UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാടു കാക്കേണ്ടവര്‍ കാടിനെ തീറെഴുതുമ്പോള്‍; കരുണ എസ്റ്റേറ്റിന് പിന്നിലെ അറിയാക്കഥകള്‍

Avatar

ധര്‍മരാജ് വയനാട്

നെല്ലിയാമ്പതി മലനിരകളിലുള്ള കരുണ എസ്‌റ്റേറ്റ് വിവാദം കോണ്‍ഗ്രസിലെ സുധീരന്‍-ഉമ്മന്‍ചാണ്ടി ഗ്രൂപ്പ് യുദ്ധത്തില്‍ എണ്ണ ഒഴിച്ചിരിക്കുന്നു. ഭൂമിക്ക് കരം അടയ്ക്കാന്‍ അനുതി നല്‍കിയതാണ് പുതിയ വിവാദം. കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ടിഎന്‍ പ്രതാപനും ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരേ രംഗത്തു വന്നിട്ടും മുഖ്യമന്ത്രിയും റവന്യു മന്ത്രിയും നിലപാടു മാറ്റിയിട്ടില്ല. കരുണ എസ്റ്റേറ്റില്‍ പോബ്‌സന്റെ അവകാശം അരക്കിട്ടുറപ്പിക്കാന്‍ ആര്‍ക്കാണു തിടുക്കമെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. വര്‍ഷങ്ങള്‍ നീളുന്നതാണ് നെല്ലിയാമ്പതി മലനിരകളിലെ ഈ ഭൂമിയുടെ ചരിത്രം. കരുണ എസ്റ്റേറ്റിനു പിന്നില്‍ അധികമാരുമറിയാത്ത നിരവധി സംഭവ കഥകളുണ്ട്.

1971-ല്‍ നിക്ഷിപ്തവനമായി വിജ്ഞാപനം ചെയ്തതും 1969, 1979 വര്‍ഷങ്ങളില്‍ നടന്ന അനധികൃത കൈമാറ്റങ്ങളിലൂടെയും പിന്നീട് വനംവകുപ്പ് കേസ് തോറ്റു കൊടുത്തതിലൂടെയും പോബ്‌സ് ഗ്രൂപ്പിന്റെ കൈവശം എത്തിയ വനഭൂമിയാണ് നെല്ലിയാമ്പതിയിലെ 830 ഏക്കര്‍ വരുന്ന കരുണ എസ്റ്റേറ്റ്. വനംവകുപ്പിന്റെ സഹായത്തോടെ കരുണ എസ്റ്റേറ്റ് വനഭൂമിയല്ലെന്ന് കീഴ് കോടതികളില്‍ നിന്ന് വിധി സമ്പാദിച്ച് കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി പോബ്‌സ് കൈവശംവയ്ക്കുമ്പോഴാണ് സര്‍ക്കാര്‍ നിര്‍ദേശനുസരിച്ച് ഒരു നൂറ്റാണ്ട് മുമ്പത്തെ രേഖകളും നിയമങ്ങളും നിയമ ലംഘനങ്ങളുമെല്ലാം പഠിച്ചും പരിശോധിച്ചും കരുണ എസ്റ്റേറ്റ് നിക്ഷിപ്ത വനമാണെന്നും പോബ്‌സിന്റേത് അനധികൃത ഭൂമിയാണെന്നും തെളിവുകള്‍ സഹിതം മൂന്നുവര്‍ഷം മുമ്പ് അന്നത്തെ നെന്മാറ ഡിഎഫ്ഒ പി ധനേഷ്‌കുമാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ധനേഷ്‌കുമാറിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തെറ്റാണെന്നും, കരുണാഎസ്റ്റേറ്റ് വനമല്ലെന്നും, പോബ്‌സിന്റെ സ്വകാര്യ സ്വത്താണെന്നും, പോബ്‌സിന്റെ രേഖകളെല്ലാം നിയമസാധുതയുള്ളതുമാണെന്നും അവകാശപ്പെടുന്നത് വനംവകുപ്പു തന്നെ എന്നതാണ് വിരോധാഭാസം.

വ്യവഹാരങ്ങളും വിവാദങ്ങളും

1976-ല്‍ പാലക്കാട് ഫോറസ്റ്റ് ട്രൈബ്യൂണലില്‍ തുടങ്ങി 2009-ല്‍ സുപ്രീം കോടതി വരെ നീളുന്നതാണ് കരുണ എസ്റ്റേറ്റിനെ ചൊല്ലി വനംവകുപ്പും പോബ്‌സ് ഗ്രൂപ്പും തമ്മിലുള്ള വ്യവഹാരം. അപ്പീല്‍ നല്‍കുന്നതില്‍ വനംവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി 2005-ല്‍ ഹൈക്കോടതിയും 2009-ല്‍ സുപ്രീം കോടതിയും അപ്പീലുകള്‍ തള്ളിയതോടെ ഈ ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാരിന്റെ മുന്നിലുള്ള ഏക സാധ്യത സുപ്രീം കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കുക മാത്രമാണ്. ഫോറസ്റ്റ് ട്രൈബ്യൂണല്‍ മുതല്‍ സുപ്രീം കോടതി വരെ വനംവകുപ്പ് നല്‍കിയ ഹര്‍ജികളില്‍ ഉന്നയിക്കാന്‍ വിട്ടുപോയതോ, പിന്നീട് കണ്ടെത്തിയതോ ആയ പ്രധാന കൃത്രിമങ്ങളോ ക്രമക്കേടുകളോ സംബന്ധിച്ച വിശ്വസനീയമായതും നിരാകരിക്കാന്‍ കഴിയാത്തതുമായ പുതിയ തെളിവുകള്‍ ഉയര്‍ത്തിക്കാട്ടാന്‍ വനംവകുപ്പിന് കഴിഞ്ഞാല്‍ മാത്രമേ കാലതാമസം മാപ്പാക്കി സുപ്രീം കോടതി പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുകയുള്ളൂ. എങ്കിലും, ഈ സാധ്യത കൂടി പരീക്ഷിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയും തുടര്‍ന്ന് കാലതാമസം അവഗണിച്ച് സുപ്രീം കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കാനുള്ള കാരണങ്ങളുണ്ടെങ്കില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 15-03-2011-ന് മുന്‍ നെന്മാറ ഡിഎഫ്ഒ ധനേഷ്‌കുമാറിനോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ധനേഷ്‌കുമാര്‍ നടത്തിയ അന്വേഷണമാണ് കൃത്രിമങ്ങളും ക്രമക്കേടുകളും കണ്ടെത്തിയതും കരുണ എസ്റ്റേറ്റ് നിക്ഷിപ്ത വനഭൂമി പരിധിയില്‍ വരുന്ന പാട്ട ഭൂമിയാണെന്ന് കണ്ടെത്തി 13-07-2011-ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതും.

