UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കല്‍മഴുവും ഭാഷയുടെ ചിത്രസൂത്രങ്ങളും; മടുപ്പിന്റെ മാനകങ്ങള്‍

Avatar

പ്രിയന്‍ അലക്സ് റബല്ലോ

ഭാഷയുടെ എഴുത്തുരൂപത്തിന്റെ ആദിമസൂചനകള്‍ നിയോലിത്തിക്ക് ഗുഹാചിത്രങ്ങളില്‍നിന്ന് തുടങ്ങുന്നു. ലിപിഭദ്രമായ അക്ഷരരൂപമാര്‍ന്ന ഭാഷ അതിന്റെ നിശ്ചിതരൂപത്തിലേക്കെത്തിച്ചേര്‍‍ന്നിരിക്കുന്നു. ഭാഷയുടെ ദൃശ്യരൂപത്തിലെ ആവര്‍ത്തനവിരസതയെ മറികടക്കാനാവാത്തവിധം, ആവിഷ്ക്കാരമെന്ന് വിളിക്കപ്പെടാന്‍ മടിതോന്നും വിധത്തില്‍ (അക്ഷരങ്ങള്‍ കൊണ്ട് സാധിക്കുന്ന പെര്‍മ്യൂട്ടേഷനും കോമ്പിനേഷനും നിമിത്തം അര്‍ത്ഥമുണ്ടെന്ന് സ്വയം ശഠിക്കുകയും അങ്ങനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വാക്കിന്റെ ജാലവൃത്തിയുടെ രഹസ്യമില്ലായ്മ എന്ന കൊലച്ചതിമൂലം) എല്ലാം പകര്‍പ്പുകള്‍ മാത്രമാവുന്നു.

“ലാപ്ടോപ്പില്‍ രേവതി ലിപിയിലെഴുതപ്പെട്ട പരാതിയുമായി” സി ഐയുടെ മുന്നിലെത്തുന്ന കര്‍ണ്ണന്‍ മഹാരാജ് നമ്മെ വിസ്മൃതിയുടെ നൂറ്റാണ്ടുകളില്‍നിന്ന് തട്ടിത്തെറിപ്പിക്കുന്നു. (സുസ്മേഷ് ചന്ത്രോത്തിന്റെ പേപ്പര്‍ ലോഡ്ജ് വായിക്കുമ്പോള്‍). ഭാഷയുടെ പൊയ്ക്കാല്‍ക്കുതിരകള്‍ തട്ടിമറിഞ്ഞുവീഴുന്ന അപകടാവസ്ഥയില്‍, നമുക്ക് നഷ്ടമാവുന്ന വര്‍ത്തമാനങ്ങളില്‍നിന്ന് പകര്‍ത്തപ്പെടുന്ന അനേകം സാധ്യതകളില്‍ ഏതെങ്കിലുമൊന്നില്‍നിന്ന് രീതിവല്‍ക്കരിക്കപ്പെടുന്ന ഭാഷ (type ചെയ്യപ്പെടുക) മാത്രമാവുന്നു, ഏകാകിയുടെ വായനയുടെ ചിദാകാശങ്ങള്‍.

ഭാഷയുടെ മരണത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ പലദ്വീപുകളില്‍നിന്നും നമ്മള്‍ കേള്‍ക്കുന്നു. അവ നിശ്ചയമായും ആദിവാസി ഭാഷകളാവുന്നു. ലിപികളില്ലാത്തവയും ആവുന്നു. കുറച്ചുപേര്‍ സംസാരിക്കുന്ന ഭാഷയ്ക്ക് വിധേയമാകുന്നതരം ലിപിശൂന്യതയും അനാര്‍ക്കിയും നെഞ്ചത്തടക്കിപ്പിടിച്ച് കലാവിഹ്വലതയില്‍പ്പെട്ട് പലായനം ചെയ്യുന്ന അഭയാര്‍ത്ഥിഭാഷകള്‍.

ഭാഷമാത്രമല്ല ഭാഷാന്തരവും കലാപരമായ ശൂന്യത സൃഷ്ടിക്കുന്നുണ്ട്. ഭാഷകള്‍ കടന്നുള്ള വര്‍ത്തമാനങ്ങള്‍, ഭാഷയുടെ ചിത്രസാധ്യതയിലും ശബ്ദസാധ്യതയിലും കോഡ് ചെയ്യപ്പെടുന്നു. ശൂന്യതയിലേക്ക് മടങ്ങുന്ന ആദിവാസി അമ്പെയ്ത്തുകള്‍പോലെ മരണപ്പെടുന്ന ഭാഷകള്‍.

