UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവസലഫിസവും ജമാഅത്തെ ഇസ്‌ലാമിയും പിന്നെ കേരളത്തിലെ ഇടതുപക്ഷവും

Avatar

അജ്‌ലാന്‍ ഖൈസ്

(ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ച ‘മതവും മനോ വിഭ്രാന്തിയും-നവ സലഫിസത്തിലെ സങ്കീര്‍ണ്ണതകള്‍’ എന്ന സദറുദ്ദീന്‍ വാഴക്കാടിന്റെ ലേഖനത്തിനു ഒരു വിയോജന കുറിപ്പ്)

സാക്കിര്‍ നായിക്കിനെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന തീവ്രവാദ പ്രേരണാ ആരോപണവും ദുരൂഹ സാഹചര്യത്തില്‍ മലയാളി ചെറുപ്പക്കാരുടെ പുറപ്പെട്ട് പോകലുമുള്‍പ്പെടെ മുസ്‌ലിം സമുദായം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെട്ട സാഹചര്യം മുതലെടുത്ത് പ്രശ്‌നവല്‍കരിക്കപ്പെട്ട സലഫി ധാരയുടെ അടിത്തറ തേടുന്ന കവര്‍ കഥ നിരത്തുന്നതിന് ഇടതുപക്ഷത്തിന്‍റെ ദേശാഭിമാനി വാരിക (2016 ജൂലൈ 31) പോലും ജമാ അത്തെ ഇസ്‌ലാമിയെ കൊള്ളേണ്ടി വരുന്നതെന്തുകൊണ്ട് എന്നത് വിശകലന വിധേയമാക്കേണ്ടതുണ്ട്. മതവും മതവിഭാന്ത്രിയും ഇടതുപക്ഷത്തെ പഠിപ്പിക്കാന്‍ ജമാ അത്ത് മുഖപത്രത്തിന്റെ സീനിയര്‍ എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട് ആനയിക്കപ്പെട്ടതിനു പിന്നില്‍ ഇരുപക്ഷവും പുലര്‍ത്തുന്ന ഏകത എന്താണ്? ലീഡ് മുഖചിത്രത്തോടെ പ്രസിദ്ധീകരിച്ചിട്ടും തുടര്‍ലക്കങ്ങളില്‍ ഒരു ചീന്ത് പ്രതികരണത്തിനോ തുടരന്വേഷണ (?) വിശകലനത്തിനോ ഇടം കിട്ടാതെ പോയത് എന്തുകൊണ്ടാണ്? ഇത്തരം ചില അവശ്യ ചോദ്യങ്ങളെ അഭിസംബോധന ചെയ്യാത്തിടത്തോളം കാലം ഇടതുപക്ഷം മുഖ്യധാരയില്‍ എഴുന്നള്ളിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം സ്വത്വാവകാശ ആവിഷ്‌കാരങ്ങള്‍ ആവിയായി മാറും എന്നതില്‍ സംശയമില്ല.

കേരളസലഫിസം അറിയപ്പെടാന്‍ ആഗ്രഹിച്ചതും അവര്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്ത ‘പുരോഗമന മുഖം’ ചാര്‍ത്തപ്പെട്ടവരായതുകൊണ്ടാണ് ഇടതുപക്ഷം നടത്തുന്ന ഈ ‘ഉള്‍ക്കൊള്ളല്‍’ പങ്ക് പുറത്തു വരാതിരിക്കുന്നതും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നതും. അതിന്, ജമാ അത്തെ ഇസ്‌ലാമിയുടെയും സലഫികള്‍ ഉള്‍പ്പെടെയുള്ള പുരോഗമനക്കാരുടെയും തന്ത്രപരമായ യോജിപ്പിന്റെ വിശാല സാധ്യതയില്‍ സലഫിസത്തിന് മുമ്പില്‍ ചേര്‍ക്കപ്പെട്ട ‘നവ’ എന്ന ദ്വയാക്ഷര പദപ്രയോഗം തുറന്നിടുന്ന ഇടത്താണോ ഇടതുപക്ഷമടക്കം ഉത്തരവാദപ്പെട്ട സാമൂഹിക വിശകലന വിഭാഗങ്ങളും മാധ്യമ സമൂഹവും ഒന്നിച്ച് അവതരിപ്പിക്കുന്ന മുസ്‌ലിം സ്വത്വം വരേണ്ടത് എന്ന ചോദ്യവും ഉയരുന്നുണ്ട്.  

