UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേപ്പാളിലെ രാഷ്ട്രീയം, ചിതറിയ ആ രാജ്യത്തെ ഒരിക്കലും കോര്‍ത്തിണക്കില്ല

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും എണ്ണമില്ലാത്ത ആളുകള്‍ തെരുവാധാരം ആക്കപ്പെടുകയും ചെയ്തുകൊണ്ട് നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ഭൂകമ്പം വരുത്തിയ നാശനഷ്ടങ്ങളുടെ വ്യാപ്തിയുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടായിരിക്കും. പകരം വയ്ക്കാനാവാത്ത വിധം വിലമതിക്കപ്പെടുന്ന അനവധി പൈതൃക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ തകര്‍ത്തുകൊണ്ട് തലസ്ഥാനമായ കാഠ്മണ്ഡുവിനെ ഛിന്നഭിന്നമാക്കിയ ഭൂകമ്പം നടന്ന് ദിവസങ്ങള്‍ക്ക് ശേഷവും രാജ്യത്തിന്റെ വിദൂരസ്ഥ സ്ഥലങ്ങളിലേക്ക് എത്തപ്പെടാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ഈ ജില്ലകളിലെ ഗ്രാമങ്ങള്‍ അപ്പാടെ തന്നെ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായി കാണും എന്ന ഭീതി നിലനില്‍ക്കുന്നു. 

നിരവധി ആളുകള്‍ ചൂണ്ടിക്കാണിച്ചത് പോലെ പ്രകൃതി ദുരന്തങ്ങള്‍ ശൂന്യതയില്‍ നിന്നും ഉണ്ടാവുന്ന ഒന്നല്ല. നേപ്പാള്‍ ഇത്തരം തകര്‍ച്ചകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിധേയമാകാമെന്ന് ദശാബ്ദങ്ങളായുള്ള പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും ഈ അളവിലുള്ള ഒരു ഭൂകമ്പത്തെ നേരിടാനുള്ള ഒരു തയ്യാറെടുപ്പും അവിടെ നടത്തിയിരുന്നില്ല. രാജ്യത്ത് നിലനില്‍ക്കുന്ന സ്ഥായിയായ ദാരിദ്ര്യമാണ് ഈ കരുതലില്ലായ്മയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചടുലമായി തന്നെ രക്ഷാപ്രവര്‍ത്തനങ്ങളുമായി ഇടപെട്ട അന്താരാഷ്ട്ര ദുരിതാശ്വാസ സംഘങ്ങളുടെ സാന്നിധ്യം, വെളിയില്‍ നിന്നുള്ള സഹായങ്ങളെ മാത്രം ആശ്രയിക്കുന്ന നിസ്സഹായരായ ഒരു നേപ്പാള്‍ രാജ്യത്തിന്റെ ദയനീയ ചിത്രം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു. 

പുറത്തുനിന്നുള്ള പലരുടെയും മനസില്‍ നേപ്പാള്‍ ഒരു കാല്‍പനിക ഹിമാലയന്‍ ലക്ഷ്യമായി അവശേഷിക്കുന്നു. പുരാതന കൊട്ടാരങ്ങള്‍ക്ക് പ്രസിദ്ധമായ, എവറസ്റ്റ് കൊടുമുടിയുടെയോ അല്ലെങ്കില്‍ രാജ്യത്തെ ഐതിഹാസികമായ മറ്റേതെങ്കിലും കൊടുമുടികളുടെ നിഴലില്‍ സാഹസിക മലകയറ്റങ്ങള്‍ നടത്തുന്നതിനുള്ള പൂമുഖം ആയി നേപ്പാള്‍ ഇപ്പോഴും അവശേഷിക്കുന്നു. 

എന്നാല്‍ സ്വപ്‌നസമാനമായ ദൃശ്യങ്ങള്‍ അടങ്ങുന്ന ഇത്തരം പോസ്റ്റ്കാര്‍ഡുകള്‍, കഴിഞ്ഞ രണ്ട് ദശാബ്ദമായി രാജ്യത്തെ പിടിച്ചുലച്ച സമ്പൂര്‍ണവും അരോചകവുമായ മാറ്റങ്ങളെ മറച്ച് പിടിക്കുന്നു. ഭൗമശാസ്ത്രപരമായ അപകടരേഖയ്ക്ക് സമാന്തരമായി തന്നെ അവിടുത്തെ കലുഷിതമായ രാഷ്ട്രീയ വിഭജനങ്ങള്‍ സഞ്ചരിക്കുന്നു. 

