UPDATES

സയന്‍സ്/ടെക്നോളജി

വീണ്ടും ദൊരശ്ശണി: ന്യൂട്രിനോ നിരീക്ഷണാലയം- വിവരക്കേടിനും പരിധിയാവാം

Avatar

ജിതിന്‍ ദാസ്

അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പശ്ചിമഘട്ടം കാലങ്ങളായി ഭൂമികയ്യേറ്റം, ഖനനം, വനംകൊള്ള എന്നിവയടക്കം പലതരം ഗുരുതരമായ ഭീഷണികള്‍ നേരിടുകയാണ്. അതിനാല്‍ത്തന്നെ അതിലെ എന്തു പ്രവര്‍ത്തനവും – വ്യക്തികളുടേതായാലും കോര്‍പ്പറേറ്റുകളുടെയായാലും സര്‍ക്കാരിന്റേതായാലും – സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്. രണ്ടുവര്‍ഷം മുന്നേ ആണവശാസ്ത്രജ്ഞന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വി.ടി പദ്മനാഭന്‍, തേനിയില്‍ സ്ഥാപിക്കാന്‍ പോകുന്ന ന്യൂട്രിനോ നിരീക്ഷണശാലയെക്കുറിച്ച് ഭീതിപരത്തുന്ന ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈയാഴ്ച സി.പി.ഐ-എം.എല്‍ (റെഡ്സ്റ്റാർ) അവരുടെ ബോഡിനായ്ക്കന്നൂര്‍ സമ്മേളനത്തില്‍ പുതുതായും ചില ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നു. ഇവയടക്കം ന്യൂട്രിനോ നിരീക്ഷണശാലയെപ്പറ്റി ആളുകള്‍ക്കിടയില്‍ പരക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ എന്തെന്ന് ഒരു അവബോധമുണ്ടാക്കലാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

 

എന്താണ് ന്യൂട്രിനോകള്‍?
ന്യൂട്രിനോകള്‍ പിണ്ഡം തീരെക്കുറവായ, ദുര്‍ബലമായി മാത്രം പ്രതികരിക്കുന്ന അണുകണങ്ങളാണ്. പിണ്ഡം തീരെയില്ലാത്ത പ്രകാശകണങ്ങള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും സുലഭമായ കണങ്ങളാണ് ന്യൂട്രിനോകള്‍. പ്രകാശത്തെ തടഞ്ഞുനിറുത്താന്‍ കഴിയും; എന്നാല്‍ ന്യൂട്രിനോകള്‍ എന്തിലൂടെയും കടന്നുപോകും എന്നതിനാല്‍ അവയെ നമ്മള്‍ അറിയാറേ ഇല്ല. ഓരോ നിമിഷവും നമ്മുടെ ശരീരത്തിലൂടെ ശതകോടിക്കണക്കിനു ന്യൂട്രിനോകള്‍ കടന്നുപോയിക്കോണ്ടേ ഇരിക്കുന്നു, മനുഷ്യശരീരമടക്കമുള്ള വസ്തുക്കളെല്ലാം ന്യൂട്രിനോകള്‍ക്ക് സുതാര്യമാണ് എന്നതിനാല്‍ ഒരു പ്രവര്‍ത്തനവും ഇതിനു ശരീരത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നില്ല.

 

എന്തിനാണ് ഇവയെ പഠിക്കുന്നത്?
ഭൗതികശാസ്ത്രത്തിലെ എല്ലാം ഒന്നുകില്‍ ആപേക്ഷിക സിദ്ധാന്തം (തീയറി ഓഫ് ജനറല്‍ റിലേറ്റീവിറ്റി) അല്ലെങ്കില്‍ ഊര്‍ജ്ജകണസിദ്ധാന്തം (ക്വാണ്ടം ഫീല്‍ഡ് തിയറി) എന്നിങ്ങനെവിഭജിക്കപ്പെട്ട രണ്ടു മേഖലയിലാണ്. ഇവയെ ഒന്നിപ്പിച്ചാല്‍ തത്വത്തില്‍അത് സകലതിന്റെയും സിദ്ധാന്തം (തീയറി ഓഫ് എവരിതിങ്ങ്) ആകും. അതായത് ഭൌതികശാസ്ത്രം പൂര്‍ണ്ണമാകും, പ്രപഞ്ചത്തെക്കുറിച്ച് നമ്മള്‍ എല്ലാം അറിയും.