ബലിപ്പെരുന്നാള്‍ ദിവസം അച്ചായന്‍ പത്രം കോട്ടയത്ത് നിന്ന് നോക്കിക്കാണുന്ന ഇസ്ലാമും മാനവികതയും, റാഡിക്കല്‍ ഇസ്ലാമിന്റെയും നവരൂപത്തില്‍ പരിണാമ വിധേയമായ സലഫിസത്തയുടെയും കേരളത്തിലെ പ്രധാന നായകവേഷമായ ടി പി അബ്ദുള്ളക്കോയ മദനിയില്‍ എത്തിപ്പെട്ടതിനെ ചൊല്ലിയോ, സവര്‍ണ അജണ്ടയില്‍ ഊട്ടപ്പെട്ട പാരമ്പര്യ ചരടില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ അക്ഷരം നിരത്തിക്കൊണ്ടിരിക്കുന്ന ചാലപ്പുറം പത്രം അതിനായി ഗള്‍ഫ് സലഫിസത്തിന്റെ പേരില്‍ വിഘടിച്ച് യുവജനങ്ങള്‍ക്കിടയില്‍ നവരീതി അതിവേഗം പരിശീലിപ്പിക്കാന്‍ നേതൃപരമായ പങ്കുവഹിക്കുകയും  വഹിച്ചുകൊണ്ടിരിക്കയും ചെയ്യുന്ന ഹുസൈന്‍ മടവൂരിനെ തെരെഞ്ഞെടുത്തതിനെച്ചൊല്ലിയോ, പരിതാപം കൊള്ളുന്നതിനും പ്രതികരിക്കുന്നതിനും മുമ്പാണ് മതഭീകരവാദം ചര്‍ച്ച ചെയ്യുന്നതിന് ഇടതു വാരികയില്‍ ജമാഅത്തിന്റെ സദറുദ്ദീന്‍ വാഴക്കാടിന് ഇടംനല്‍കിയതും കിട്ടിയതും എന്നോര്‍ക്കണം.

തിരോധാനം സംഭവിച്ചവരെയും അതിന്റെ പ്രേരക ഘടകമായ നവസലഫിസത്തെയും ചര്‍ച്ചക്കെടുക്കാനെന്ന വ്യാജേന സദറുദ്ദീന്‍, സൂഫിസത്തെ അധികാര കേന്ദ്രത്തോട് കൂട്ടിക്കെട്ടി നടത്തിയ മലക്കം മറിച്ചിലില്‍ കൈ മാത്രമല്ല ജമാഅത്ത് ശരീരം മുച്ചൂടും കഴുകി വെള്ളം ഒരു ഒന്നൊന്നര രീതിയില്‍ തെറിപ്പിക്കാനുള്ള ശ്രമം ദേശാഭിമാനി ലേഖനത്തില്‍ കാണാം. വിമര്‍ശന / വിശകല സ്വഭാവത്തേക്കാള്‍ വസ്തുതാ വിവരണത്തിനാണ് എഴുത്തിലെ ഊന്നലെന്ന് ആമുഖത്തില്‍ ആണയിടുന്ന സദറുദ്ദീന്‍ പക്ഷെ ചര്‍ച്ചയുടെ ആദ്യ ഘടകമായി എടുത്തത്, നേരെ സൂഫിസവും അധികാരവും കടന്ന്, സൂഫി ത്വരീഖത്തുകള്‍ എന്ന പേരില്‍ അദ്ദേഹത്തിന്റെ അജ്ഞതയെയാണ്.

