UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുടരുന്ന നേതാജി നിഗൂഢത; അടുത്ത അധ്യായം മോദി വക

Avatar

ടീം അഴിമുഖം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നാള്‍വഴികളില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പോലെ മാറ്റാരുമില്ല. മഹാത്മാഗാന്ധിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് 41-ആം വയസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍, ബ്രിട്ടീഷുകാരോട് എതിരിടാന്‍ ഹിറ്റ്ലറും ജപ്പാനുമായി സഖ്യം, രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിക്കപ്പലില്‍ യാത്ര, ഒരു സേനയ്ക്ക് രൂപം കൊടുത്തു ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ പ്രദേശത്ത് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടല്‍.

ഇന്ത്യയുടെ അഹിംസ സമരത്തെ ബ്രിട്ടീഷുകാര്‍ക്കെതിരായ ഒരു സൈനിക വിജയമാക്കി ഏതാണ്ട് മാറ്റിയെഴുതിയിരുന്നു നേതാജി. 1945-ലെ തിരോധാനത്തിന് ശേഷം അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്നത് ലോകത്താകെ ഒരു ഊഹാപോഹ വ്യവസായത്തിന്റെ വിഷയമായിരുന്നു. ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അതിനൊരു പുതുജീവന്‍ നല്കിയിരിക്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള ഒരു കൂട്ടം രേഖകള്‍ പരസ്യമാക്കാനുള്ള അന്തിമഘട്ടത്തില്‍ നില്‍ക്കവേ നേതാജി 1945-ല്‍ തായ്വാനില്‍ വെച്ചാണ് മരിച്ചതെന്ന് ലണ്ടനില്‍ നിന്നു പുതിയ അവകാശവാദം ഉയര്‍ന്നിരിക്കുകയാണ്.

തന്റെ വഴിമാറിയ ജീവിതം പോലെ ബോസ് നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്കും വ്യാജ ചരിത്രകാരന്‍മാര്‍ക്കും ഉറവിടമാകുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതവും മരണവും ലോകത്താകെ അതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ ഒരു കുടില്‍ വ്യവസായമാക്കി മാറ്റിയിരിക്കുന്നു. ഡല്‍ഹിയില്‍ ഒരു പത്രപ്രവര്‍ത്തകന്‍ അതീങ്ക്കുരിച്ചു ഒരു പുസ്തകം പ്രസിദ്ധീകരിച്ചു, ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്നവകാശപ്പെട്ടു പലതും പുറത്തുവിട്ടു. ലണ്ടനില്‍ മറ്റൊരാള്‍ സ്വന്തമായി രേഖകളുണ്ടെന്ന് പറയുന്നു. കൊല്‍ക്കത്തയിലും മറ്റുള്ളയിടത്തും ബോസിന്റെ ബന്ധുക്കള്‍ പുസ്തകങ്ങളിറക്കി, ബോസിന്റെ മരണത്തെചൊല്ലി തര്‍ക്കിക്കുന്നു. ഏറ്റവും ഒടുവില്‍ ഈ കളത്തിലേക്കെടുത്തുചാടിയത് നരേന്ദ്ര മോദിയാണ്.

ജനുവരി 23-നു നടക്കുന്ന ഒരു ചടങ്ങില്‍ പ്രധാനമന്ത്രികാര്യാലയത്തിന്റെ കൈവശമുള്ള 41 രേഖകളില്‍ 33 എണ്ണം മോദി തന്നെ പ്രസിദ്ധപ്പെടുത്തും എന്നാണ് കരുതുന്നത്. ബോസ് കുടുംബത്തില്‍ നിന്നുമുള്ള 15 അംഗ പ്രതിനിധി സംഘം ചടങ്ങിനെത്തും. നേതാജിയുടെ മരുമകളും കുടുംബത്തിലെ ഏറ്റവും തലമൂത്ത അംഗവുമായ ചിത്ര ഘോഷ് പറയുന്നു,“പി‌എം‌ഒ രേഖകള്‍ വിമാനാപകട സിദ്ധാന്തത്തിന് ഒരു അവസാനമുണ്ടാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് അവ വെളിപ്പെടുത്തില്ലായിരിക്കാം, പക്ഷേ തുടര്‍ന്നുള്ള കാര്യങ്ങളെക്കുറിച്ച് സൂചന നല്‍കിയേക്കാം. നിഗൂഢത നീക്കുന്നതില്‍ ഇത് വലിയൊരു നീക്കമാണ്.”

