UPDATES

മൂന്നാം പലസ്തീന്‍ വിപ്ലവം; തടയാന്‍ നെതന്യാഹുവും അബ്ബാസും ഒറ്റക്കെട്ട്

Avatar

ജോനാഥന്‍ ഫെര്‍സിഗര്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

സമാധാന ശ്രമങ്ങള്‍ നിലച്ചിരികുകയും പരസ്പര ശത്രുത തുടരുകയും ചെയ്യുമ്പോഴും പലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഒരു കാര്യത്തിലെങ്കിലും ഏകാഭിപ്രായക്കാരാണ്:  ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം ഒരു മൂന്നാം പലസ്തീന്‍ ഇന്‍തിഫാദയായി (ഉയിര്‍ത്തെഴുന്നേല്‍പ്പ്) മാറരുത് എന്ന് ഇരുവരും ആഗ്രഹിക്കുന്നു. പലസ്തീന്‍-ഇസ്രയേല്‍ പ്രദേശങ്ങളിള്‍ ദിനേന നിരവധി പേരുടെ ജീവനെടുക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഇരുവരും പറയുന്നത്. 1987-ലും 2000-ലും മേഖലയെ ഇളക്കിമറിച്ചതു പോലുള്ള ഒരു ലഹളയ്ക്കുള്ള സാധ്യതയെ നിരീക്ഷകര്‍ കുറച്ചു കാണുന്നുണ്ടെങ്കിലും സംഭവ വികാസങ്ങള്‍ കൈവിട്ടു പോയേക്കാമെന്നതാണ് സ്ഥിതി.

എതിരാളികളായ ഈ രണ്ടു നേതാക്കളും പങ്കുവയ്ക്കുന്ന ആശങ്കയുടെ ഒരു വശം ഇവരുടെ രാഷ്ട്രീയ ബലഹീനത വ്യക്തമാക്കുന്നുണ്ട്. രണ്ടു പേരുടേയും സര്‍ക്കാരുകള്‍ക്ക് ജനപിന്തുണ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ‘ഓടുന്ന പുലിയുടെ മുന്നില്‍ പോലുമെത്താതെയാണ് അബ്ബാസ് പുലിയെ തടയാന്‍ ശ്രമിക്കുന്നത്,’ മുന്‍ ഇസ്രയേലി ജനറലും ടെല്‍ അവീവിലെ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിലെ വിദഗ്ധനുമായ ശ്ലോം ബ്രോം പലസ്തീന്‍ നീക്കത്തെ വിശേഷിപ്പിക്കുന്നു. തന്റെ അണികളെല്ലാം ‘പ്രതികാരദാഹികളായതിനാല്‍’ നെതന്യാഹുവും സമാനമായ അവസ്ഥയിലാണെന്നും ബ്രോം ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞു.

അബ്ബാസിനെ സംബന്ധിച്ചിടത്തോളം സംഘര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കുന്നത് വെസ്റ്റ് ബാങ്കിലെ തന്റെ അധികാരത്തെ കൂടുതല്‍ ദുര്‍ബലമാക്കും. സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതിനു ശേഷം ഒരു വര്‍ഷത്തിലേറെയായി നടത്തിവരുന്ന പലസ്തീന്‍ രാഷ്ട്രപദവി നേടിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. നെതന്യൂാഹുവാണെങ്കില്‍ പാര്‍ലമെന്റിലെ ഒറ്റ സീറ്റ് ഭൂരിപക്ഷവുമായി ഭരണം മുന്നോട്ടു കൊണ്ടു പോകാനുള്ള മല്ലയുദ്ധത്തിലുമാണ്. അദ്ദേഹത്തിന്റെ തീവ്ര എതിരാളികള്‍ക്ക് പോലും സുരക്ഷ ഇതിലേറെ നന്നായി കൈകാര്യം ചെയ്യാനാകുമെന്ന് ഇസ്രയേല്‍ ജനതയില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നു. ക്രമസമാധാനം വീണ്ടെടുക്കാന്‍ സുരക്ഷാ സേന പൊരുതുമ്പോഴും ഭൂരിപക്ഷം ഇസ്രയേല്‍ ജനതയും കരുതുന്നത് സംഘര്‍ഷങ്ങളെ നേരിടുന്നതില്‍ നെതന്യാഹു പരാജയമാണെന്നാണ്. രണ്ടു ചാനലുകള്‍ നടത്തിയ സര്‍വേകളില്‍ ഭൂരിപക്ഷം പേരും നെതന്യാഹുവിനെതിരെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