കാഴ്ച്ചയുടെ ബഹുസ്വരതകള്‍ കൂടിയാണ് ലിപിബദ്ധമായ ഭാഷ. ദേശീയം, ആധുനികം തുടങ്ങിയ സംജ്ഞകള്‍ അതിനെ ആയുധധാരിയും അധികാരരൂപവുമാക്കുന്നു. “വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ കഴിയാത്ത, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞര്‍ക്ക്” കളിക്കളങ്ങള്‍ നഷ്ടമാവുന്നു. അവരെ നോര്‍മ്മേറ്റിവ് ആയ ശിക്ഷണങ്ങള്‍ നല്‍കി സമൂഹം ശിക്ഷിക്കുന്നു. ക്ലാസിക്കും ഫോക്-ലോറും സെക്കുലറല്ലാത്ത പുനരാഖ്യാനത്തിലാവുന്നു. ഇത് ബോധപൂര്‍വ്വം പിന്തുടരുന്ന ഒരു അധികാരപ്രവണതയാണ്.

ഭാഷ ആത്മാവിന്റെ പ്രതിരോധമാണ്. ഒറ്റയ്ക്കായ കുറുക്കന്‍ കൂട്ടര്‍ക്കുവേണ്ടി ഓരിയിടുന്നതുപോലെ വന്യവും അര്‍ത്ഥസമ്പുഷ്ടവുമാണ്. എത്രത്തോളം ആ‍ത്മപരമാണോ അതിനെക്കാളും ലിപിപരമാവുന്നു ഭാഷയുടെ നിയതമായ വിന്യാസം. ഇത് ആവര്‍ത്തനവിരസമാവുമ്പോള്‍ “എന്റെയാണെന്റെയാണിക്കൊമ്പനാനകള്‍” എന്ന് എങ്ങനെ തുടര്‍ന്നും എഴുതാനാവും. ലിപികള്‍/space പരാജയപ്പെടുത്തുന്ന അര്‍ത്ഥബോധതലങ്ങളേ നമ്മുടെ ഉള്‍ക്കാഴ്ച്ചകള്‍ക്കുള്ളൂ എന്നാണോ? സംവദിക്കുന്ന ആശയങ്ങള്‍ക്കപ്പുറം, അര്‍ത്ഥതലങ്ങള്‍ക്കപ്പുറം ഒരു ചിത്രസാധ്യതയും ദൃശ്യപരതയും മുന്നോട്ടുവെക്കുന്നതിനെ നാമെന്തിന് നിഷേധിക്കണം?

