UPDATES

ഇന്ത്യയുടെ പുതിയ 500, 2000 നോട്ടുകള്‍ക്കു നേപ്പാളില്‍ നിരോധനം

അഴിമുഖം പ്രതിനിധി

പുതിയ 500, 2000 ന്റെയും ഇന്ത്യന്‍ നോട്ടുകള്‍ മാറാന്‍ നേപ്പാളി പൗരന്മാര്‍ ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തില്‍ നോട്ടുകള്‍ നിരോധിക്കാന്‍ നേപ്പാളി കേന്ദ്ര ബാങ്ക് തീരുമാനിച്ചു. വിദേശവിനിമയ മാനേജ്‌മെന്റ് ചട്ടപ്രകാരം ആര്‍ബിഐ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വരെ പുതിയ നോട്ടുകള്‍ കൈമാറ്റം ചെയ്യാനാവില്ലെന്ന് നേപ്പാള്‍ രാഷ്ട്ര ബാങ്ക് അറിയിച്ചു. ഇന്ത്യന്‍ രൂപയായി ഒരു നിശ്ചിത തുക കൈവശം വെക്കാന്‍ വിദേശപൗരന്മാര്‍ക്ക് അനുമതി ലഭിക്കാന്‍ അത്തരം ഒരു വിജ്ഞാപനം അത്യന്താപേക്ഷിതമാണെന്ന് അധികൃതര്‍ പറഞ്ഞു. 

പുതിയ നോട്ടുകള്‍ അസാധുവാണെന്നും ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാവുന്നതുവരെ അത് കൈമാറ്റം ചെയ്യാനാവില്ലെന്നും നേപ്പാള്‍ രാഷ്ട്ര ബാങ്കിന്റെ കിഴക്കന്‍ മേഖല തലവന്‍ രാമു പൗഡല്‍ ബിരത്‌നഗറില്‍ വ്യാപാര പ്രമുഖരോട് പറഞ്ഞു. നിലവിലുള്ള സാഹചര്യത്തില്‍ ഒരു നേപ്പാളി പൗരന് പഴയ 500, 1000 ഇന്ത്യന്‍ രൂപകളുടെ രൂപത്തില്‍ 25,000 രൂപ വരെ കൈവശം വെക്കാം. എന്നാല്‍ ഈ നോട്ടുകളുടെ ഭാവിപോലും അനിശ്ചിതത്വത്തില്‍ ആയിരിക്കെ കമ്പോളത്തിലെത്തുന്ന പുതിയ ഇന്ത്യന്‍ നോട്ടുകള്‍ നിയമവിധേയമാണെന്ന് എങ്ങനെ വിലയിരുത്താന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. 

ഇന്ത്യന്‍ രൂപ വ്യാപകമായി സ്വീകരിക്കപ്പെടുന്ന നേപ്പാളില്‍, പക്ഷെ ഇപ്പോള്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ മാറുന്നതിന് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തുറന്നതായതിനാല്‍ പുതിയ ഇന്ത്യന്‍ നോട്ടുകളും നേപ്പാളില്‍ എത്തിയിട്ടുണ്ട്. 

നേപ്പാള്‍ പൗരന്മാരുടെ കൈവശമുളള നിരോധി നോട്ടുകള്‍ എങ്ങനെ കൈമാറ്റം ചെയ്യുമെന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ഇതുവരെ ധാരണകളൊന്നുമായിട്ടില്ല. രണ്ട് രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹാര നിര്‍ദ്ദേശങ്ങളൊന്നും ഉരുത്തിരിഞ്ഞ് വന്നിട്ടില്ലെന്ന് പൗഡല്‍ വ്യക്തമാക്കി. 

ഇന്ത്യയില്‍ നിരോധിച്ച നോട്ടുകള്‍ കൈമാറുന്നതിന് ഒരു മാര്‍ഗരേഖ തയ്യാറാക്കാനായി ഒരു സമിതിയെ നിയോഗിച്ച നേപ്പാള്‍ രാഷ്ട്ര ബാങ്ക്, ഇതുസംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ കാഡ്മണ്ഠുവിലെ ഇന്ത്യന്‍ സ്ഥാനപതികാര്യലയം വഴി റിസര്‍വ് ബാങ്കിന് എത്തിച്ചിട്ടുണ്ട്. നേപ്പാളി ഉദ്യോഗസ്ഥര്‍ തങ്ങളുടെ പൗരന്മാരുടെ കൈവശമുള്ള പഴയ 500, 1000 രൂപ നോട്ടുകള്‍ ശേഖരിക്കുകയും അവ ആര്‍ബിഐക്ക് കൈമാറിയ ശേഷം നേപ്പാളി നോട്ടുകള്‍ ഏറ്റുവാങ്ങുകയും ചെയ്യാം എന്നാണ് അവരുടെ നിര്‍ദ്ദേശം. 

വ്യാജനോട്ടുകള്‍ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയും വൈദഗ്ധ്യവുമില്ലാത്തതിനാല്‍ നോട്ടുകള്‍ നേരിട്ട് മാറാനായി കൗണ്ടറുകള്‍ തുറക്കാന്‍ തങ്ങള്‍ക്കാവില്ലെന്നാണ് നേപ്പാള്‍ കേന്ദ്ര ബാങ്കിന്റെ നിലപാട്. വ്യാജനോട്ടുകള്‍ മാറ്റിയെടുക്കാനുള്ള ഒരു മാര്‍ഗ്ഗമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ വിദേശപൗരന്മാര്‍ക്ക് പണം മാറ്റാനുള്ള സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ കര്‍ക്കശ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 

നേപ്പാളി പൗരന്മാര്‍ക്ക് ബാങ്ക് അകൗണ്ടുകള്‍ തുടങ്ങുകയും അവിടെ നിരോധി നോട്ടുകള്‍ നിക്ഷേപിക്കുകയും ചെയ്യാമെന്നും നേപ്പാള്‍ അധികൃതര്‍ അറിയിച്ചു. തതുല്യ തുക അവരുടെ അകൗണ്ടുകളിലേക്ക് മാറ്റപ്പെടുമെന്നും അവര്‍ പറഞ്ഞു. നേപ്പാളി പൗരന്മാര്‍ക്ക് കൈമാറ്റ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് പ്രധാനമന്ത്രി പുഷ്പകമല്‍ ദഹാല്‍ പ്രചണ്ഡയും ധനകാര്യമന്ത്രി കൃഷ്ണ ബഹാദൂറും ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 33.6 മില്യണ്‍ രൂപയുടെ മൂല്യമുള്ള നിരോധിത ഇന്ത്യന്‍ നോട്ടുകളാണ് നേപ്പാളിലുള്ളതെന്ന് രാഷ്ട്ര ബാങ്ക് കണക്കാക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ തുക ഇതിലും വളരെ വലുതാണെന്നാണ് വിലയിരുത്തല്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