UPDATES

ട്രെന്‍ഡിങ്ങ്

ഒപ്പം നില്‍ക്കാമോ, എങ്കില്‍ ഈ വിദ്യാര്‍ത്ഥികള്‍ പറയും ജിഷ്ണുവിന്റെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡറിനെക്കുറിച്ച്, കോളേജിലെ നരകയാതനകളെക്കുറിച്ച്

നെഹ്‌റു കോളേജില്‍ നടക്കുന്ന നരകപീഢകള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ വിരലില്‍ എണ്ണാവുന്ന കുട്ടികള്‍ മാത്രമെ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തി തുറന്നു പറച്ചിലുകള്‍ക്കു തയ്യാറാകുന്നുള്ളു

‘ഞാന്‍ നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്. രണ്ടു ദിവസം മുമ്പ് ഇന്റര്‍വെല്‍ സമയത്ത് ഞാനെന്റെ ആണ്‍ സുഹൃത്തുമൊത്ത് സംസാരിച്ചു നില്‍ക്കുമ്പോള്‍ ഞങ്ങളുടെ മാഡം വന്ന് എന്നെ പിടിച്ചുവലിച്ചു കൊണ്ടു പോയി മുഖത്തടിച്ചു. സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി പിന്നെയും അടിച്ചു. സ്റ്റാഫ് റൂമിലുള്ള ഒരാള്‍ പോലും അനങ്ങിയില്ല. നാലു മണിക്ക് കോളേജ് വിടുമെങ്കിലും എന്നെ പുറത്തുവിടാതെ അഞ്ചു മണിവരെ കോളേജില്‍ തടഞ്ഞുവച്ചു. അതിനുശേഷം പ്രിന്‍സിപ്പലിന്റെ മുറിയില്‍ കൊണ്ടുപോയി. പ്രിന്‍സിപ്പലിനോട് മാഡം തന്നെ ഒരു കഥ ഉണ്ടാക്കി പറയുകയായിരുന്നു. ആണ്‍കുട്ടി എന്റെ ഷോള്‍ വലിച്ചൂരുന്നതുകൊണ്ട് എന്നെ പിടിച്ചുകൊണ്ടു പോരുകയായിരുന്നുവെന്നും മറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണു മാഡം പറഞ്ഞത്. ഇതു കേട്ടശേഷം പ്രിന്‍സിപ്പല്‍ പറഞ്ഞത് കൈയില്‍ പിടിച്ചു വലിക്കുകയല്ല, അവളുടെ മുഖത്ത് ഒന്നു കൊടുക്കുകയായിരുന്നു വേണ്ടതെന്നായിരുന്നു. ഈ കാര്യങ്ങള്‍ വേറൊരു ടീച്ചറോടു പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി, അവന്‍ നിന്നെ ചതിച്ചിട്ടു പോകുമ്പോള്‍ മോങ്ങിക്കൊണ്ട് വരരുത് എന്നാണ്. വീട്ടിലെത്തിശേഷം നടന്ന കാര്യങ്ങള്‍ ഞാന്‍ അമ്മയോടു പറഞ്ഞു. അമ്മ ടീച്ചറെ വിളിച്ചു ചോദിച്ചു. അന്നു രാത്രി തന്നെ ടീച്ചര്‍ എന്നെ ഫോണ്‍ ചെയ്തു. നീ എന്തിനാണ് അമ്മയോട് പറയാന്‍ പോയത്. നമ്മള്‍ ഈ കാര്യം സോള്‍വ് ചെയ്തതല്ലേ എന്നു ചോദിച്ചു ഫോണ്‍ കട്ട് ചെയ്തു. ഞാനിതൊക്കെ പുറത്തു പറഞ്ഞാല്‍ എന്തൊക്കെ പ്രശ്‌നം നേരിടേണ്ടി വരുമെന്ന് അറിയില്ല. പക്ഷേ ഞാന്‍ പറയാന്‍ തയ്യാറാവുന്നത് എന്റെ സുഹൃത്ത് ജിഷ്ണുവിനു വേണ്ടിയാണ്. നെഹ്‌റു കോളേജില്‍ പഠിക്കുന്ന ഓരോ കൂട്ടുകാര്‍ക്കും വേണ്ടിയാണ്. ഇനിയും അവിടെ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകരുത്. എല്ലാത്തിനും ഒരു അന്ത്യം വേണം.’

