UPDATES

സിനിമ

യാത്രകള്‍ മോഹിച്ച് സെമിനാരിയിലെത്തി, കാമറയില്‍ ഭ്രമിച്ച് സിനിമയിലും; നീല്‍ ഡി കുഞ്ഞ/അഭിമുഖം

Avatar

നീല്‍ ഡികുഞ്ഞ/ അരുണ

സിനിമയുടെ നിറമുള്ള ജീവനാണ് കാമറ. വായിക്കാവുന്ന സിനിമയെ കാഴ്ചയാക്കി തീര്‍ക്കുന്നത് കാമറാമാനാണ്. വ്യൂ ഫൈഡറിലൂടെ സംവിധായകന്റെ സ്വപ്നത്തെ ആദ്യമായി കാണുന്ന മജീഷ്യന്‍. പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ ഛായാഗ്രാഹകരിലൊരാളാണ് നീല്‍ ഡി കുഞ്ഞ. അദ്ദേഹത്തിന്റേതായ ഓരോ സിനിമകളും ഓരോ കാഴ്ചാനുഭവങ്ങളാണ്. കഥയുടെ ഒഴുക്കിനെ ഒരിക്കലും മുറിച്ചു കളയാതെ സിനിമയോട് നീതി പുലര്‍ത്തുന്ന സിനിമട്ടോഗ്രാഫര്‍. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ‘നി. കൊ. ഞ. ച ‘ മുതല്‍ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ വരെയുള്ള സിനിമകളിലൂടെയുള്ള വര്‍ത്തമാനം.

അരുണ: നീലിന് കാമറയോടുള്ള സ്‌നേഹം എന്നു മുതലാണ് തുടങ്ങിയത്? 

നീല്‍: ആറാം ക്ലാസ്സുമുതല്‍ എനിക്ക് ഫോട്ടോഗ്രഫി ഇഷ്ടമാണ്. ചിലപ്പോള്‍ ചിലതിനോട് നമ്മള്‍ വല്ലാതെ അടുക്കും. കാരണം ഒന്നും ഉണ്ടാവില്ല. മൂന്നാറിലാണ് ഞാന്‍ പഠിച്ചത്. പപ്പയ്ക്ക് അവിടെ ടാറ്റ ടീയില്‍ ആയിരുന്നു ജോലി. സണ്‍ ടിവി യും ദൂരദര്‍ശനും മാത്രമേ അവിടെ കിട്ടൂ. പത്രത്തില്‍ വരുന്ന ഫോട്ടോസ് എന്നെ വല്ലാതെ കൊതിപ്പിക്കും. കുറേ നേരം കാണും പിന്നേം പിന്നേം അത് തന്നെ നോക്കിയിരിക്കും. സ്‌കൂളില്‍ കൂടെ പഠിക്കുന്ന ചില സുഹൃത്തുക്കള്‍ക്ക് സ്വന്തമായി കാമറ ഉണ്ടായിരുന്നു. അവരൊക്കെയാണ് ഫോട്ടോഗ്രഫേഴ്‌സ്. അവരോടെല്ലാം ഭയങ്കര അസൂയായിരുന്നു. ഒരു ഫോട്ടോ എടുക്കാന്‍ വേണ്ടി പുറകു നടന്നു ചോദിച്ചാലും കാമറയില്‍ തൊടാന്‍ പോലും സമ്മതിക്കില്ല. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്റെ ഓര്‍മയില്‍ ആദ്യമായൊരു സിനിമ കാണുന്നത്. ‘കന്നത്തില്‍ മുത്തമിട്ടാല്‍’. അതെന്നെ വല്ലാതെ ഭ്രമിപ്പിച്ചു. ഓരോ ഫ്രയിമും എന്നെ ഞെട്ടിച്ചു. വലിയ അനുഭവമായിരുന്നു എനിക്ക് ആ സിനിമ. അതിന്റെ കാമറാമാന്‍ രവി കെ. ചന്ദ്രന്‍ ആയിരുന്നു. അന്ന് വീട്ടില്‍ ഇന്റര്‍നെറ്റ് സൗകര്യമൊന്നുമില്ല. ബുക്കും മറ്റും നോക്കി ഞാന്‍ അദ്ദേഹത്തെ ഫോളോ ചെയ്യാന്‍ തുടങ്ങി. ശരിക്കും അന്നു മുതലാണ് ഫോട്ടോഗ്രഫി ഒരു കൊതിയായി തീര്‍ന്നത്. നമ്മള്‍ ഷൂട്ട് ചെയ്യുന്നത് വലിയ സ്‌ക്രീനില്‍ കാണണമെന്ന തീവ്രമായ ആഗ്രഹം.