രാജ്യത്തില്‍ നിലനിന്നിരുന്ന രാജവാഴ്ച അവസാനിപ്പിക്കുകയും കാഠ്മണ്ഡു കൊട്ടാരങ്ങളില്‍ നിന്നും വികിരണം ചെയ്തിരുന്ന ആഴത്തിലുള്ള വംശീയ, ജാതീയ അസമത്വങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1990 കളില്‍ നേപ്പാളില്‍ മാവോയിസ്റ്റ് സായുധ കലാപം പൊട്ടിപ്പുറപ്പെട്ടു. 12,000 പേരുടെ ജീവന്‍ അപഹരിക്കുകയും രാജ്യത്തിന്റെ ഗ്രാമങ്ങളെ ഛിന്നഭിന്നമാക്കുകയും ചെയ്ത മാവോയിസ്റ്റ് കലാപം 2006ലാണ് അവസാനിച്ചത്. ഭരണഘടനാപരമായി രാജവാഴ്ച നിലനിന്നിരുന്ന നേപ്പാളിനെ ഒരു മതേതര, ഫെഡറല്‍ റിപ്പബ്ലിക്കാക്കി മാറ്റാന്‍ ഉതകുന്ന തരത്തില്‍ ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ സമാധാന ഉടമ്പടി നിലവില്‍ വന്നു. 

അത്തരത്തില്‍ ചിലത് സംഭവിക്കുകയും ചെയ്തു. മാവോയിസ്റ്റ് ഗറില്ലകള്‍, തങ്ങളുടെ കാനനപാതകള്‍ ഉപേക്ഷിക്കുകയും പകരം കാഠ്മണ്ഡുവിലെ പട്ടുവിരിച്ച സര്‍ക്കാര്‍ ഓഫീസുകളില്‍ ഇരിപ്പിടം കണ്ടെത്തുകയും രാജ്യത്തിലെ ബഹുകക്ഷി ജനാധിപത്യത്തില്‍ പങ്കാളികളാവുകയും ചെയ്തു. തിരഞ്ഞെടുപ്പിലൂടെ ഒരു ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിന് ഒരു നിയമനിര്‍മാണസഭ രൂപം കൊള്ളുകയും ചെയ്തു. നേപ്പാളില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന രാജവാഴ്ച 2008ല്‍ ഔദ്യോഗികമായി നിരോധിക്കപ്പെട്ടു. 2012 ല്‍ ഒരിക്കല്‍ കടുത്ത ശത്രുക്കളായിരുന്ന നേപ്പാളി സൈന്യത്തിലേക്ക് മാവോവാദികളുടെ പോരാട്ട യൂണിറ്റുകള്‍ കൂട്ടിയോജിപ്പിക്കപ്പെട്ടു. 

എന്നാല്‍ നേപ്പാള്‍ ഒരു പ്രതിസന്ധിയില്‍ നിന്നും മറ്റൊരു പ്രതിസന്ധിയിലേക്ക് സഞ്ചരിക്കുന്ന കാഴ്ചയ്ക്കും കഴിഞ്ഞ ദശാബ്ദം സാക്ഷ്യം വഹിച്ചു. തീരാപ്പക വച്ച് പുലര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ചക്കളത്തിപ്പോരാട്ടങ്ങള്‍ക്കിടയില്‍ രാജ്യതാല്‍പര്യങ്ങള്‍ ബന്ദിയാക്കപ്പെട്ടു. പുതിയ ഭരണഘടന എഴുതി തയ്യാറാക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മ്മാണ സഭകളൊക്കെ അവരുടെ പ്രധാന ദൗത്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു. 

മാവോയിസ്റ്റുകളും രാജഭരണത്തിന്റെ വിശ്വസ്തരും മധ്യപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള തിളയ്ക്കുന്ന പ്രശ്‌നങ്ങള്‍, പെട്ടെന്നുള്ള കൂട്ടുമുന്നണി സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതിനും അതിലും വേഗത്തില്‍ അവയൊക്കെ തകരുന്നതിനും കാരണമായി. ഇതിനിടിയില്‍ പ്രതിഷേധങ്ങളും പണിമുടക്കുകളും രാജ്യത്തെ തളര്‍ത്തുകയും ചെയ്തു. 