മുസ്ലിംകള്‍ തങ്ങളുടെ മൂന്നാമത്തെ ഏറ്റവും വലിയ വിശുദ്ധ ഗേഹമായും ജൂതന്‍മാര്‍ തങ്ങളുടെ വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട വിശുദ്ധ സ്ഥലമായും പരിഗണിക്കുന്ന അല്‍ അഖ്‌സ മോസ്‌കിനെ ചൊല്ലിയുള്ള അവകാശത്തര്‍ക്കങ്ങളാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. ഇസ്രയേലി സൈന്യത്തിനെതിരെ നടന്നു വരുന്ന അക്രമങ്ങള്‍ക്ക് ഒരു ഏകീകൃത സ്വഭാവമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങളും നിരീക്ഷകരും പറയുന്നത്. ഇങ്ങനെയാണെങ്കിലും തുടര്‍ച്ചയായുള്ള അതിക്രമങ്ങള്‍ ഇസ്രയേലികളെ ഇളക്കിമറിച്ചിട്ടുണ്ട്. രാജ്യത്തുടനീളം പെട്ടെന്നുള്ള തെരുവ് ആക്രമണങ്ങള്‍ക്ക് ഇസ്രായേലുകാര്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കുരുമുളക് സ്‌പ്രേ അടക്കമുള്ള വ്യക്തിഗത പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് യെദിയോത് അഹരോനൊത് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടക്കത്തില്‍ ആക്രമണങ്ങള്‍ക്ക് ഏകീകൃത സ്വഭാവമുണ്ടായിരുന്നില്ലെങ്കിലും ഇസ്രയേലി സൈനികരുമായുള്ള ഏറ്റുമുട്ടലുകള്‍ക്ക് കൂടുതല്‍ സംഘടിതമായി മാറിയിട്ടുണ്ടെന്നും ഇത് വെസ്റ്റ് ബാങ്കിലെ യൂണിവേഴ്‌സിറ്റികളിലേക്ക് വ്യാപിക്കുന്നതായും ഈസ്റ്റ് ജറുസലേമില്‍ അല്‍ ഖുദ്‌സ് യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്രീയ വിദഗ്ധനായ അബെദ് അല്‍കരിം സമാറ പറയുന്നു. വിദ്യാര്‍ത്ഥി യൂണിയനുകള്‍ രംഗത്തിറങ്ങിത്തുടങ്ങിയെന്നും ഇത് മറ്റു ക്യാമ്പസുകളിലേക്കും വ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷങ്ങള്‍ ഇളക്കി വിടുന്നതിനു പിന്നില്‍ അബ്ബാസും ഇസ്രയേലി അറബ് നേതാക്കളുമാണെന്നാണ് നെതന്യാഹുവിന്റെ ആരോപണം. എന്നാല്‍ തങ്ങളുടെ ഭാവി രാഷ്ട്രത്തിന്റെ ഭാഗമായ പ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തുന്ന കയ്യേറ്റവും സമാധാന ചര്‍ച്ച വഴിമുട്ടിയതുമാണ് സംഘര്‍ഷങ്ങളുടെ കാരണമായി പലസ്തീന്‍ ചൂണ്ടിക്കാട്ടുന്നത്. ഗസ മേഖല ഭരിക്കുന്ന ഇസ്ലാമിസ്റ്റ് സംഘടനയായ ഹമാസ് ഈ സംഘര്‍ഷത്തെ മൂന്നാം പലസ്തീന്‍ വിപ്ലവമെന്ന് വിശേഷിപ്പിക്കുന്നു. സംഘര്‍ഷങ്ങളുണ്ടാക്കുന്നത് ഇസ്രായേലാണന്ന് പറയുമ്പോഴും  അബ്ബാസ് പലസ്തീന്‍ സുരക്ഷാ സേനയോടും രാഷ്ട്രീയ സംഘടനകളോടും പറയുന്നത് സംഘര്‍ങ്ങള്‍ക്ക് ശക്തിപകരാതെ സ്വയം സുരക്ഷ ഒരുക്കാനാണ്.