 

ഊര്‍ജ്ജകണങ്ങളെപ്പറ്റിയുള്ള അറിവ് പൂര്‍ണ്ണമല്ല എന്നതാണ് ഇതിലേക്കുള്ള വലിയൊരു വിഘ്നം. ന്യൂട്രിനോകള്‍ ആകട്ടെ എന്തിലൂടെയും കടന്നുപോകുന്നതിനാല്‍ അവയെക്കുറിച്ചുള്ള അറിവ് തീരെക്കുറച്ചേയുള്ളൂ. അവയെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിക്കുന്നത് പ്രപഞ്ചത്തെപ്പറ്റിത്തന്നെയുള്ള അറിവ് വര്‍ദ്ധിപ്പിക്കലാണ്. ഇതിനായി ലോകത്ത് പല ന്യൂട്രിനോ നിരീക്ഷണ-പരീക്ഷണകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും അവയ്ക്കു കഴിയുന്നതിലും കൂടുതല്‍ പഠനം ആവശ്യമാണ്. ഇന്ത്യാ -ബെയ്സ്ഡ് ന്യൂട്രിനോ ഒബ്സര്‍‌വേറ്ററി (ഐ.എന്‍.ഓ) മറ്റാര്‍ക്കും കണ്ടെത്താന്‍ നിലവില്‍ ശേഷിയില്ലാത്ത കാര്യങ്ങളെ മനസ്സിലാക്കാനുള്ള നൂതന നിരീക്ഷണകേന്ദ്രമാണ്.

 

ഐ.എന്‍.ഓ എങ്ങനെ പ്രവര്‍ത്തിക്കും?
ന്യൂട്രിനോകള്‍ തീരെ ദുര്‍ബ്ബലമായ കണങ്ങള്‍ ആണെന്നു പറഞ്ഞല്ലോ, അതിനാല്‍ ഭൂപ്രതലത്തില്‍ അവയെ പഠിക്കാന്‍ സാധിക്കില്ല. ഉദാഹരണം, ഒരു മനുഷ്യശരീരം പുറപ്പെടുവിക്കുന്ന റേഡിയേഷന്‍ (വളരെ ചെറിയ അളവിലേ ഉള്ളൂ അത്) പോലും ന്യൂട്രിനോയെ പഠിക്കാനുള്ള ശ്രമങ്ങള്‍ താറുമാറാക്കും. മറ്റെല്ലാ കണങ്ങളും ഭൂമിയില്‍ പ്രവേശിക്കുന്നതോടെ തട്ടിനില്‍ക്കാന്‍ തുടങ്ങുന്നു എന്നതിനാല്‍ പാറക്കെട്ടിനുള്ളില്‍ ആണ് നിരീക്ഷണാലയം സ്ഥാപിക്കുക. ആയിരം മീറ്ററോളം പാറയ്ക്കടിയില്‍ സ്ഥാപിച്ച കാന്തവത്കരിച്ച കൂറ്റന്‍ ഇരുമ്പുപാളിയിലാണ് ന്യൂട്രിനോകളെ പഠിക്കുക. തീരെ ദുര്‍ബ്ബലമാണെങ്കിലും ന്യൂട്രിനോകള്‍ നേരിയതോതില്‍ ഈപടുകൂറ്റന്‍ കാന്തത്തിനോട് പ്രതികരിക്കും. അവിടെ മറ്റുകണങ്ങളുടെ ശല്യവുമുണ്ടാകില്ല.

 

ആരാണ് ഐ.എന്‍.ഓയുടെ ഉടമകള്‍?
ഇന്ത്യാ ഗവണ്മെന്റിന്റെ പ്രമുഖ ഗവേഷണകേന്ദ്രമായ റ്റാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ചിന്റെ നേതൃത്വത്തില്‍ 26 ഇന്ത്യന്‍യൂണിവേഴ്സിറ്റകളും (നമ്മുടെ ക്യുസാറ്റ് അടക്കം)  ഗവേഷണസ്ഥാപനങ്ങളുമാണ് ഐ.എ.ഓയില്‍ ന്യൂട്രിനോ നിരീക്ഷണവും പഠനവും നടത്താന്‍ പോകുന്നത്. ഇതുമൂലം കണികാപഠനത്തില്‍ ലോകത്ത് മറ്റൊരിടത്തും നിലവില്‍ സാദ്ധ്യമല്ലാത്തതരം പഠനങ്ങള്‍ നടത്താന്‍ കഴിയും. ആയിരക്കണക്കിനുവര്‍ഷം മുന്നേയാണ് ശാസ്ത്രത്തില്‍ അവസാനം ഇന്ത്യ കുതിച്ചുചാട്ടം നടത്തിയത്. ഒരു മേഖലയിലെങ്കിലും അറിവില്‍ ലോകത്തെ നയിക്കാന്‍ ഇത് നമുക്ക് ഒരവസരംകൂടി തരുന്നു.

