UPDATES

ഓഫ് ബീറ്റ്

തുഴയുന്ന ഇതര സംസ്ഥാനക്കാരനും വരമ്പത്ത് നിന്ന് ആര്‍പ്പ് വിളിക്കുന്ന മലയാളിയും

തുഴക്കാരെ സംഘടിപ്പിച്ച് പതിനഞ്ചുദിവസമെങ്കിലും കൃത്യമായ പരിശീലനം നടത്തിയാലേ കാര്യമുള്ളൂ.

വള്ളത്തിലും വെള്ളത്തിലും ആവേശം നിറഞ്ഞ ഒരു മധ്യാഹ്നത്തിനൊടുവില്‍ ജവഹര്‍ തായങ്കരി അറുപത്തിമൂന്നാമത് നെഹ്‌റു ട്രോഫിയുടെ അവകാശികളായിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഏകമത്സരം എന്ന റെക്കോര്‍ഡുള്ള ഈ ജലമേളയിലെ ആര്‍പ്പുവിളികള്‍ ഒരിക്കല്‍ കൂടി ഉയര്‍ന്നു താഴുമ്പോള്‍ മനസ്സില്‍ ആഹ്ലാദത്തിനൊപ്പം ചില ആശങ്കളും മിച്ചം കിടക്കുകയാണ്…

രണ്ടുകുടം ചെത്തുകള്ളു കുടിക്കുന്നതിനെക്കാള്‍ നിങ്ങളെ ലഹരി പിടിപ്പിക്കുന്നതെന്താണ്? ചോദ്യം ഒരു കുട്ടനാട്ടുകാരനോടാണെങ്കില്‍, ഉടുമുണ്ടൊന്നു മാടിക്കുത്തി തോളിലെ തോര്‍ത്തൊന്നു കുടഞ്ഞെടുത്ത് തലയില്‍ വട്ടക്കെട്ടു കെട്ടി ഒരാര്‍പ്പോ….ഈറോ….ഇടും; അതാണ് ഉത്തരം. വള്ളംകളിയെക്കാള്‍ ലഹരിപിടിപ്പിക്കുന്ന മറ്റൊന്നും അവന് ഇല്ലെന്നുള്ളതാണ് ഉച്ചസ്ഥായില്‍ മുഴങ്ങുന്ന ആ ആര്‍പ്പുവിളി…അതിപ്പോള്‍ പായിപ്പാടാണെങ്കിലും ചമ്പക്കുളമാണെങ്കിലും അറന്മുളയിലാണെങ്കിലും, വള്ളംകളി അവന്റെ സിരകളില്‍ നുരയുന്ന ഊര്‍ജ്ജമാണ്. അപ്പോള്‍ പിന്നെ നെഹ്‌റു ട്രോഫിയുടെ കാര്യം പറയണോ! അതിലേറെ ആവേശമുള്ള മറ്റേതെങ്കിലും മത്സരം ഉണ്ടെന്ന് അവനോട് തര്‍ക്കിക്കാന്‍ നില്‍ക്കരുത്, പറഞ്ഞാല്‍, അതങ്ങ് അര്‍ത്തുങ്കല്‍ പള്ളീച്ചെന്ന് പടിഞ്ഞാട്ട് നോക്കി പറഞ്ഞാ മതീന്ന് പറയും!

കറുത്ത ചിറകുവച്ച അരയന്ന കിളിപോലെ കുതിച്ചു കുതിച്ചു പായും കുതിരപോലെ പുന്നമടക്കായലിലെ ഓളച്ചില്ലുകള്‍ തല്ലിച്ചിതറിച്ചുകൊണ്ട് കുതികുത്തി പാഞ്ഞുവരുന്ന ചുണ്ടന്‍ വള്ളങ്ങളുടെ വാശി മറ്റേതു കളിക്കു തരാന്‍ പറ്റുമെന്നു ചോദിച്ചാല്‍ ഒരിക്കലെങ്കിലും പുന്നമടയില്‍ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച്ച പോയവര്‍ക്കൊന്നും മറുവാദം കാണില്ല…