ഇത്തരം ത്വരീഖത്തുകളുടെ വിപരീത ദിശയില്‍ തുടങ്ങുകയും കാലാന്തരത്തില്‍ സലഫിസം സൂഫീ ത്വരീഖത്തുകളോട് താദാത്മ്യപ്പെട്ടതുമാണെന്നു തുടങ്ങിയ നിരീക്ഷണത്തില്‍ നവ ലേബലുകാര്‍ക്കെതിരെ ആരോപിക്കപ്പെട്ടതിനേക്കാള്‍ വിചിത്രമായ മിസ്റ്റിസിസം അവതരിപ്പിച്ച് സദറുദ്ദീന്‍ സ്വയം പരിഹാസ്യനാവുന്നുണ്ട്. 

പുറപ്പെട്ട് പോയവരെകുറിച്ചുള്ള അന്വേഷണ നിഗമനമാണ് അതിലും കേമം. കാണാതായ അഭ്യസ്തവിദ്യരായ എന്നാല്‍ മതപഠനം കാര്യമായി നടത്തിയിട്ടില്ലാത്ത ഇവര്‍ മുസ്‌ലിം പാരമ്പര്യ യാഥാസ്ഥിതിക സുന്നി ധാരയില്‍ പെട്ടവരാണത്രേ! പിന്നീട് പരിഷ്‌കരണ സലഫീ ധാരകളില്‍ എത്തിപ്പെട്ടുവെന്നും പറയുമ്പോള്‍, പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ്, പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പറഞ്ഞ മുഖ്യധാരയുടെ പ്രകാശന വേളയില്‍ കോഴിക്കോട് വെച്ചും അതിന് മുമ്പ് കണ്ണൂരില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്കായി പ്രത്യേകം സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിലും മൗദൂദി സാഹിബിനെ പേരെടുത്ത് പറഞ്ഞും ഉദ്ദരണികള്‍ വായിച്ചും ജമാ അത്തെ ഇസ്‌ലാമിക്കെതിരെ രൂക്ഷമായ ഭാഷയില്‍ നടത്തിയ കാര്യങ്ങളും പാരമ്പര്യ യാഥാസ്ഥിതിക സുന്നീധാരയ്ക്ക് വകവെച്ച് നല്‍കേണ്ടി വരുമല്ലോ. കാരണം 1941-ന് മുമ്പ് ഈ പറഞ്ഞ ജമാ അത്തും പാരമ്പര്യ യാഥാസ്ഥിതിക സുന്നീധാരയില്‍ പെട്ടവരായിരുന്നല്ലോ. 1941ന് ശേഷം പരിഷ്‌കരണ മേലങ്കിയണിഞ്ഞ് ഇഖാമത്തുദ്ദീനിനായി ഉദയം ചെയ്ത ജമാഅത്തിന് രക്ഷപ്പെടാന്‍ ഇതിലും നല്ല വഴിയൊന്നുമില്ലെന്ന് സദറുദ്ദീന് സമര്‍ത്ഥിക്കാമല്ലോ. മതേതര പത്രമായത് കൊണ്ട് തന്നെ ഇടമുറപ്പിക്കുക എന്ന നിലയില്‍ ഔദ്യോഗിക ഏജന്‍സികളൊന്നും സ്ഥിരീകരിക്കാത്തവയാണെന്ന മുന്‍കൂര്‍ ജാമ്യത്തോടെ നവയിസം ചാര്‍ത്തി നല്കപ്പെട്ട സലഫി വിഭാഗത്തിന് ഉണ്ടെന്ന് നിരീക്ഷിച്ച് സദറുദ്ദീന്‍ എണ്ണിയ ഒട്ടുവളരെ കാര്യങ്ങളും ബാഹ്യനിഷ്ഠകളെയോ കേവല മത ജീവിതത്തില്‍ പോലും ആരോപിക്കാവുന്ന തരത്തിലുള്ള ഗുണഗണങ്ങളൊക്കെയാണ്.

