UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേപ്പാള്‍: നിലം പൊത്താതെ ശേഷിക്കുന്ന ചില പ്രതീക്ഷകള്‍

Avatar

രാമ ലക്ഷമി, ആനി ഗോവന്‍, അനുപ് കഫ്‌ലെ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹെലികോപ്ടര്‍ രണ്ടു മണിക്കൂറിലധികം വൈകിയാണ് എത്തിയത്, അത് നിലത്തിറങ്ങിയപ്പോള്‍ ഒരു പ്രായമായ സ്ത്രീയെ പുറത്തെടുക്കാനുള്ള തെരക്കിലായിരുന്നു ഡോക്ടര്‍മാര്‍. രക്തം കട്ടപ്പിടിച്ച മുഖവുമായി, അവരുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ആ സ്ത്രീ ചോദിച്ചു, “ഞാനെവിടെയാണ് എത്തിയത്?”

രത്‌നകുമാരി ശ്രേഷ്ഠ എന്ന ആ സ്ത്രീയുടെ സിന്ധുപാല്‍ചൗക്കിലെ വീട്ടില്‍ നിന്നും 50 മൈല്‍ അകലെ, കാഠ്മണ്ഡുവിലെ ഒരു സൈനിക ആശുപത്രിയിലാണ് അവരെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു കൊടുത്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നേപ്പാളിന്റെ ഉള്‍ഗ്രാമങ്ങളിലേക്കും നീളുകയും, അവിടെ സര്‍വ നാശത്തിന്റെയും കൂടുതല്‍ ഹതാശരായിക്കൊണ്ടിരിക്കുന്ന ശേഷിച്ചവരെയും കണ്ടെത്തുകയും ചെയ്തതോടെയാണ്, ശനിയാഴ്ചത്തെ ഭൂകമ്പത്തിന് നാല് ദിവസത്തിന് ശേഷം, ആ സ്ത്രീയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നത്.

സമ്പൂര്‍ണമായി നശിച്ച ചെറിയ കളിമണ്‍ കൂരകളും നിലംപൊത്തിയ, മനുഷ്യരുടെ മൃതദേഹങ്ങള്‍ മൂടിക്കൊണ്ടുള്ള കെട്ടിടാവശിഷ്ടങ്ങളുടെ കൂനകളും മുറിവേറ്റ് പരിഭ്രാന്തരായ കന്നുകാലികളും ഉള്ള സിന്ധുപാല്‍ചൗക്കിന്റെ ചിത്രമാണ് അവിടം നേരിട്ട് കണ്ടവര്‍ തരുന്നത്.

”ഒരു വീടും ബാക്കിയില്ല, എല്ലാം നശിച്ചു,” പ്രഥമ ചികിത്സാകേന്ദ്രത്തിലേക്ക് ഡോക്ടര്‍മാര്‍ ശ്രേഷ്ഠയെ മാറ്റുമ്പോള്‍ അവര്‍ നിലവിളിച്ചു കൊണ്ടിരുന്നു.

മണ്ണിടിച്ചിലുകള്‍ക്കുള്ള സാധ്യത കൂട്ടിക്കൊണ്ടും, 7.8തീവ്രതയോടെയുള്ള ഭൂകമ്പം കാരണം പൂര്‍ണമായി നശിച്ച കാഠ്മണ്ഡുവിന് പുറത്തുള്ള പര്‍വതങ്ങളിലുള്ള ഗ്രാമങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ടും ദുരിതത്തിലായ നേപ്പാളില്‍ ചൊവ്വാഴ്ച മഴ വീണ്ടും പെയ്തു.