സുപ്രീം കോടതിയില്‍ കേസ് ജയിക്കാനും, പോബ്‌സില്‍ നിന്ന് 830 ഏക്കര്‍ നിക്ഷിപ്ത വനം തിരിച്ചുപിടിക്കാനുമുള്ള തെളിവുകള്‍ സഹിതം സമര്‍പ്പിക്കപ്പെട്ട ധനേഷ്‌കുമാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ മാറിവന്ന സര്‍ക്കാര്‍ താല്‍പര്യമെടുത്തില്ല. വീണ്ടും സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നാല്‍ സര്‍ക്കാരിന്റെ പ്രധാന പിടിവള്ളിയായ ഇപ്പോഴും വനഭൂമിയായി നിലനില്‍ക്കുന്ന റവന്യൂ റിക്കാര്‍ഡുകള്‍ കൂടി പോബ്‌സിനു മാറ്റി നല്‍കാന്‍ സമ്മതിച്ച് ധനേഷിന്റെ പിന്‍ഗാമിയായ രാജുഫ്രാന്‍സിസ് 28-04-2014 ന് പോബ്‌സിന് അനുകൂലമായി എന്‍ഒസി നല്‍കിയിരുന്നു. എന്നാല്‍ രാജു ഫ്രാന്‍സിസിന്റെ നടപടി വിവാദമാകുകയും നിയമസഭയില്‍ പ്രതിപക്ഷവും ചില ഭരണപക്ഷ അംഗങ്ങളും ശബ്ദമുയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് രാജു ഫ്രാന്‍സിസിന്റെ നടപടികളില്‍ ക്രമക്കേടുകളുണ്ടെങ്കില്‍ പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പിസിസിഎഫ് വി.ഗോപിനാഥന്‍, വനസംരക്ഷണ വിഭാഗം അഡീഷണല്‍ പിസിസിഎഫ് സുരേന്ദ്രകുമാര്‍, വനം വന്യജീവി വിജിലന്‍സ് വിഭാഗം അഡീഷണല്‍ പിസിസിഎഫ് സി. എസ്. യാലക്കി എന്നിവരെ ഉള്‍പ്പെടുത്തി 31-05-2014-ന് മൂന്നംഗ കമ്മറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കി.

നിയമവിരുദ്ധവും കൃത്രിമമുള്ളതുമായ 1966, 1969, 1979 വര്‍ഷങ്ങളിലെ ആധാരങ്ങള്‍ക്ക് നിയമസാധുത നല്‍കിയും 2008-ലെ ആധാരത്തെക്കുറിച്ച് പരാമര്‍ശിക്കുക പോലും ചെയ്യാതെയും കോടതി ഉത്തരവുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തും ഈ 919 ഏക്കറില്‍ 830 ഏക്കറും റവന്യൂ വകുപ്പിന്റെ അധികാര പരിധിയില്‍പ്പെട്ട പോബ്‌സിന്റെ സ്വകാര്യ സ്വത്താണെന്നും, വനം വകുപ്പിന് ഇതില്‍ അവകാശവുമില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടാണ് വനം മേധാവികള്‍ 15-7-2014-ന് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