അതേ, ഇതൊരു ദേശീയ ഉത്സവമാണന്നേ…

വട്ടക്കായലില്‍ നിന്ന് പുന്നമടയിലെത്തി ഇപ്പോള്‍ അറുപത്തിമൂന്നാണ്ടുകള്‍ പിന്നിടുമ്പോള്‍ പക്ഷേ നെഹ്‌റു ട്രോഫി വള്ളംകളിക്ക് കുറെ മാറ്റം വന്നൂ, ആ മാറ്റങ്ങള്‍ പലരേയും ഏറെ വേദനിപ്പിക്കുന്നുമുണ്ട്. എല്ലാം വെറും മത്സരമായി മാറിയിരിക്കുന്നു. വള്ളംകളിയുടെ ആത്മാവ് നഷ്ടമായിരിക്കുന്നു, കള്ളുഷാപ്പില്‍ നിന്നും ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും കുപ്പിയില്‍ അളന്നു കുടിച്ച ആവശേവുമായി വരുന്നവരാണ് കൂടുതല്‍. വള്ളം കളി എന്തായിരുന്നുവെന്ന് അറിയുന്നവന്റെ നെഞ്ചില്‍ നഷ്ടങ്ങളുടെ ഓളച്ചിലമ്പം മാത്രം.

എല്ലായിടത്തുമെന്നപോലെ തുഴപിടിക്കാനും അവരെത്തി
പ്രാദേശികവാദം പറയുകയല്ല. പക്ഷേ നെഹ്‌റു ട്രോഫിയാണെങ്കിലും പായിപ്പാട്/ ചമ്പക്കുള്ളം/ആറന്മുള തുടങ്ങി ഏതു വള്ളംകളിയാണെങ്കിലും അതെല്ലാം കരക്കാരുടെ ഉത്സവമാണ്. മത്സരമല്ല, നാടിന്റെ ഐക്യവും സംസ്‌കാരവും നിലനിര്‍ത്തി സാഹോദര്യം ഊട്ടിയുറപ്പിക്കുകയായിരുന്നു ഓരോ വള്ളംകളിയും. നെഹ്‌റുട്രോഫി ഒഴിച്ച് ബാക്കി പ്രധാനപ്പെട്ട എല്ലാ വള്ളംകളിയും ഐതിഹ്യങ്ങളാല്‍ ബന്ധപ്പെട്ടതാണ്. ആദ്യമായി വള്ളംകളി കണ്ട് ആവേശഭരിതനായ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു അന്നു പറഞ്ഞ ഒരു വാചകം, ‘ the winner of boat race, it is a unique community life in travncore, kochi എന്നാണ്. ഇതൊരു പ്രദേശത്തിന്റെ ആവേശമാണെന്നു പറഞ്ഞ നെഹ്‌റു ഇന്നുണ്ടായിരുന്നെങ്കില്‍, ഒരുത്തരേന്ത്യക്കാരന്‍ ആണെങ്കില്‍ പോലും തുഴ പിടിക്കാന്‍ കൊണ്ടുവന്ന ഇതരസംസ്ഥാനക്കാരെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടേനെ. കാരണം ഇത് ജയിക്കാന്‍ വേണ്ടിമാത്രമുള്ള വെറുമൊരു മത്സരമല്ല.