വിശ്വാസ വിശുദ്ധിയുടെ ഭാഗമായി നിരന്തരം ബഹുഭൂരിഭാഗം വരുന്ന പാരമ്പര്യ മുസ്‌ലിംകള്‍ക്കെതിരെ സത്യനിഷേധിയാരോപണം (കാഫിര്‍) ഉള്‍പ്പെടെ നടത്തിക്കൊണ്ടിരിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജമാഅത്തിന് അവര് കൂടി ഉള്‍പ്പെടുന്ന ലോക സലഫിസത്തെ നവയെന്ന് വിശേഷിപ്പിച്ച് പ്യുരിറ്റാനിസം ആരോപിക്കാന്‍ തുനിയുന്നതിന്റെയും മുമ്പ് ഈ ശബ്ദത്തിന് ഇടം നല്‍കിയ ഇടതു പക്ഷത്തിന്റെ ജമാഅത്തിനെകുറിച്ചുള്ള നിലപാടെങ്കിലും ഒന്ന് അറിയുന്നത് നന്നാവും.

സിപിഎം എന്ന മത നിരപേക്ഷ പ്രസ്ഥാനം മുസ്‌ലിംകള്‍ക്ക് മാത്രമായി പ്രസിദ്ധീകരണം തുടങ്ങിയിട്ട് കാലമേറെയായിട്ടില്ല. സിപിഎം സമ്മേളനങ്ങളില്‍ കേരളത്തിന് പുറത്തും അകത്തും വുളു എടുക്കാനും നിസ്‌കരിക്കാനുമൊക്കെ സൗകര്യമേര്‍പ്പെടുത്തുന്നത് ന്യുനപക്ഷ പ്രീണനമെന്ന രീതിയിലോ വര്‍ഗരാഷ്ട്രീയത്തില്‍ നിന്ന് സ്വത്വ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പായോ ഒക്കെ ചര്‍ച്ചയായിരുന്നു. സ്വത്വ രാഷ്ട്രീയത്തിനെതിരെയുള്ള പ്രമേയങ്ങള്‍ നിലനില്‌ക്കെ ആണിതെല്ലാം. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു ശക്തിയാണ് സിപിഎം എന്നത് ഈ ഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സി ദാവൂദ് തന്നെ ഇടതു പക്ഷ ചുവടുമാറ്റത്തെ പരാമര്‍ശിച്ച് നിരീക്ഷിക്കുന്നുണ്ട്. അതായത് അന്ന് ഇടതു പക്ഷത്തിനെതിരെ ജമാഅത്ത് തൊടുത്തു വിട്ട ആരോപണങ്ങളില്‍ ശരിയുണ്ടെന്ന് പാരമ്പര്യക്കാര്‍ വിശ്വസിക്കേണ്ടി വരുമോ?പുറംസ്വത്വ പ്രകാശനത്തേക്കാള്‍ എത്രയോ അപകടകരമാണ് അകമേ കൊണ്ടു നടക്കുന്ന വംശീയത. ആധിപത്യ വംശീയത. ഇത് ഇടതു പക്ഷത്തിനും ജമാഅത്തിനും ഒരുപോലെ യോജിക്കുമെന്നതില്‍ തര്‍ക്കമില്ല.

കണ്ണൂര്‍, കോഴിക്കോട് പിണറായി പ്രസംഗത്തിനെതിരെ, ലോകരാഷ്ട്രീയത്തിലടക്കം കൈവന്ന ഇസ്‌ലാമിസ്റ്റിന്റെ പങ്ക് മറികടക്കാമെന്നത് രാഷ്ടീയ ബാലചിന്തയാണെന്നാണ് അന്ന് പ്രബോധനം അതിനെകുറിച്ച് പ്രതികരിച്ചത്. പാന്‍ ഇസ്‌ലാമിസം, രാഷ്ട്രീയ ഇസ്‌ലാം, മത രാഷ്ട്രവാദം തുടങ്ങിയ പദങ്ങളുപയോഗിച്ചായിരുന്നു പിണറായിയുടെ അടി. ജമാഅത്ത് / മൗദൂദി വിമര്‍ശനത്തിന് പുതിയ വികാസങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഏവരും ഉരുവിടുന്നവയുടെ തനി ആവര്‍ത്തനം എന്ന് അടിച്ചു കാച്ചിയും പാരമ്പര്യ മുസ്‌ലിംകളെ കൂടി പിണറായിക്കെതിരെ ഉള്‍പ്പെടുത്തി പൊതു വികാരം കൊണ്ടു. ഏറ്റവും കടുത്ത ജമാഅത്ത് വിമര്‍ശകരെപ്പോലും ഒട്ടും ആകര്‍ഷിക്കാതെ ഈ പ്രസ്താവന പര്യവസാനിച്ചതും ഈ വികാസത്തിന്റെ അഭാവമാണെന്ന് പറഞ്ഞ് സമാധാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ജമാഅത്തിന്റെ തിരിച്ചറിവ് നേടിയ ബൗദ്ധിക സന്നാഹങ്ങളുള്ള തലമുറയിതാ നവ ലിബറല്‍ ആശയങ്ങളുമായി ഇടതു പക്ഷത്തിന് വേണ്ടി സലഫി അക്കൗണ്ടില്‍ ഇസ്‌ലാമിനെതിരെ തിരിഞ്ഞിരിക്കുന്നു.