വെങ്ങുനാട് കോവിലകത്തിന്റെ സ്വകാര്യവനങ്ങള്‍

കൊച്ചി രാജവംശത്തിന്റേയും, കൊല്ലങ്കോട് രാജകുടുംബത്തിന്റേയും, സ്വകാര്യ സ്വത്തുക്കളായിരുന്നു നെല്ലിയാമ്പതിയിലെ മൊത്തം വനഭൂമികള്‍. കൊച്ചി രാജവംശത്തിന്റെ അധീനതയിലുണ്ടായിരുന്ന സ്വകാര്യവനങ്ങളാണ് ഇപ്പോള്‍ റിസര്‍വ് വനങ്ങളായി നിലനില്‍ക്കുന്നത്. കൊല്ലങ്കോട് രാജകുടുംബമായ വെങ്ങുനാട് കോവിലകത്തിന് 7000 ഏക്കര്‍ സ്വകാര്യവനമായിരുന്നു നെല്ലിയാമ്പതിയിലുണ്ടായിരുന്നത്. ഇതില്‍ 1000 ഏക്കര്‍, 500 ഏക്കര്‍ വീതം യഥാക്രമം എം.എ. മെക്കന്‍സി, എച്ച്. എം. ഹാള്‍ എന്നീ ഇംഗ്ലീഷുകാര്‍ക്ക് കോവിലകത്തിന്റെ മുതിര്‍ന്ന അവകാശികളായ പത്മനാഭ രവിവര്‍മ്മയും, അദ്ദേഹത്തിന്റെ അമ്മ ദാത്രി വലിയ റാണിയും ചേര്‍ന്ന് സ്വന്തം നിലക്കും മൈനര്‍മാരുടെ രക്ഷിതാവ് നിലക്കും 1889-ല്‍ 75 വര്‍ഷത്തേക്കു കൃഷി ചെയ്യാന്‍ പാട്ടത്തിനു നല്‍കി. പിന്നീട് എം.എ. മെക്കന്‍സിയും, എച്ച്.എം.ഹാളും പാര്‍ട്ണര്‍മാരായി ആംഗ്ലോ അമേരിക്കന്‍ ഡയറക്ട് ടീ കമ്പനി രൂപീകരിച്ച് ഇരുവരുടേയും കൂടിയുള്ള 1500 ഏക്കര്‍ പാട്ടഭൂമി അതില്‍ ലയിപ്പിച്ച് പരിപാലിക്കുകയായിരുന്നു. 1944-ല്‍ ഇവര്‍ ഈ 1500 ഏക്കര്‍ വനഭൂമിയിലെ തങ്ങളുടെ പാട്ടാവകാശം അമാല്‍ഗമേറ്റഡ് കോഫീ എസ്റ്റേറ്റ് ലിമിറ്റഡിന് കൈമാറി. 1964-ല്‍ ആ 1500 ഏക്കര്‍ ഭൂമി സംബന്ധിച്ച 75 വര്‍ഷ പാട്ടക്കാലാവധി അവസാനിച്ചിരുന്നു. ഇതിനിടെ പത്മനാഭര വിവര്‍മ്മ മരിക്കുകയും, കോവിലകം കുടുംബാംഗങ്ങള്‍ തമ്മില്‍ സ്വത്തുതര്‍ക്കം ഉടലെടുക്കുകയും അമാല്‍ഗമേറ്റഡ് കോഫി ലിമിറ്റഡിന്റെ കൈവശമുള്ള 1500 ഏക്കര്‍ ഉള്‍പ്പെടെ കോവിലകത്തിന്റെ മുഴുവന്‍ സ്ഥാവര ജംഗമ സ്വത്തുക്കളെയും സംബന്ധിച്ച് പാട്ടക്കാലാവധി അവസാനിച്ച അതേവര്‍ഷം 1964-ല്‍, 1/64 നമ്പരായി പാലക്കാട് ജില്ലാ കോടതിയില്‍ പാര്‍ട്ടീഷന്‍ സ്യൂട്ട് ഫയല്‍ ചെയ്യുകയും ചെയ്തു. 1964-ല്‍ തുടങ്ങിയ സ്വത്തു തര്‍ക്ക വ്യവഹാരം തീര്‍പ്പാവുന്നത് 2003-ലാണ്. അതുവരെയുള്ള നീണ്ട 39 കൊല്ലം സ്വത്തുക്കളത്രയും റിസീവര്‍ ഭരണത്തിലും കോടതിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ പാട്ടം പുതുക്കാന്‍ പാടില്ല എന്ന സ്ഥിതിയിലുമായിരുന്നു.

പാട്ടക്കാലാവധി അവസാനിച്ച സ്ഥിതിക്ക് അമാല്‍ഗമേറ്റഡ് കോഫീ എസ്റ്റേറ്റ് ലിമിറ്റഡ് പാട്ടഭൂമി കോവിലകം കുടുംബാംഗങ്ങളെയോ കോടതി റിസീവറെയോ തിരിച്ചേല്‍പ്പിക്കണം. അല്ലെങ്കില്‍ പാട്ടക്കുടിയാനായ അമാല്‍ഗമേറ്റഡ് കോഫീ എസ്റ്റേറ്റ് ലിമിറ്റഡിന് ലിമിറ്റഡും ജന്മികളായ കോവിലകത്തെ മുഴുവന്‍ അവകാശികളുമായി ചേര്‍ന്ന് കേസ് നടക്കുന്ന പാലക്കാട് ജില്ലാ കോടതിയില്‍ പാട്ടം പുതുക്കാനുള്ള പ്രത്യേക അനുമതിക്കായി റിസീവര്‍ മുഖാന്തിരം ഐഎ (Interlocutory Application) ഫയല്‍ ചെയ്ത് അതില്‍ വാദം കേട്ട് കോടതി നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകള്‍ക്കു വിധേയമായി റിസീവറും അമാല്‍ഗമേറ്റഡ് കോഫീ എസ്റ്റേറ്റ് ലിമിറ്റഡും ചേര്‍ന്ന് പാട്ടം പുതുക്കല്‍ കരാര്‍ (ലീസ് റിന്യുല്‍ ഡീഡ്) ഒപ്പിട്ട് രജിസ്റ്റര്‍ ചെയ്യണം. അല്ലാതെയുള്ള കൈവശമായാലും കൈമാറ്റമായാലും അത് അനധികൃതമാണ്. ഇതിനു നിയമത്തിന്റെ പിന്‍ബലമുണ്ടാകില്ല.

എന്നാല്‍ ഇവിടെ ഇതുണ്ടായില്ലെന്നു മാത്രമല്ല, പാട്ടക്കാലാവധി തീരുകയും പാട്ടം പുതുക്കാത്തതു മൂലം സ്വമേധയാ കോവിലകത്തേക്ക് തിരികെ ലയിക്കുകയും, അപ്രകാരം അമാല്‍ഗമേറ്റഡ് കോഫീ എസ്റ്റേറ്റ് ലിമിറ്റഡിന് അവകാശമില്ലാതായി തീരുകയും ചെയ്ത 1500 ഏക്കറില്‍ നിന്നും 1009 ഏക്കര്‍ ഭൂമി നിയമത്തേയും, കോവിലകം അവകാശികളേയും കബളിപ്പിച്ച് അമാല്‍ഗമേറ്റഡ് കോഫി ലിമിറ്റഡ് 1969-ല്‍ 2676 നമ്പര്‍ സെയില്‍ ഡീഡ് പ്രകാരം എന്‍.ജെ. ജോസഫിനും, അദ്ദേഹത്തിന്റെ ആറു സഹോദരന്‍മാര്‍ക്കുമായി വില്‍ക്കുകയായിരുന്നു. 1963-ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കണമെങ്കില്‍ സീലിംഗ് റിട്ടേണ്‍ സഹിതം ഇളവിനപേക്ഷിച്ച് ഭൂപരിധി നിയമത്തില്‍ നിന്ന് ഇളവു നേടിയിരിക്കണം. ഇവിടെ ഇളവിന് അപേക്ഷിക്കുക പോലും ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ഇത് മിച്ചഭൂമിയായി പ്രഖ്യാപിച്ച് സര്‍ക്കാരിന് പിടിച്ചെടുക്കാം. ഇതിനു പിന്നാലെയാണ് 1971-ല്‍ സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും നിയമം (Kerala Private Forest Vesting and asignment Act) നിലവില്‍ വന്നതും, ഈ 1009 ഏക്കര്‍ നിക്ഷിപ്ത വനപരിധിയില്‍ വരുന്നതും. 1949-ലെ MPPF (Madras Preservation of Private Forest Act) ആക്ടിന്റെ പരിധിയില്‍ വരുന്ന, ഭൂപരിഷ്‌കരണ നിയമപ്രകാരം ഇളവു നേടാത്തതുമായ ഏതൊരു ഭൂമിയും നിക്ഷിപ്ത വനമായി പ്രഖ്യാപിക്കാം.



