും പിന്നീട് ന്യൂയോര്‍ക്കിലേക്കും പറക്കാനിരിക്കുകയായിരുന്നു ആ വിമാനം. നിലത്തിറങ്ങിയ വിമാനത്തിലെ യാത്രക്കാരായ ഇന്ത്യക്കാരും ജര്‍മ്മന്‍കാരും അമേരിക്കക്കാരും പാക്കിസ്ഥാനികളുമെല്ലാം അകത്തു തന്നെ ഇരിക്കുകയാണ്. പൊടുന്നനെയാണ് അത് സംഭവിച്ചത്. കറാച്ചിയിലെ മുഹമ്മദലി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ആ വിമാനം ഭീകരര്‍ റാഞ്ചി!

വിമാനത്താവള സുരക്ഷാ ഗാര്‍ഡുകളുടെ വേഷത്തില്‍ ആയുധ സന്നാഹങ്ങളുമായി ഇരച്ചെത്തിയ നാലു ഭീകരര്‍ യന്ത്രത്തോക്കില്‍ നിന്ന് വെടിയുതിര്‍ത്തു കൊണ്ട് വിമാനത്തിനകത്തേക്ക് അതിക്രമിച്ചു കയറി വിമാനത്തിന്റെ നിയന്ത്രണം പിടച്ചെടുക്കുകയായിരുന്നു. ഇവിടെ നിന്നാണ് നീരജാ ഭാനോട്ട് എന്ന ധീരയായ ഒരു ഫ്‌ളൈറ്റ് അറ്റന്റഡന്റിന്റെ കഥയുടെ തുടക്കം. അക്രമികളുടെ ഭീഷണി വകവയ്ക്കാതെ ധീരമായി വിമാനത്തിലെ യാത്രക്കാരെ രക്ഷപ്പെടാന്‍ സഹായിക്കുകയും മൂന്ന് കുട്ടികള്‍ക്കു നേരെ ഭീകരര്‍ തൊടുത്തുവിട്ട വെടിയുണ്ടകള്‍ ഏറ്റുവാങ്ങി ജീവത്യാഗം നടത്തുകയും ചെയ്ത ധീര വനിത. തന്റെ 23-ാം ജന്മദിനത്തിനു 25 മണിക്കൂര്‍ മാത്രം ശേഷിക്കെയായിരുന്നു നീരജയുടെ രക്തസാക്ഷിത്വം.

ഭീകരര്‍ വിമാനത്തിനകത്തു കയറിയ ഉടന്‍ തന്നെ നീരജയാണ് കോക്പിറ്റിലെ പൈലറ്റുമാരെ വിമാനവും യാത്രക്കാരും അപകടത്തിലായ വിവരം അറിയിച്ചയത്. ഇതറിഞ്ഞ പൈലറ്റുമാര്‍ കോക്പിറ്റിലെ കിളിവാതിലിലൂടെ പുറത്തേക്ക് ചാടി ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം രക്ഷപ്പെട്ടതോടെ യാത്രക്കാരുടേയും വിമാനത്തിന്റെയും ഉത്തരവാദിത്തം തൊട്ടടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥയായിരുന്ന നിരജയുടെ ചുമലിലായി. ഇതിനിടെ ഭീകരര്‍ എല്ലാ യാത്രക്കാരുടേയും പാസ്‌പോര്‍ട്ടുകള്‍ വാങ്ങി തങ്ങളെ ഏല്‍പ്പിക്കാന്‍ വിമാനത്തിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭീകരരുടെ ലക്ഷ്യം അമേരിക്കന്‍ പൗരന്മാരാണെന്ന് മനസ്സിലാക്കിയ നീരജ പരമാവധി അവരുടെ പാസ്‌പോര്‍ട്ടുകള്‍ പൂഴ്ത്തിയും മറ്റും അവരെ രക്ഷിക്കാന്‍ ശ്രമിച്ചു. മൊത്തം 41 അമേരിക്കക്കാരില്‍ രണ്ടു പേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്.

യാത്രക്കാരേയും വിമാന ജീവനക്കാരേയും നീണ്ട 17 മണിക്കൂര്‍ ബന്ധിയാക്കി വച്ച ഭീകരര്‍ ഒടുവില്‍ നിരത്തി വെടിവെപ്പ് തുടങ്ങി. ഇതോടെ വിമാനത്തിനകത്തു നിന്നും ചാടി ഓടാന്‍ ശ്രമിച്ച യാത്രക്കാരെ എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ സഹായിക്കുന്ന തിരക്കിയാലിരുന്നു നീരജ. വിമാനത്തില്‍ നിന്നും ആദ്യ രക്ഷപ്പെട്ടോടാനുള്ള അവസരവും നീരജക്കുണ്ടായിരുന്നു. ഇതിനിടെ വെടിവയ്പ്പില്‍ നിന്നും മൂന്ന് കുട്ടികള്‍ക്ക് രക്ഷാ കവചമൊരുക്കി മറഞ്ഞു നില്‍ക്കുകയായിരുന്ന നീരജയ്ക്കു നേരേയും ഭീകരര്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.