നേപ്പാളിന്റെ ആഭ്യന്തര മന്ത്രാലയത്തെ സംബന്ധിച്ച് മരണസംഖ്യ 5,000 കടന്നും കൂടിക്കൊണ്ടിരിക്കുകയാണ്.11,000ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, 4,50,000ത്തോളം പേര്‍ക്ക് വീടു വിട്ടു പോകേണ്ടി വന്നതായും കണക്കാക്കപ്പെടുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായും ദുരിതാശ്വാസ പ്രവര്‍ത്താനങ്ങള്‍ക്കായും സര്‍ക്കാര്‍ ഏജന്‍സികളെ വിന്യസിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള പറഞ്ഞു.

”ഈ സര്‍വനാശം കൈകാര്യം ചെയ്യാന്‍ വഴികള്‍ കണ്ടെത്തുന്നത് തുടരുന്നതിനൊപ്പം സര്‍ക്കാര്‍ അതിന്റെ ദൗര്‍ബല്യങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും,” കൊയ്‌രാള പറഞ്ഞു. ”പ്രകൃതി ദുരന്ത നിവാരണത്തിനായി സംഘടനാപരമായ നേതൃത്വത്തിന്റെ ആവശ്യമുണ്ടെന്ന് ഈ ദുരന്തം ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു.”

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായും അവരെ സഹായിക്കാനുമായി കൂടുതല്‍ അന്താരാഷ്ട്ര സംഘങ്ങള്‍ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി, പക്ഷെ കാലാവസ്ഥയും, സഹായ പ്രവാഹങ്ങളും,വിമാനത്താവളത്തിന്റെ പാര്‍ക്കിംഗ് പരിമിതിയും ഇത്തരം പിന്തുണകളെ ബാധിച്ചു.

അന്താരാഷ്ട്ര വികസനത്തിനായുള്ള യു എസ് ഏജന്‍സി (USAID) മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കും തെരച്ചില്‍, രക്ഷാ പ്രവര്‍ത്തതനങ്ങള്‍ക്കുമായി 130 പേരടങ്ങുന്ന ദുരന്ത നിവാരണ സംഘത്തെ അയച്ചിട്ടുണ്ട്. ഒരു കോടി ഡോളറിന്റെ ദുരിതാശ്വാസ സഹായവും യു എസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അയല്‍ക്കാരായ ഇന്ത്യയും, ചൈനയും, പാകിസ്ഥാനും, ബംഗ്ലാദേശും കൂടാതെ യൂറോപ്യന്‍ യൂണിയനും ഇസ്രായേലും അടക്കം ഒരു ഡസനിലധികം രാജ്യങ്ങള്‍ പിന്തുണ വാഗ്ദാനം ചെയ്യുകയും സഹായങ്ങള്‍ അയക്കുകയും ചെയ്തിട്ടുണ്ട്.

ചില നല്ല വാര്‍ത്തകള്‍: മൗണ്ട് എവറസ്റ്റില്‍ കുടുങ്ങിയ എല്ലാ പര്‍വതാരോഹകരെയും രക്ഷപ്പെടുത്തി. ശനിയാഴ്ചത്തെ ഹിമപാതത്തിന് ശേഷം പര്‍വതത്തിന്റെ ഭാഗത്ത് ബാക്കിയുള്ള 100 പര്‍വതാരോഹകരെയും ചെറിയ ഹെലികോപ്ടറില്‍ സുരക്ഷിത സ്ഥാനത്തെത്തിച്ചതായി സിയാറ്റില്‍ ആസ്ഥാനമായുള്ള ട്രക്കിങ് കമ്പനിയായ ആല്‍പൈന്‍ അസന്റസ് ഇന്റര്‍നാഷണലിന്റെ പ്രോഗ്രാം ഡയറക്ടറായ ഗോര്‍ദന്‍ ജാനോ പറഞ്ഞു. പര്‍വതത്തിന്റെ ചൈനാ ഭാഗത്തുള്ള മറ്റ് പര്‍വതാരോഹകര്‍ക്ക് മോശം റോഡ് കാരണം അവിടം വിടാന്‍ കഴിഞ്ഞിട്ടില്ല.