കൈവശക്കാരന്‍ കോടതിയിലേക്ക്
 

വന ഭൂമിയായി തന്റെ സ്ഥലം പ്രഖ്യാപിച്ച വനംവകുപ്പിന്റെ നടപടിക്കെതിരേ 1976-ല്‍ OA 583/76 നമ്പരായി എന്‍.ജെ. ജോസഫ് പാലക്കാട് ഫോറസ്റ്റ് ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കി. പാലക്കാട് ജില്ലാ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതും, പാട്ടക്കാലാവധി കഴിഞ്ഞതോടെ കൈവശം വയ്ക്കാനോ കൈമാറാനോ അധികാരമില്ലാത്ത വ്യക്തിയോട് കോടതിയുടെ അറിവോ അനുവാദമോ ഇല്ലാതെ സ്വന്തമാക്കിയതും, ഭൂപരിഷ്‌കരണനിയമ പ്രകാരം ഇളവു നേടാത്തതുമായ വസ്തുതകള്‍ നിരത്തി, വാലിഡ് ടൈറ്റില്‍ ഡീഡ് ഇല്ലാതെ ഭൂമി കൈവശം വയ്ക്കുന്ന അന്യായക്കാരന് ഇത്തരമൊരു ഹര്‍ജി നല്‍കാന്‍ അര്‍ഹതയില്ലെന്ന് ഫോറസ്റ്റ് ട്രൈബ്യൂണലില്‍ സ്ഥാപിക്കാന്‍ വനം വകുപ്പിനാകും. സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളും, രണ്ടു കേസുകളും നില നില്‍ക്കേ എന്‍.ജെ. ജോസഫിന്റെ 1009 ഏക്കറില്‍ നിന്നും 919 ഏക്കര്‍ ഭൂമി 1979 ല്‍ പോബ്‌സ് ഗ്രൂപ്പ് വിലക്കു വാങ്ങുകയായിരുന്നു.

പോബ്‌സിന്റെ പ്രഭാവം

അന്യായം നല്‍കാനുള്ള എന്‍.ജെ. ജോസഫിന്റെ അര്‍ഹതയെ ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ ഹര്‍ജി തള്ളുകയല്ലാതെ മറിച്ചൊരു വിധിക്ക് വിദൂര സാധ്യത പോലുമില്ലെന്നു തീര്‍ച്ചപ്പെട്ടിരിക്കെ, എന്‍.ജെ. ജോസഫിന്റെ വാദങ്ങളെല്ലാം അംഗീകരിച്ച് കരുണ എസ്റ്റേറ്റ് നിക്ഷിപ്ത വനഭൂമിയായി വിജ്ഞാപനം ചെയ്ത വനം വകുപ്പിന്റെ നടപടി റദ്ദു ചെയ്തു കൊണ്ടുള്ള ഞെട്ടിക്കുന്ന ഉത്തരവാണ് 8-5-1981-ന് പാലക്കാട് ഫോറസ്റ്റ് ട്രൈബ്യൂണലില്‍ നിന്നുണ്ടായത്. തുടര്‍ന്ന് ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് MFA 574/81-ാം നമ്പരായി വനംവകുപ്പ് നല്‍കിയ റിവിഷന്‍ പെറ്റീഷനില്‍ ഇതേ ഫോറസ്റ്റ് ട്രൈബ്യൂണലില്‍ നിന്നും 12-1-1989-നുണ്ടായ വിധി ഒരുപരിധി വരെ വനംവകുപ്പിനു ആശ്വാസമായി. 919 ഏക്കറില്‍ 133.55 ഏക്കര്‍ കഴിച്ച് ബാക്കി മുഴുവനും നിക്ഷിപ്തവനം തന്നെയാണെന്നായിരുന്നു റിവിഷന്‍ പെറ്റീഷനില്‍ ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ വിധി. വനം വകുപ്പിന്റെ MFA 574/81 ാം നമ്പര്‍ റിവിഷന്‍ പെറ്റീഷനില്‍ എട്ടാമത്തെ എതിര്‍കക്ഷിയായി (Respondent) കക്ഷി ചേര്‍ന്ന പോബ്‌സ് രണ്ടാമത്തെ ട്രിബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അതില്‍ 16-10-1990-ന് ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി വനംവകുപ്പിന് വീണ്ടും തിരിച്ചടിയായി. 919 ഏക്കറില്‍ 89.46 ഏക്കര്‍ മാത്രമാണ് നിക്ഷിപ്ത വനമെന്നും, ബാക്കി പോബ്‌സിന്റെ സ്വകാര്യഭൂമിയാണെന്നും ഹൈക്കോടതി വിധിച്ചു.