സ്വത്വപരികല്പനകളുടെ സൃഷ്ടികളാണ് അപരബോധവും മേല്‍ / കീഴ് ബോധവും എല്ലാം. ഭീകരത, അഭയാര്‍ത്ഥിത്വം തുടങ്ങിയവയെല്ലാം ലോകം വീക്ഷിച്ചത് സ്വത്വാധിഷ്ഠിത സങ്കല്‍പങ്ങളുടെ പിന്‍ബലത്തിലാണ്. ഭിന്നാംശങ്ങളെ അംഗീകരിക്കാന്‍ സ്വത്വ രാഷ്ട്രീയം കാരണമായെങ്കിലും അപരനിര്‍മിതിക്കാണ് ഇത് കൂടുതല്‍ വഴിവെച്ചത് എന്നത് വാസ്തവമാണ്. വര്‍ഗരാഷ്ട്രീയത്തിനപ്പുറത്തെ ഒരു രാഷ്ട്രീയ പ്രതിഭാസവും ഇല്ലെന്ന് വിശ്വസിക്കുന്ന ഇടതുപക്ഷം മുതലാളിത്തത്തിന്റെ സാംക്‌സാരികയുക്തിയായി സ്വതവാദത്തെ അവതരിപ്പിച്ചാണ് അതിനോടുള്ള എതിര്‍പ്പിനെ താത്വികവല്‍കരിക്കുന്നത്. ഈയര്‍ത്ഥത്തില്‍ നിലവിലെ സലഫീ വിചാരധാരയെകുറിച്ച് ഇടതുപക്ഷം സ്വന്തം നിലപാട് അറിയിക്കേണ്ടതായുണ്ട്.

മുസ്‌ലിം എന്നത് മറു പക്ഷത്ത് നിര്‍ത്തപ്പെടുന്നത് ആശയപരമായ അതിജീവനത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ്. സ്വന്തം നാഗരികത അക്രമിക്കപ്പെടുമോ എന്ന് പടിഞ്ഞാറ് ഭയന്നത് പോലെ ചില ടൈറ്റിലുകള്‍ക്ക് കീഴില്‍ മുസ്‌ലിം സ്വത്വത്തെ ഒതുക്കല്‍ അനിവാര്യമായിരുന്നു ഇടതു പക്ഷത്തിനും. പ്രഹരശേഷിയുള്ളതാണ് സ്വത്വ പരിസരങ്ങള്‍. അത് അധിനിവേശ / അധീശത്വാധികാരത്തിന്റെ പിടിയിലാണ്. ആധിപത്യ സ്വത്വത്തിന്റെ അധികാരത്താല്‍ നിശബ്ദമാക്കപ്പെടുന്ന ഒന്നാണ് ന്യുനപക്ഷ / കീഴാള സ്വത്വങ്ങള്‍. മുന്നോട്ടുള്ള കാല്‍വെയ്പുകള്‍ ചരിത്രത്തിനതീതമായതാകുമ്പോള്‍ സ്വത്വങ്ങള്‍ വീണ്ടും അപരവല്‍കരിക്കപ്പെടുന്നു. അപരവല്‍കരിക്കപ്പെടല്‍ ഒരപകീര്‍ത്തിപരമായ പ്രക്രിയ തന്നെയാണ്.

