UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേപ്പാള്‍: സ്വതവേ ദുര്‍ബല; അതിനുമേല്‍ ഭൂകമ്പത്തിന്റെ പ്രഹരവും

Avatar

നതാലിയ ഒബികോ പിയേഴ്‌സണ്‍, സാന്‍ഡ്രിനെ റാസ്റ്റെല്ലോ
(ബ്ലൂംബര്‍ഗ് ന്യൂസ്)

സാമ്പത്തിക സ്ഥിതി മോശമായിക്കൊണ്ടിരുന്ന നേപ്പാളിനു മുകളിലാണ് താങ്ങാനാവാത്ത ഭൂകമ്പത്തിന്റേയും പ്രഹരം വന്നു പതിച്ചിരിക്കുന്നത്.” ഭൂകമ്പത്തിന്റ തീവ്രത മാത്രമല്ല, അതിനെ മറിക്കടക്കാനുള്ള വിഭവങ്ങളോ, കഴിവോ നമുക്കില്ലാത്തതും ദുരന്തത്തിന്റ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു”. മുന്‍ ധനമന്ത്രി മധൂക്കര്‍ എസ്.ജി,ബി റാണ പറയുന്നു.

അമ്പത് അമേരിക്കന്‍ സംസ്ഥാനങ്ങളിലൊന്നിന്റെയത്ര പോലും സാമ്പത്തിക ശേക്ഷി ഇല്ലാത്ത നേപ്പാളിന് സ്വന്തം നിലയ്ക്ക് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത് ചിന്തിക്കാനാവാത്ത കാര്യമാണ്. ഭൂകമ്പമുണ്ടാകുന്നതിനു മുമ്പു തന്നെ ഏഷ്യന്‍ വികസന ബാങ്ക് നേപ്പാളിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് 2020 വരെയുള്ള കാലയളവില്‍ നേപ്പാള്‍ ഇപ്പോള്‍ മുടക്കുന്നതിന്റെ 4 മടങ്ങു വരെ ചിലവാക്കേണ്ടതുണ്ടെനും നിക്ഷേപം ആകര്‍ഷിക്കാന്‍ അത് അനിവാര്യമാണെന്നുമാണ് അവര്‍ പറഞ്ഞത്.

ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളിന്റെ ജി.ഡി.പി വരുമാനത്തില്‍ 50 ശതമാനത്തിന്റെ വരെ കുറവുണ്ടാകാമെന്നാണ് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. നഷ്ടങ്ങളേയും അതിന്റെ പ്രത്യാഘാതങ്ങളേയും കുറിച്ച് ഇപ്പോള്‍ തന്നെ പറയുന്നത് ശരിയായിരിക്കില്ലെന്നാണ് എ.ഡി.ബി ഉദ്യോഗസ്ഥനായ ഹണ്‍ കിം പറയുന്നത്.

”ദുരന്തബാധിതരായ ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടത്, രാജ്യത്തിന്റെ 40 ശതമാനം ഭാഗങ്ങളേയും ദുരന്തം ബാധിച്ചിച്ചുണ്ട്”. കിമ അയച്ച ഒരു മെയിലില്‍ പറയുന്നു. എ.ഡി.ബിയുടെ ദക്ഷിണേഷ്യന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അദ്ദേഹമാണ്.

എ.ഡി.ബി അടിയന്തിര സഹായമായി നേപ്പാളിന് 30 ലക്ഷം ഡോളര്‍ നല്‍കി. ആദ്യഘട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 200 മില്ല്യണ്‍ ഡോളര്‍ അനുവധിക്കുമെന്നും അവര്‍ അറിയിച്ചു. 

ചെറിയൊരു ഓഹരി വിപണിയാണ് നേപ്പാളിന്റേത്. കഴിഞ്ഞ വര്‍ഷം നേപ്പാളി രൂപയ്ക്ക് ഇന്ത്യന്‍ രൂപയുടെ അടുത്തെത്താന്‍ സാധിച്ചത് ലോക ഓഹരി വിപണിയിലെ മികച്ച പ്രകടനമായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഇനിയുള്ള സാഹചര്യങ്ങളില്‍ എന്തു സംഭവിക്കുമെന്നത് പ്രവചനാതീതമാണ്.