1949-ല്‍ എം.പി.പി.എഫ് ആക്ട് നിലവില്‍ വരുമ്പോള്‍ കൃഷി ചെയ്യാതെ വനമായിരുന്ന സ്വകാര്യവനങ്ങളെ (Uncultivated Privet Forest Land) മാത്രമേ നിക്ഷിപ്ത വനഭൂമി പരിധിയില്‍പ്പെടുത്താവൂ. എന്നാല്‍ 1962 വരെ കോവിലകത്തിന്റെ കീഴില്‍ സ്വകാര്യവനമായി നിലനിന്നിരുന്നതും, ഈ ആക്ട് പ്രകാരം പാലക്കാട് കലക്ടറില്‍ നിന്ന് 14-2-1962-ന് കൃഷി ചെയ്യാന്‍ അനുമതി നേടിയതും, അതിനു ശേഷം അതേവര്‍ഷം കോവിലകം അവകാശികള്‍ തിരുമല സ്വാമി ഗൗഢര്‍ എന്ന വ്യക്തിക്ക് പാട്ടത്തിന് നല്‍കിയതുമായ 783 ഏക്കര്‍ ജെമിനി എസ്റ്റേറ്റ് പോലും നിക്ഷിപ്ത വനഭൂമി പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കെ, എം.പി.പി.എഫ് ആക്ട് നിലവില്‍ വരുന്നതിനു വളരെ മുമ്പേ തന്നെ പാട്ടക്കരാര്‍ നിലനില്‍ക്കുന്ന കരുണ എസ്റ്റേറ്റ് നിക്ഷിപ്ത വനമല്ലെന്ന് വരുത്തി തീര്‍ക്കാനാണോ പ്രയാസം? എം.പി.പി. എഫ് ആക്ട് നിലവില്‍ വരും മുന്നേ തന്നെ കരുണാ എസ്റ്റേറ്റ് കൃഷി ഭൂമിയായിരുന്നെങ്കില്‍ എന്തുകൊണ്ട് 1963-ലെ ഭൂപരിഷ്‌കരണ നിയമ പ്രകാരം പ്ലാന്റേഷന്‍ എസ്റ്റേറ്റുകള്‍ സമര്‍പ്പിക്കേണ്ട സീലിംഗ് റിട്ടേണ്‍ സമര്‍പ്പിച്ചില്ല എന്ന മറുചോദ്യം വനംവകുപ്പിന് ഉന്നയിക്കാമായിരുന്നെങ്കിലും അതും ഉണ്ടായില്ല.

കാടിന്റെ ഘാതകര്‍

ഹൈക്കോടതി വിധിയില്‍, ഹൈക്കോടതിയില്‍ തന്നെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള പരമാവധി സമയ പരിധി ഒരു വര്‍ഷമാണ്. അതു കഴിഞ്ഞാല്‍ തൃപ്തികരമായതും അവഗണിക്കാനാവാത്തതുമായ പുതിയ തെളിവുകളും ഉണ്ടെങ്കിലല്ലാതെ കോടതി അപ്പീല്‍ അംഗീകരിക്കില്ലെന്നറിയാമായിട്ടും പത്തു വര്‍ഷം വരെ അപ്പീല്‍ നല്‍കാന്‍ വനം വകുപ്പ് തയാറായില്ല. ഒടുവിലത്തെ കോടതി വിധിയനുസരിച്ച് 919 ഏക്കറില്‍ വനംവകുപ്പിന് അവകാശപ്പെട്ടതായി വിധിച്ച 89.46 ഏക്കര്‍ ഒഴിച്ച്, ബാക്കി 830 ഏക്കറും 1994-ല്‍ വനംവകുപ്പ് അളന്നു തിരിച്ച് പോബ്‌സിന് റീസ്റ്റോര്‍ ചെയ്തു നല്‍കുകയും ചെയ്തു.

830 ഏക്കര്‍ കാട് പോബ്‌സിന് റീസ്റ്റോര്‍ ചെയ്തു നല്‍കാന്‍ വനംവകുപ്പ് കാണിച്ച തിടുക്കവും, താല്‍പ്പര്യവും യഥാസമയം അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ വനംവകുപ്പിന് എന്തുകൊണ്ടുണ്ടായില്ല എന്നു ചോദിച്ചാല്‍, ‘അപ്പീലിനു സാധ്യതയില്ല’ എന്ന് അന്നത്തെ ഗവണ്‍മെന്റ് പ്ലീഡര്‍ എം.സി. ജോണ്‍ നല്‍കിയ നിയമോപദേശമനുസരിച്ചാണ് അപ്പീലിനു പോവാതെ ഭൂമി പോബ്‌സിനു റീസ്റ്റോര്‍ ചെയ്തു നല്‍കിയത് എന്നാണ് മൂന്നംഗ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വനം വകുപ്പ് മേധാവികള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ നിയമോപദേശം അവഗണിച്ച് 10 വര്‍ഷത്തിനു ശേഷം 2001-ല്‍ ഹൈക്കോടതിയില്‍ അപ്പീലിനു പോയതെന്തിനായിരുന്നുവെന്ന ചോദ്യം മാത്രം ബാക്കി. റിവ്യൂ പെറ്റീഷന്‍ കാലതാമസം ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളി. തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീലിനു പോകുന്നതിനെ കുറിച്ച് ആരാഞ്ഞപ്പോഴും ‘സാധ്യതയില്ല’ എന്നായിരുന്നു അന്നത്തെ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീലാഭട്ട് നല്‍കിയ നിയമോപദേശമെങ്കിലും, ആ നിയമോപദേശം വകവെക്കാതെ വനംവകുപ്പ് സുപ്രീംകോടതിയില്‍ SLP ഫയല്‍ ചെയ്യുകയായിരുന്നെന്നും, അതും പക്ഷേ കാലതാമസം ചൂണ്ടിക്കാട്ടി സുപ്രീംകോടതി തള്ളുകയാണുണ്ടായതെന്നും കൂടി മൂന്നാംഗ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വനംമേധാവികള്‍ സമ്മതിക്കുന്നുണ്ട്. അപ്പീലിനു സാധ്യതയില്ലെന്ന് സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞാലും, അതു വകവയ്ക്കാതെ അപ്പീലിനു പോവുന്നതിനു പ്രതിബന്ധങ്ങളൊന്നുമില്ല. വനംവകുപ്പ് അങ്ങനെ ചെയ്തിട്ടുമുണ്ട്. ആ സ്ഥിതിക്ക് എം.സി. ജോണിന്റെ നിയമോപദേശം അവഗണിച്ച് 1990-ല്‍ തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമായിരുന്നു.