സമ്പര്‍ക്കഭാഷ എന്നത് ലിപിഭാഷയും ചിത്രഭാഷയുമാവുമ്പോള്‍ വ്യാകരണത്തിന്റെ സ്ഥിരം പാളങ്ങളില്‍ കൂകിപ്പായുന്ന കൂകൂതീവണ്ടിയില്‍നിന്ന് ഒച്ചകളുടെ രൂപങ്ങള്‍ വെളിച്ചമാവുന്നു. ഇതിന്റെ സ്വീകാര്യത, ഭാഷയുടെ തന്നെ സ്വീകാര്യതയാവുന്നു. ഇത് ലിപിയുടെ ദൃശ്യസാധ്യതയെ മുന്‍നിര്‍ത്തിയുള്ള ഭാഷയുടെ അതിജീവനമാണ്. പക്ഷെ ഭാഷ എന്ന ദൃശ്യസാധ്യതയും അതിന്റെ അനുഷ്ഠിപ്പുകാരനായ നിയോലിത്തിക് ഗുഹാചിത്രകാരനും അവന്റെ കല്‍മഴുവും തോറ്റുപോവുകയും ഭാഷയുടെ തുരുത്തുകളെ കടലെടുക്കുകയും ചെയ്യുന്നത് ഇവിടെയാണ്. ഈ ചിത്ര’വധം’ എങ്ങനെയാണ് മതേതരവും അഹിംസാപരവുമാവുക? ദൃശ്യഭാഷയുടെ അര്‍ത്ഥപരമായ തുടര്‍ച്ചയെ സംബന്ധിച്ച് ദൃശ്യപരമായ മറ്റൊരു പകരം പറച്ചില്‍/മറുഭാഷ നിര്‍മ്മിക്കാന്‍ കഴിയാത്ത വാരിക്കുഴി ഒരുങ്ങുന്നുണ്ട്. space-ല്‍ പല രൂപങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന അക്ഷരങ്ങളുടെ ജ്യോമെട്രിയെ നമ്മള്‍ അവഗണിക്കുകയാണ്. ഭാഷയുടെ ദൃശ്യസാധ്യതയെ പരിമിതപ്പെടുത്തുകയും അതിനെ സാധാരണത്വത്തിലേക്കും ‘അമ്പത്തൊന്നക്ഷരാളി’യിലേക്കും അടച്ചുപൂട്ടിയിരിക്കുന്നു. സൂക്ഷ്മതലത്തില്‍ ദൃശ്യബോധത്തിന് പരിക്കേല്‍പ്പിക്കുന്ന ജ്യോമെട്രിക് സാധ്യത ലിപിഭാഷയ്ക്ക് കൈമോശം വന്നിരിക്കുന്നതായി കാണാം. സാങ്കേതികവിദ്യ ഈ പരിമിതപ്പെടുത്തലിനെ കൂടുതല്‍ പരിമിതപ്പെടുത്തുന്നു. പരിസ്ഥിതി, കീഴാള, ലിംഗ, സ്ത്രീ രാഷ്ട്രീയങ്ങള്‍ ഭാഷയുടെ ചിത്രസമാനതയുടെ നഷ്ടത്തില്‍ എങ്ങനെ നീതികരിക്കപ്പെടും? വ്യാകരണബദ്ധമല്ലാത്തതോ രൂപപരമല്ലാത്തതോ ആയ ഭാഷയുടെ ഉപയോഗങ്ങളെ അന്വേഷിക്കാന്‍ ആരുമുതിരുന്നു? അതിന് ഭൂതകാലജ്ഞാനവ്യവസ്ഥയിലൂന്നി നില്‍ക്കുകയല്ല, നിയോലിത്തിക്ക് പാരമ്പര്യത്തെ പുനരന്വേഷിക്കുക തന്നെ വേണം. ഒന്നോര്‍ത്താല്‍ ആത്മഗതവും, നിഗൂഡതയും, പിറുപിറുപ്പും ഭാഷയുടെ അതിര്‍ത്തികളെ ഉല്ലംഘിക്കുന്നില്ലേ? ഇതിന് ലിപിയുടെ ഐക്കണോഗ്രാഫിയെ മറികടക്കാന്‍ കഴിയില്ലേ?

അക്ഷരപിശാചിനെയും വ്യാകരണഭംഗത്തെയും സദാചാരഭീതിയോടെ കാണുന്ന പോലീസിങ്ങിന്റെ അതിവ്യാപനമാണ് മറ്റൊരുവിധത്തില്‍ ഭാഷാപരിണാമത്തെ തടഞ്ഞുനിര്‍ത്തുന്നത്. ‘ക്ലാസിക്’ എന്നുവിശേഷിപ്പിക്കാവുന്ന ഭാഷാരൂപങ്ങളെ ഭക്തിപരവും മതാത്മകവുമാക്കിമാറ്റുന്നുണ്ട്. വ്യാകരണവും ശൈലീഭദ്രതയും അതീവ മതാത്മകമാവുന്നു. അന്ധനായ ദൈവത്തിനുവേണ്ടി ഭാഷാപ്രേമികള്‍ കലാപങ്ങളിലേര്‍പ്പെടുന്നു. അച്ചടിപിശാചിന്, വീരമൃത്യു നിഷേധിച്ച് അപമൃത്യുവാക്കുന്നു. വെളുത്തപ്രതലത്തില്‍ എഴുതപ്പെട്ട രീതിയില്‍ത്തന്നെ ഭാഷയുടെ ദൃശ്യരൂപം ഒതുങ്ങിപ്പോവുന്നു.

അബ്സ്ട്രാക്ട് ആയ ഭാഷയുടെ ദൃശ്യസാധ്യതയെ അന്വേഷിക്കുന്നതില്‍നിന്ന് നമ്മെത്തടയുന്നത് പോപ്പുലിസത്തോടുള്ള ഭ്രമമോ ഭീതിയോ ആണ്. ഈ ജനാധിപത്യഭൂരിപക്ഷത്തിന് കച്ചവടതാല്പര്യങ്ങള്‍ മാത്രമുള്ള ഭാഷാവ്യവഹാരികളുടെ നിരന്തരപിന്തുണയുമുണ്ട്. സമ്പര്‍ക്കഭാഷയെ എഴുത്തുഭാഷയാക്കുന്നത് ദൃശ്യപരമായ ഈ അപദര്‍ശനത്തിന്റെ സാധാരണത്വവും നിസ്സാരതയുമാണ്.

