UPDATES

പൂവിളി

അരികുകളിലൂടെ ഒരു നേര്‍രേഖ

Avatar

രാകേഷ് നായര്‍

ലോകത്തിന്റെ പല കോണിലായി ജീവിക്കുന്നവര്‍ ഒന്നിച്ചുചേരുന്ന കൂടായി സോഷ്യല്‍ മീഡിയകള്‍ മാറിയിരിക്കുന്നു. ആശയങ്ങളും ചിന്തകളും സുഖദുഃഖങ്ങളും വാര്‍ത്തകളും വിശേഷങ്ങളുമെല്ലാം പരസ്പരം പങ്കുവച്ച് സൗഹൃദം കൊണ്ട് മെനഞ്ഞൊരു കുടുംബത്തിലെ അംഗങ്ങളായി മാറുന്ന നിരവധിപേരാണ് ഇത്തരം കൂട്ടായ്മകളിലുള്ളത്. ഇതേ ലക്ഷ്യത്തോടെ രൂപീകരിക്കപ്പെടുകയും നവമാധ്യമ രംഗത്ത് ശ്രദ്ധേയമായി മാറിയതുമായ ഒരു പുരോഗമന കൂട്ടായ്മയാണ് നേര്‍രേഖ.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ചിതറി കിടക്കുന്ന പുരോഗമന ചിന്താഗതിക്കാരെ കൂട്ടി ചേര്‍ത്ത് ആരംഭിച്ച ഈ നവമാധ്യമ കൂട്ടായ്മയ്ക്ക് ഫെയ്സ്ബുക്കിലെ നേര്‍രേഖ കൂട്ടായ്മ, വെബ് മാഗസിന്‍ www.nerrekha.com തുടങ്ങി നിരവധി അനുബന്ധ കൂട്ടായ്മകളുമുണ്ട്. പ്രവാസികളും സ്വദേശികളുമായി ഇരുനൂറില്‍ അധികം കുടുംബങ്ങള്‍ ഇവര്‍ക്കൊപ്പമുണ്ട്. സൈബര്‍ ലോകത്തിനു പുറത്ത് ഈ കൂട്ടായ്മ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. തങ്ങള്‍ക്കിടയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നൊരു സംഘം എന്നതല്ല നേര്‍രേഖയിലെ അംഗങ്ങളുടെ ഉദ്ദേശം. സമൂഹത്തിന്റെ ആവിശ്യങ്ങളില്‍ ഇടപെടുകയും കടമകള്‍ നിര്‍വഹിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമായി കാണുന്നുണ്ട് ഇവര്‍. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ പിന്തുണയ്ക്കുക എന്നതാണ് നേര്‍രേഖയുടെ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യത്തില്‍ നേര്‍രേഖയിലെ മുഴുവന്‍ അംഗങ്ങളും സജീവമായി പങ്കുകൊള്ളുന്നുമുണ്ട്.

“അവഗണിക്കപ്പെടുന്ന ജനവിഭാഗത്തിന് താങ്ങാവുക എന്നതാണ് ഞങ്ങളുടെ ഗ്രൂപ്പിന്റെ തീരുമാനം. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഏവരും ഒറ്റക്കെട്ടായി നില്‍ക്കുന്നു. നേര്‍രേഖയെ സാധാരണ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകം ഇതാണ്”. ഈ കൂട്ടായ്മയിലെ അംഗമായ സിജു.എസ് കുമാര്‍ പറയുന്നു.

“ആഘോഷങ്ങളെക്കാള്‍ ഞങ്ങള്‍ക്ക് താല്‍പര്യം പ്രവര്‍ത്തനത്തിലാണ്. അതുകൊണ്ടു തന്നെ നിരവധിപേരാണ് ഞങ്ങളെ പിന്തുണച്ച് മുന്നോട്ട് വരുന്നത്. ഓരോ വര്‍ഷവും ഞങ്ങള്‍ ഒരു പ്രത്യേക മേഖല തെരഞ്ഞെടുത്ത് അവിടെയുള്ള ജനങ്ങള്‍ക്കായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരം പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമായി വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവരുണ്ട്. ചിലപ്പോള്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് മാത്രമായിട്ടായിരിക്കും ഈ യാത്ര. പക്ഷെ, അവര്‍ക്ക് അതിലൂടെ കിട്ടുന്ന ആനന്ദം വളരെ വലുതാണ്. സഹജീവിയെ സഹായിക്കാന്‍ തയ്യാറായ മനസ്സുകളുടെ കൂട്ടമാണ് നേര്‍രേഖയെന്ന് പറയാം”. സിജു കൂട്ടിച്ചേര്‍ത്തു.