നെഹ്‌റു ട്രോഫിയില്‍ കഴിഞ്ഞകാലങ്ങളിലായി അന്യസംസ്ഥാനത്തുള്ള തുഴച്ചില്‍ക്കാരെ പങ്കെടുപ്പിക്കുന്ന പതിവ് തുടരുകയാണ്. ഇത്തവണ മത്സരിക്കുന്ന എല്ലാ ക്ലബുകളും തന്നെ അവരുടെ തുഴക്കാരുടെ കൂട്ടത്തില്‍ ഇറക്കുമതിക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയം മാത്രം ഘടകമാകുന്നിടത്താണ് ആരെക്കൊണ്ടുവന്നു തുഴയിക്കാനും ക്ലബുകള്‍ തയ്യാറാകുന്നത്. പണ്ടും പട്ടാളക്കാര്‍ തുഴയാന്‍ കൂടാറുണ്ടായിരുന്നു. സര്‍വീസസ് ടീമിലും മറ്റും പെടുന്ന പട്ടാളക്കാര്‍ക്ക് തുഴച്ചിലില്‍ നല്ല പരിശീലനം കിട്ടാറുണ്ടല്ലോ. എന്നാല്‍ അങ്ങനെ പങ്കെടുക്കുന്നവരൊക്കെ തന്നെ ഈ കരകളില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു. ഇന്നതല്ല സ്ഥിതി, അന്യദേശക്കാരാണ്, ബംഗളൂരുവിലും ആസമിലും മണിപ്പൂരിലുമൊക്കെയുള്ളവരാണ് തുഴയാന്‍ വരുന്നത്. നല്ലകാശും ഭക്ഷണവും കൊടുത്താണ് ഇവരെയൊക്കെ ക്ലബുകള്‍ കൊണ്ടുവരുന്നത്. പ്രാദേശികരായ തുഴച്ചില്‍ക്കാര്‍ കുറവാണ്– കാരിച്ചാല്‍ സ്വദേശിയും വള്ളം കളിപ്രേമിയുമായ വിനോദ് പറയുന്നു.

പണ്ട് വള്ളംകളിയില്‍ പങ്കെടുക്കുന്ന വള്ളങ്ങളില്‍ കൂടുതലും ഓരോ കരക്കാരുടെതായിരുന്നു. ചമ്പക്കുളം, നടുഭാഗം, പുളിങ്കുന്നം, പായിപ്പാട്, കാരിച്ചാല്‍, ചെറുതന, ആയാപറമ്പന്‍ എന്നിവയെല്ലം ഓരോ കരകളുടെ പേരാണ്, ആ കരക്കാരുടെ വള്ളമാണ് മത്സരത്തിന് എത്തുന്നത്. അതോടൊപ്പം വ്യക്തികളുടെ വള്ളങ്ങളുമുണ്ടാകും. നെഹ്‌റുവിനെ കൊണ്ടുവന്നതുപോലും ഇതേപോലുള്ള ചില വ്യക്തികള്‍ മുന്‍കൈയടുത്തുകൊണ്ടാണ്. എന്നാലും അക്കാലത്തൊക്കെ ഇതൊരു കൂട്ടായ്മയുടെ ഉത്സവമായിരുന്നു. മറ്റെന്തിനെക്കാളും വലിയ ആഘോഷമായിരുന്നു വള്ളംകളി. തുഴച്ചിലുകാര്‍ എല്ലാം അതാത് കരകളിലുള്ളവരായിരുന്നു. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട കരകളില്‍ താമസിക്കുന്നവര്‍ക്കെല്ലാം, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, കൊച്ചുകുട്ടികള്‍പോലും തുഴയാനറിയുന്നവരാണ്. പേശീബലമുള്ള പുരുഷകരങ്ങളില്‍ ചെത്തിയൊതുക്കിയ തുഴകള്‍ ഭദ്രമായിരുന്നു. പുറത്തുള്ളവര്‍ വള്ളം തുഴയുന്നകാലം വരുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും കണ്ടുകാണില്ല; വിനോദ് ഓര്‍ക്കുന്നു.