‘പി കെ ദാസ് മെഡിക്കല്‍ കോളേജ് അറവുശാലയാണോ? മറ്റ് മെഡിക്കല്‍ കോളേജുകളില്‍ 200 രൂപയ്ക്കു വില്‍ക്കുന്ന ഡിസഷന്‍ കിറ്റ് ഇവിടെ വില്‍ക്കുന്നത് 2000 രൂപയ്ക്കാണ്. ഇതു വാങ്ങാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നു ലെക്ചര്‍ ഹാളില്‍ ഒരു ദിവസം മുഴുവന്‍ ഭക്ഷണവും വെള്ളവും നല്‍കാതെ പിആര്‍ഒയും മാനേജ്‌മെന്റും കൂടി ചേര്‍ന്ന് അടച്ചിട്ടു. ഇതു നടന്നത് കേരളത്തിലാണ്. ഭാവിയില്‍ സമൂഹത്തിനുവേണ്ടി സേവനം ചെയ്യേണ്ട ഒരു ഡോക്ടറിനാണ് ഇത് സംഭവിച്ചത്. ഇതാണ് പികെ ദാസ് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കുട്ടികളുടെ വിധി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമ നമസകാരത്തിനു പോകാന്‍ പോലും അനുവാദമില്ല. ഇറങ്ങി പോകുന്നവര്‍ക്കു പോകാം, പക്ഷേ തിരിച്ചു കയറില്ല എന്നാണു ഭീഷണി. ഇതിനെതിരേ പ്രതികരിച്ചാല്‍ ചോരതുപ്പാതെ ഒരുത്തനും പുറത്തുപോകില്ല എന്നാണു പിആര്‍ഒയുടെ ഭീഷണി. ഇതൊക്കെ ഇപ്പോഴെങ്കിലും തുറന്നു പറയണമെന്നു തോന്നി.’

നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ കീഴിലുള്ള രണ്ടു കോളേജിലെ വിദ്യാര്‍ത്ഥികള്‍ അയച്ചു തന്ന ഓഡിയോ ക്ലിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. രണ്ടുപേര്‍ക്കല്ല, ഇവിടെ പഠിക്കുന്ന ഓരോ കുട്ടിക്കും കാണും ഇതുപോലെ ഓരോ അനുഭവങ്ങള്‍ പറയാന്‍. ഓര്‍ക്കണം, മനസും ശരീരവും തകര്‍ക്കുന്ന പീഢനങ്ങള്‍ അവര്‍ നേരിടുന്നത് സ്വന്തം വിദ്യാലയത്തില്‍ നിന്നാണ്. അതും ലക്ഷങ്ങള്‍ ഫീസ് നല്‍കി പഠിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന്. പലതും തുറന്നു പറയാന്‍ അവര്‍ പേടിക്കുന്നു; ഭാവിയോര്‍ത്ത്. സഹിച്ച് സഹിച്ച് ഒടുവില്‍ അവര്‍ കൈ ഞരമ്പു മുറിച്ചോ, വിഷം കഴിച്ചോ, കയറില്‍ തൂങ്ങിയോ, കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയോ എല്ലാ വിഷമങ്ങളും സ്വയം അവസാനിപ്പിക്കുന്നു. രോഹിത് വെമുലയും ജിഷ്ണുവുമൊക്കെ ഇങ്ങനെ സ്വയം തോറ്റുപോയവരാണ്. ആ തോല്‍വി സമൂഹത്തിന്റേതുകൂടിയാണെന്നുള്ള തിരിച്ചറിവ് ഇവിടെ ഉണ്ടാകാതിരിക്കുവോളം ഒന്നും അവസാനിക്കുന്നില്ല.

സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ത്ഥി പീഢനകഥകള്‍ ഇത്തരം വിദ്യാഭ്യസസ്ഥാപനങ്ങള്‍ ഉണ്ടായ കാലം മുതല്‍ കേള്‍ക്കുന്നതാണ്. എത്രയോ കുട്ടികള്‍ ജീവിതം സ്വയം ഇല്ലാതാക്കി. വലിയൊരു ഭാവി സ്വപ്‌നം കണ്ടു പഠിക്കാനെത്തിയവരായിരുന്നു അവരെന്നതും ഓര്‍ക്കണം.
ഡോക്ടറും എഞ്ചിനീയറുമൊക്കെയായി പുറത്തുവരണം എന്ന ചിന്തയില്‍ മാത്രം കുട്ടികളെ ചോദിക്കുന്ന പണം കൊടുത്ത് സ്വാശ്രയ കോളേജുകളില്‍ ചേര്‍ത്തു പഠിപ്പിക്കുന്ന മാതാപിതാക്കള്‍ക്കുള്ള ഒരു വലിയ പാഠം കൂടിയണ് ജിഷ്ണു എന്ന പതിനെട്ടുകാരന്റെ മരണം. നമ്മുടെ കുട്ടികള്‍ ഉത്പന്നങ്ങളല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫാക്ടറികളും. ചിന്തയും വിവേകവുമുള്ള പൗരനെയാണ് സമൂഹത്തിനുവേണ്ടത്. മെഷീനുകളായ ഡോക്ടറേയോ എഞ്ചീനിയറെയോ അല്ല. സ്വാതന്ത്ര്യബോധവും പ്രതികരണശേഷിയും ഊറ്റിയെടുത്ത വെറും ചണ്ടികളാക്കി മാറ്റപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും സമൂഹം കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍?

നെഹ്‌റു കോളേജില്‍ നടക്കുന്ന നരകപീഢകള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ വിരലില്‍ എണ്ണാവുന്ന കുട്ടികള്‍ മാത്രമെ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തി തുറന്നു പറച്ചിലുകള്‍ക്കു തയ്യാറാകുന്നുള്ളു. ബാക്കിയുള്ള കുട്ടികള്‍ ഭയന്നു മാറുകയാണ്. അവരെ കുറ്റപ്പെടുത്തരുത്. അവരെ അങ്ങനെയാക്കി തീര്‍ത്തതാണ്. സമൂഹത്തോടും മാധ്യമങ്ങളോടും പറയാന്‍ അവര്‍ക്കു പേടി കാണും. സ്വന്തം മാതാപിതക്കളോടോ? ജിഷ്ണുവിന്റെ മരണം നടന്നശേഷമുള്ള സാഹചര്യത്തില്‍ എത്ര കുട്ടികള്‍ അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങള്‍ മാതാപിതാക്കളോടു പങ്കുവച്ചിട്ടുണ്ട്? അല്ലെങ്കില്‍ എത്ര മാതാപിതാക്കള്‍ അവരുടെ കുഞ്ഞുങ്ങളോട് ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നു തിരക്കിയിട്ടുണ്ട്? നെഹ്‌റു കോളേജിലെ മാത്രമല്ല, കേരളത്തിലും പുറത്തുമൊക്കെയായി സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയുടെയും കാര്യമാണ്. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷനിലെ കോളേജുകളില്‍ പഠിക്കുന്ന കുട്ടികള്‍ പുറത്തു പറയുന്ന കാര്യങ്ങള്‍ കേട്ടിട്ടും ഒരു അച്ഛനും അമ്മയ്ക്കും കുലുക്കമില്ലെങ്കില്‍, ഒന്നുറപ്പിക്കാം; ജിഷ്ണുമാര്‍ അവസാനിക്കുന്നില്ല.

പി കെ ദാസ് മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥി വാട്‌സ് ആപ്പിലൂടെ പങ്കുവച്ചതാണ്- ഹോസ്പിറ്റലില്‍ പരിശോധന നടക്കുമ്പോള്‍ നെഹ്‌റു കോളേജിലെ കുട്ടികളേയും ഫാക്കല്‍റ്റിയേയും കൊണ്ടുപോയി ഐസിയുവിലും വാര്‍ഡുകളിലുമെല്ലാം കിടത്തും. ആളെ തികയ്ക്കാന്‍. കുട്ടികള്‍ക്കു ബിരിയാണിയും ഫാക്കല്‍റ്റികള്‍ക്കു ബോണസും നല്‍കിയാണ് ഈ പ്രവര്‍ത്തി നടത്തുന്നത്. കോളേജിലെ എന്‍എസ്എസ് വോളന്റിയര്‍മാരായ കുട്ടികളെയാണ് ഈ വിധത്തില്‍ കൂടുതലും ഉപയോഗിക്കുന്നത്.

