UPDATES

സയന്‍സ്/ടെക്നോളജി

തളരുന്നത് ഇന്റര്‍നെറ്റ് മാത്രമല്ല, ജനാധിപത്യവും; നെറ്റ് ന്യൂട്രാലിറ്റിയുടെ ആവശ്യകത

Avatar

പൈറേറ്റ് പ്രവീണ്‍

വിവേചനമില്ലാത്ത ഇന്റര്‍നെറ്റ് സേവനം (Net Neturaltiy) എന്നു പറയുമ്പോള്‍ മൂന്നു പ്രധാന നിയമങ്ങളാണ് പാലിക്കേണ്ടത്: നിയമം ഒന്ന്: എല്ലാ വെബ്‌സൈറ്റുകള്‍ക്കും ഒരേ അവസരം കിട്ടണം. ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മൊബൈല്‍ സേവനം നല്‍കുന്ന കമ്പനികള്‍ ചില സൈറ്റുകളെയോ ആപ്ലിക്കേഷനുകളെയോ അവരുടെ ഇഷ്ടത്തിനനുസരിച്ച് തടയരുത്. അവര്‍ ഗേറ്റിലെ കാവല്‍ക്കാരെപ്പോലെ ചില സൈറ്റുകളെ മാത്രം കടത്തിവിടുകയും മറ്റുള്ളവയെ തടയുകയും ചെയ്യരുത്. നിയമം രണ്ട്: ഇന്റര്‍നെറ്റ് സേവനം തരുന്ന കമ്പനികള്‍ എല്ലാ വെബ്‌സൈറ്റുകള്‍ക്കും ഒരേ വേഗത നല്‍കണം. ബിസിനസ് ബന്ധങ്ങളുടെ പുറത്തു ചില സൈറ്റുകള്‍ വേഗത്തിലും മറ്റു ചിലവ് സാവധാനത്തിലുമാക്കരുത്. നിയമം മൂന്ന്: ഏതു സൈറ്റുകള്‍ എടുക്കുന്നതിനും ഒരേ നിരക്കില്‍ പണം ഈടാക്കണം. ചില സൈറ്റുകള്‍ സൗജന്യവും മറ്റ് സൈറ്റുകള്‍ക്കു കൂടിയ വിലയും ഈടാക്കരുത്. 

ഈ വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ പല രാജ്യങ്ങളിലും നടക്കുന്നുണ്ട്. അമേരിക്കന്‍ ഐക്യനാടുകള്‍, നെതര്‍ലാന്റ്‌സ്, ചിലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ വിവേചനമില്ലാത്ത ഇന്റര്‍നെറ്റ് സേവനത്തിനായുള്ള നിയമങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞു. കോംകാസ്റ്റ് എന്ന ഇന്റര്‍നെറ്റ് സേവനദാതാവും നെറ്റ്ഫ്‌ലിക്‌സ് എന്ന ഇന്റര്‍നെറ്റ് വഴി സിനിമ കാണാനുള്ള സേവനവും തമ്മിലുണ്ടായ തര്‍ക്കമാണ് ഇന്റര്‍നെറ്റ് സേവനത്തില്‍ വിവേചനം കാണിക്കുന്നതിലുള്ള പ്രശ്‌നത്തെ നമുക്കു മുന്നില്‍ കൊണ്ടുവന്നത്. നെറ്റ്ഫ്‌ലിക്‌സ് സേവനത്തിന്റെ വേഗത മറ്റു സൈറ്റുകളെ അപേക്ഷിച്ചു കോംകാസ്റ്റ് വളരെയധികം കുറയ്ക്കുകയും പഴയതു പോലെ ആ സേവനം ലഭിക്കാന്‍ കോംകാസ്റ്റിനു് നെറ്റ്ഫ്‌ലിക്‌സ് വലിയ തുക കൊടുക്കേണ്ടി വരികയുമാണുണ്ടായത്. ഇന്റര്‍നെറ് സേവനത്തിനു് വരിക്കാരില്‍ നിന്നും ചാര്ജ് നേരത്തെ തന്നെ ഈടാക്കിയ കോംകാസ്റ്റ് നെറ്റ്ഫ്‌ലിക്‌സില്‍ നിന്നും ഗുണ്ടാപിരിവാണു് നടത്തിയത്.

എയര്‍ടെല്‍ വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ് തുടങ്ങിയ സേവനങ്ങള്‍ക്കു് ഇന്റര്‍നെറ്റ് ഡേറ്റാ പ്ലാനിനു പുറമേ അധിക പണം ഈടാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇന്ത്യയില്‍ ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഒരേ സേവനത്തിനു രണ്ടു തവണ പണം വാങ്ങുന്നു എന്നതാണ് ഇതിലെ ഒരു പ്രശ്‌നം.