: ഛായാഗ്രാഹകനാകാനുള്ള ശ്രമങ്ങള്‍ എങ്ങനെയായിരുന്നു? 

നീ: അതിന് ഞാന്‍ കുറച്ച് കാത്തിരിക്കേണ്ടി വന്നു. നന്നായി പരിശ്രമിച്ചു. ഇപ്പോള്‍ പറയുമ്പോള്‍ വേഗത്തില്‍, രസകരമായി പറഞ്ഞു പോകാം. പക്ഷേ അത് അങ്ങനെ എനിക്ക് എളുപ്പമായിരുന്നില്ല. ആഗ്രഹം തീവ്രമാണ്. പക്ഷേ ഒരു സാധാരണ കാമറ പോലും അന്നെന്റെ വീട്ടില്‍ ഇല്ല. പത്താം ക്ലാസ്സ് കഴിഞ്ഞ് റിസല്‍ട്ട് വന്നപ്പോള്‍ സയന്‍സ് ഗ്രൂപ്പ് കിട്ടില്ലന്ന് ഉറപ്പായി. പിന്നെ കൊമേഴ്‌സ് എടുത്തു. പഴയ സൗഹൃദങ്ങളൊക്കെ പിരിഞ്ഞു. ഞാന്‍ വല്ലാതെ ഒറ്റപ്പെടാന്‍ തുടങ്ങി. അപ്പോഴാണ് ഫോട്ടോഗ്രഫി പഠിക്കുന്നതിനേക്കുറിച്ച് ചിന്തിക്കുന്നത്. പൂന, അഡയാര്‍, സത്യചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഒക്കെ മാത്രമേ അന്നുള്ളൂ. അവിടെ സയന്‍സിന്റേയും കണക്കിന്റേയും ഒക്കെ മാര്‍ക്ക് വേണം. ഭയങ്കര സങ്കടം തോന്നി. ഒന്നും നടക്കില്ലെന്ന നിരാശയും. എന്റെ ഒരു അങ്കിള്‍ ഇടയ്ക്ക് വീട്ടില്‍ വരും, പള്ളീല്‍ അച്ചനാണ്. കുറെ യാത്രകള്‍ ചെയ്യുന്നയാളാണ്. റോമില്‍, വത്തിക്കാനില്‍, ദക്ഷിണാഫ്രിക്കയില്‍ പോയതിന്റെയൊക്കെ വിശേഷങ്ങള്‍ വീട്ടില്‍ വരുമ്പോള്‍ അങ്കിള്‍ പറയും. കൊള്ളാവുന്ന പരിപാടിയാണല്ലോ എന്ന്‍ എനിക്കു തോന്നി. തോന്നുന്നിടത്തൊക്കെ പോകാം. ഞാനാലോചിച്ചിട്ട് ഭക്തിക്ക് ഒരു കുറവുമില്ല, ദൈവവിളിയാണോ എന്നൊന്നുമറിയില്ല. സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചു. വീട്ടുകാര്‍ക്കും സന്തോഷം.

 