ധനേഷ്‌കുമാര്‍ റിപ്പോര്‍ട്ടും, മൂന്ന് അംഗ കമ്മിറ്റി റിപ്പോര്‍ട്ടും

പോബ്‌സിന്റെ സാധുവായ ടൈറ്റില്‍ ഡീഡും, ഭൂമിയിലെ ഉടമാവകാശവുമാണ് ധനേഷ് കുമാര്‍ റിപ്പോര്‍ട്ടിലേയും, അതിനെ അപ്പാടെ നിരാകരിച്ചുകൊണ്ടുള്ള മൂന്ന് അംഗ കമ്മിറ്റി റിപ്പോര്‍ട്ടിലേയും പ്രധാന പ്രതിപാദ്യ വിഷയം. ഭൂമിയുടെ യഥാര്‍ത്ഥ ജന്മാവകാശി ഒപ്പുവച്ചതും, നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് രജിസ്റ്റര്‍ ചെയ്തതുമായ ഒരു ആധാരത്തേയോ, അല്ലെങ്കില്‍ അപ്രകാരം അനുവദിച്ചു കിട്ടിയ ഒരു പട്ടയത്തെയോ ആണ് സാധുവായ ടൈറ്റില്‍ ഡീഡ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ബന്ധപ്പെട്ട ഭൂമിയില്‍ ഒരു വ്യക്തിക്കോ വ്യക്തികള്‍ക്കോ ഉള്ള ഉടമാവകാശം സാധുവോ അസാധുവോ എന്നു വിലയിരുത്തുന്നത് ഇപ്രകാരം ആര്‍ജിച്ച ടൈറ്റില്‍ ഡീഡിനെ ആസ്പദമാക്കിയാണ്.

പോബ്‌സിന് വാലിഡ് ടൈറ്റില്‍ ഇല്ലാത്തതിനാല്‍ ഭൂമിയില്‍ ഉടമാവകാശം ഇല്ലെന്ന വാദം 2000-ല്‍ ഹൈക്കോടതിയിലും 2005-ല്‍ സുപ്രീം കോടതിയിലും നല്‍കിയ അപ്പീല്‍ ഹര്‍ജികളില്‍ വനംവകുപ്പ് ശക്തമായി ഉന്നയിച്ചിട്ടുള്ളതാണ്. എന്നാല്‍ അതൊന്നും കോടതി പരിഗണിച്ചതേയില്ല എന്ന് അപ്പീല്‍ ഹര്‍ജികളിലെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ച് മൂന്നംഗ കമ്മിറ്റി തങ്ങളുടെ റിപ്പോര്‍ട്ടില്‍ സമര്‍ത്ഥിക്കുന്നുണ്ട്.

1889-ല്‍ വെങ്ങുനാട് കോവിലകം എം.എ.മെക്കന്‍സി, എച്ച്.എം. ഹാള്‍ എന്നിവര്‍ക്ക് നല്‍കിയ പാട്ടക്കരാര്‍ മുതല്‍ 1969-ല്‍ എന്‍.ജെ. ജോസഫിന് ലഭിച്ചതു വരെയുള്ള നാല് പ്രമാണങ്ങളിലും ഈ ഭൂമി മുതലമട വില്ലേജില്‍ പെട്ടതായിട്ടാണ് കാണിച്ചിരിക്കുന്നത്. പിന്നീട് എന്‍.ജെ. ജോസഫ് പോബ്‌സ് ഗ്രൂപ്പിന് കൈമാറിയ 1979-ലെ സെയില്‍ ഡീഡില്‍ അത് പയ്യാലൂര്‍ വില്ലേജ് എന്നായി തീരുന്നു. 1969-നും 1979-നും ഇടയില്‍ മുതലമട വില്ലേജ് വിഭജിച്ച് പുതുതായി രൂപം കൊണ്ടതാണ് പയ്യാലൂര്‍ വില്ലേജ് എങ്കില്‍ ഇതു സംഭവിക്കാം. എന്നാല്‍ പാലക്കാട് ഡിസ്ട്രിക്ട് മാപ്പ് പരിശോധിച്ചതില്‍ നിന്നും പയ്യാലൂര്‍ വില്ലേജ് 1958 മുതല്‍ നിലനിന്നു വന്നതായി ധനേഷ് കുമാര്‍ റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. ആധാരം തയ്യാറാക്കിയപ്പോള്‍ വന്ന പിഴവാണെങ്കില്‍ പിന്നീട് അതു തിരുത്തി കൊണ്ടുള്ള തിരുത്താധാരം (Rectification deed) ചെയ്തതായും കാണുന്നില്ല. (അടിസ്ഥാനഘടകമായ വില്ലേജ് മാറ്റിയെഴുതിയ ആധാരം വെച്ച് എങ്ങനെ നികുതിയെടുത്തു എന്നതാണ് മറ്റൊരു ദുരൂഹത.) മുതലമട വില്ലേജില്‍പ്പെടുന്നതായി വന്നാല്‍ ഈ 919 ഏക്കറും നിക്ഷിപ്ത വനഭൂമിയുടെ പരിധിയില്‍പ്പെടും. തൊട്ടു സമീപത്തെ പയ്യാലൂര്‍ വില്ലേജിലാണെങ്കില്‍ 350 ഏക്കര്‍ സീതാര്‍ഗുഡി എസ്റ്റേറ്റ് നിക്ഷിപ്ത വനഭൂമി പരിധിയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ പഴുത് ഉപയോഗപ്പെടുത്താന്‍ കാണിച്ച കൃത്രിമമാവാം ഇതെന്നാണ് ധനേഷ്‌കുമാറിന്റെ അഭിപ്രായം.