രണ്ടാമത്തെ പ്രശ്‌നം നമ്മളേതൊക്കെ സേവനങ്ങളുപയോഗിക്കുന്നു എന്നത് സേവനദാതാക്കള്‍ തീരുമാനിക്കുന്ന അവസ്ഥ വരുന്നു. ഒരു പാല്‍ കമ്പനി പാലിനുള്ള പണത്തിനു പുറമേ, ചായകുടിക്കുകയാണെങ്കില്‍ അതിനു് കൂടുതല്‍ പണം വാങ്ങുന്നതുപോലാണിത്. പാല്‍ കമ്പനിയുടെ പാലുപയോഗിച്ചാണു ചായയുണ്ടാക്കിയത് എന്നത് പോലെയുള്ള വാദമാണിത്. വാട്ട്‌സ് ആപ്പും സ്‌കൈപ്പും പോലുള്ള സേവനങ്ങള്‍ എയര്‍ടെല്ലിന്റെ കണക്ഷന്‍ വഴിയാണ് പ്രവര്‍ത്തിക്കുന്നത്, അതുകൊണ്ട് അവര്‍ക്ക് അതിനും കൂടി പണം കിട്ടണം എന്നതായിരുന്നു വാദം. വലിയ എതിര്‍പ്പിനെത്തുടര്‍ന്ന് എയര്‍ടെല്‍ ഈ നീക്കത്തില്‍ നിന്നും പിന്മാറി. പിന്നീട് റിലയന്‍സും ഫേസ്ബുക്കും ചേര്‍ന്ന് ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന പരിപാടിയുമായി- റിലയന്‍സ് വരിക്കാര്‍ക്കു ഫേസ്ബുക്കുള്‍പ്പെടെ മുപ്പതു സൈറ്റുകള്‍ സൗജന്യമാക്കുന്ന- പരിപാടിയുമായി മുന്നോട്ടു വന്നു. ഇതിന്റെ പ്രശ്‌നം റിലയന്‍സും ഫേസ്ബുക്കും ചേര്‍ന്നാണ് ഏതു സൈറ്റുകള്‍ സ്വതന്ത്രമായി ലഭ്യമാക്കണം എന്നു തീരുമാനിക്കുന്നത് എന്നതാണ്. സ്വതന്ത്ര ഇന്റര്‍നെറ്റില്‍ എല്ലാ സൈറ്റുകളും തുല്ല്യമാണ്. ഒരു സൈറ്റ് നമ്മള്‍ തുടങ്ങിയാല്‍ ഇന്റര്‍നെറ്റ് സേവനമുള്ള ആര്‍ക്കും നമ്മുടെ സൈറ്റ് കാണാനാകും. എന്നാല്‍ ഇന്റര്‍നെറ്റ്.ഓര്‍ഗ് പോലുള്ള പാക്കേജുകളില്‍ വരാനായി ഓരോ സൈറ്റുടമയും അവര്‍ക്കു പ്രത്യേകം പണം കൊടുക്കേണ്ട അവസ്ഥയാണ് ഉള്ളത്. ഇത് ഇന്നു നമുക്കറിയുന്ന ഇന്റര്‍നെറ്റിനെ പല ഭാഗങ്ങളായി വിഭജിക്കും. ഓരോ ഭാഗങ്ങളുടേയും കാവല്‍ക്കാരായി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ മാറും.

ഇപ്പോള്‍ എയര്‍ടെല്‍ സീറോ എന്ന പേരില്‍ വരുന്ന പുതിയ സംവിധാനത്തില്‍ ചില സൈറ്റുകള്‍ സൗജന്യമായി ലഭ്യമാക്കും. എയര്‍ടെല്ലുമായി കരാറിലേര്‍പ്പെടുന്ന കമ്പനികള്‍ക്കു മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. അതിനായി അവര്‍ കമ്പനികളില്‍ നിന്നും ഭീമമായ തുക ഈടാക്കും. ഫ്ലിപ്കാര്‍ട്ട്  ഈ സേവനത്തില്‍ പങ്കാളികളാകുകയാണ് എന്ന വാര്‍ത്ത വന്നപ്പോഴേക്കും വിവേചനമില്ലാത്ത ഇന്റര്‍നെറ്റിനുള്ള സമരം വലിയ ജനപങ്കാളിത്തമുള്ളതാകുകയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നു ഫ്ലിപ്കാര്‍ട്ട് ഈ സൗകര്യം വേണ്ടെന്നു വയ്ക്കുകയും ചെയ്തു.