സെമിനാരിയില്‍ ചെന്ന ആദ്യ ദിവസങ്ങളില്‍ തന്നെ എനിക്ക് മനസ്സിലായി എന്നെ പോലൊരു മടിയന് ഇവിടെ പറ്റില്ല. രാവിലെ അഞ്ച് മണിക്ക് എഴുന്നേക്കണം. ഏഴു മണി വരെ പ്രാര്‍ത്ഥന. മുറ്റം അടിച്ച് വാരണം, പശുവിനെ കുളിപ്പിക്കണം. പട്ടിയെ കുളിപ്പിക്കണം. മുറ്റത്തൊക്കെ പട്ടി വൃത്തികേടാക്കി വെച്ചിട്ടുണ്ടാവും; അതൊക്കെ വൃത്തിയാക്കണം. പിന്നെ ക്ലാസ്സ്, പത്രം വായന, വൈകിട്ടത്തെ പണികള്‍, പച്ചക്കറി തോട്ടത്തിലെ ജോലി. ടി വി കണ്ടിട്ടേയില്ല. ഇടയ്ക്ക് ഞാന്‍ ഒളിഞ്ഞു നോക്കും. ഓണാക്കി കാണണമെന്നൊന്നുമില്ല, അതങ്ങനെ അവിടെയിരിക്കുന്നത് ഒന്നു കണ്ടാല്‍ മതി. കാര്യങ്ങളങ്ങനെ വലിയ പ്രയാസത്തോടെ പോകുന്നതിനിടയിലാണ് വിദേശത്തു നിന്ന് ഒരു അച്ചന്‍ വരുന്നത്. അദ്ദേഹത്തിന്റെ കൈവശം എസ്എല്‍ആര്‍ ക്യാമറ ഉണ്ടായിരുന്നു. സീനിയറായ ഒരാളെ ക്യാമറ പഠിപ്പിച്ചു. അവന്‍ വല്യ ഫോട്ടോഗ്രാഫറായി. അച്ചന്‍ തിരിച്ചു പോയപ്പോള്‍ കാമറ സെമിനാരിക്ക് കൊടുത്തിട്ടാണ് പോയത്. കാമറയുടെ മുഴുവന്‍ അവകാശവും സീനിയറിന്. ഞാന്‍ സീനിയറിനെ സോപ്പിട്ട് പുറകേ കൂടി. പക്ഷേ അയാള്‍ എന്നെ കാമറയില്‍ തൊടാന്‍ പോലും സമ്മതിച്ചില്ല. അച്ചന്‍മാരുടെ ഒരു മുറിയുണ്ട്. അവിടെയാണ് കാമറ സൂക്ഷിക്കുന്നത്. ഒരു ദിവസം ഞാനാ മുറി വൃത്തിയാക്കാന്‍ ചെന്നു. അവിടെയെങ്ങും ആരും ഇല്ല. ഇതു തന്നെ പറ്റിയ സമയമെന്ന് എനിക്ക് തോന്നി. ഞാന്‍ കാമറയുടെ വ്യൂ ഫൈന്‍ഡറിലൂടെ നോക്കി. ആദ്യത്തെ ഫ്രെയിം. അതിന്നും മനസിലുണ്ട്.

 

