ടീം അഴിമുഖം
അവിശ്വാസ പ്രമേയത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പായി നേപ്പാള്‍ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ഓലി രാജിവെച്ചു. ഇന്ത്യയും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഹിമാലയന്‍ രാജ്യത്തിലെ രാഷ്ട്രീയ അസ്ഥിരതയെ ഒന്നുകൂടി വെളിപ്പെടുത്തുന്നു ഈ രാജി.
മാസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രിയാകുമ്പോള്‍ എത്തിയ അധികാരം പങ്കുവെയ്ക്കല്‍ ഉടമ്പടിയെ മാനിച്ചില്ല എന്നാരോപിച്ച് ബഹുകക്ഷി സഖ്യത്തിലെ കൂട്ടുകക്ഷികള്‍ കയ്യൊഴിഞ്ഞതോടെയാണ് ഓലി (64) രാജിവെക്കാന്‍ നിര്‍ബന്ധിതനായത്. ദേശീയവാദി നേതാവും തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനുമായ ഓലിയെ സംബന്ധിച്ചു അപ്രതീക്ഷിതമായ സംഭവവികാസങ്ങളായിരുന്നു ഇത്. “നമ്മളോരു ചെറിയ രാഷ്ട്രമായിരിക്കാം, പക്ഷേ നമ്മുടെ പരമാധികാരം ചെറുതല്ല,” ഇന്ത്യയോടെന്നോണം ഓലി ഒരിക്കല്‍ പറഞ്ഞു.
രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷികളെല്ലാം-നേപ്പാളി കോണ്‍ഗ്രസ്, സി പി എന്‍ മാവോയിസ്റ്റ് സെന്റര്‍, മദേശി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള സംഘിയ ഘട്ബന്ധന്‍- എന്നിവരെല്ലാം ഓലിയെ മറിച്ചിടാന്‍ ഒന്നിച്ചു. ന്യൂ ഡല്‍ഹിയെ ഏറെ അലോസരപ്പെടുത്തിയ അദ്ദേഹത്തിന്റെ വിദേശനയത്തിനെ ഇവരെല്ലാം വിമര്‍ശിച്ചിരുന്നു.
ആവശ്യവസ്തുക്കളുടെ വിതരണത്തിന് ചൈനയെ ആശ്രയിക്കാനുള്ള ഓലിയുടെ തീരുമാനമാണ് പുതിയ കളമൊരുക്കിയത്. ഇന്ത്യയും ചൈനയുമായി സന്തുലിതമായ ബന്ധം പുലര്‍ത്തുന്നതില്‍ ഓലി പരാജയപ്പെട്ടതായി മാവോവാദി നേതാവ് പ്രചണ്ഡ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ആരോപിച്ചു. വിദേശനയത്തിലെ പാളിച്ചയാണ് ഓലിയുടെ ഏറ്റവും വലിയ വീഴ്ച്ചയായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നേപ്പാളിന്റെ സാമ്പത്തിക വികസനമല്ല, ടിബറ്റ് മുന്നേറ്റത്തെ അടിച്ചമര്‍ത്തുകയാണ് നേപ്പാളില്‍ ചൈനയുടെ താത്പര്യമെന്ന് ഓലി തിരിച്ചറിയുന്നില്ല എന്നാണ് ഇന്ത്യ പറയുന്നത്. മദേശി വിഷയത്തിലും പ്രചണ്ഡയും നേപ്പാളി കോണ്‍ഗ്രസ് നേതാവ് മിനേന്ദ്ര രാസയും ഓലിയെ വിമര്‍ശിച്ചു. നേപ്പാളിന് ഒരു നേട്ടവുമുണ്ടാക്കിയില്ലെന്ന് പറഞ്ഞു ഓലിയുടെ ചൈന യാത്രയെ മറ്റൊരു നേപ്പാളി കോണ്‍ഗ്രസ് നേതാവ് ഭരത് ഷായും വിമര്‍ശിച്ചു. ഈ വിമര്‍ശനങ്ങളെല്ലാം ഇന്ത്യയ്ക്കു ആശ്വാസമാണ് എന്നു പറയേണ്ടതുമില്ല.
“പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക് വരുന്നതിന് മുമ്പ്തന്നെ ഞാന്‍ പ്രസിഡന്റിന് രാജിക്കത്ത് നല്കിയിരുന്നു,” ഓലി പാര്‍ലമെന്റില്‍ പറഞ്ഞു.
1952 ഫെബ്രുവരി 22-നു കിഴക്കന്‍ നേപ്പാളില്‍ ജനിച്ച ഓലി 1970-ല്‍ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. കമ്മ്യൂണിസ്റ്റുകാരെ രാജഭരണം അടിച്ചമര്‍ത്തിയ കാലത്ത് 14 കൊല്ലം ഓലി തടവിലായിരുന്നു. പക്ഷേ കഴിഞ്ഞ രണ്ടു ദശാബ്ദമായി അദ്ദേഹത്തിന്റെ രാഷ്ട്രീയം വലതുപക്ഷത്തേക്ക് ചാഞ്ഞുതുടങ്ങി.