എന്നാല്‍ വെസ്റ്റ് ബാങ്കിലുടനീളം ശക്തിപ്രാപിച്ച കല്ലെറിയല്‍ കലാപത്തില്‍ മുന്നിലുള്ളത് പ്രധാനമായും പുതിയ തലമുറയാണ്. 15 വര്‍ഷം മുമ്പ് നടന്ന പലസ്തീന്‍ ഇന്‍തിഫാദയെ ഓര്‍ത്തിരിക്കാനുള്ള പ്രായം ഇവര്‍ക്കില്ല. മാത്രവുമല്ല അബ്ബാസോ അദ്ദേഹത്തിന്റെ പലസ്തീന്‍ അതോറിറ്റിയോ ഇവരില്‍ കാര്യമായ സ്വാധീനമൊന്നും ചെലുത്തുന്നുമില്ലെന്നു വേണം കരുതാന്‍. ‘പ്രതിഷേധക്കാര്‍ കൗമാരക്കാരാണെന്നത് വ്യക്തമായും കാണാം. ഇവര്‍ക്ക് നേരത്തെ ഇസ്രയേലി സൈന്യവുമായി ഏറ്റുമുട്ടിയുള്ള മുന്‍പരിചയവുമില്ല. ഇവരുടെ പലസ്തീന്‍ ദേശാഭിമാനം വളരെ ആഴത്തിലുള്ളതാണ്,’ സമാറ പറയുന്നു.

കല്ലേറു കേസില്‍ പിടിക്കപ്പെട്ടവര്‍ക്ക് നാലു വര്‍ഷം തടവും സുരക്ഷാ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന ഇളംപ്രായക്കാരുടെ രക്ഷിതാക്കള്‍ക്ക് പിഴയും ശിക്ഷയായി നല്‍കണമെന്ന പ്രമേയം ഞായറാഴ്ച ഇസ്രയേലി മന്ത്രി സഭ അംഗീകരിച്ചിട്ടുണ്ട്. സുരക്ഷാ സേനയുടെ ആയുധ പ്രയോഗത്തിലുള്ള നിയന്ത്രങ്ങളും സര്‍ക്കാര്‍ ലഘൂകരിച്ചു കൊടുക്കുകയും ശിക്ഷിക്കപ്പെട്ട പലസ്തീനികളുടെ വീടുകള്‍ തകര്‍ക്കുന്ന നീക്കം ത്വരിതപ്പെടുത്തുകയും ചെയ്തു. ഈ തീരുമാനങ്ങളെല്ലാം കോടതി പുനഃപരിശോധനയ്ക്കു വിധേയമാണ്. പുതിയ നടപടികള്‍ ചോദ്യം ചെയ്യുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു.

ഇത്തരം വീടു തകര്‍ക്കല്‍ പോലുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്നും തിരിച്ചടിയാകുമെന്നും  മുന്‍ സംഘര്‍ഷങ്ങളെ കുറിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നതായി ജനറല്‍ ബ്രോം പറയുന്നു. സംഘര്‍ഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അടങ്ങിയിരിക്കാനുമാണ് സുരക്ഷാ വിദഗ്ധരില്‍ നിന്നും നെതന്യാഹുവിന് കിട്ടിയ ഉപദേശം. കൊല്ലപ്പെടുന്ന പലസ്തീന്‍കാരുടെ എണ്ണം കുറച്ചു കൊണ്ടുവരാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടെന്നും ബ്രോം പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