സിനിമയോടുള്ള ആരാധന കൂടി കൂടി വന്നു. മറ്റൊന്നുമാകാന്‍ എനിക്ക് കഴിയില്ലെന്ന് തോന്നി. ഈ കാര്യം സെമിനാരിയിലെ പ്രധാന വികാരിയോട് ഞാന്‍ തുറന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു; ‘ഇത് നിന്റെ ജീവിതമാണ്; ഇഷ്ടമുള്ളത് മാത്രമേ ചെയ്യാവൂ’. അദ്ദേഹം തന്നെ എനിക്ക് സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ അഡ്മിഷന്‍ ശരിയാക്കി തന്നു. വീട്ടില്‍ എല്ലാവരും എന്റെ ഇഷ്ടത്തിനൊപ്പമായിരുന്നു. പപ്പ പറഞ്ഞു, ‘നിനക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാം പക്ഷേ അതില്‍ നീ പ്രൂവ് ചെയ്യണം’. അവിടുത്തെ വിസിറ്റിങ്ങ് പ്രൊഫസറായിരുന്നു സജിന്‍ കളത്തില്‍. ഞാനെടുക്കുന്ന ഫോട്ടോ ഒക്കെ അദ്ദേഹത്തെ കാണിക്കും. എന്റെ ഫോട്ടോസ് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. എന്റെ ഫോട്ടോസ് കാണിച്ച് ക്ലാസ്സ് എടുക്കും. ആ ആത്മവിശ്വാസത്തില്‍ അദ്ദേഹത്തോട് ഷൂട്ട് കാണണമെന്ന ആഗ്രഹം പറഞ്ഞു. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് കൂടെപ്പോയി. ആദ്യമായി ഷൂട്ടിങ്ങ് കാണുന്നത് അന്നാണ്. പിന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി ‘നിവേദ്യ’ത്തില്‍ വര്‍ക്ക് ചെയ്തു. അവിടെ വെച്ച് സുദീപ് ജോഷിയെ പരിചയപ്പെട്ടു. ഒരു ഡോക്യുമെന്ററിയുടെ വര്‍ക്കിലായിരുന്നു അദ്ദേഹം. ലഡാക്ക്, രാജസ്ഥാന്‍, കേരളം ഇവിടെക്കെയാണ് ഷൂട്ട്. അതിന്റെ ക്യാമറ അമല്‍ നീരദാണ്. സാറിന് സിനിമയുടെ തിരക്കു കാരണം പോകാന്‍ പറ്റിയില്ല; പകരം ഞാന്‍ കേരളത്തിന്റെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യ്തു. ആ വര്‍ക്ക് അമല്‍ സാറിന് ഇഷ്ടപ്പെട്ടു. അങ്ങനെ ബാച്ചിലേഴ്‌സ് പാര്‍ട്ടിയില്‍ അസോസിയേറ്റ് കാമറാമാനായി. പിന്നെ മഴവില്‍ മനോരമയില്‍ ഒരു ഷോട്ട് ഫിലീം ചെയ്യ്തു, ‘ദൂരെ’. അതെനിക്ക് ഒരു പാട് അഭിനന്ദനം വാങ്ങിത്തന്നു. അങ്ങനെയാണ് ‘നി. കൊ.ഞ. ച’ ചെയ്യുന്നത്. അവര്‍ക്ക് ഒരു പുതിയ കാമറാമാനെ വേണം. ചെയ്യാമോയെന്ന് എന്നോട് ചോദിച്ചു. ഞാന്‍ കേറി ഏറ്റു. ആഗ്രഹം തോന്നിപ്പിച്ച ആത്മവിശ്വാസമായിരിക്കും ആ സിനിമ ധൈര്യത്തോടെ ഞാന്‍ ചെയ്യാമെന്നു പറഞ്ഞത്. പിന്നെ ഓരോന്നായി ഇവിടെ വരെ…

: ഓരോ കാമറാമാനും ഓരോ രീതിയുണ്ട്. ലൈറ്റിംഗ് പാറ്റേണിലൊക്കെ, നീലിന്റെ പ്രത്യേകത എന്താണ്? 

നീ: കഥ കേള്‍ക്കുമ്പോള്‍, അതിനനുസരിച്ച് ഇമേജ് മനസ്സില്‍ വരും. ഞാന്‍ എവിടെയെങ്കിലും കണ്ടതുമായി അതിനെ കണക്ട് ചെയ്യും. സിനിമയുടെ സ്വഭാവം അനുസരിച്ച് മാത്രമേ ഞാന്‍ വര്‍ക്കിനേ സമീപിക്കൂ. ഞാന്‍ ഒരു പാട് യാത്ര ചെയ്യും. ഒരു പാട് ഫോട്ടോസ് എടുക്കും. സിനിമ കാണും. ഒരു ബുക്ക് വായിക്കുമ്പോഴും ഞാനത് സിനിമയായിട്ടാണ് വായിക്കുന്നത്. ഇമേജായി മാത്രം കാര്യങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരാളാണ് ഞാന്‍. പിന്നെ ഓരോത്തര്‍ക്കും ഓരോ രീതികള്‍ ഉണ്ട്. അതങ്ങനെ സംഭവിക്കുന്നതാണ്. കഥയുടെ വിഷയം അനുസരിച്ച് രീതികള്‍ മാറും.

: സിനിമാറ്റോഗ്രഫി നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്ന ഒരു കലയാണ്. ടെക്‌നിക്കലി ഒരു പാട് ഹോംവര്‍ക്ക് വേണ്ടി വരില്ലേ? 