വള്ളപ്പാട്ട് അറിയാത്ത തുഴക്കാരോ?
പക്ഷെ കാലം മാറി, നാട് പുരോഗമിച്ചു, കരകളെ തമ്മില്‍ പാലങ്ങള്‍ ബന്ധിപ്പിച്ചു. വള്ളത്തില്‍ നിന്നിറങ്ങി ആളുകള്‍ വണ്ടികളില്‍ കയറി. മാറിവന്ന തലമുറയില്‍പ്പെട്ടരുടെ കൈചുരുട്ടില്‍ നിന്ന് തുഴപ്പിടി ഇഴുകി വീണു. വള്ളപ്പുരകളില്‍ കഴിഞ്ഞകാലത്തിന്റെ ഗദ്ഗദങ്ങള്‍ വീണുകുതിര്‍ന്നു ദ്രവിച്ച വില്ലികളുമായി വള്ളങ്ങള്‍ ഓളങ്ങള്‍ കിനാവു കണ്ടുറങ്ങി.

ഓരോ നാടിനും അതിന്റെതായ സംസ്‌കാരമുണ്ട്. അത് നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. നെഹ്‌റു ട്രോഫിയടക്കമുള്ള നമ്മുടെ ജലോത്സവങ്ങള്‍ മലയാളിയുടെ സാംസ്‌കാരിക ബിംബങ്ങളാണ്. ആ സംസ്‌കാരത്തെ കുറിച്ച് തീര്‍ത്തും അജ്ഞരായവര്‍ക്ക് എങ്ങനെയതിന്റെ ഭാഗമാകാന്‍ കഴിയും. അവര്‍ക്കതിന്റെ ചരിത്രമറിയാമോ/ ഐതിഹ്യങ്ങള്‍ അറിയാമോ? ഒളിംപിക്‌സിലോ ദേശീയ ഗെയിംസിലോ മത്സരിക്കാന്‍ ഇറങ്ങുന്നതുപോലെയല്ലയിത്. ഇതിന്റെ താളം, വേഗം എല്ലാം ഒന്നുവേറെയാണ്. ഒരുപക്ഷേ ഒരുത്തരേന്ത്യക്കാരന്‍ വേഗത്തില്‍ തുഴയുമായിരിക്കും, എന്നാല്‍ കടുപ്പിച്ച മുഖവുമായിട്ടല്ല അവന്‍ തുഴയെറിഞ്ഞു മുന്നേറണ്ടത്. വായ്ത്താരികളായി നാം പഠിച്ചു പാടുന്ന ഒരു ശീലുമൂളാന്‍ ഇവര്‍ക്ക് കഴിയുമോ?

ആര്‍പ്പോാാ… ഈയോാാ..ഈയോാാ…
തക തെയ്യ് തക തെയ്യ് തക തക തോം
ധീ തിത്തക തക തക തെയ്യ് തെയ്യ്..
ഒറ്റക്കല്ലിങ്ങോടി വന്നു…
തെയ്യ് തെയ്യ് തക തെയ്യ് തെയ്യ് തോം
ഒറ്റക്കല്ലിങ്ങോടിവന്നു മുഖമണ്ഡപം ഭവിച്ചു
മറ്റൊന്നിതില്‍ പരമേ…
തെയ്യ് തെയ്യ് തക തെയ്യ് തെയ്യ് തോം
മറ്റൊന്നിതില്‍ പരം മന്നര്‍ക്കാജ്ഞയുണ്ടാമോ…

