UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരോപണം നിഷേധിച്ച് ഫേസ്ബുക്ക്; എഞ്ചിനീയര്‍ക്ക് പറ്റിയ പിഴവെന്നും വിശദീകരണം

അഴിമുഖം പ്രതിനിധി

ഡിജിറ്റല്‍ ഇന്ത്യ പ്രചരണാര്‍ഥം പുറത്തിറക്കിയ പുതിയ ത്രിവര്‍ണ കളര്‍ പ്രൊഫൈല്‍ പിക്ചര്‍ ഫേസ് ബുക്കിന്റെ ഇന്റര്‍നെറ്റ്.ഓര്‍ഗിനെ സഹായിക്കാനാണെന്ന വിമര്‍ശനമുയര്‍ന്നതോടെ ആരോപണം നിഷേധിച്ച് ഫേസ് ബുക്ക് രംഗത്ത്. ഇത് തയാറാക്കിയ എഞ്ചിനീയര്‍ അബദ്ധത്തില്‍ ഇന്റര്‍നെറ്റ്.ഓര്‍ഗ് പ്രൊഫൈല്‍ പിക്ചര്‍ എന്ന് സോഴ്‌സ് കോഡില്‍ ചേര്‍ക്കുകയായിരുന്നു എന്നാണ് കമ്പനിയുടെ വിശദീകരണം.

 

ഡിജിറ്റല്‍ ഇന്ത്യ പ്രൊഫൈല്‍ പിക്ചറും ഇന്റര്‍നെറ്റ്. ഓര്‍ഗുമായി യാതൊരു ബന്ധവുമില്ലെന്ന് ഫേസ് ബുക്ക് വക്താവ് ഹഫിംഗ്ടണ്‍ പോസ്റ്റിനോട് വ്യക്തമാക്കി. ഇത് തയാറാക്കിയ എഞ്ചിനീയര്‍ സോഴ്‌സ് കോഡില്‍ എളുപ്പത്തിനു വേണ്ടി ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന് ചേര്‍ക്കുകയായിരുന്നു. എന്നാല്‍ ഈ പുതിയ ഉത്പന്നത്തിന് ഇന്റര്‍നെറ്റ്.ഓര്‍ഗില്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി യാതൊരു തരത്തിലും ബന്ധമില്ല. സോഴ്‌സ് കോഡില്‍ തങ്ങള്‍ മാറ്റം വരുത്തുന്നുവെന്നും ആശങ്കയുണ്ടാക്കിയ ഭാഗം നീക്കം ചെയ്യുന്നുവെന്നും ഫേസ് ബുക്ക് വക്താവ് വ്യക്തമാക്കി.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഫേസ് ബുക്ക് ആസ്ഥാനത്തെത്തി ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഐ സപ്പോര്‍ട്ട് ഡിജിറ്റല്‍ ഇന്ത്യ എന്ന് പ്രഖ്യാപിച്ചുകൊണ്ട് സക്കര്‍ബര്‍ഗ് തന്റെ പ്രൊഫൈല്‍ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ നിറം ഉള്‍പ്പെടുത്തിയത്. മോദിയും തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയതോടെ ഇന്ത്യയില്‍ ലക്ഷക്കണക്കിന് പേരാണ് ഈ മാതൃക പിന്തുടര്‍ന്നത്. എന്നാല്‍ ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫേസ് ബുക്ക് കൊണ്ടുവന്ന പുതിയ പദ്ധതി അവരുടെ ഏറെ വിവാദമായ ഇന്റര്‍നെറ്റ്.ഓര്‍ഗിന് പിന്തുണ സംഘടിപ്പിക്കാനുള്ള ഗൂഡപദ്ധതിയുടെ ഭാഗമാണെന്ന് വിമര്‍ശനമുയര്‍ന്നു. പുതിയ പ്രൊഫൈല്‍ പിക്ചറിന്റെ സോഴ്‌സ് കോഡില്‍ ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന് ചേര്‍ത്തതായിരുന്നു വിമര്‍ശകര്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിക്കുന്നതോടു കൂടി ഫേസ് ബുക്കിന്റെ ഇന്റര്‍നെറ്റ്. ഓര്‍ഗിനും സമ്മതപത്രം നല്‍കുകയാണ് എന്നായിരുന്നു വിമര്‍ശനം.