നീ: എല്ലാ സമയത്തും ഞാനെന്റെ വര്‍ക്കിന്റെ ഭാഗമായിട്ടുള്ള റഫറന്‍സില്‍ തന്നെയായിരിക്കും. ഇപ്പോള്‍ പോലും ഞാനതിന്റെ പിന്നാലെയാണ്. ഒരു പാട് പഠിക്കാന്‍ ഉണ്ട്. പുതിയ പുതിയ കാര്യങ്ങള്‍. എന്റെ ഓരോ ഫ്രെയിമും എനിക്ക് എന്തെങ്കിലും പുതുതായി തരും. ഇന്ന് , ഇപ്പോള്‍, ഇവിടെ നിന്ന് എടുക്കുമ്പോള്‍ കിട്ടുന്ന ഫോട്ടോ ആവില്ല നാളെ ഇവിടെ ഇതേ സമയം കിട്ടുക. വേറെ ലൈറ്റാണ്. എപ്പോഴും ഉണര്‍ന്നിരിക്കേണ്ടവരാണ് കാമറാമാന്മാര്‍.

: സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ മനസ്സില്‍ കാണുന്ന സിനിമ തന്നെയാണോ തീയേറ്ററില്‍ കാണുക? 

നീ: സിനിമ തിയേറ്ററില്‍ കാണാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. സത്യം പറഞ്ഞാല്‍ ഭയങ്കര ടെന്‍ഷനില്‍ തന്നെയാകും. ലൈറ്റിലോ ഗ്രേഡിംഗിലോ എന്തെങ്കിലും കുഴപ്പമുണ്ടാക്കുമോ എന്ന പേടി ഉണ്ട്. നി.കൊ.ഞ.ച തീയേറ്ററില്‍ കാണുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടാരുന്നു. ആദ്യത്തെ വര്‍ക്കല്ലേ! ഇപ്പോള്‍ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ വളരെ നാച്ചുറലായി ചെയ്യ്ത വര്‍ക്കാണ്. ബേസ് ഗ്രേഡിങ്ങും കളറിങ്ങുമൊക്കെയാണ്.

: ചെയ്തതില്‍ തൃപ്തി തോന്നിയ വര്‍ക്ക് ഏതാണ്? 

നീ: എല്ലാം ഇഷ്ടത്തോട് ചെയ്യുന്നതാണ്. നൂറു ശതമാനം ആത്മാര്‍ത്ഥമായും ചെയ്യുന്നത്. പൂര്‍ണ്ണ സംതൃപ്തി തരില്ല ഒരു വര്‍ക്കും. പിന്നെയും നന്നാക്കാമെന്ന് തോന്നും. ചെയ്തതില്‍ എനിക്ക് ഇഷ്ടമുള്ള വര്‍ക്ക് ജോ ആന്റ് ദ ബോയ് ആണ്.

: നീലിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാറ്റോഗ്രാഫര്‍ ആരാണ്? 

നീ: ഓരോ കാലത്തും അതു മാറിക്കൊണ്ടിരുന്നു. പലരേയും ഫോളോ ചെയ്യും. രവി കെ. ചന്ദ്രന്‍, പി.സി ശ്രീറാം, സന്തോഷ് ശിവന്‍ അങ്ങനെ പലരുടേയും ഫാനാണ് ഞാന്‍.

: ലോക സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ക്യാമറമാന്‍? 

നീ: ഇമാനുവല്‍ ലുബന്‍സ്‌കി. അടുപ്പിച്ച് മൂന്ന് പ്രാവശ്യം ഓസ്‌കാര്‍ കിട്ടിയിട്ടുണ്ട്. ഗ്രാവിറ്റി, ബേഡ്മാന്‍, റവറന്റ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വര്‍ക്കുകള്‍. ലോംഗ് ഷോട്ട് ആണ് അദ്ദേഹത്തിന്റെ പ്രത്യേകത. പതിനഞ്ച് മിനിറ്റ് ഒക്കെയാണ് ഒരു ഷോട്ട് പോകുന്നത്.

: സിനിമയില്‍ സൗഹൃദം സഹായിച്ചിട്ടുണ്ടോ? 

നീ: സൗഹൃദങ്ങളാണ് എന്നെ ഇവിടെ വരെ എത്താന്‍ സഹായിച്ചത്. ഒരോ സിനിമയും പുതിയ സൗഹൃദങ്ങള്‍ കൂടിയാണ് സമ്മാനിക്കുന്നത്. ഒരുമിച്ച് വര്‍ക്ക് ചെയ്ത ഒരു സംവിധായകനൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. എളുപ്പമായിരിക്കും ജോലി. വേഗത്തില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയും.