എന്നു കേള്‍ക്കുമ്പോള്‍ തലയാട്ടാന്‍ പോലുമിവര്‍ക്കാകുമോ? വഞ്ചിപ്പാട്ടോ വെച്ചുപാട്ടോ എന്താണെന്നു കൂടി അവര്‍ക്കറിയുമോ? അങ്ങനെയൊക്കെ വരുമ്പോഴാണ് ഈ ജലോത്സവും വെറുമൊരു മത്സരമാകുന്നത്. നെഹ്‌റുട്രോഫിയില്‍ ക്ലബുകള്‍ പിടിമുറുക്കുന്നതോടെയാണ് ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാവുന്നത്. കുമരകം ബോട്ട് ക്ലബ്ബിന്റെ വള്ളം എന്നു കേള്‍ക്കുമ്പോള്‍ സ്വാഭാവികമായി അതിലെ തുഴച്ചിലുകാര്‍ കുമരകത്തും കോട്ടയത്തുമൊക്കെയുള്ളവരെന്നു നാം വിചാരിക്കും. എന്നാല്‍ ആ തുഴച്ചിലുകാരോടു സംസാരിക്കുമ്പോള്‍ അവരുടെ ഭാഷാവ്യത്യാസത്തില്‍ നിന്ന് മനസ്സിലാകും അവരുടെ യഥാര്‍ത്ഥ നാടുകള്‍ എവിടെയൊക്കെയാണെന്ന്. മധ്യതിരുവിതാംകൂരില്‍ നടക്കുന്ന ജലമേളയിലെ തുഴച്ചിലുകാരില്‍ ഭൂരിഭാഗവും വടക്കന്മാര്‍ ആയിരിക്കും (പൊന്നാനി, കാസര്‍ഗോഡ്). ഇപ്പോള്‍ അവിടുന്നും കടന്ന് മണിപ്പൂരില്‍ നിന്നും അസമില്‍ നിന്നുമെല്ലാം തുഴയാന്‍ ആളുവരുന്നു. തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്ന പല ക്ലബുകളും ഇത്തരത്തില്‍ ഇറക്കുമതി ചെയ്തവരുടെ പേശീബലത്തിലാണ് ഫിനിഷിംഗ് പോയിന്റില്‍ ഒന്നാമതായി എത്തുന്നത്. എടത്വയിലുല്ല സെന്റ്. ജോര്‍ജ് , മങ്കൊമ്പുകാരുടെ സെന്റ്. പയസ് എന്നിവരാണ് ഇപ്പോള്‍ പറയാനാണെങ്കില്‍ ഭൂരിഭാഗവും തദ്ദേശീയരായവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കണക്കു തെറ്റുന്ന ചുണ്ടന്‍ വള്ളങ്ങള്‍
തുഴച്ചിലുകാരുടെ കാര്യത്തില്‍ മാത്രമല്ല ഈ മത്സരബുദ്ധി. ചുണ്ടന്‍ വള്ളങ്ങള്‍ ഉണ്ടാക്കുന്നതുപോലും ഇപ്പോള്‍ അതിന്റെ ശരിയായ മാതൃകയിലല്ല എന്ന പരാതിപോലും ഉണ്ട്. മത്സരവള്ളം കളിക്കനുയോജ്യമായ തരത്തില്‍ അതിന്റെ നിര്‍മാണത്തില്‍ കള്ളത്തരങ്ങള്‍ കാണിക്കുന്നു. കോഴിമുക്ക് നാരായണന്‍ ആശാരിയെ പോലുള്ള പ്രഗത്ഭരുടെ ഉളിപതിഞ്ഞ വള്ളങ്ങള്‍ ഇപ്പോള്‍ പുന്നമടയില്‍ അങ്കം കുറിക്കാന്‍ ഇറങ്ങുന്നില്ല. വള്ളം പണിയുടെ തച്ചുശാസ്ത്രം സംബന്ധിച്ച ആധികാരിക ഗ്രന്ഥങ്ങള്‍ നിലവില്‍ ഇല്ലെങ്കിലും പാരമ്പര്യമായി പിന്തുടര്‍ന്നുപോന്ന കണക്കുകള്‍ പാലിക്കപ്പെടുന്നില്ല. അറുപത്തിനാല് തുഴക്കാരാണ് അമരത്തും അണിയത്തുമടക്കം ഒരു ചുണ്ടന്‍ വള്ളത്തില്‍ വേണ്ടത്. അഞ്ച് അമരക്കാര്‍, അതില്‍ പ്രാധാനി സൂര്യന്റെ പ്രതിനിധിയാണ് (പണ്ടുകാലത്ത് സവര്‍ണസമുദായത്തിലെ ഒരംഗമായിരിക്കും ആ സ്ഥാനം അലങ്കരിക്കുക),പിന്നെ വരുന്നവര്‍ നാലുവേദങ്ങളുടെ പ്രതിനിധികള്‍, നടുക്ക് എട്ടുപേര്‍ അഷ്ടദിക്പാലകന്മാരെ പ്രതിനിധീകരിക്കുന്നു. അണിയത്തുള്ള ആറുപേര്‍ ആറുവേദങ്ങളാണ്. ഇങ്ങനെ അറുപത്തിനാലു തുഴച്ചിലുകാര്‍ തുഴയേണ്ട ചുണ്ടന്‍ വള്ളത്തില്‍ ഇപ്പോഴുള്ളത് നൂറ്റിപതിനഞ്ചുപേരോളമാണ്( നെഹ്‌റുട്രോഫിയുടെ നിയമാവലിവച്ച് പരമാവധി 115 പേരെയാണ് പങ്കെടുപ്പിക്കാവുന്നത്. എണ്ണത്തില്‍ മാത്രമെ നിഷ്‌കര്‍ഷയുള്ളൂ, തുഴച്ചിലുകാര്‍ ആരുമാകാം). അതായത് കണക്കുകളും ആചാരങ്ങളുമെല്ലാം തെറ്റിച്ചുള്ള മത്സരയോട്ടം മാത്രമാണ് നടക്കുന്നത്.

