UPDATES

ട്രെന്‍ഡിങ്ങ്

മക്കളെ മോര്‍ച്ചറിയില്‍ പോയി കാണേണ്ടി വരും; രക്ഷിതാക്കള്‍ക്ക് നെഹ്‌റു കോളേജ് ചെയര്‍മാന്റെ ഭീഷണി

കേസ് ഒതുക്കി തീര്‍ക്കാന്‍ പണവും സ്വാധീനവുമുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞതായും രക്ഷിതാക്കളുടെ പരാതി

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കോളേജിനെതിരേ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ഭീഷണി. മക്കളെ മോര്‍ച്ചറിയില്‍ കാണേണ്ടി വരുമെന്നു തങ്ങളെ കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയതായി രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളുമാണ് പരാതിപ്പെട്ടിരിക്കുന്നത്. കോളേജിനെതിരേയുള്ള സമരത്തിനു നേതൃത്വം നല്‍കിയ നാലു വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെയാണു ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയത്. മക്കളെ മോര്‍ച്ചറിയില്‍ കാണേണ്ടി വരുമെന്നും കേസ് ഒതുക്കി തീര്‍ക്കാന്‍ തനിക്ക് പണവും സ്വാധീനവുമുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞതായി രക്ഷിതാക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി.

നാലു കുട്ടികളുടെ രക്ഷിതാക്കളെ പ്രത്യേകം കോളേജില്‍ വിളിച്ചുവരുത്തി നടത്തിയ സംസാരത്തിനിടയിലായിരുന്നു ചെയര്‍മാന്റെ ഭീഷണി.

ജിഷ്ണു പരീക്ഷയ്ക്ക് കോപ്പിയടിച്ചതായുള്ള ആരോപണത്തിലും ചെയര്‍മാന്‍ കൃഷ്ണദാസ് ഉറച്ചു നില്‍ക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാള്‍ ജിഷ്ണുവിനെ വിളിച്ച് ഉപദേശിച്ചിരുന്നുവെന്നും അവിടെ നിന്നും ജിഷ്ണു സന്തോഷത്തോടെയാണു തിരിച്ചു പോയതെന്നും കൃഷ്ണദാസ് ആവര്‍ത്തിച്ചു. ജിഷ്ണു ആത്മഹത്യ ചെയ്യുക തന്നെയായിരുന്നുവെന്നും ചെയര്‍മാന്‍ ഉറപ്പിക്കുന്നു.

അതേസമയം കോളേജിനെതിരേയുള്ള സമരങ്ങള്‍ അവസാനിപ്പിക്കുന്നതിനും കോളേജ് തുറന്നു പ്രവര്‍ത്തിക്കുന്നതിനുമായി ഈ മാസം 13 ന് ഒറ്റപ്പാലം ഗസ്റ്റ് ഹൗസില്‍വച്ച് ഒരു യോഗം ചേരുമെന്നും ചെയര്‍മാന്‍ രേഖാമൂലം ഉറപ്പു നല്‍കിയിട്ടുണ്ട്.

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പാമ്പാടി നെഹ്‌റു കോളേജിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