ടെലികോം കമ്പനികളെ നിയന്ത്രിക്കാന്‍ അധികാരമുള്ള ട്രായ്, വിവേചനപരമായ ഇന്റര്‍നെറ്റ് അനുവദിക്കാന്‍ പോകുന്നതിനുള്ള മുന്നോടിയായി പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടിത്തുടങ്ങിയപ്പോഴാണ് റെഡിറ്റ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഈ നീക്കത്തിനെതിരായി ശക്തമായ പൊതുജനപങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമം തുടങ്ങിയത്. ഒറീസയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ തഥാഗത സത്പതി വിവേചനമില്ലാത്ത ഇന്റര്‍നെറ്റിനായുള്ള പിന്തുണയുമായി ട്രായിക്ക് കത്തെഴുതി. എഐബി വിവേചനമില്ലാത്ത ഇന്റര്‍നെറ്റ് സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വീഡിയോ യൂട്യൂബില്‍ ഇറക്കുകയും ഈ വീഡിയോ വൈറലാവുകയും ചെയ്തു. savetheinternet.in എന്ന വെബ്‌സൈറ്റിലൂടെ എളുപ്പത്തില്‍ ആര്‍ക്കും ട്രായിക്ക് ഈ-മെയിലയക്കാനുള്ള സംവിധാനമൊരുക്കുകയും മൂന്ന് ലക്ഷത്തിലധികം പേര്‍ ഇങ്ങനെ ഈ-മെയിലയക്കുകയും ചെയ്തു. ചേഞ്ച്.ഓര്‍ഗിലെ പെറ്റിഷനും ഒന്നരലക്ഷത്തിലധികം ആളുകള്‍ പിന്തുണച്ചു. മുഖ്യധാരാ മാധ്യമങ്ങളും സജീവമായി ഈ വിഷയത്തില്‍ ഇടപെടുകയും മലയാളത്തിലടക്കം വാര്‍ത്തകളും ചാനല്‍ ചര്‍ച്ചകളും ഈ വിഷയത്തില്‍ വരുകയും ചെയ്തു. ഏപ്രില്‍ 24 ആണ് ട്രായിക്ക് ഈ-മെയില്‍ അയക്കേണ്ട അവസാന തിയ്യതി.

വിവേചനമില്ലാത്ത ഇന്റര്‍നെറ്റ് സേവനം അവസാനിക്കുമ്പോള്‍ വരുന്ന അപകടങ്ങള്‍

1. ഏതു സേവനങ്ങള്‍ നമ്മള്‍ ആശ്രയിക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്യം നമുക്കു നഷ്ടപ്പെടും. നമുക്കിഷ്ടപ്പെടുന്ന സേവനങ്ങള്‍ നമുക്ക് ലഭ്യമല്ലാതാവുകയോ, വേഗത കുറയുകയോ, കൂടുതല്‍ പണം കൊടുക്കേണ്ടതായോ വരും.

2. പുതിയ സേവനങ്ങള്‍ക്കുള്ള തുല്യ അവസരം നഷ്ടപ്പെടും. നിലവില്‍ വലിയ കമ്പനികള്‍ക്കു മാത്രമേ നിലനില്‍ക്കാനാകൂ. പുതിയ കമ്പനികള്‍ക്കു് മത്സരിക്കാനാവാതെ പൂട്ടിപോകുകയും വലിയ കുത്തകകള്‍ ഉപയോക്താക്കളെ തടസ്സമില്ലാതെ ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ വരുകയും ചെയ്യും. ഇത് വിപണിയിലും സമൂഹത്തിലും ആധിപത്യമില്ലാത്ത ചെറിയ കമ്പനികളെ തളര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കും. ഭീമന്മാരില്‍ നിന്നും പണം പറ്റി ഒരു പക്ഷേ അവരേക്കാള്‍ മെച്ചപ്പെട്ട സേവനം നല്‍കുന്ന ചെറിയ കമ്പനികളെ ഭാഗികമായോ പൂര്‍ണ്ണമായോ ഉപയോക്താക്കളിലെത്തുന്നതില്‍ നിന്നും തടയുന്നു.

3. ഭിന്നസ്വരങ്ങള്‍ പൂര്‍ണമായും  നിശബ്ദമാക്കപ്പെടുകയും നമ്മുടെ ജനാധിപത്യം തന്നെ നഷ്ടപ്പെടുകയും ചെയ്യും.

കൂടുതലറിയാന്‍

1.http://blog.smc.org.in/net-neturaltiy അപ്പുവും ബസ് മുതലാളിമാരും ഒരു നെറ്റ്
ന്യൂട്രാലിറ്റി കഥ

2. http://www.mathrubhumi.com/technology/web/net-neturaltiy-internet-internet-service-providers-isp-whatsapp-skypet-rai-ott-telecom-authortiy-of-india-538720/

3. ഇന്റര്‍നെറ്റെ് സമത്വം നമ്മുടെ അവകാശം

https://www.change.org/p/rsprasadt-rai-don-t-allow-differential-pricing-of-services-let-consumers-choose-how-they-want-to-use-internet-netneturaltiy

4. netneturaltiy.in

(പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍- ഡെബിയൻ ഡെവലപ്പർ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ അംഗം, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരകനും കൺസൽട്ടന്റും, ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും വേണ്ടിയുള്ള സമരങ്ങളിൽ സജീവം. ഡിജിറ്റൽ ലോകത്തെ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന കൂട്ടായ്മയായ ഇന്ത്യൻ പൈറേറ്റ്സിന്റെ സ്ഥാപകാംഗം. പൈറേറ്റ് സൈക്ലിങ്ങ്, ഡയാസ്പൊറ യാത്ര കാമ്പൈനുകളിലൂടെ കേരളത്തിലങ്ങോളമിങ്ങോളം സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വകാര്യതാ ക്ലാസുകൾ എടുത്തിട്ടുണ്ട്. ഐടി മേഖലയിൽ പത്തുവർഷത്തെ പരിചയം. സ്വദേശം പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര ഗ്രാമം. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ബിരുദം.)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