അതിബൃഹത്തായ ഭൂകമ്പാനന്തര യത്‌നത്തിന്റെ ഭാഗമായി സൈന്യം തെരച്ചില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അതിജീവിച്ചവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ കൈവിടാന്‍ തയ്യാറല്ലെന്നും നേപ്പാള്‍ സൈന്യത്തിന്റെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ജഗദീഷ് ചന്ദ്ര പൊഖ്‌റേല്‍ പറഞ്ഞു. തുര്‍ക്കിയില്‍ നിന്നുള്ള തെരച്ചില്‍ രക്ഷാ സംഘം ചോരയിലും പൊടിയിലും പൊതിഞ്ഞ ഒരു മനുഷ്യനെ കെട്ടിടാവശിഷ്ടങ്ങളുടെ കൂനക്കടിയില്‍ നിന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

”ആദ്യ ഘട്ടം കഴിഞ്ഞുവെന്ന് ഞങ്ങള്‍ ഇതു വരെ തീരുമാനിച്ചിട്ടില്ല, ഇനിയും എവിടെയെങ്കിലും ആരെയെങ്കിലും ജീവനോടെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് ആയേക്കാം എന്ന പ്രതീക്ഷയിലാണ്,” പൊഖ്‌റേല്‍ പറഞ്ഞു.

അമേരിക്കക്കാരും അത്തരം തോന്നലുകള്‍ പങ്കുവെച്ചു.

”ഇനിയും ജീവനുകള്‍ രക്ഷിക്കാനാകും,” US AIDന്റ്റെ നേപ്പാളിലെ ദുരന്ത സഹായ സംഘത്തലവനായ ബില്‍ ബെര്‍ഗകര്‍ പറഞ്ഞു. ”എല്ലാവരും സസൂക്ഷ്മം വേഗതയില്‍ പ്രവര്‍ത്തിക്കുകയാണ്.”

ഫെയര്‍ഫാമക്‌സ് കൗണ്ടി (വെര്‍ജീനിയ) ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പിന്റെ നഗര തെരച്ചില്‍ രക്ഷാ സംഘത്തിനൊപ്പം ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് അദ്ദേഹം കാഠ്മണ്ഡുവില്‍ എത്തിയത്. 57 ഡോക്ടര്‍മാര്‍, ചികിത്സാ സഹായങ്ങള്‍ ചെയ്യാനുള്ള പാരാമെഡിക്കുകള്‍, സംഘങ്ങളുടെ പ്രവര്‍ത്തനവും വിന്യാസവും ഏകോപിപ്പിക്കാനുള്ള വിദഗ്ധര്‍, തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ വൈദഗ്ധ്യമുള്ള സ്ട്രക്ചറല്‍ എഞ്ചിനിയര്‍മാര്‍, കൂടാതെ രണ്ടു നായകളുമാണ് ആ സംഘത്തില്‍ ഉള്ളത്.

കാഠ്മണ്ഡുവില്‍ നിന്ന് 50 മൈല്‍ അകലെ, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് ദൂരെയല്ലാത്ത, കൂടുതല്‍ അത്യാഹിതങ്ങള്‍ സംഭവിച്ച ഒരു ജില്ലയിലേക്കാണ് സംഘത്തെ അടിയന്തരമായി അയച്ചത്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഈ ഗ്രാമപ്രദേശങ്ങളിലാണ് ഇതുവരെയുള്ള മരണത്തിന്റെ 70 ശതമാനവും ഉണ്ടായതെന്നും, 25 ശതമാനത്തോളം തലസ്ഥാനമായ കാഠ്മണ്ഡുവിലാണെന്നും യൂറോപ്യന്‍ കമ്മീഷന്റെ മാനുഷിക സേവന, പൗര സംരക്ഷണ വകുപ്പിന്റെ ഏകോപകന്‍ സാമുവല്‍ മാരീ ഫാനന്‍ പറഞ്ഞു.