പുതിയൊരു ഭാഷ സാധ്യമാവുമോ എന്ന അന്വേഷണം പോലും അതിന്റെ ദൃശ്യസാധ്യതയില്‍ അഭിരമിക്കുന്നില്ലയെന്നതും എത്ര പ്രസക്തമാ‍ണ്. എത്ര ഭാഷകള്‍ ഇംഗ്ലീഷ് ലിപികള്‍ ഉപയോഗിക്കുന്നു. അക്കങ്ങളെ തനത് ലിപിയിലെഴുതുന്ന ശീലം മത്സരയോട്ടത്തിലെ തോറ്റവരുടെ ബഞ്ചിലിരിപ്പുണ്ട്.

ഭാഷയുടെ ആവിഷ്കാരത്തിലെ മോഡലുകള്‍ അബ്സ്ട്രാക്ട് ആയെക്കാവുന്ന ശബ്ദസാധ്യതയെ ഉല്ലംഘിക്കുന്നു. തേനീച്ചകളുടെ നൃത്തഭാഷയിലെ വിനിമയരൂപങ്ങള്‍ പോലും ആവര്‍ത്തനത്തിലൂടെ ഉറപ്പിക്കപ്പെട്ട പൊരുളുകളുടെ അബ്സ്ട്രാക്ഷനാണല്ലോ. നൃത്തത്തിന്റെ ഭാഷയില്‍ ഉടല്‍ നിര്‍വ്വഹിക്കുന്ന ദൃശ്യവിനിമയം ലിപിപരമാവുമ്പോള്‍ അത് എത്ര മാത്രം ജനകീയമായാല്‍പ്പോലും, അത് പരിമിതപ്പെടുത്തുന്ന നിശ്ചിത വിന്യാസഭംഗികള്‍ നമ്മെ ആവേശം കൊള്ളിക്കുന്നില്ല. എല്ലാവരും എഴുത്തുകാരാവാതെ വായനക്കാരന്‍ ഇവിടെ വേറിട്ടുനില്‍ക്കുന്നു. എന്നാല്‍പ്പോലും ഒരു സമ്പൂര്‍ണ്ണനൃത്തമെന്ന ഭാഷ തേനീച്ചകള്‍ക്ക് സാധ്യമാവുന്നു. ലിപികള്‍ പരിമിതപ്പെടുത്തിയ ദൃശ്യമായി ഭാഷാവിനിമയത്തെ അടയാളപ്പെടുത്തുമ്പോള്‍ ( നിയോലിത്തിക് മനുഷ്യന്‍, ഇത്രമാത്രം ലിപിബന്ധിതനായിരിക്കില്ല എന്ന ഖേദത്തോടെ) നമ്മുടെ പരിണാമത്തിലെ ചുവന്ന വാല്‍ നമുക്ക് കൈമോശം വന്നിരിക്കുന്നു എന്ന് നാമെങ്ങനെ വിലപിക്കാതിരിക്കും, ഭാഷാമനുഷ്യനോ?

സമൂഹത്തിന്റെ ഉടലിനെന്നപോലെ ഭാഷയുടെ ഉടലിനും രൂപപരമായ നിയമവാഴ്ച്ച ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ നിയമവ്യവസ്ഥയുടെ തുടര്‍ച്ചയും അധീശത്വവും ദൃശ്യപരമായ അരാജകത്വത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. അക്ഷരം എന്നതിന് നാശമില്ലാത്തത്, എക്കാലത്തേക്കും നിലനില്‍ക്കുന്നത് എന്ന അര്‍ത്ഥം കൂടി കല്‍പ്പിച്ചു നല്‍കിയിരിക്കുന്നു. അക്ഷരത്തിന് നാശമില്ലെങ്കിലും ഭാഷയ്ക്ക് നാശം സംഭവിക്കാം. മനുഷ്യന്‍ നശിച്ചാലും അവന്റെ ചങ്ങലകള്‍ നശിക്കാത്തതുപോലെ ‘ബന്ധുരക്കാഞ്ചനക്കൂട്ടി’ലടയ്ക്കപ്പെട്ടിരിക്കുന്നു നമ്മുടെ ക്ലാസിക് ഭാഷാദൃശ്യങ്ങള്‍.