തുഴയാന്‍ ആളില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും?
ഈ വിമര്‍ശനങ്ങള്‍ ഏകപക്ഷീയമായി പറഞ്ഞ് അവസാനിപ്പിക്കുന്നതില്‍ ഔചിത്യക്കുറവുണ്ട്. എതിര്‍ഭാഗത്തും പറയാന്‍ ന്യായങ്ങളുണ്ട്. പുറത്തുനിന്നു തുഴച്ചിലുകാരെ കൊണ്ടുവരേണ്ടിവരുന്നതിന്റെ പ്രധാനകാരണം, ഇവിടെ തുഴച്ചിലുകാരില്ലാത്തതുകൊണ്ടാണ്. ലക്ഷങ്ങള്‍ മുടക്കിയാണ് ഓരോ വള്ളം കളിക്കും ക്ലബുകള്‍ ഒരുങ്ങുന്നത്. പണ്ടത്തെ പോലെയല്ല കാര്യങ്ങള്‍. പഴയകാലത്ത് കരയിലുള്ളവര്‍ തന്നെയാണ് തുഴയാന്‍ വരുന്നത്. ജോലി കഴിഞ്ഞ് വന്നാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഉള്ള ഭക്ഷണവും കഴിച്ച് തുച്ഛമായ കൂലിയും വാങ്ങിയാണ് ഓരോ തുഴച്ചില്‍കാരനും വള്ളംകളിയുടെ ഭാഗമായിരുന്നത്. ഇന്ന് അത്തരം തുഴച്ചിലുകാര്‍ ഇല്ല. പുറത്തുനിന്നു ആളെകൊണ്ടുവരണം, നേരത്തെ വടക്കുനിന്നെങ്കിലും ആളെ കിട്ടുമായിരുന്നു. ഇപ്പോള്‍ അവിടെയുമില്ല. തുഴക്കാരില്ലാത്തതുകൊണ്ട് വള്ളം ഇറക്കാതെ വരുന്നത് നാണക്കേടാണ്. നെഹ്‌റു ട്രോഫിക്ക് പങ്കെടുക്കുക എന്നത് ഓരോരുത്തരുടെയും വാശിയാണ്. ആനാരി ചുണ്ടനൊന്നും ഇതുവരെ നെഹ്‌റുട്രോഫി വിജയിച്ചിട്ടില്ല. എങ്കിലും ഓരോ വര്‍ഷവും അവരുടെ വള്ളം പുന്നമടയില്‍ മത്സരത്തിനുണ്ട്. വിജയം മാത്രമല്ല എല്ലാവരുടെയും ലക്ഷ്യം, പങ്കെടുക്കുക എന്നതുകൂടിയാണ്. അതിന് തുഴക്കാരുവേണം.