”ആ ജില്ലകളിലെ സ്ഥിതി കൂടുതല്‍ ആശങ്കാജനകമാണ്,” ഫാനോന്‍ പറഞ്ഞു. ”വലിയ മഴകള്‍ തുടങ്ങിയിരിക്കുകയാണ്, ഈ ആഴ്ച മുഴുവന്‍ ജനങ്ങള്‍ തുറസ്സായ ഇടങ്ങളിലാണ് ഉറങ്ങിക്കൊണ്ടിരിക്കുന്നത്. പാര്‍പ്പി ടവും ടെന്റുകളും ടാര്‍പോളിനുകളും പ്രകടമായിത്തന്നെ ആവശ്യമുണ്ട്. വെള്ളത്തിനും ഭക്ഷണത്തിനും ചികിത്സാ സഹായങ്ങള്‍ക്കുമാണ് മുന്‍ഗണന. ”

തന്റെ കുടുംബം ഭുകമ്പത്തെ അതിജീവിച്ചതായും എന്നാല്‍ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ലാംജങ്ങില്‍ നിന്ന് അകലെയല്ലാത്ത വീടിന് അത് അതിജീവിക്കാനായില്ല എന്നും ന്യൂ ഡല്‍ഹിയില്‍ താമസിക്കുന്ന ഒരു നേപ്പാള്‍ സ്വദേശി പ്രേം കിമാ പറഞ്ഞു.

”അവിടെ എല്ലാവിടെയും കെട്ടിടാവശിഷ്ടങ്ങളാണ്. കന്നുകാലി തൊഴുത്തിലാണ് എല്ലാവരും ഉറങ്ങുന്നത്. അങ്ങനെയാണ് എന്റെ ഗ്രാമത്തില്‍ ആളുകള്‍ അതിജീവിച്ച് കഴിയുന്നത്,”അദ്ദേഹം പറഞ്ഞു. ”എല്ലാവരും പരസ്പരം സഹായിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.”

നല്ലകാലത്ത് പോലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശമാണ് അത്, അദ്ദേഹം പറഞ്ഞു, വരുന്ന ദിനങ്ങളില്‍ രക്ഷാ പ്രവര്‍ത്തകര്‍ നേരിടാന്‍ പോകുന്ന വിവിധമായ വെല്ലുവിളികളുടെ ഒരു സൂചനയാണ് ഇത്. പ്രധാന ഹൈവേ പിന്നിട്ടാല്‍ പിന്നെ മണലും കല്ലും ഉള്ള ഒരു ചെറിയ റോഡിലൂടെ ഒരു മണിക്കൂര്‍ യാത്ര ചെയ്യണം, പിന്നെ വീണ്ടും23 മണിക്കൂര്‍ നടന്നാലാണ് ഗ്രാമത്തില്‍ എത്തുകയെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

”ദുരിതാശ്വാസത്തിനായും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായും ആര്‍ക്കെങ്കിലും എന്റെ ഗ്രാമത്തിലേക്ക് വരണമെന്നുണ്ടെങ്കിലും അതിന് ഒരുപാട് സമയമെടുക്കും,” കിമാ പറഞ്ഞു.

സാന്ത്വന പ്രവര്‍ത്തകര്‍ അവര്‍ മുമ്പും പ്രവര്‍ത്തിച്ചിരുന്ന ബഹുണപതി ഗ്രാമത്തിലേക്ക് പോവുകയും എല്ലാ വീടുകളും നശിച്ചതായി കണ്ടെത്തുകയും ചെയ്തതായി വേള്‍ഡ് നെയ്‌ബേഴ്‌സിന്റെ അധ്യക്ഷനും സിഇഒയുമായ കെയ്റ്റ് സെക്റ്റര്‍ പറഞ്ഞു.

”കുട്ടികളും കുഞ്ഞുങ്ങളും മഴയത്താണ് ഉറങ്ങുന്നത്, നിരവധി പേര്‍ മരിച്ചു, ഒരു സഹായവും എത്തിയിട്ടുമില്ല. രോഗമാണ് എറ്റവും ഉത്കണ്ഠപ്പെടുത്തുന്നത്, ” അവര്‍ പറഞ്ഞു.