‘സ്വന്തം നിലനില്‍പ്പാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഏക ലക്ഷ്യം’ എന്ന് ‘പുതിയ റിപ്പബ്ലിക്കിലെ പോരാട്ടങ്ങള്‍: നേപ്പാളിന്റെ സമകാലീക ചരിത്രം’ എന്ന പുസ്തകത്തിന്റെ രചയിതാവും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ന്യൂഡല്‍ഹി ലേഖകനുമായ പ്രശാന്ത് ഝാ പറയുന്നു. ‘ഒരോ സര്‍ക്കാരിന്റെ ശരാശരി ഭരണകാലം വളരെ ചെറുതായതിനാല്‍ തന്നെ രാജ്യത്തിന്റെ ശേഷി നിര്‍മ്മാണത്തില്‍ ആരും ശ്രദ്ധിച്ചില്ല.’ രാജ്യത്തെ ഉദ്യോഗസ്ഥ വൃന്ദം പോലും അമിതമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നും ഝാ ചൂണ്ടിക്കാണിക്കുന്നു. 

രാഷ്ട്രീയ കലഹങ്ങള്‍ നേപ്പാള്‍ സാമ്പത്തിരംഗത്തെ സ്തംഭിപ്പിച്ചു. അതുകൊണ്ട് തന്നെ വിമാനത്താവളങ്ങളുടെ അഭാവം മുതല്‍ ടാറിട്ട റോഡുകളുടെ ക്ഷാമം വരെയുള്ള തരത്തില്‍ ദരിദ്രമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു രാജ്യത്തിന് ഇത്തരത്തില്‍ ഭീകരമായ ഒരു പ്രകൃതി ദുരന്തത്തെ ചെറുക്കാനുള്ള ശേഷി ഇല്ലാതാവുകയും ചെയ്തു. 

‘ഇത്തരത്തിലുള്ള ഒരു ദുരന്തത്തെ കൈകാര്യം ചെയ്യുന്നതിനുള്ള വിഭവങ്ങള്‍ വികസിപ്പിക്കാന്‍ വേണ്ടി വര്‍ഷങ്ങള്‍ ചിലവഴിക്കുന്ന ഒരു ആഭ്യന്തരമന്ത്രി ഉണ്ടാവുന്ന ഒരു രാഷ്ട്രീയ സംസ്‌കാരം ഞങ്ങള്‍ക്ക് അന്യമാണ്,’ ഝാ ചൂണ്ടിക്കാണിക്കുന്നു. 

‘സര്‍ക്കാരും മാവോയിസ്റ്റുകളും തമ്മില്‍ ദശാബ്ദങ്ങള്‍ നീണ്ടു നിന്ന പോരാട്ടങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ നേപ്പാളി രാഷ്ട്രീയക്കാര്‍ പരസ്പരം പോരടിക്കുന്ന തിരക്കിലാണ്. ഭരണഘടന പരിഷ്‌കരണമാണ് ഏറ്റവും ഒടുവിലത്തെ വിഷയം. ഇതിനിടയില്‍ ദുരന്തനിവാരണ തയ്യാറെടുപ്പുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ അവര്‍ക്ക് സമയമില്ല,’ എന്ന് ഒരു പ്രമുഖ നേപ്പാളി മാധ്യമപ്രവര്‍ത്തകനായ കുന്ദ ദീക്ഷിത് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതി. ‘രണ്ട് ദശാബ്ദമായി ജില്ല, ഗ്രാമ, മുന്‍സിപ്പല്‍ തലങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നില്ല. പ്രാദേശിക കൗണ്‍സിലുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കമ്മിറ്റികളാവട്ടെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ തക്കവണ്ണം സംഘടിതവുമല്ല.’ 

2010ല്‍ ഹെയ്തിയില്‍ നടന്ന ഭൂകമ്പത്തിന്റെ സമയത്തെന്ന പോലെ തന്നെ, സര്‍ക്കാര്‍ പരാജയപ്പെടുമ്പോഴും എന്‍ജിഒകളും അന്താരാഷ്ട്ര സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. 