തുഴക്കാരെ സംഘടിപ്പിച്ച് പതിനഞ്ചുദിവസമെങ്കിലും കൃത്യമായ പരിശീലനം നടത്തിയാലേ കാര്യമുള്ളൂ. ഈ പതിനഞ്ചുദിവസം ക്യാമ്പ് നടത്തണം (ക്യാമ്പിനകത്ത് തുഴക്കാരെ സംരക്ഷിച്ചില്ലെങ്കില്‍ മറ്റു ക്ലബുകാര്‍ ചാക്കിട്ടുപിടിച്ചുകൊണ്ടുപോകാന്‍ സാധ്യതയുമുണ്ട്). ഒരു ദിവസം ഒരാള്‍ക്ക് ആയിരത്തി അഞ്ഞൂറു രൂപയെങ്കിലും കൂലി കൊടുക്കണം. നൂറ്റിപതിനഞ്ചോളം തുഴക്കാരു കാണും. ഭക്ഷണം വേറെ. അങ്ങനെ നോക്കുമ്പോള്‍ ഒരു ദിവസത്തെ ചെലവ് മിനിമം ഒരു ലക്ഷം രൂപയെങ്കിലും വരും. അങ്ങനെ പതിനഞ്ചുദിവസത്തേക്ക് പതിനഞ്ച് ലക്ഷമെങ്കിലും വരവും ചെലവ്. ഇനി മത്സരത്തില്‍ വിജയി ആയാല്‍ കിട്ടുന്നതോ പത്തുലക്ഷവും. അപ്പോള്‍ വെറും വിജയം മാത്രം നോക്കിയാണ് ക്ലബുകള്‍ നെഹ്‌റുട്രോഫിക്ക് ഇറങ്ങുന്നതെന്നു പറഞ്ഞാല്‍ ശരിയാകുമോ? വിമര്‍ശിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് പരിഹാരിക്കാത്ത അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കുകയാണ്. ഇപ്പോഴും സ്റ്റാര്‍ട്ടിംഗ് പോയിന്റിലെ പരിമിതികള്‍ അങ്ങനെ തന്നെ തുടരുകയാണ്. ആഘോഷങ്ങള്‍ സംഘടിപ്പിച്ചും മ്യൂസിക് ഷോ നടത്തിയൊന്നുമല്ല ജലമേളയെ നന്നാക്കേണ്ടത്. പേരു വെളിപ്പെടുത്തണ്ടായെന്ന ഓര്‍മ്മപ്പെടുത്തലോടെ പ്രശസ്തമായൊരു ബോട്ട് ക്ലബ്ബിന്റെ പ്രതിനിധി പറഞ്ഞകാര്യങ്ങള്‍ ഇതാണ്.

എന്തിലും രണ്ടുപക്ഷമുണ്ട്. പക്ഷേ നാളെ പുന്നമടയില്‍ മത്സരിക്കാനിറങ്ങുന്ന വള്ളങ്ങളുടെ അണിയത്തും അമരത്തും നടുവിലുമെല്ലാം പുറംനാട്ടുകാരന്‍ തുഴപിടിച്ചിരിക്കുമ്പോള്‍ ‘ഒന്നിനും കൊള്ളാത്തവന്‍’ എന്ന നാണക്കേടുംപേറി കരയ്ക്കുനില്‍ക്കേണ്ടി വരും മലയാളി. വള്ളങ്ങളില്‍ നിന്ന് വഞ്ചിപ്പാട്ടിനു പകരം ഉയരുന്ന ഹിന്ദിപ്പാട്ടുകള്‍ക്ക് തലയാട്ടേണ്ടിയും വന്നെന്നിരിക്കും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