ഓണാഘോഷം എന്നതല്ല മറിച്ച് അവഗണനകള്‍ കൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് ഉത്സവകാലത്ത് പോലും അന്യരാവുന്നവര്‍ക്കൊപ്പം ഒരു ദിനം എന്നതാണ് ഈ പരിപാടിയുടെ ആശയം. വ്യത്യസ്ത സാഹചര്യങ്ങളില്‍ അവശതയനുഭവിക്കുന്ന പ്രദേശങ്ങളാണ് ഇവര്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കുന്നത്. 2012 ല്‍ കാസറഗോഡ് മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കൊപ്പമായിരുന്നു നേര്‍രേഖയുടെ ഓണം. 2013 ല്‍ അട്ടപ്പാടിയിലെ ഊരുകളില്‍ ‘ഐക്യദാര്‍ഢ്യം’ സംഘടിപ്പിച്ചു.

ഈ വര്‍ഷത്തെ ഓണം പത്തനംതിട്ടയിലെ പെരുന്നാട് പഞ്ചായത്തിലെ അട്ടത്തോട് നിവാസികള്‍ക്കൊപ്പമാണ് നേര്‍രേഖ ആഘോഷിച്ചത്. തിരുവോണത്തിന് ഒരുക്കാനുള്ള സദ്യയ്ക്ക് വേണ്ട മുഴുവന്‍ ധാന്യങ്ങളും പച്ചക്കറികളും അടങ്ങിയ ഓണക്കിറ്റ് ഊരുകളിലെ കുടുംബങ്ങള്‍ക്ക് ഈ കൂട്ടായ്മയിലൂടെ വിതരണം നടത്തി. സാംസ്‌കാരിക സമ്മേളനം, കലാപരിപാടികള്‍, നാടന്‍ കലാരൂപങ്ങള്‍, ഓണക്കളികള്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു. കൂട്ടായ്മയുടെ ഉദ്ഘാടനം എന്‍ഡോസള്‍ഫാന്‍ ആക്റ്റിവിസ്റ്റ് ഡോ: മുഹമ്മദ് അഷീല്‍ നിര്‍വഹിച്ചു.

“നേര്‍രേഖയിലെ വിദേശത്തും സ്വദേശത്തുമുള്ള അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പുറത്തുള്ള പലരും ഇതിനായി മാത്രം ലീവെടുത്ത് വന്നതാണ്. വന്നവര്‍ക്കെല്ലാവര്‍ക്കും ഉള്ളുനിറഞ്ഞ സന്തോഷമാണ്. മറ്റുള്ളവര്‍ക്കായി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്നതിന്റെ സംതൃപ്തി എല്ലാവരും പങ്കുവച്ചു. നേര്‍രേഖയിലെ അംഗങ്ങള്‍ക്ക് പുറമെ മറ്റുള്ളവരും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു എന്നത് ഞങ്ങളെ സന്തോഷിപ്പിക്കുകയാണ്”. ഇനിയും വിപുലമായ രീതിയില്‍ പല നല്ലകാര്യങ്ങളും ചെയ്യാന്‍ നേര്‍രേഖയ്ക്ക് ആത്മവിശ്വാസം പകരുകയാണ് ഈ ജനപിന്തുണയെന്ന് സിജു പറഞ്ഞു.

 

നേര്‍രേഖ കൂട്ടായ്മയുടെ ഭാഗമായി അട്ടത്തോട് കോളനിയിലെ കുട്ടികള്‍ പൂക്കളമൊരുക്കുന്നു


ലതിക എം എല്‍ എ ഓണക്കിറ്റ് വിതരണം ചെയ്യുന്നു

ഓണ സദ്യ

എന്‍ഡോസള്‍ഫാന്‍ ആക്റ്റിവിസ്റ്റ് ഡോ: മുഹമ്മദ് അഷീല്‍ സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