: ഒപ്പം വര്‍ക്ക് ചെയ്യ്തതില്‍ ഏറ്റവും ഇഷ്ടം തോന്നിയ അഭിനേതാക്കള്‍? 

നീ: എല്ലാവരോടും ഇഷ്ടമാണ്. ഒരുപാട് വലിയ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ലാലേട്ടന്‍ നമ്മളെ പാടെ ഞെട്ടിക്കും. മമ്മൂക്ക, മഞ്ജു ചേച്ചി, ചാക്കോച്ചന്‍, ജയസൂര്യ; എല്ലാവരും പ്രിയപ്പെട്ടവരാണ്. ഉട്ടോപ്യയിലെ രാജാവില്‍ വര്‍ക്ക് ചെയ്യാന്‍ പോകുമ്പോള്‍ കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു, പക്ഷേ മമ്മൂക്ക വര്‍ക്കില്‍ നല്ല സഹകരണമായിരുന്നു.

: നീലിന് ഏറ്റവും ഇഷ്ടപ്പെട്ട ലൊക്കേഷന്‍ ഏതാണ്? 

നീ: സ്‌ക്രിപ്റ്റിന്റെ സ്വഭാവം നോക്കിയാണ്. ഇഷ്ടപ്പെട്ട ലൊക്കേഷന്‍, ഫ്രെയിം ഒക്കെ തീരുമാനിക്കുന്നത്. എല്ലാം ചെയ്യുന്ന സിനിമയുമായി ചേര്‍ന്ന് കിടക്കുകയാണ്. കൊടൈക്കനാല്‍ ഇഷ്ടമാണ്. വര്‍ക്കല ബീച്ച് ഒരു പാട് ഇഷ്ടമാണ്. ഞാന്‍ യാത്രയില്‍ ഒരുപാട് ബീച്ചുകള്‍ കണ്ടിട്ടുണ്ട്. അതില്‍ ഏറ്റവും മനോഹരമായി തോന്നിട്ടുള്ളത് വര്‍ക്കല ബീച്ചാണ്.

: പരസ്യചിത്രങ്ങളും ചെയ്യാറുണ്ട്. എന്തെങ്കിലും മാറ്റം തോന്നിയിട്ടുണ്ടോ? 

നീ: ഗ്ലാമറസാണ് പരസ്യത്തിന്റെ സ്വഭാവം. ലൈറ്റിങ്ങില്‍ വ്യത്യാസമുണ്ട്. പക്ഷേ കൂടുതല്‍ സന്തോഷം സിനിമയാണ്. ഒരു ചെറിയ വിഭാഗം ആളുകളുടെ തൃപ്തി മുന്നില്‍ കണ്ടാണ് പരസ്യം ഒരുക്കുന്നത്. പ്രധാനമായും ക്ലൈന്റിന്റെ ഇഷ്ടം. ഒരു ദിവസത്തെ വര്‍ക്ക്. ക്യാമറയുമായി ഒന്ന് പരിചയമായി വരുമ്പോള്‍ ഷൂട്ട് കഴിയും. പിന്നെ നമ്മുടെ പരസ്യം ടിവിയില്‍ വരുമ്പോള്‍ തന്നെ വീട്ടില്‍ ചിലപ്പോള്‍ ചാനല്‍ മാറ്റും. പരസ്യത്തിന് പിന്നിലുള്ളവരെ ആരും അറിയുന്നില്ലല്ലോ. സിനിമ അങ്ങനെയല്ല വളരെ സുതാര്യമാണ്.

: പുതിയ സംവിധായകര്‍ക്കൊപ്പവും സീനിയറായവര്‍ക്ക് ഒപ്പവും ജോലി ചെയ്തിട്ടുണ്ട്. വ്യത്യാസം തോന്നിയിട്ടുണ്ടോ? 