മറ്റൊന്ന്, 919 ഏക്കര്‍ കരുണാ എസ്റ്റേറ്റ് മുതലമട വില്ലേജില്‍പ്പെടുന്നതും സര്‍വേ നമ്പരുകളില്ലാത്ത (Unsurveyed land) തുമായ ഭൂമിയായാണ് ഫോറസ്റ്റ് ട്രൈബ്യൂണല്‍ മുതല്‍ ഹൈക്കോടതി വരെ എന്‍.ജെ.ജോസഫും, അതിന്റെ തുടര്‍ച്ചയായി പോബ്‌സും നല്‍കിയ ഹര്‍ജികളിലെല്ലാം ബോധിപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി ഉണ്ടായിരിക്കുന്നതും അതനുസരിച്ചാണ്. പക്ഷേ ഹൈക്കോടതി വിധിയുടെ പേരില്‍ 1994-ല്‍ വനംവകുപ്പ് പോബ്‌സിനു റീസ്റ്റോര്‍ ചെയ്തു നല്‍കിയതാവട്ടെ, പയ്യാലൂര്‍ വില്ലേജിലും, വിവിധ സര്‍വ്വെ നമ്പറുകളിലും പെട്ടതായ മറ്റൊരു ഭൂമിയാണെന്നാണ് ധനേഷ്‌കുമാര്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതുരണ്ടും നോക്കിയാല്‍ പോബ്‌സും, വനം-റവന്യൂ വകുപ്പുകളും ചേര്‍ന്നു നടത്തിയ ക്രമേക്കേടുകളുടെ ഏകദേശ ചിത്രം കിട്ടും. കാല താമസം അവഗണിച്ച് സുപ്രീം കോടതിയില്‍ അപ്പീല്‍ അംഗീകരിക്കാനും അനുകൂല വിധി സമ്പാദിക്കാനും മതിയായ പ്രധാനപ്പെട്ട മറ്റു രണ്ടു പുതിയ തെളിവുകളാണിവ. എന്നാല്‍ ധനേഷ്‌കുമാറിന്റെ ഈ കണ്ടെത്തലുകളും അടിസ്ഥാനരഹിതമാണെന്നാണ് മൂന്നംഗ അംഗ കമ്മിറ്റിയുടെ അഭിപ്രായം. പോബ്‌സിന്റെ ഉടമാവകാശം കോടതികളെല്ലാം അംഗീകരിച്ചിട്ടുണ്ടെങ്കില്‍ ആ വിധികളൊന്നു കാണട്ടെ എന്നു ചോദിച്ചാല്‍, കഥയില്‍ ചോദ്യമില്ലെന്നാവും കമ്മിറ്റിയുടെ മറുപടി. കാരണം ഹൈക്കോടതിയില്‍ നിന്നോ സുപ്രീംകോടതിയില്‍ നിന്നോ അങ്ങനെയൊരു വിധിയുണ്ടായിട്ടില്ല.


പോബ്‌സിനു ഭൂമിയില്‍ അവകാശമില്ലെന്ന് കോടതികള്‍ ഒന്നും തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല എന്നത് ഭാഗികമായി ശരിയായിരിക്കാം. അതുപോലെ പോബ്‌സിനു ഭൂമിയില്‍ അവകാശമുണ്ടെന്നും ഹൈക്കോടതിയോ സുപ്രീം കോടതിയോ വിധിച്ചിട്ടില്ലെന്ന വസ്തുതയും കൂടി കാണേണ്ടതുണ്ട്. ഇതില്‍ പോബ്‌സിന് ഗുണപ്രദമായ ഭാഗിക സത്യമേതോ, അതാണിവിടെ മൂന്നംഗ കമ്മറ്റി ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്.