ദൂരപ്രദേശങ്ങളില്‍ നിന്നും ഇന്ത്യന്‍ സൈനിക ഹെലികോപ്ടറുകളില്‍ കിങ് ബീരേന്ദ്ര സൈനിക ആശുപത്രിയിലേക്ക് രോഗികളായവര്‍ ദിവസം മുഴുവന്‍ എത്തിക്കൊണ്ടിരിക്കുന്നു, അവിടെ അവരെ ഡോക്ടര്‍മാരും സന്നദ്ധരായുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് ഇറക്കി, പെട്ടെന്നു തന്നെ ഓരോ നിറം അനുസരിച്ച് തരംതിരിക്കുന്നു ഗുരുതരമായി പരിക്കു പറ്റിയവര്‍ക്ക് ചുവപ്പ് നിറവും, അത്രക്ക് ഗുരുതരമല്ലാത്തര്‍ക്ക് മഞ്ഞയും പച്ചയും നിറങ്ങളും.

നട്ടെല്ലിന് പരിക്കു പറ്റിയാണ് ബിമലാ ഭുജേല്‍ എന്ന 26കാരിയെ അവിടെ എത്തിച്ചത്. ഭൂകമ്പം ഉണ്ടായപ്പോള്‍ തന്റെ 4മാസം പ്രായമായ കുഞ്ഞിനെ വാരിയെടുക്കാന്‍ ഓടിയതായി അവര്‍ ഓര്‍ക്കുന്നു. പുറത്ത്, ഉരുള്‍പ്പൊട്ടലില്‍ അവര്‍ നിലത്തേക്ക് വീണു, വീഴുന്നതിനിടയില്‍ തന്റെ കുഞ്ഞിനെ സംരക്ഷിക്കാന്‍ ശ്രമിച്ച അവരുടെ ശരീരം വിചിത്രമായ രീതിയില്‍ ഒടിഞ്ഞു.

”ഞാന്‍ നിലത്ത് വീണു, എന്റെ കുഞ്ഞിന്റെ തല നിലത്ത് അടിച്ചു,” അവര്‍ ഓര്‍ത്തു. ”അവനെ രക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു, പക്ഷെ എനിക്ക് അതിന് കഴിഞ്ഞില്ല.”

അവസാനം അവരുടെ നട്ടെല്ലിന് ക്ഷതം പറ്റി, കുഞ്ഞിന്റെ തലയോട്ടിക്കും. മൂന്ന് ദിവസം അവരുടെ സ്വന്തം ഗ്രാമത്തിലെ ചികിത്സാലയത്തില്‍ വേദനസംഹാരിയും കുറച്ച് ഓയിന്‍മെന്റുമായി കഴിഞ്ഞതിന് ശേഷമാണ് ബിമലയെ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്.

ഭൂകമ്പം ഉണ്ടാകുമ്പോള്‍ ഗ്രാമത്തിലെ കുട്ടികള്‍ വോളിബോള്‍ കളിക്കുക ആയിരുന്നുവെന്ന് അവര്‍ പറഞ്ഞു, അതിനാല്‍ അവരില്‍ ചിലര്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. അവരുടെ മാതാപിതാക്കളോ സഹോദരിയോ രക്ഷപ്പെട്ടിട്ടില്ല.

”ഗ്രാമത്തിന്റെ ചുറ്റിലും എല്ലായിടത്തും ശവശരീരങ്ങളാണ്,”അവര്‍ പറഞ്ഞു. ”ഓരോ കുറച്ചു മിനിറ്റുകളിലും എന്റെ ഗ്രാമത്തില്‍ ആരെങ്കിലുമൊക്കെ ഒരു ശവശരീരം കണ്ടെത്തുന്നു. ഒരു വീടു പോലും അവിടെ നിലനില്‍ക്കുന്നില്ല. ”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