നീ: രണ്ടും രണ്ടു തരമാണ്. പുതിയ ആള്‍ക്കാര്‍ എന്തുപരീക്ഷണത്തിനും കൂടെ നില്‍ക്കും. നല്ല സ്വാതന്ത്ര്യം കിട്ടും. റോജിന്‍ തോമസ് ജോലിയില്‍ മാക്‌സിമം സ്വാതന്ത്ര്യം തരുന്ന ആളാണ്. സത്യന്‍ സാറിനൊപ്പം വര്‍ക്ക് ഒട്ടും ടെന്‍ഷന്‍ ഇല്ല. വലിയ എക്‌സ്പീരിയന്‍സാണ് സീനിയേഴ്‌സായ കമല്‍ സാറില്‍ നിന്നും സത്യന്‍ സാറില്‍ നിന്നും കിട്ടിയത്. മനസിനക്കരെ എന്ന സിനിമയിലെ ഒരു ഗാനം മൂന്നാറില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഞാനന്നവിടെ പഠിക്കുന്നുണ്ട്. അന്നു സത്യന്‍ സാറിന്റെ കൈയ്യില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങിയിട്ടുണ്ട്. പിന്നെ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യ്തപ്പോള്‍ എനിക്ക് വലിയ എക്‌സൈറ്റ്‌മെന്റായിരുന്നു.

: ഇപ്പോഴത്തെ വര്‍ക്കുകള്‍ ? 

നീ: റിലീസ് ചെയ്തത് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ ആണ്. എനിക്ക് കുറേ അധികം പ്രശംസ നേടിത്തന്ന വര്‍ക്കാണ് അത്. ചാക്കോച്ചനുമായുള്ള ബന്ധത്തില്‍ നിന്നാണ് ആ വര്‍ക്ക് കിട്ടുന്നത്. ഒരു പാട് പ്രത്യേകതകള്‍ ഉള്ള സിനിമ. ചാക്കോച്ചന്‍ ഉദയായുടെ ബാനറില്‍ ആദ്യമായി നിര്‍മിച്ച സിനിമയാണ്. സിദ്ധാര്‍ത്ഥശിവ എന്ന മികച്ച സംവിധായകന്റെ ആദ്യത്തെ കോമേഷ്യല്‍ സിനിമ. പുതുമയുള്ള ലൊക്കേഷന്‍. നാച്ചുറലായ വര്‍ക്ക്. പ്രൊഡക്ഷന്‍ സൈഡില്‍ നിന്ന് യാതൊരു വിധ ടെന്‍ഷനും ഇടപെടലും ഉണ്ടാകാത്ത വര്‍ക്കായിരുന്നു അത്. അടുത്ത് തുടങ്ങുന്നത് മങ്കി പെന്‍ 2 ആണ്.

: ‘നീല്‍ ഡികുഞ്ഞ’ വ്യത്യസ്തമായ പേരാണല്ലോ? 

നീ : ആംഗ്ലോ ഇന്ത്യന്‍ ആണ്. പോര്‍ച്ചുഗല്‍ ഒര്‍ജിനാണ്. ഏഴ് തലമുറയായി ഞങ്ങള്‍ ഇവിടെയാണ്. നീല്‍ ഡി കുഞ്ഞ എന്ന് ഇവിടെ വിളിക്കുന്നതാണ്. ‘നീല്‍ ഡി കുന്ന’യാണ് ശരി. പേരുകൊണ്ട് ഉണ്ടായ നേട്ടം എല്ലാവരും വേഗത്തില്‍ ശ്രദ്ധിക്കും എന്നുള്ളതാണ്. ‘ഡി കുന്ന’ സര്‍നെയിമാണ്. അത് പാരമ്പര്യമായി കിട്ടുന്നതാണ്. പപ്പാ, മമ്മി, ബ്രദര്‍, ഞാന്‍, ഭാര്യ, കുഞ്ഞ്. ബ്രദറും ഫാമിലിയും സൗത്താഫ്രിക്കയിലാണ്. വീട്ടില്‍ ഞാനൊഴിച്ച് എല്ലാവരും വരയ്ക്കുന്നവരാണ്. എന്റെ ഗ്രാന്‍ഡ് ഫാദര്‍ ആര്‍ട്ടിസ്റ്റായിരുന്നു. ആദ്യത്തെ ആഡ് ഫിലിം ഏജന്‍സി അദ്ദേഹത്തിന്റെ ആയിരുന്നു.’ വിന്‍സന്റ് ആര്‍ട്ട്‌സ്’. കേരളത്തില്‍ ആദ്യമായി ഹോഡിംഗ്‌സ് അവതരിപ്പിച്ചത് എന്റെ ഗ്രാന്‍ഡ് ഫാദര്‍ ആയിരുന്നു. മോഡല്‍സിനെ വരയ്ക്കുകയായിരുന്നു രീതി.