മത വിശ്വാസത്തെ കേവലമായ അനുഷ്ഠാനങ്ങളുടെ സ്ഥൂലതകളില്‍ നിന്നും കര്‍മ ശാസ്ത്ര ചര്‍ച്ചകളുടെ പാഴ്സ്ഥലങ്ങളില്‍ നിന്ന് സാമൂഹിക നൈതികതയിലേക്കും രാഷ്ട്ര മീമാംസയിലേക്കും നയിക്കാനാണത്രേ (?) ജമാഅത്തെ ഇസ്‌ലാമി ഉദയം ചെയ്തത്. ഒരു കാലത്ത് കേരളീയ സാമൂഹികതയില്‍ മൗദൂദി എന്നത് ഒരാക്ഷേപ പദാവലിയിലായിരുന്നെന്നും ഇന്ന് ഇസ്‌ലാമിനെ സംബന്ധിച്ച് ഏതു മൗലിക ചര്‍ച്ചകളിലും സമുദായത്തെ പ്രതിനിധീകരിക്കേണ്ട ധൈഷണിക നേതൃത്വമാണെന്ന പൊതുബോധം രാഷ്ട്രീയവും അരാഷ്ട്രീയവുമായ കേരളീയതയ്ക്കുണ്ടെന്നുള്ള പറച്ചിലിന് ജമാഅത്തെ ഇസ്‌ലാമിക്ക് ആത്മവിശ്വാസം നല്കിയത് ആരാണ്? അത് തികച്ചും പാരമ്പര്യ യാഥാസ്ഥിതിക സൂഫീ സുന്നീ പക്ഷമാകാന്‍ ഒരിക്കലും തരമില്ല. ഇത് സംഭവിച്ചത് ഇസ്‌ലാമിനെ സംബന്ധിച്ച പ്രതിലോമപരമായ നിഗമനങ്ങളില്‍ സ്തംഭിച്ചു നിന്ന മതചര്‍ച്ചകളെ മൗദൂദി, പുത്തന്‍ ചാലുകള്‍ കീറി അതിന്റെ ആദി വചന ദീപ്തിയിലേക്കും സമഗ്ര സമ്യക്കിലേക്കും ഒഴുക്കിയത് കൊണ്ടാണെന്ന് ആണയിടുമ്പോള്‍ ഒഴികിപ്പോയത്, ഇസ്‌ലാമിന്റെ ജീവസുറ്റ സാംസ്‌കാരിക മുഖമായിരുന്നെന്ന് ഉറച്ച് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും അതിനായി വാദിക്കുകയും ചെയ്യുന്നവരാണ് പാരമ്പര്യ മുസ്‌ലിം വിശ്വാസികള്‍.

കേരളീയ മുസ്‌ലിം ജനസാമാന്യമെന്ന അടഞ്ഞ വിഭാഗത്തെ പൊതു സമൂഹത്തിന്റെ വൈവിധ്യതകളിലേക്ക് ആര്‍ജവത്തോടെ തുറന്നത് മൗദൂദിയാണ്. രാഷ്ട്രീയ ഇസ്‌ലാമെന്നും മത രാഷ്ടവാദമെന്നും സമുദായത്തിന്റെ അവാന്തര വിഭാഗങ്ങള്‍ ആക്ഷേപിക്കുമ്പോഴും സമുദായം നേരിടുന്ന ഏതുതരം ധൈഷണിക പ്രതിസന്ധിയിലും ആരോപകര്‍ പോലും പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നത് മൗദൂദിയുടെ ചിന്താ വിപ്ലവത്തിന്റെ ഉല്പന്നങ്ങളെയാണ്. ഇവിടെ പൊതുസമൂഹത്തിന്റെ വൈവിധ്യം എന്ന് അറപ്പില്ലാതെ പുലമ്പാന്‍ ജമാഅത്തിന് ധൈര്യം നല്‍കിയത് ഇടതു പക്ഷവും അതിന്‍റെ  അരികുചാരി വളര്‍ന്ന പുരോഗമന സാംസ്‌കാരിക ബുജികളും പ്രകൃതിക്ക് വേണ്ടി ഒച്ചയിടുന്ന പ്രാകൃതരുമാണ്. മനുഷ്വത്വവും പ്രകൃതിയും അതിന്റെ സംതുലനവും സാംസ്‌കാരികവും ജൈവികതയുമായ ഒരു സമഗ്രതയെ പഠിപ്പിച്ച ഇസ്‌ലാമിനെ മാധ്യമ സ്വാധീനം കൊണ്ടും ഇസ്‌ലാമിക അടയാളങ്ങളെ വലിച്ചെറിഞ്ഞ വേഷഭൂഷാദി കൊണ്ടും ഭൗതിക താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്ത് ജമാഅത്തിന്റെ മുഖം പ്രസ്താവനകളില്‍ മാത്രം ചില സംജ്ഞകളെ ഉള്‍പ്പെടുത്തി പ്രതിരോധിച്ചത് കൊണ്ട് മതനിരപേക്ഷതയോ ജനാധിപത്യമോ സോഷ്യലിസമോ പുലരുമെന്ന് ഇടതുപക്ഷം ധരിച്ച് വശായതാണ് ഇന്ന് കേരളത്തിന്റെ ആശയ പ്രതിസന്ധി എന്നു  പറയേണ്ടി വരും.