പ്രാപ്തിയില്ലാത്ത, ഹ്രസ്വദൃഷ്ടിക്കാരായ ഉപരിവര്‍ഗ്ഗത്തിന്റെ ഉല്‍പ്പന്നമല്ല നേപ്പാളിലെ രാഷ്ട്രീയ നിശ്ചലത എന്ന കാര്യം ഉറപ്പാണ്. ഇത്രയും സങ്കീര്‍ണതകള്‍ ഉള്ള ഒരു രാജ്യത്തെ, നൂറില്‍ പരം നിര്‍ദ്ദിഷ്ട ജാതികളിലും വംശീയ സമൂഹങ്ങളിലുമായി ചിതറിക്കിടക്കുന്ന 30 മില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്തെ, ഒരു ജനാധിപത്യ പ്രക്രിയയിലൂടെ പുനര്‍നിര്‍മ്മിക്കുക എന്നത് അത്ര നിസാരമായ ഒരു ദൗത്യമല്ല. 

എങ്ങനെ രാഷ്ട്രീയ അതിര്‍ത്തികള്‍ മാറ്റിവരയ്‌ക്കേണ്ടതെന്നും അതിന്റെ കൂടുതല്‍ പ്രാന്തവല്‍കൃതരായ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന തരത്തില്‍ പുതിയ ഫെഡറല്‍ സംവിധാനം ചിട്ടപ്പെടുത്തേണ്ടതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാവോയിസ്റ്റുകളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും തമ്മില്‍ അകൃത്രിമമായ പ്രത്യയശാസ്ത്ര ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. 

വര്‍ത്തമാനകാലം ദുഃസഹ യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുമ്പോള്‍, ശോഭനമായ ഭാവിക്ക് വേണ്ടിയാണ് നേപ്പാളിലെ രാഷ്ട്രീയക്കാര്‍ പരസ്പരം മല്ലടിക്കുന്നത് എന്നതാണ് ദുരന്തപൂര്‍മായ വിരോധാഭാസം. സംഭ്രമിക്കുന്ന ജനസംഖ്യാ വര്‍ദ്ധന അന്യരാജ്യങ്ങളെ ജീവസന്ധാരണത്തിനായി ആശ്രയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. വികേന്ദ്രീകരണത്തെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ മുഴങ്ങുമ്പോഴും കാഠ്മണ്ഡു മാത്രമാണ് ഇപ്പോഴും പ്രാധാന്യത്തോടെ നില്‍ക്കുന്നത്. രാജ്യ തലസ്ഥാനമാകട്ടെ ആഭ്യന്തര യുദ്ധത്തിന്റെ അനിശ്ചിതത്വങ്ങള്‍ നിമിത്തം ഗ്രാമീണ ജനതയുടെ കുടിയേറ്റം കൊണ്ട് ജനനിബിഡമായ അവസ്ഥയിലും. 

‘ഞങ്ങളുടേത് ഒരു ഏകനഗര രാജ്യമാണ്,’ ഝാ പറയുന്നു. ‘രാജ്യത്തിന്റെ മുഴുവന്‍ അവസരങ്ങള്‍, നല്ല ചികിത്സാ സൗകര്യങ്ങള്‍, പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, അതിന്റെ ഭരണകേന്ദ്രങ്ങള്‍ എല്ലാം കാഠ്മണ്ഡുവില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.’

ഇത്, തലസ്ഥാനത്തെ പുല്‍ക്കൊടിയെ പോലും നിലംപരിശാക്കിയ ഭൂകമ്പം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ കൂടുതല്‍ ദുഷ്‌കരമാക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ നേപ്പാള്‍ അതിന്റെ ഓരോ ചിതറിയ കഷ്ണങ്ങളും പെറുക്കിക്കൂട്ടുന്ന ഈ സന്ദര്‍ഭത്തില്‍, രാജ്യത്തിന്റെ ഈ തകര്‍ച്ചയില്‍ നിന്നും അതിന്റെ രാഷ്ട്രീയ വര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും പഠിച്ചിരുന്നെങ്കില്‍ എന്ന് നിരവധി പേര്‍ പ്രത്യാശിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