സാധാരണജനങ്ങളുടെ സമ്പര്‍ക്കത്തിലൂടെയോ ഭൂമിശാസ്ത്രപരമായി ചിതറിപ്പോകുന്ന ഗോത്രങ്ങളോ, നാടോടി സമൂഹങ്ങളോ വഴിയുള്ള പരിണാമങ്ങള്‍ക്ക് സാധ്യതയവസാനിച്ച ഭാഷകളിലെ രൂപപരമായ/ദൃശ്യപരമായ നഷ്ടബോധം തീവ്രമാണ്. ഭാഷയിലെ മെട്രോ വേഗങ്ങളായിത്തീരുന്ന സമ്പര്‍ക്ക-വിനിമയ ഭാഷ മാത്രം അവശേഷിക്കുന്നു. “ Those lacking imagination takes refuge in reality” എന്ന് ഗൊദാര്‍ദിന്റെ Goodbye to Language എന്ന സിനിമയുടെ തുടക്കത്തില്‍ എഴുതിക്കാണിക്കുന്നുണ്ട്. ഭാവനയുടെ മരണത്തിന്‍പിറ്റേന്ന് ഭാഷയുടെ കല്ലറയന്വേഷിച്ചിറങ്ങിയ ഗുരുവിന്റെ ശിഷ്യന്മാരാണ് നമ്മള്‍. ഗൂഗിള്‍ കണ്ടെത്തിത്തരാത്ത ഭാഷയുടെ ദൃശ്യത്തെ ഏത് ഗുഹാചിത്രത്തില്‍നിന്നാണ് ഡീകോഡ് ചെയ്യേണ്ടത്. ഏതു ജിപ്സി ദൈവമാണ് ലിപികളെക്കാട്ടി, ശബ്ദസാധ്യതയെ നൃത്തം ചെയ്ത് മറുഭാഷ ചമച്ചുതരിക? ഭാഷ അവസാനിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ എന്താണെഴുതുക എന്ന് ഒരു ദൈവം പൊടുന്നനെ ചോദിക്കുന്നു. നമ്മെ വിഴുങ്ങുന്ന ഇത്തരമൊരു ശൂന്യതയുടെ ജനിതകഭാഷയില്‍ കല്‍മഴുതാഴെവീഴുന്ന ഒച്ചകേള്‍ക്കുന്നു.

വ്യാകരണവും ലിപിയും അക്ഷരവും മസ്തിഷ്കത്തിന്റെ പരിമിതികളില്‍പ്പെടുമ്പോള്‍ അത്ര സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ കഴിയാത്ത അസ്വാതന്ത്ര്യം നമ്മെ ഗ്രസിക്കുന്നു. അസ്വസ്ഥരാക്കുന്നു. തെറ്റും ശരിയും തമ്മിലുള്ള ഏറ്റുമുട്ടലായി പന്മന രാമചന്ദ്രന്‍ നായരു മുതല്‍ നോം ചോംസ്കി വരെ നമ്മെ കുറ്റപ്പെടുത്തുന്നു. ആഗോള ഗ്രാമര്‍ സംബന്ധിച്ച് ഒരു തിയറി ഉണ്ടാവുകയാണെങ്കില്‍ ഏതുഭാഷയ്ക്കും ‘തിരഞ്ഞെടുക്കാവുന്ന’ ഒരു ആഗോളഗ്രാമര്‍ വിനിമയം രൂപപ്പെടുമെന്ന് ചോംസ്കി പ്രതീക്ഷിക്കുന്നു. ഈ ‘ തിരഞ്ഞെടുപ്പ്’ എന്നതുതന്നെ കേവലമാണ്, നിയന്ത്രിതവുമാണ്. നിലവിലെ വ്യാകരണതത്വങ്ങളെല്ലാം സോഷ്യോബയോളജിക്കലായി പിഴച്ചുപോയിരിക്കുന്നു എന്ന് സമ്മതിച്ചുകൊണ്ട് ‘തിരഞ്ഞെടുക്കാവുന്ന‘ പാറ്റേണുകള്‍ ആവശ്യപ്പെടുകയോ? അപ്പോഴും മനുഷ്യന് തോന്നും പടി (freewill)  ചെയ്യാന്‍ തോന്നുമെങ്കിലും തോന്നും പടി ചെയ്യാതിരിക്കാതെ ഭാഷയെ കേവലം സമ്പര്‍ക്കത്തിനുപയോഗിച്ച്, മരിക്കുന്നു. ഭാഷ പണ്ടേ മരിച്ചുകഴിഞ്ഞുവെന്നും നമ്മള്‍ അതിന്റെ കല്ലറ തിരയുകയാണെന്നും കൈവരുന്ന കഠിനബോധ്യത്തില്‍ വിരമിക്കുന്നു. കല്‍മഴു എവിടെയോ കളഞ്ഞുപോയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