 

 

ഇന്റര്‍നെറ്റ് പുര്‍ണമായി ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന പ്രഖ്യാപനത്തോടെ ഫേസ് ബുക്ക് ഇന്ത്യയില്‍ റിലയന്‍സുമായി ചേര്‍ന്ന് കൊണ്ടുവരാന്‍ ഉദ്ദേശിച്ച ഇന്റര്‍നെറ്റ്.ഓര്‍ഗ് പദ്ധതി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. നെറ്റ് ന്യൂട്രാലിറ്റിയെ തകിടംമറിക്കാനുള്ള പദ്ധതിയാണ് ഇതിനു പിന്നിലെന്നും ഇന്റര്‍നെറ്റ് എന്നാല്‍ ഫേസ് ബുക്ക് ആണെന്നു കരുതുന്ന ദരിദ്രരാജ്യങ്ങളിലെ ഉപയോക്താക്കളെ ഒന്നടങ്കം തങ്ങളുടെ പക്കലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമായിരുന്നു അന്നുയര്‍ന്ന വിമര്‍ശനം. ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ തേടി ട്രായി, നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച് കരട് രേഖ പുറത്തിറക്കിയപ്പോള്‍ ഇന്റര്‍നെറ്റ്.ഓര്‍ഗിന് ലഭിച്ച പിന്തുണ ഫേസ് ബുക്ക് കേന്ദ്രത്തെ അറിയിച്ചിരുന്നു. അന്ന് ഇന്റര്‍നെറ്റ്.ഓര്‍ഗിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ആരാഞ്ഞ് ഉപയോക്താക്കള്‍ക്കായി ഫേസ് ബുക്ക് പുറത്തിറക്കിയ ആപ്ലിക്കേഷനില്‍ പിന്തുണയ്ക്കുന്നില്ല എന്ന ഭാഗം ഉള്‍പ്പെടുത്തിയിരുന്നില്ല. ഡിജിറ്റല്‍ ഇന്ത്യ പ്രചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന പുതിയ ആപ്ലിക്കേഷനിലും പിന്തുണയ്ക്കുന്നുണ്ട് (Yes), ഇപ്പോള്‍ പിന്തുണയ്ക്കുന്നില്ല (Not Now) എന്നു മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റി ആവശ്യമുണ്ടോ എന്നാരാഞ്ഞ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടായപ്പോള്‍ ഇതു ലക്ഷ്യംവച്ച് മുന്നോട്ടു വന്ന ഫ്‌ളിപ്കാര്‍ട്ട്- എയര്‍ടെല്‍ സീറോ എന്ന പദ്ധതി വന്‍ എതിര്‍പ്പിനെ തുടര്‍ന്ന്‍ നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. റിലയന്‍സുമായി ചേര്‍ന്ന് ഫേസ് ബുക്കും ഇത്തരമൊരു പദ്ധതിയുമായി വന്നതും എതിര്‍പ്പുണ്ടാക്കി. ഇതോടെ ഇന്റര്‍നെറ്റ്.ഓര്‍ഗിന്റെ പേര് ഫ്രീ ബേസിക്‌സ് എന്നു മാറ്റിയാണ് ഇപ്പോള്‍ ഫേസ് ബുക്ക് രംഗത്തെത്തിയിരിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ പ്രചരണത്തിന്റെ ഭാഗമായി വിവാദ എഴുത്തുകാരനും ‘എത്തിക്കല്‍ ഹാക്കറു’മായ അങ്കിത് ഫാദിയയെ നിയമിച്ചു എന്ന വാര്‍ത്തയും വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഫാദിയയുടെ പുസ്തകങ്ങളില്‍ മിക്കവയും മറ്റു പുസ്തകങ്ങളില്‍ നിന്ന് മോഷ്ടിച്ചവയാണെന്നും അമേരിക്കന്‍, ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളെ താന്‍ സഹായിച്ചിട്ടുണ്ടെന്ന വാദം തട്ടിപ്പാണെന്നും നേരത്തെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇത്തരത്തിലൊരാളെ ഡിജിറ്റല്‍ ഇന്ത്യ പ്രചരണാര്‍ഥം നിയമിച്ച കാര്യത്തിലും വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