ബോസിന് എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി നിരവധി സാധ്യതകള്‍ പ്രചരിക്കുന്നുണ്ട്. വളരെ പ്രചാരത്തിലുള്ള ഒരു കഥ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയെന്നും ഉത്തര്‍ പ്രദേശില്‍ ‘ഗുംനാമി ബാബ’ എന്ന പേരില്‍ ശിഷ്ടകാലം ജീവിച്ചു എന്നുമാണ്. നേതാജിയുടെ തിരോധാനം സംബന്ധിച്ച രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ 1999-ല്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് മുഖര്‍ജീ 7 വര്‍ഷങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട് സമര്‍പ്പിച്ചു. അതില്‍ ഗുംനാമി ബാബ നേതാജിയായിരുന്നു എന്നു അദ്ദേഹത്തിന് ബോധ്യപ്പെട്ടതായാണ് തോന്നുന്നത്.

ലോക്സഭയുടെ മേശപ്പുറത്ത് വെച്ചപ്പോള്‍ യു പി എ സര്‍ക്കാര്‍ തള്ളിക്കളഞ്ഞ ജസ്റ്റിസ് മുഖര്‍ജീ റിപ്പോര്‍ട് നേരത്തെയുള്ള രണ്ടു കമ്മീഷന്‍ റിപ്പോര്‍ട്ടുകകള്‍ക്ക് വിരുദ്ധമാണ്- ഷാനവാസ് സമിതി(1956), ജി ഡി ഖോസ്ല സമിതി (1970). തായ്പെയ് വിമാനാപകടത്തില്‍ ബോസ് മരിച്ചെന്നും ചിതാഭസ്മം റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമായിരുന്നു  ആ റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.

നേതാജിയുടെയും സഹായി കേണല്‍ ഹബീബൂര്‍ റഹ്മാന്റെയും യാത്ര സുഗമമാക്കാനായി ഉണ്ടാക്കിയ കെട്ടുകഥയാണ് വിമാനാപകടം എന്നാണ് ജസ്റ്റിസ് മുഖര്‍ജി വിശ്വസിച്ചത്. “ജപ്പാന്‍ സര്‍ക്കാരിന് അതിനെക്കുറിച്ച് അറിയാമായിരുന്നു. 1956-ല്‍ തന്നെ തായ്വാന്‍ സര്‍ക്കാരിന്റെ ഒരു റിപ്പോര്‍ട് ഇന്ത്യന്‍ സര്‍ക്കാര്‍ തമസ്കരിച്ചു. ആ റിപ്പോര്‍ടിലും പറഞ്ഞത് ബോസ് തായ്പെയ് അപകടത്തില്‍ മരിച്ചില്ല എന്നാണ്. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും ആ റിപ്പോര്‍ട് എനിക്കു കിട്ടി,” എന്നും മുഖര്‍ജി അവകാശപ്പെടുന്നു.

അവ്യക്തതകളില്‍ കൂടുതല്‍ പുകപടലങ്ങള്‍ പരത്തിക്കൊണ്ട് നേതാജി തായ്വാനില്‍ 1945-ലെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന രേഖകളുമായി ലണ്ടനിലെ ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ വെബ്സൈറ്റ് രംഗത്തുവന്നു. അന്നത്തെ സംഭവത്തിലെ ദൃക്സാക്ഷികളുടെ വിവരണങ്ങളുള്ള www.bosefiles.com അപകടസ്ഥലം സന്ദര്‍ശിച്ച രണ്ടു ബ്രിട്ടീഷ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും ഉള്‍ക്കൊള്ളുന്നു.