മുസ്‌ലിം ജീവിത സന്ദര്‍ഭങ്ങള്‍ പ്രശ്‌നവല്ക്കരിക്കപ്പെടുന്ന സാഹിത്യ, സാംസ്‌കാരിക, സിനിമാ വേളകളില്‍ പോലും പാരമ്പര്യ ഇസ്‌ലാമിനെ കുരിശിലേറ്റാന്‍ വിശ്വാസത്തില്‍ കണിശത പുലര്‍ത്തുന്നവരാണെങ്കിലും ബഹുസ്വര സമൂഹത്തില്‍ ജീവിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് പിണറായിക്ക് പറയേണ്ടി വരുന്നത് ഈ വിഭാഗത്തിന്റെ ആദര്‍ശ നൈതികത കൊണ്ട് തന്നെയാണ്. പള്ളിദര്‍സുകളിലെ പുസ്തകക്കെട്ടുകള്‍ അറബി കോളേജുകളിലെ പഴം തട്ടുകളിലേക്ക് തുരത്തിയോടിച്ചാല്‍ സംഭവിക്കുന്നതല്ല നവോത്ഥാനം. നവോത്ഥാനമെന്നത് ചിന്തയിലെ സമഗ്രതയും പ്രത്യയശാസ്ത്രപരമായ ഉള്‍ക്കാഴ്ചയും സ്വന്തം ആദര്‍ശത്തിലും അതിന്റെ പ്രയോഗത്തിലുമുള്ള അഗാധമായ സമര്‍പ്പണവും അതിന്റെ പ്രയോഗവല്‍കരണത്തിനായുള്ള മൗലിക പ്രവര്‍ത്തനങ്ങളുമാണ്. അറിവിനെയും അധികാരത്തെയും ബന്ധിപ്പിച്ചും പൊതു സംജ്ഞകളിലും ആഘോഷങ്ങളിലും കലര്‍ത്തിയും മുഖ്യധാരയില്‍ എഴുന്നു നില്‍ക്കാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമത്തെയാണോ പ്രത്യയശാസ്ത്രപരമായ ഉള്‍കാഴ്ച എന്നുവിളിക്കേണ്ടത്? അതാണോ ചിന്തയിലെ സമഗ്രത!

സമുദായത്തെ നിരന്തരം ഒറ്റി പൊതുഛായയെ മുതലെടുത്ത് തീവ്ര നിലപാടുകളും രാഷ്ട്രവാദവും മറച്ചു വെക്കാനുള്ള പെടാപ്പാടില്‍ ഇടതു പക്ഷവും പെട്ടു പോകുന്നുവെന്നതില്‍ നിങ്ങളുടെ ആശയ പ്രതിസന്ധിയോര്‍ത്ത് സഹതപിക്കുക മാത്രം ചെയ്യുന്നു.

(ലേഖകന്‍, സൌദിയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