ഒക്ടോബര്‍ 2015-ല്‍ അധികാരത്തിലെത്തിയ ഓലി, ഭൂകമ്പം വിനാശം വിതച്ച ഈ ചെറു രാഷ്ട്രത്തിലെ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്ത രീതിയില്‍ കനത്ത എതിര്‍പ്പിന് പാത്രമായി. ഡിസംബറില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 50-ലേറെപ്പേര്‍ കൊല്ലപ്പെട്ടു. തങ്ങളെ അവഗണിച്ചു എന്നാരോപിക്കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ക്കെതിരെയായിരുന്നു അവരുടെ സമരം.
പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയാസ്ഥിരതയ്ക്ക് ശേഷം നേപ്പാളിന്റെ ജനാധിപത്യ പരിവര്‍ത്തനത്തെ ഉറപ്പിക്കാനുള്ള ഒന്നായിട്ടായിരുന്നു പുതിയ ഭരണഘടനയെ കണ്ടത്. എന്നാല്‍ പ്രതിഷേധക്കാരും സര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ ഫലം കണ്ടില്ല.
നേപ്പാളില്‍ ഭരണമാറ്റം ഒരു പുതിയ കാര്യമൊന്നുമല്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ എട്ടാമത്തെ പ്രധാനമന്ത്രിയാണ് ഓലി. കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടയ്ക്ക് ഇത് 25-ആമത്തെ സര്‍ക്കാരാണ്. ഈ പാര്‍ലമെന്റിന്റെ അടുത്ത ഒന്നരവര്‍ഷ കാലാവധിയില്‍ ഇനിയും രണ്ടു സര്‍ക്കാരുകളെക്കൂടി പ്രതീക്ഷിക്കാം. ഇത് മുന്നണി രാഷ്ട്രീയത്തില്‍ സാധാരണമാണ്.
നേപ്പാള്‍ രാഷ്ട്രീയത്തില്‍ ഇന്ത്യ എല്ലാക്കാലത്തും, ഭരണമാറ്റക്കാലത്തടക്കം, സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാജഭരണത്തിനെതിരായ പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന മാവോവാദികളും മറ്റ് ജനാധിപത്യകക്ഷികളുമായി ഒരു സമാധാന കരാറില്‍ എത്തിച്ചത് ഇന്ത്യയുടെ ഇടപെടല്‍ കൂടിയാണ്. ഇടക്കാല ഭരണഘടന ഉണ്ടാക്കാനും, സമാധാന ഉടമ്പടിക്കും, മാവോവാദി പോരാളികളെ പുനരധിവസിപ്പിക്കാനും, സര്‍ക്കാര്‍ രൂപവത്കരണത്തിലുമെല്ലാം ന്ത്യയുടെ സ്വാധീനം സജീവമായിരുന്നു. സമഗ്രമായ ഒരു ഫെഡറല്‍, ജനാധിപത്യ, റിപ്പബ്ലിക്കന്‍ ഭരണഘടനയാണ് അന്തിമലക്ഷ്യമായീ കണ്ടത്.
പക്ഷേ കഴിഞ്ഞ രണ്ടു കൊല്ലമായി അടിയൊഴുക്കുകളില്‍ മാറ്റം വന്നു. മദേശികളെയും മറ്റ് പ്രാന്തവത്കൃത ജനവിഭാഗങ്ങളെയും, രാഷ്ട്രീയ സംവിധാനത്തില്‍ വേണ്ടത്ര പ്രാതിനിധ്യം ഇല്ലാത്ത രീതിയിലേക്ക് മാറ്റുന്ന ഒരു ഭരണഘടന സംവിധാനത്തിന് നേപ്പാളിലെ രാഷ്ട്രീയ ഉപരിവര്‍ഗം ശ്രമം തുടങ്ങി. സവര്‍ണ ജാതി വിഭാഗങ്ങളുടെ മേധാവിതം ഉറപ്പുവരുത്തുന്ന ഒരു ഫെഡറല്‍ മാതൃകയിലെ ഭരണസംവിധാനമാണ് സൃഷ്ടിച്ചത്. കര്‍ക്കശമായ പൌരത്വ നിയമങ്ങളാണ് നിര്‍ദേശിച്ചത്. ഇന്ത്യയുമായി ചേര്‍ന്നുകിടക്കുന്ന സമതലങ്ങളിലെ മധേശി വിഭാഗങ്ങള്‍ ഇതില്‍ അസംതൃപ്തരായിരുന്നു.
ഡല്‍ഹിയും ഇതിലെല്ലാം ആശങ്ക പ്രകടിപ്പിച്ചു. മദേശി അസംതൃപ്തി അതിര്‍ത്തി കടന്നു വ്യാപിക്കുമെന്നും ഒരു ശ്രീലങ്ക സമാന സാഹചര്യം ഉണ്ടാകുമെന്നും അവര്‍ ഭയന്നു. മാവോവാദികളടക്കം എല്ലാവരെയും വിശ്വാസത്തിലെടുത്താകണം ഭരണഘടന ഉണ്ടാക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെ രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
നേപ്പാളില്‍ പുതിയ സര്‍ക്കാര്‍ വരുന്നത് ഇന്ത്യയും മേഖലയിലെ മറ്റ് ശക്തികളും ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.