മറ്റൊരു വിദ്യാര്‍ത്ഥി പറയുന്നത് തൊട്ടതിനും പിടിച്ചതിനുമൊക്കെ ഈടാക്കുന്ന ഫൈന്‍ സിസ്റ്റത്തെ കുറിച്ചാണ്. ഒരു ദിവസം ക്ലാസില്‍ ചെന്നില്ലെങ്കില്‍ 100 രൂപ ഫൈന്‍. ഈ ഫൈന്‍ അടച്ചില്ലങ്കില്‍ പരീക്ഷ എഴുതാന്‍ പോലും കഴിഞ്ഞില്ലെന്നു വരും. ഫൈന്‍, ഫീസ് എന്നിവയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ച്ചയും കാണിക്കില്ലെന്നും ഈ വിദ്യാര്‍ത്ഥി പറയുന്നു.

ഇനിയുമുണ്ട് ഇതുപോലുള്ള കഥകള്‍. തടവറകളെ നാാണിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച്. പക്ഷേ അതൊക്കെ തുറന്നു പറയാന്‍ ഒരു വിദ്യാര്‍ത്ഥി തയ്യാറാണെങ്കില്‍ അവനോ അവള്‍ക്കോ സമൂഹവും ഭരണകൂടവും ഉറപ്പു നല്‍കണം- നിങ്ങളുടെ തുടര്‍ വിദ്യാഭാസമോ ഭാവിയോ തകര്‍ക്കുന്ന ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ലെന്ന്.

ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്നു തെളിയിക്കാന്‍ അന്ന് ആ പരിക്ഷഹാളില്‍ ഉണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികളുടെ മൊഴി മാത്രം മതി. പൊലീസിനോടോ സര്‍വകലാശാല അധികൃതരോടോ അവരില്‍ എത്രപേര്‍ സംസാരിക്കാന്‍ തയ്യാറായെന്ന് അറിയില്ല. കുട്ടികളോട് സംസാരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചോ എന്നും അറിയില്ല. ഈ കുട്ടികള്‍ക്കു കോളേജ് അധികാരികളുടെ ഭാഗത്തു നിന്നും ഭീഷണി ഉണ്ടായിട്ടുണ്ടോയെന്നതും വ്യക്തമല്ല. പക്ഷെ ഒപ്പം നിന്നാല്‍ ആ കുട്ടികള്‍ പറയും ഒരു ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകത്തിന്റെ കാരണങ്ങള്‍.
പേരുവെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് അന്ന് ആ ക്ലാസില്‍ ഉണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിനി അയച്ച വാട്‌സ് ആപ്പ് സന്ദേശം ഇങ്ങനെയാണ്; ജിഷ്ണു കോപ്പിയടിച്ചിട്ടില്ല. പരീക്ഷയ്ക്ക് ജിഷ്ണു ഇരുന്നത് രണ്ടാമത്തെ സീറ്റിലാണ്. അവന്റെ സുഹൃത്ത് ഒന്നാമത്തെ സീറ്റിലും. അവര്‍ തമ്മില്‍ ഐ കോണ്‍ടാക്റ്റ് നടത്തി. പ്രവീണ്‍ സാര്‍ അവരുടെ ഉത്തര കടലാസ് പിടിച്ചെടുത്ത് എന്തൊക്കെയോ പറഞ്ഞു. പിന്നെ ഉത്തരകടലാസു മുഴുവന്‍ വെട്ടിക്കളയാന്‍ സാര്‍ ജിഷ്ണുവിനോടു പറഞ്ഞു. അതു കഴിഞ്ഞ് ഒരു ഫാക്കല്‍റ്റി അങ്ങോട്ടു വന്നു. വൈസ് പ്രിന്‍സിപ്പലും വന്നു. ജിഷ്ണുവിനോടും സുഹൃത്തിനോടും മാപ്പ് അപേക്ഷ എഴുതാന്‍ പറഞ്ഞു. പിന്നെ ഞാന്‍ ജിഷ്ണുവിനെ കണ്ടിട്ടില്ല.

