UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിത്യതയില്‍ വിശ്രമിക്കൂ ക്രൈഫ്, നിങ്ങളുടെ പാരമ്പര്യം എന്നെന്നും നിലനില്‍ക്കും

Avatar

അഴിമുഖം പ്രതിനിധി

ഡച്ച്‌ ഫുട്‌ബോള്‍ ഇതിഹാസം ജോഹാന്‍ ക്രൈഫ് വിടപറയുമ്പോള്‍ ശൂന്യമാവുന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ട്ബോള്‍ താരം എന്ന സ്ഥാനം മാത്രമല്ല. ടോട്ടല്‍ ഫുട്ട്ബാളിന്റെ ഉപജ്ഞാതാവ്, മികച്ച കോച്ച് എന്നിങ്ങനെ ഫുട്ട്ബാളിന്റെ പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച രക്തത്തില്‍ ഫുട്ട്ബോള്‍ അലിഞ്ഞു ചേര്‍ന്ന ഫുട്ട്ബോളില്‍ ശ്വസിച്ച. അതില്‍ ജീവിച്ച ഒരു വ്യക്തിയെയാണ്.

68മത്തെ വയസ്സില്‍ അര്‍ബുദത്തോടു മല്ലിടുമ്പോഴും അതൊരു മാച്ച് ആയാണ് ക്രൈഫ് കണ്ടത്. 2-0 എന്ന സ്കോറില്‍ ഞാന്‍ വിജയിക്കുമെന്നായിരുന്നു അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്. ഡബിള്‍ ബൈപ്പാസ് സര്‍ജറി കഴിഞ്ഞ അവസ്ഥയിലും അദ്ദേഹം തന്റെ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല.

അജാക്സിലൂടെ കളി തുടങ്ങിയ ക്രൈഫ് ബാര്‍സലോണ, ലോസ് ഏന്‍ഞ്ചലസ് ആസ്ടെക്സ്‌, വാഷിംഗ്‌ടണ്‍ ഡിപ്ലോമാറ്റ്സ്, ലേവാന്‍റെ, ഫെയെനൂര്‍ഡ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അജാക്സില്‍ കളിക്കുന്ന സമയത്ത് എട്ട് എറെഡ്വിസില്‍ ടൈറ്റിലും മൂന്നു തവണ യൂറോപ്യന്‍ കപ്പും നേടിയിട്ടുണ്ട്. അവിടെ നിന്നും ബാര്‍സയിലേക്ക് റെക്കോര്‍ഡ് തുകയ്ക്കാണ് 1973ല്‍ ക്രൈഫ് ട്രാന്‍സ്ഫര്‍ ഒപ്പിടുന്നത്. അതേ വര്‍ഷം തന്നെ യൂറോപ്യന്‍ ഫുട്ട്ബാളര്‍ ഓഫ് ദി ഇയര്‍ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. റിട്ടയര്‍ ചെയ്ത ശേഷം 1984ല്‍ അജാക്സ് മാനേജര്‍ ആയി ചാര്‍ജ്ജെടുത്തു, ശേഷം ബാര്‍സയുടെതും.

1999ല്‍ നൂറ്റാണ്ടിലെ യൂറോപ്യന്‍ പ്ലെയര്‍, 2004ല്‍ ജീവിച്ചിരിക്കുന്ന മഹാന്‍മാരായ ഫുട്ട്ബോളര്‍മാരില്‍ ഒരാളായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ ബാലണ്‍ ഡി ഓര്‍ നേടിയ അദ്ദേഹം ഡച്ച് ഫുട്ട്ബോളിനെ ഉയര്‍ത്തിക്കൊണ്ടു വന്നതില്‍ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സിനെ 1974ളെ ലോകകപ്പ് ഫൈനലില്‍ വരെ അദ്ദേഹം എത്തിച്ചു. പശ്ചിമ ജര്‍മ്മനിയോട് ഹോളണ്ട് അടിയറവ് പറഞ്ഞെകിലും പ്ലെയര്‍ ഓഫ് തെ ടൂര്‍ണമെന്റ് എന്ന സ്ഥാനം അന്നത്തെ കളി അദ്ദേഹത്തിനു നേടിക്കൊടുത്തു. 1982ല്‍ ക്രൈഫ് എടുത്ത ഒരു പെനാല്‍റ്റി ഇന്നും മെസ്സിയടക്കം പലരും റീക്രിയേറ്റ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ക്രൈഫിന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ മെസ്സി ട്വീറ്റ് ചെയ്തിരുന്നു. ആ ഒരു വാചകം മതി ക്രൈഫ് ഇന്നത്തെ കളിക്കാരില്‍ എത്ര സ്വാധീനം ചെലുത്തുന്നു എന്നറിയാന്‍. മെസ്സി ഇങ്ങനെ എഴുതി ‘ നിത്യതയില്‍  വിശ്രമിക്കൂ ക്രൈഫ്, നിങ്ങളുടെ പാരമ്പര്യം എന്നെന്നും നിലനില്‍ക്കും’   

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