അതിലെ രേഖകളനുസരിച്ച് 1945 ആഗസ്ത് 18-നു വിയറ്റ്നാമിലെ ടൌറെയ്നില്‍ നിന്നും നേതാജിയടക്കം 13-ഓളം പേരുമായി ജപ്പാന്റെ ഒരു വ്യോമസേന വിമാനം പറന്നുപൊങ്ങി. വിമാനം പൊങ്ങിയ ഉടനെതന്നെ വലിയൊരു സ്ഫോടനമുണ്ടായി എന്നു അപകടത്തില്‍ നിന്നു രക്ഷപ്പെട്ട യാത്രക്കാരനും നേതാജിയുടെ സഹായിയുമായ കേണല്‍ ഹബീബൂര്‍ റഹ്മാന്‍ പറയുന്നു.

“വിമാനം റണ്‍വെയില്‍ നിന്നും ഏതാണ്ട് 100 മീറ്റര്‍ മാറി തകര്‍ന്നുവീണു” എന്നാണ് വിമാനത്താവളത്തിന്റെ അറ്റകുറ്റപ്പണികളുടെ ചുമതലയുണ്ടായിരുന്ന ക്യാപ്റ്റന്‍ നകാമുറ പറഞ്ഞത്. വീണയുടനെ അതിന്റെ മുന്‍ഭാഗത്തിന് തീപിടിക്കുകയും ചെയ്തു.

“അപകടം സംഭവിച്ചതിന് ശേഷം ഞാന്‍ നോക്കിയപ്പോള്‍ വിമാനത്തിന്റെ ഇടതുഭാഗത്ത് അറ്റത്തായി നേതാജി നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രങ്ങളിലെ തീയണക്കാന്‍ സഹായി ശ്രമിക്കുകയായിരുന്നു,” എന്നു വിമാനത്തിലുണ്ടായിരുന്ന ലെഫ്: കേണല്‍ ശിരോ നോനോഗാകി പറഞ്ഞു.

“ഇന്ധനടാങ്കിനു വളരെ അടുത്തായി നേതാജി ഇരുന്നതിനാല്‍ ദേഹം മുഴുവന്‍ പെട്രോള്‍ തെറിച്ചുവീണു. അദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ തീപിടിച്ചു എന്നു തോന്നി.”

കേണല്‍ റഹ്മാന്‍, നോനോഗാകി, മേജര്‍ കോനോ, ക്യാപ്റ്റന്‍ നകാമുറ എന്നിവരടക്കമുള്ളവര്‍ നല്കിയ വിശദാംശങ്ങളില്‍ വ്യത്യാസങ്ങളുള്ളതായി വെബ്സൈറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. അപകടം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് അവര്‍ തെളിവ് നല്കിയത്. പക്ഷേ അപകടത്തിന്റെ കാര്യത്തില്‍ അവര്‍ ഒരേ സ്വരമാണ്; അതിനെത്തുടര്‍ന്ന് നേതാജിക്ക് ഗുരുതരമായി പൊള്ളലും പരിക്കുകളും ഏറ്റെന്ന കാര്യത്തിലും.

കേണല്‍ റഹ്മാനോട് നേതാജി തന്റെ അന്ത്യമൊഴിയില്‍ ഇങ്ങനെ പറഞ്ഞതായി വെബ്സൈറ്റ് പറയുന്നു,“നിങ്ങള്‍ നാട്ടിലേക്കു തിരിച്ചുപോയാല്‍, ഞാനെന്റെ ജീവിതാവസാനം വരെ എന്റെ രാജ്യത്തിന്റെ മോചനത്തിനായി പോരാടിയെന്ന് ജനങ്ങളോട് പറയണം; അവര്‍ പോരാട്ടം തുടരണം, അധികം താമസിയാതെ ഇന്ത്യ സ്വതന്ത്രമാകുമെന്ന് എനിക്കുറപ്പുണ്ട്. ഇനി ഇന്ത്യയെ അടിമത്തത്തില്‍ വെക്കാന്‍ ആര്‍ക്കുമാവില്ല.”

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