: സിനിമ സംവിധാനം ചെയ്യാന്‍ താല്പര്യമുണ്ടോ? 

നീ: ആദ്യം ഇഷ്ടമായിരുന്നു. പക്ഷേ പിന്നെ മനസ്സിലായി, എളുപ്പമുള്ള പണിയല്ല. ഡയറക്ടറുടെ മനസ്സില്‍ സിനിമയുടെ തുടക്കം മുതല്‍ ഒരു ഫീല്‍ ഉണ്ടാകും; തിയേറ്ററില്‍ എത്തുംവരെ അത് സൂക്ഷിക്കണം. ക്ഷമ വേണം. എല്ലാ കാര്യവും ഒരേ പോലെ ശ്രദ്ധിക്കണം. ചുറ്റുമുള്ളവരെ നിരന്തരം പ്രചോദിപ്പിക്കണം; കൂടുതല്‍ ക്രിയേറ്റീവാകാന്‍ ഇത് സഹായിക്കും. എല്ലാവരുടെ മനസ്സിലും ഒരു സിനിമ കാണും. നമ്മള് ഒരു ഫ്രെയിം വെയ്ക്കുമ്പോള്‍ ആ ഫ്രെയിമിലെ ലൈറ്റ് ആന്റ് ഷാഡോ ഒക്കെ നമ്മളാണ് തീരുമാനിക്കുക. അപ്പോഴൊക്കെ എന്റെ മനസ്സിലെ സിനിമ ഞാന്‍ കാണും. എന്നെങ്കിലും കോണ്‍ഫിഡന്‍സ് ഉണ്ടാകുമ്പോള്‍ എന്റെ സിനിമ ചെയ്യും. അതിന് എനിക്കിഷ്ടമുള്ള നിറമായിരിക്കും. ഫ്രെയിമുകളായിരിക്കും. ഞാന്‍ ഇഷ്ടപ്പെടുന്ന വാന്‍ഗോഗിന്റേയും റെംറാന്‍ഡിന്റേയും പെയിന്റിംഗിലെ മാസ്മരികത പോലെ.

അ: സിനിമ പോലെ ഇഷ്ടമുള്ള മറ്റൊന്നുമില്ല? 

നീ: സിനിമ തന്നെയാണ് എല്ലാം. പ്രാര്‍ത്ഥന പോലെ ഏറ്റവും ഏകാഗ്രമായി ഞാന്‍ ചെയ്യുന്ന ഒന്നാണ് സിനിമ. ഞാന്‍ എന്റെ തൊഴിലില്‍ ഒരിക്കലും കളവ് കാട്ടാറില്ല. ആരോടും മത്സരിക്കാറുമില്ല. ഇവിടെ ആരോടും മത്സരിക്കേണ്ട ആവശ്യമില്ല; അത്ര സ്‌നേഹവും സഹകരണവുമാണ് പരസ്പരം. ഒരാള്‍ക്ക് സുഖമില്ലാതായാല്‍ വര്‍ക്കില്‍ സഹായിക്കാന്‍ എല്ലാവരും തയ്യാറാണ്. മത്സരമൊക്കെ എന്നോട് മാത്രം. ഓരോ പുതിയ വര്‍ക്കും എന്നിലെ കാമറാമാനുമായി സംവദിക്കും. തര്‍ക്കിക്കും. കൂടുതല്‍ നന്നാവാന്‍ ഹോം വര്‍ക്ക് ചെയ്യും. ജോലിയില്‍ പുതിയതാവും. നിറയെ നിറയെ പുതിയ കാഴ്ചകള്‍ക്കായി കണ്ണു തുറക്കും.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് അരുണ)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