ജിഷ്ണുവിന്റെ കൈയില്‍ നിന്നും കോപ്പി അടിക്കാനുള്ള തുണ്ടു കടലാസുകള്‍ പിടികൂടിയിരുന്നൂവെന്നാണ് ബന്ധുക്കളോട് മാനേജ്‌മെന്റ് ആദ്യം പറഞ്ഞത്. പിന്നീടതു തിരുത്തി മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ നോക്കിയെഴുതിയതാണു ചോദ്യം ചെയ്തതെന്നു പറഞ്ഞു. അന്നു ക്ലാസില്‍ ഉണ്ടായിരുന്ന കുട്ടികളുടെ വെളിപ്പെടുത്തലും ഇന്നു പരീക്ഷ കണ്‍ട്രോളര്‍ ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോര്‍ട്ടുകളൊന്നും കിട്ടിയിട്ടില്ലെന്നു പറഞ്ഞതും ചേര്‍ത്തു വായിച്ചാല്‍ മതി കാര്യങ്ങള്‍ വ്യക്തമാകാന്‍.

കോപ്പിയടിച്ചതു പിടികൂടിയപ്പോള്‍ മുറിയില്‍ വിളിച്ചുവരുത്തി ഇനിയിങ്ങനെ ആവര്‍ത്തിക്കരുതെന്ന് ഉപദേശം നല്‍കി പറഞ്ഞു വിടുക മാത്രമായിരുന്നുവെന്നാണ് എഎസ് വരദരാജന്‍ മാധ്യമങ്ങളോടു പറഞ്ഞത്. പക്ഷേ അന്നാ കോളേജില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ മറുചോദ്യം ഇതാണ്- രണ്ടു വരിയില്‍ നില്‍ക്കുന്ന ഉപദേശം നല്‍കാന്‍ രണ്ടു മണിക്കൂറോളം ഒരു മുറിയില്‍ അടച്ചിടണോ? ഇതേ പ്രിന്‍സിപ്പല്‍ തന്നെ പറഞ്ഞ ഡയലോഗും വിദ്യാര്‍ത്ഥികള്‍ മറന്നിട്ടില്ല- ഇവിടെ കൈയൂക്കുള്ളവനാണ് കാര്യക്കാരന്‍!

ആരാണ്  കോളേജില്‍ കൈയൂക്കുള്ളവര്‍ എന്നത് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. മുന്‍ മന്ത്രി കെ പി വിശ്വനാഥന്റെ മകന്‍ സഞ്ജിത്ത് എന്ന പിആര്‍ഒ യ്ക്ക് കോളേജ് പ്രിന്‍സിപ്പലിനെക്കാള്‍ അധികാരം ഉണ്ടെങ്കില്‍ ആ വിദ്യാഭ്യാസസ്ഥാപനം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്ന് ആലോചിക്കുക.

പുറത്തു വരുന്ന വാര്‍ത്തകളില്‍ പറയുന്നതുപോലെ പാമ്പാടി നെഹ്‌റു കോളേജില്‍ പ്രത്യേകമായ ഇടിമുറിയൊന്നും ഇല്ല. പക്ഷേ പിആര്‍ഒ യ്ക്ക് സ്വന്തമായൊരു മുറിയുണ്ട്– മറ്റൊരു വിദ്യാര്‍ത്ഥിയുടെ തമാശയാണ്. കാര്യങ്ങളെല്ലാം അതിലുണ്ട്.

കോപ്പിയടിച്ചത് വലിയ അപരാധമായി കണുന്ന, വിദ്യാര്‍ത്ഥികള്‍ സദാചാര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്ന് ഉറപ്പാക്കുന്ന, ചെറിയ പിഴവുകള്‍ക്കുപോലും ശിക്ഷ വിധിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് നെഹ്‌റു കോളജ് എങ്കില്‍ ഈ നിയമങ്ങളും നിര്‍ദേശങ്ങളുമെല്ലാം തങ്ങള്‍ക്കു മാത്രം ബാധകമുള്ളോ എന്നാണു വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്.