ചിറ്റൂര്‍ അഡീഷണല്‍ തഹസില്‍ദാരുടെ കത്തും, എന്‍.ഒ.സി.യും

1994-ല്‍ വനംവകുപ്പ് ഭൂമി അളന്നു തിരിച്ച് പോബ്‌സിന് വിട്ടു കൊടുത്തതാണെങ്കിലും 2007-ല്‍ പ്രാബല്യത്തില്‍ വന്ന റീസര്‍വെ റെക്കാര്‍ഡു പ്രകാരമുള്ള റവന്യൂ രേഖകളില്‍ റിസര്‍വേ 2/3, 4, 5, 6 നമ്പരുകളില്‍പെട്ട 385.53 ഏക്കര്‍ ഭൂമി ഇപ്പോഴും വനംവകുപ്പിന്റെ പേരില്‍ തന്നെയാണ് നിലനിന്നുവരുന്നത്. ഇക്കാരണത്താല്‍ നിലവില്‍ നെല്ലിയാമ്പതി വില്ലേജില്‍പെടുന്ന പോബ്‌സിന്റെ കൈവശമുള്ള 776.5 ഏക്കര്‍ ഭൂമിക്ക് പോബ്‌സിന്റെ പേരില്‍ നികുതി സ്വീകരിക്കാതെ വന്നു. അതിനാല്‍ റവന്യൂ റിക്കാര്‍ഡുകളില്‍ വനം വകുപ്പിന്റെ പേരില്‍ കിടക്കുന്ന 385.53 ഏക്കര്‍ ഭൂമി തങ്ങളുടെ പേരിലേക്ക് മാറ്റി നികുതി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോബ്‌സ് റവന്യൂ വകുപ്പിന് പരാതി നല്‍കി. എന്നാല്‍ വനംവകുപ്പിന്റെ അനുമതി ഇല്ലാതെ റിസര്‍വേ രേഖകള്‍ പോബ്‌സിന്റെ പേരിലേക്ക് മാറ്റി നികുതി സ്വീകരിച്ചാല്‍ റവന്യൂവകുപ്പ് പ്രതിക്കൂട്ടിലാകും. ഈ സാഹചര്യത്തിലാണ് റവന്യൂ റെക്കാര്‍ഡുകള്‍ തിരുത്തി ഭൂമി പോബ്‌സിന്റെ പേരിലേക്കു മാറ്റി പോക്കുവരവു ചെയ്തു നല്‍കുന്നതില്‍ വനം വകുപ്പിന് എതിര്‍പ്പില്ലെങ്കില്‍ NOC നല്‍കണമെന്നറിയിച്ച് 23-07-2013 ന് ചിറ്റൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍, നെന്മാറ ഡി.എഫ്.ഒ.ക്ക് കത്ത് നല്‍കുന്നത്. ഇതനുസരിച്ച് NOC നല്‍കാന്‍ ഡി.എഫ്.ഒ. വിസമ്മതിക്കുകയോ, വനംവകുപ്പിന്റെ എതിര്‍പ്പ് റവന്യൂ വകുപ്പിനെ അറിയിക്കുകയോ ചെയ്താല്‍ കോടതിയെ സമീപിക്കുക മാത്രമേ പോബ്‌സിനു മാര്‍ഗമുള്ളൂ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വനംവകുപ്പിന് മുന്നിലുള്ള ഏറ്റവും പ്രധാന തടസമായ കാലതാമസം എന്ന കടമ്പ സ്വമേധയാ മറികടന്ന് വീണ്ടും കേസിന് വഴി തുറന്ന് കിട്ടുകയും, ഈ അവസരം ഉപയോഗിച്ച് ധനേഷ്‌കുമാര്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചതും അതിനുശേഷം കണ്ടെത്തിയതുമായ പുതിയ തെളിവുകള്‍ കോടതിയില്‍ അവതരിപ്പിച്ച്, അങ്ങനെ പോബ്‌സില്‍ നിന്നും ഭൂമി തിരിച്ചു പിടിക്കുകയും ചെയ്യാന്‍ അവസാനമായും അവിചാരിതമായും വനംവകുപ്പിന് വീണ് കിട്ടിയ സുവര്‍ണാവസരമായിരുന്നു സത്യത്തില്‍ ചിറ്റൂര്‍ അഡീഷണല്‍ തഹസില്‍ദാറുടെ കത്ത്. പക്ഷേ ആ സുവര്‍ണാവസരവും വനംവകുപ്പ് കളഞ്ഞുകുളിക്കുകയായിരുന്നു.

എ.കെ. ബാലന്‍, ടി.എന്‍. പ്രതാപന്‍ എന്നീ എം.എല്‍.എ.മാര്‍ കമ്മിറ്റിക്കു നല്‍കിയ കത്തുകളില്‍, കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആന്റ് അസൈന്‍മെന്റ് ആക്ട് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമാവേണ്ട ഭൂമിയാണ് റീസ്റ്റോര്‍ ചെയ്തു കൊടുത്തതും തുടര്‍ന്ന് NOC നല്‍കിയതുമെന്ന വിഷയം കൂടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭൂപരിഷ്‌കരണ നിയമം, നിക്ഷിപ്ത വനഭൂമി നിയമം എന്നിവയുടെ ലംഘനങ്ങളോ കൃത്രിമങ്ങളോ നടന്നിട്ടുണ്ടോ? ഈ നിയമങ്ങള്‍ പ്രകാരം സര്‍ക്കാരിന് നിക്ഷിപ്തമാവേണ്ട ഭൂമി വല്ലതും പോബ്‌സ് അനധികൃതമായി കൈവശം വെച്ചു വരുന്നുണ്ടോ? എന്നീ കാര്യങ്ങളാണ് ടേംസ് ഓഫ് റഫറന്‍സില്‍ യഥാക്രമം 1,2 ഖണ്ഡികകളിലായി പറഞ്ഞിരിക്കുന്ന അന്വേഷണ വിഷയങ്ങള്‍. എന്നാല്‍ ധനേഷ്‌കുമാര്‍ റിപ്പോര്‍ട്ടിലും, എന്‍.കെ. ശശീധരന്‍ തയാറാക്കിയ ടേംസ് ഓഫ് റഫറന്‍സിലും പറഞ്ഞിട്ടുള്ള നിര്‍ദ്ദേശ ങ്ങള്‍ക്ക് വിരുദ്ധമായി ടൈറ്റില്‍ ഡീഡിന്റെ നിയമസാധുതകളിലേക്കോ, കൃത്രിമങ്ങളിലേക്കോ, ഭൂപരിഷ്‌കരണ നിയമലംഘനങ്ങളിലേക്കോ ഒന്നും കടന്നു ചെല്ലാതെ ഉപരിപ്ലവമായ ഒരന്വേഷണ പ്രഹസനം മാത്രം നടത്തി, ഇപ്പോള്‍ മൂന്ന് അംഗ കമ്മറ്റി അനുകരിച്ചതിന്റെ മുന്‍ മാതൃക എന്നു പറയാവുന്ന തരത്തില്‍ പൂര്‍ണമായും പോബ്‌സിന്റെ പക്ഷത്തു നിന്നു കൊണ്ട്, ഒരു തട്ടിപ്പ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി ധനേഷ്‌കുമാര്‍ റിപ്പോര്‍ട്ടിനെ അട്ടിമറിക്കുകയാണ് പ്രത്യേക അന്വേഷണ സംഘവും ചെയ്തത്.

കരുണാ എസ്റ്റേറ്റിന്റെ ഭൂമി സര്‍ക്കാരിനു നഷ്ടപ്പെടുത്തിയതില്‍ മുഖ്യ പ്രതികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ്. ഇത്തരം ആളുകളെ തന്നെയാണ് കാടു കാക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നുവെന്നതാണ് മറ്റൊരു വിരോധാഭാസം.

(പരിസ്ഥിതി പ്രവര്‍ത്തകനാണ് ലേഖകന്‍, ഫോട്ടോകള്‍: ജോമോന്‍ ജോര്‍ജ്ജ്, ജോജി വര്‍ഗീസ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