”ഒരു പാവപ്പെട്ട രാജ്യത്തിന് സംഭവിച്ച ദാരുണമായ ദുരന്തമാണിത്. വരുന്ന കുറച്ചു വര്‍ഷങ്ങളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭീമമായ തുക അവര്‍ക്ക് ചിലവാക്കേണ്ടി വരും”. അമേരിക്കന്‍ കമ്പനിയായ ഐ.എച്ച് എസിലെ മുഖ്യ ഏഷ്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ രാജീവ് വിശ്വാസ് ബ്ലൂംബെര്‍ഗ് ടീവിക്കനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

”പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 5 ബില്ല്യണ്‍ ഡോളറിലേറെ ചിലവാക്കേണ്ടി വരും. നേപ്പാളിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 20 ശതമാനമാണത്.” വിശ്വാസ് സൂചിപ്പിച്ചു.

നേപ്പാളിന് സാമ്പത്തിക സഹായം ലഭ്യമാക്കാനായി ഒരു പ്രത്യേക സംഘത്തെ അങ്ങോട്ടയക്കുമെന്ന്‍ ഐ.എം.എഫ്. അറിയിച്ചു. വിഷയത്തില്‍ എ.ഡി.ബി. വേള്‍ഡ് ബാങ്ക് എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. 

നേപ്പാളിനെ സഹായിക്കാന്‍ അയല്‍ക്കാരായ ഇന്ത്യയും ചൈനയും സദാ സന്നദ്ധരായി നില്‍ക്കുന്നുണ്ട്. ദുരന്തം നടന്ന ഉടനേയും പിന്നീടിതുവരെയുമായി ധാരാളം സാമാഗ്രികള്‍ ദുരിതാശ്വാസമായി ഇരുവരും നേപ്പാളില്‍ എത്തിച്ചു കഴിഞ്ഞു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹിമാലയന്‍ ദേശത്ത് സ്വാധീനമുറപ്പിക്കാനായി ഇരു രാജ്യങ്ങളും തമ്മില്‍ മത്സരിക്കുകയാണ്.

നിക്ഷേപം നടത്തുന്ന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ചൈന ഇന്ത്യയെ മറികടന്നു. വൈദ്യുത പദ്ധതികള്‍ നൂഡില്‍സ് ഫാക്ടറി, മാംസ സംസ്‌ക്കരണ ശാലകള്‍ തുടങ്ങിയവയിലെല്ലാം ചൈന നേപ്പാളില്‍ മുതല്‍മുടക്കിയിട്ടുണ്ട്. നേപ്പാളുമായുള്ള വ്യപാരത്തിന്റെ കാര്യത്തിലും ഇന്ത്യയെ ബഹുദൂരം പിന്നിലാക്കാന്‍ ചൈനയ്ക്കായി. 2006 മുതല്‍ ഇന്ത്യ നേപ്പാളുമായി നടത്തി വരുന്നതിന്റെ 17 മടങ്ങ് വ്യാപാരമാണ് ചൈനയ്ക്കു സാധ്യമായത്.. ഇതുവഴി നേപ്പാളില്‍ ഇന്ത്യയുടെ സ്വാധീനം കുറയ്ക്കാനും അവര്‍ക്കായി.

”അയല്‍രാജ്യങ്ങളുടെ സഹായമുണ്ടെങ്കില്‍ വളരെ പെട്ടെന്നു തന്നെ നേപ്പാളിന് തിരിച്ചു വരാന്‍ സാധിക്കും. പഴയതിനെക്കാള്‍ സ്ഥിതി മെച്ചപ്പെടുത്താനും കഴിയും പക്ഷേ അതിന് അവര്‍ക്ക് അത്തരത്തിലൊരു കൈത്താങ്ങ് ഉണ്ടാകണം.” ഇന്ത്യയുടെ രാജ്യാന്തര ബന്ധങ്ങള്‍ ശക്തമാക്കുകയെന്ന ഉദ്ദേശത്തേടെ മുംമ്പെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗേറ്റ് വേ ഹൗസിലെ ഭൗമ-സാമ്പത്തിക ശാസ്ത്രജ്ഞന്‍ രാജ്ഋഷി സിംഗ് ഫോണിലൂടെ പറഞ്ഞു.

”അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥ, ശക്തമായ സൈനിക സംവിധാനത്തിന്റെ അപര്യാപ്തത, വരുമാനത്തിലെ കുറവ്, ഉയരുന്ന പണപ്പെരുപ്പം, അളവില്ലാത്ത ഇറക്കുമതി, ഇങ്ങനെ ഇപ്പോള്‍ നേപ്പാള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ് സഹായമില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ അവരുടെ അവസ്ഥ കൂടുതല്‍ ദുഷ്‌ക്കരമാകും”. അദ്ദേഹം വ്യക്തമാക്കി. 

ഭൂകമ്പമുണ്ടാകുന്നതിനു ഒരാഴ്ച്ച മുമ്പാണ് എ.ഡി.ബി നേപ്പാളിന്റെ മോശമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അവരുടെ റിപ്പോര്‍ട്ടില്‍ സൂചനകള്‍ നല്‍കിയത്. ജൂലൈ 15ന് അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജി.ഡി.പി. നിരക്ക് ഗവണ്‍മെന്റ് പറയുന്ന 5.5ല്‍ എത്തില്ലെന്നും, മറിച്ച് അത് കഴിഞ്ഞ വര്‍ഷത്തെ നിരക്കായ 5.2ലും താഴ്ന്നു 4.6ല്‍ എത്തുമെന്നും അതില്‍ പറഞ്ഞിരുന്നു. മോശം മണ്‍സൂണിനെ തുടര്‍ന്ന് നെല്ല്, ചോളം, ധാന്യങ്ങള്‍ എന്നിവയുടെ ഉത്പ്പാദനം കുറഞ്ഞതും, പുതിയ ഭരണഘടനയെ ചൊല്ലി നില നില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുമെക്കെ ഇതിനു കാരണങ്ങളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് നേപ്പാള്‍ ഈ പതിറ്റാണ്ടിലെ തന്നെ വലിയ മറ്റൊരു ഭൂചലനത്തിനു സാക്ഷ്യം വഹിച്ചത്. അതിനെതുടര്‍ന്നു നേപ്പാളിന്റെ വൈദ്യുതി ഉത്പ്പാദനത്തില്‍ 10 ശതമാനത്തിന്റെ കുറവുണ്ടായി. തുടര്‍ന്നു ജലവൈദ്യുത പദ്ധതി നടപ്പാക്കാന്‍ ഡാം പണിയുന്നതിനായി നേപ്പാള്‍ നിക്ഷേപം ക്ഷണിച്ചിരുന്നു. ഹിമാലയന്‍ ഹിമപാളികളില്‍ നിന്നൊഴുകി വരുന്ന 600ഓളം നദികളിലെ വെള്ളം തടഞ്ഞു നിര്‍ത്തി വൈദ്യുതി ഉത്പ്പാദിപ്പപക്കാനുള്ള പദ്ധതി രാജ്യത്തിന്റെ ഇരുള്‍ മൊത്തം മാറ്റുമെന്നും അതിലൂടെ സാമ്പത്തിക പുരോഗതി കൈവരുമെന്നും പ്രതീക്ഷിക്കപ്പെട്ടു. പക്ഷേ ആ പ്രതീക്ഷകള്‍ക്ക് ഒരു വര്‍ഷത്തെ ആയുസുപോലുമുണ്ടായില്ല.

ഭൂകമ്പങ്ങള്‍ക്കു പുറമേ ഹിമാലത്തില്‍ നിന്നും ഇടയ്ക്കിടെ ഉണ്ടാകുന്ന ഹിമപാത ദുരന്തങ്ങളും നേപ്പാളിന്റ പരാധീനത വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായ ഹിമപാതത്തില്‍ 16 ഷെര്‍പ സന്ന്യാസിമാര്‍ മരിച്ചപ്പോള്‍ ഒക്‌ടോമ്പറില്‍ ഉണ്ടായ കാലം തെറ്റിയ മഞ്ഞു വീഴ്ച്ചയില്‍ കൊല്ലപ്പെട്ടത് 40 പേരാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