പതിനാറാം വയസില്‍ അധ്യാപകനായവനാടാ ഞാന്‍ എന്നാണ് ഞങ്ങള്‍ക്കു നേരെ ആക്രോശിക്കുമ്പോള്‍ പ്രവീണ്‍ സാര്‍ ആദ്യം പറയുന്ന ഡയലോഗ്. ഒരു അധ്യാപകനില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്ന മിനിമം ക്വാളിറ്റിപോലും പക്ഷേ അദ്ദേഹത്തില്‍ ഇല്ല. ശത്രുക്കളെ പോലെയാണ് അദ്ദേഹം വിദ്യാര്‍ത്ഥികളെ കാണുന്നത്. ജിഷ്ണുവിനെയും അദ്ദേഹം ആ കണ്ണോടെയാണു കണ്ടത്. നേരത്തെ പഠിപ്പിച്ചിരുന്ന രണ്ടു കോളേജുകളില്‍ നിന്നും പുറത്താക്കപ്പെട്ട അധ്യാപകനാണ്. അതും അവിഹിതമായ ചില ബന്ധങ്ങളുടെ പേരിലും ലഹരി ഉപയോഗത്തിന്റെ പേരിലും. അങ്ങനെയുള്ള ഒരാളെ നെഹ്‌റു കോളേജില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയി നിയോഗിച്ചു. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചു നിന്നു സംസാരിച്ചാല്‍ ഹാലിളകുന്ന ഒരു കോളേജിന് ഇങ്ങനെയൊരു അധ്യാപകനെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ നിയോഗിക്കുന്നതില്‍ തെറ്റൊന്നും തോന്നിയില്ലേ?

അതെല്ലാം മറക്കാം. അന്നാ ദിവസം ഈ പ്രവീണ്‍ മനസുവച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ജിഷ്ണു ഇന്നു ജീവനോടെ കാണുമായിരുന്നു. തൂങ്ങിയ നിലയില്‍ ജിഷ്ണുവിനെ കണ്ടെത്തുമ്പോള്‍ അവനു ജീവനുണ്ടായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. പ്രവീണ്‍ സാറിനു കാര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തോട് സഹായം ചോദിച്ചതാണ്. ഒന്നും ചെയ്തില്ല. മുകളിലത്തെ നിലയില്‍ നിന്നും താഴെ എത്തുമ്പോഴേക്കും ജിഷ്ണുവിനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയിരുന്നൂവെന്നാണു പിന്നീട് പറഞ്ഞത്. കോളേജ് ഹോസ്റ്റല്‍ കാണുന്നവര്‍ക്കു മനസിലാകും മുകളിലത്തെ നിലയില്‍ നിന്നും താഴെ വരാന്‍ എന്തു താമസം എടുക്കുമെന്ന്. അദ്ദേഹം ഇപ്പോള്‍ ഒളിവിലാണ്. പൊലീസിന് പക്ഷേ കണ്ടെത്താവുന്നതേയുള്ളൂ. വിശദമായി ചോദ്യം ചെയ്യ്. സത്യം പറയിപ്പിക്ക്… അപ്പോള്‍ മനസിലാകും ഞങ്ങളുടെ കൂട്ടുകാരനെ അവരെല്ലാം ചേര്‍ന്ന് കൊന്നതാണെന്ന്… ഈ വാക്കുകള്‍ വെറും വൈകാരികപ്രകടനത്തില്‍ നിന്നും വരുന്നതല്ല. ഈ കാര്യങ്ങള്‍ സംസാരിച്ച വിദ്യാര്‍ത്ഥികള്‍ ഒന്നുകൂടി ഉറപ്പിച്ചു പറയുന്നുണ്ട്. ഒത്തുതീര്‍പ്പുകള്‍ക്കു ഞങ്ങളില്ല. തെറ്റുകാര്‍ ശിക്ഷിക്കപ്പെടണം. പരീയെഴുതാന്‍ കഴിയാതെ ഭാവി തകര്‍ന്നവര്‍, ആത്മഹത്യശ്രമം നടത്തിയവര്‍, ആത്മഹത്യ ചെയ്തവര്‍… ഞങ്ങള്‍ക്കിടയില്‍ നിന്നും ഇരകളാകുന്നവരുടെ എണ്ണം നീണ്ടു നീണ്ടു വരികയാണ്… ഒരു ഭാവി സ്വപ്‌നം കണ്ടതിനു ജീവിതം പകരം നല്‍കേണ്ടി വരുന്നത് എത്ര സങ്കടകരമാണ്…?

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