ജീവിതത്തേയും മരണത്തേയും ധീരതയോടെ നീരജ അഭിമുഖീകരിച്ചതു പോലുള്ള കടുത്ത സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ അധികപേര്‍ക്കും താങ്ങാന്‍ കഴിയില്ലെന്നതാണ് വസ്തുത. ആ ഭീകരത തളംകെട്ടി നിന്ന മണിക്കൂറുകളില്‍ നീരജ എന്താണ് ചിന്തിച്ചിരുന്നതെന്നോ എന്തായിരുന്നു അവരുടെ വികാരമെന്നോ നമുക്ക് ഒരിക്കലുമറിയില്ല. അസാമാന്യ ധൈര്യത്തോടെയും മനസ്സാന്നിധ്യത്തോടെയും തികഞ്ഞ മാന്യതയോടെയും ഭീകരരുടെ നീക്കങ്ങളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായി എന്നു മാത്രം നമുക്ക് അറിയാം. ആ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമടക്കം 380 പേരില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.

മറ്റുള്ളവര്‍ക്ക് പരിക്കേറ്റിരുന്നെങ്കിലും അവര്‍ മരണ വക്കില്‍ നിന്ന് രക്ഷപ്പെട്ടത് ഭീരുവാകുന്നതിനു പകരം ജീവന്‍ പണയപ്പെടുത്തി അവസാന നിമിഷം വരെ മറ്റുള്ളവരോട് കരുണ കാണിക്കാന്‍ തയ്യാറായ 22-കാരിയായ ഒരു വിമാന ജീവനക്കാരിയുടെ ഇടപെടലിലൂടെയായിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന ഒരേ ഒരു മകളെ നഷ്ടപ്പെട്ട നീരജയുടെ കുടുംബത്തിനു ഈ ദുരന്തം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ‘രണ്ടു ആണ്‍മക്കള്‍ക്കു ശേഷം ഏറെ കാലത്തെ പ്രാര്‍ത്ഥനയ്ക്ക് ലഭിച്ച ഉത്തരമായിരുന്നു നീരജ,’ സഹോദരന്‍ അനീഷ് ഓര്‍ത്തെടുക്കുന്നു. 1962 സെപ്തംബര്‍ ഏഴിന് അവള്‍ ജനിച്ച ദിവസം അച്ഛനുണ്ടായ സന്തോഷത്തെക്കുറിച്ചു അനീഷിന് പറയാന്‍ ഏറെയുണ്ട്.

ഒരിക്കലും നികത്താനാന്‍ കഴിയാത്ത നഷ്ടമുണ്ടായെങ്കിലും ദുഃഖത്തിന്റെ നാളുകളില്‍ പിടിച്ചു നില്‍ക്കാന്‍ അവളുടെ അമ്മ രമയ്ക്കും അച്ഛന്‍ ഹരീഷ് ഭാനോട്ടിനും കഴിഞ്ഞു. മാത്രവുമല്ല നീരജയുടെ ധീരമായ ഓര്‍മ്മകളെ ജ്വലിപ്പിച്ചു നിര്‍ത്താന്‍ അനുയോജ്യമായ ഒരു കാര്യവും അവര്‍ ചെയ്തു. നഷ്ടപരിഹാരമായി ലഭിച്ച വലിയ ഇന്‍ഷുറന്‍സ് തുകയും പാന്‍ ആം നല്‍കിയ തുല്യമായ സംഖ്യയും ഒരുമിച്ചു കൂട്ടി അവര്‍ നീരജ ഭാനോട്ട് പാന്‍ ആം ട്രസ്റ്റിനു രൂപം നല്‍കി. സാമൂഹി അനീതിയോട് പൊരുതുകയും അത് തരണം ചെയ്യുകയും സമാന സാഹചര്യങ്ങളില്‍ കുടുങ്ങിപ്പോയ സ്ത്രീകള്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ വനിതക്കും തൊഴിലിലുപരിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഒരു വിമാന ജീവനക്കാരിക്കും നീരജയുടെ സ്മരണാര്‍ത്ഥമുള്ള ഒന്നര ലക്ഷം രൂപയുടെ രണ്ട് അവാര്‍ഡുകള്‍ ഈ ട്രസ്റ്റ് ഓരോ വര്‍ഷവും നല്‍കി വരുന്നു. നീരജയുടെ ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കാന്‍ ഇതിലും മികച്ച മറ്റൊന്നുമില്ല.

ഭീകരര്‍ റാഞ്ചിയ വിമാനത്തിനുള്ളില്‍ നീരജ കാണിച്ച അസാമാന്യ ധീരതയ്ക്ക് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയായ അശോക ചക്ര നല്‍കി മരണാനന്തരം രാജ്യം ഈ യുവതിയെ ആദരിച്ചു. ഭീകരരുടെ ഭീഷണി വകവയ്ക്കാതെ സഹജീവികളോട് കാണിച്ച കാരുണ്യത്തിനുള്ള ബഹുമതിയായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നീരജയെ തംഗയെ ഇഹ്‌സാനിയത്ത് പുരസ്‌കാരവും മരണാനന്തരമായി നല്‍കി. കൂടാതെ യു എസ് സര്‍ക്കാരിന്റെ പല മരണാനന്തര ബഹുമതികളും ഈ യുവതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്ക്

http://www.thebetterindia.com

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