 

എവിടെയാണ് ഇത് സ്ഥാപിക്കുന്നത്?
തമിഴ്നാട്ടിലെ തേനി ജില്ലയിലെ ബോഡി വെസ്റ്റ് ഹില്ലില്‍ ആണ് തുരങ്കം നിര്‍മ്മിക്കുക. ഓഫീസ് കോമ്പ്ലക്സും അതിനടുത്തുതന്നെയാണ്. നിരീക്ഷണാലയത്തിന്റെ എല്ലാവശവും 1000 മീറ്റര്‍ പാറക്കെട്ട്, പ്രദേശത്തിന്റെ ചെരിവ്, പാറയുടെഉറപ്പ് എന്നിവ കണക്കിലെടുത്താണ് ഇവിടെ സ്ഥാപിക്കുന്നത്.

 

എന്തുകൊണ്ടാണ് ന്യൂട്രിനോ നിരീക്ഷണശാലയെപ്പറ്റി ആശങ്കകള്‍ ഉയരുന്നത്? 
പ്രധാനമായും എന്താണ് ന്യൂട്രിനോ എന്നോ എങ്ങനെയാണ് അവയെ നിരീക്ഷിക്കുന്നതെന്നോ ആളുകള്‍ക്ക് അറിവില്ല. എന്തൊക്കെയോ തനിക്കറിയാം എന്ന് വിശ്വസിക്കുകയും സ്വയം ശാസ്ത്രജ്ഞരെന്നും വിദഗ്ദ്ധരെന്നും വിശേഷിപ്പിക്കുകയും ചെയ്യുന്ന രണ്ടു, മൂന്നു വ്യക്തികള്‍ അവരുടെ അജ്ഞത മൂലമോ ദുരുദ്ദേശങ്ങള്‍ മൂലമോ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതൊഴിച്ചാല്‍ നിരീക്ഷണശാലയെപ്പറ്റി നിലവില്‍ ആശങ്കകള്‍ ഒന്നുമില്ല. ആശങ്കപ്പെടേണ്ട മറ്റു കാര്യങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനാണോ ഈ നീക്കങ്ങള്‍ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

 


അവലംബം: www.countercurrents.org

 

ഇവരെല്ലാം ചേര്‍ന്ന് ഉയര്‍ത്തിയ ആരോപണങ്ങള്‍ (അവലംബപട്ടികയില്‍ കൊടുത്തിട്ടുണ്ട്) പരിശോധിച്ചാല്‍ ഇത് വ്യക്തമാകുകയും ചെയ്യും. ഇനി ആരോപണങ്ങള്‍ അക്കമിട്ട് വിശകലനംചെയ്യുന്നു:

 

1. ഏകപക്ഷീയമായി ജനങ്ങളുടെ മേല്‍ അടിച്ചേല്പ്പിക്കുന്ന പരീക്ഷണമാണിത്. പാരിസ്ഥിതികാഘാതപഠനം നടത്തിയിട്ടില്ല. മറ്റു സ്ഥലങ്ങളില്‍ തുടങ്ങാന്‍ പദ്ധതിയിട്ടിട്ട് വേണ്ടെന്നുവച്ച ഈ പരീക്ഷണം ഇപ്പോള്‍ തേനിയിലെ ജനങ്ങളില്‍ അടിച്ചേല്പ്പിക്കുന്നു.

 

> രാജ്യത്തിനുവേണ്ട പഠനങ്ങള്‍ അപ്പപ്പോള്‍ ജനങ്ങള്‍ അങ്ങോട്ട്പോയി ആവശ്യപ്പെടുമെന്ന് കരുതുക വയ്യ. പാര്‍ലമെന്റിന്റെ ഇരുസഭകളും തമിഴ്നാട് സംസ്ഥാന സര്‍ക്കാരും ജനത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവര്‍ വിശദമായി പഠിച്ച് അംഗീകരിച്ച പദ്ധതിയാണിത്.

പാരിസ്ഥികാഘാതപഠനം നടത്തിയതാണ്. റിപ്പോര്‍ട്ട് ആധാരമായി കൂട്ടിച്ചേര്‍ക്കുന്നു [1]. മറ്റു രണ്ടിടങ്ങള്‍ റിസര്‍‌വ് വനം ആയതിനാല്‍ അവിടെ ഗവേഷകരുടെ വാഹനസഞ്ചാരവും താമസവും വന്യജീവികള്‍ക്ക് ശല്യമാകുമെന്നു കരുതിമാറ്റിയതാണ്. ബോഡി വെസ്റ്റിലെ പാഴ്പ്രദേശത്ത് ആ പ്രശ്നമില്ല.

 

2. ജനങ്ങളുടെ 1500 കോടി രൂപ മുടക്കിയാണ് ഗവേഷണം. എന്നാല്‍ ഇതിനു സുതാര്യതയില്ല. പാര്‍ലമെന്ററി കമ്മിറ്റി പഠിച്ചിട്ടുമില്ല.

 

ന്യൂട്രിനോ നിരീക്ഷണകേന്ദ്രത്തെക്കുറിച്ച് സകലവിവരങ്ങളും ലഭ്യമാണ്. പോരെങ്കില്‍ ഇതിനെക്കുറിച്ച് ലളിതമായി ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും [2] വളരെ വിശദമായി വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

> പാര്‍ലമെന്റിന്റെ ശാസ്ത്ര സാങ്കേതിക വനം – പരിസ്ഥിതി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി പദ്ധതിയെപ്പറ്റി വിശദമായി പഠിച്ച് സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമുണ്ട്. [3]

ആണവോര്‍ജ്ജ വകുപ്പിന്റെ നടപ്പുസാമ്പത്തികവര്‍ഷച്ചിലവ് മാത്രം 10,000 കോടി രൂപയാണ്. 1500 കോടിഎന്നത് ന്യൂട്രിനോ നിരീക്ഷണശാലയുടെ പ്രതിവര്‍ഷ ചിലവല്ല, അടുത്ത അഞ്ചു വര്‍ഷത്തിലായുള്ള നിര്‍മ്മാണച്ചിലവാണ്. അതായത്, ഒറ്റത്തവണയേ ഈചിലവ് വരൂ. പ്രധാനമന്ത്രിയുടെ ഈയാണ്ടത്തെ യാത്രാച്ചിലവ് മുന്നൂറു കോടിയാണെന്ന് ഓര്‍ക്കണം.

 

3. ഇന്ത്യ ഈ പദ്ധതിയുടെ ചിലവ് വഹിക്കുമ്പോള്‍ പ്രയോജനം അമേരിക്കയിലെ ഫെര്‍മിലാബിനാണ്.

 

ഈ പദ്ധതി പൂര്‍ണ്ണമായും ഇന്ത്യന്‍ ഗവേഷണമാണ്. പ്രയോജനവും ഇന്ത്യയ്ക്കാണ്.  റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ചും 26 ഇന്ത്യന്‍ യൂണിവേഴ്സിറ്റികളും ആണ് ഇതിലെ നിരീക്ഷണഫലങ്ങള്‍ പഠിക്കുന്നത്. ഐ.ഐ.ടികള്‍ തുടങ്ങി കേരളത്തിലെ ക്യുസാറ്റ് വരെ ഇതില്‍ ഉള്‍പ്പെടുന്നു.

ഇനി, ഫെര്‍മിലാബുമായി മാത്രമല്ല, ലോകത്തെ എല്ലാ പഠനകേന്ദ്രങ്ങളുമായും അറിവ് പങ്കുവയ്ക്കേണ്ടബാധ്യത ഇന്ത്യന്‍ ശാസ്ത്രമേഖലയ്ക്ക് ഉണ്ട്. കാരണം അറിവു പങ്കുവച്ചാണ് ലോകത്ത് എല്ലായിടത്തും ശാസ്ത്രം വളരുന്നത്.

 

4. നിരീക്ഷണാലയത്തില്‍ നിന്ന് അണുവികിരണമുണ്ടാകും.

 

ന്യൂട്രിനോകള്‍ നിര്‍ദ്ദോഷികളായ കണങ്ങള്‍ ആണെന്ന് വ്യക്തമാക്കിയല്ലോ. പോരെങ്കില്‍ ഐ.എന്‍.ഓ പരീക്ഷണശാലയല്ല, അവിടെ ഒന്നും നിര്‍മ്മിക്കുന്നുമില്ല. സ്വതേ കാണുന്ന ന്യൂട്രിനോകളെ പഠിക്കുക മാത്രമാണ് ചെയ്യുന്നത്.

 

5. ന്യൂമെക്സിക്കോയില്‍ 2014 ഫെബ്രുവരിയില്‍ ന്യൂട്രിനോ നിരീക്ഷണകേന്ദ്രത്തില്‍ ആണവ അപകടമുണ്ടായതിനെ തുടര്‍ന്ന് അടച്ചുപൂട്ടി. ഐ.എന്‍.ഓയില്‍ തത്തുല്യമായ എന്തെങ്കിലും നടന്നേക്കും.

 

ഉളുപ്പില്ലാതെ വിളിച്ചു പറയുന്ന പച്ചക്കള്ളം. ആദ്യമായി, ഈ പറയുന്ന പ്രോജക്റ്റ് – എന്‍‌റിച്ച്ഡ് സെനോണ്‍ ഒബ്സര്‍‌വേറ്ററി- അവിടെയുള്ള ആണവമാലിന്യത്തില്‍ നൂട്രിനോരഹിത സെനോണ്‍ പ്രവര്‍ത്തനത്തെയാണ് പഠിക്കുന്നത്; ന്യൂട്രിനോ നിരീക്ഷണമല്ല. രണ്ടാമത് അവിടെ “അപകടം” എന്തെങ്കിലും നടന്നാല്‍ തന്നെ അതു പഠനംകൊണ്ടല്ല, മാലിന്യംകൊണ്ടാണ്. (അങ്ങനെ നടന്നോ എന്ന് അറിയില്ല). നിരീക്ഷണാലയം ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടും ഇരിക്കുന്നു. [4]

 

6. മലതുരക്കുമ്പോഴുണ്ടാകുന്ന പാറ, പൊടി, ശബ്ദം എന്നിവ എങ്ങനെ കൈകാര്യം ചെയ്യും എന്നത് ഐ.എന്‍.ഒ വിശദീകരിക്കുന്നില്ല.

 

ഇതെല്ലാം എങ്ങനെ ജനത്തിനു ശല്യമുണ്ടാകാതെയും പൊടിപറക്കാതെയും സൂക്ഷിക്കുകയും ജനവാസകേന്ദ്രങ്ങളില്‍ ലോറികള്‍ കടക്കാത്ത രീതിയില്‍ നീക്കംചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യും എന്ന വിശദമായ വിവരം അവര്‍ സൈറ്റില്‍തന്നെ കൊടുത്തിട്ടുണ്ട്. തുരങ്കകവാടം തുരക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമാലിന്യം നിയന്ത്രിക്കാനുള്ള വഴികള്‍ വിശദീകരിച്ചിട്ടുണ്ട്. ശേഷം ഉള്ളിലേക്ക് തുരക്കുമ്പോള്‍ ശബ്ദമാലിന്യം തിരിച്ചറിയാന്‍മാത്രം ഉണ്ടാവില്ല.

പുതിയറോഡുകള്‍, പാതവികസിപ്പിക്കല്‍ അടക്കം തേനിയുടെ പൊതുവികസനം എന്നിവകൂടി പദ്ധതിയില്‍ ഉണ്ട് എന്നും ഓര്‍ക്കേണ്ടിയിരിക്കുന്നു.

 


അവലംബം: കൈരളി-പീപ്പിള്‍

 

7. തുരങ്കം കേരളത്തിലേക്കും എത്തും, എന്നാല്‍ കേരളത്തിന്റെ അനുമതി വാങ്ങിയിട്ടില്ല. ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിലെ വെള്ളത്തിന് ആണവമാലിന്യ ഭീഷണി ഉണ്ടാകുമെന്ന കാര്യം ഒളിച്ചുവച്ചിരിക്കുന്നു.

 

> തുരങ്കം പൂര്‍ണ്ണമായും തമിഴ്നാട്ടിലാണ്. നിരീക്ഷണാലയത്തില്‍നിന്ന്‍ ആണവമാലിന്യം കലരും എന്ന് പറയാന്‍ കുറച്ചൊന്നും ഭ്രാന്തു മതിയാവില്ല. അവിടെ എന്താണു നടക്കുന്നത് എന്നുപോലും അറിയാത്ത മനുഷ്യര്‍ സ്വയംവിദഗ്ദ്ധര്‍ എന്നു കല്‍പ്പിച്ച് ഇറങ്ങിത്തിരിച്ചാല്‍ എന്തുചെയ്യാന്‍!

 

8. ന്യൂട്രിനോ നിരീക്ഷണശാല ആയുധഗവേഷണമാണ് ഉദ്ദേശിക്കുന്നത്.

 

ഇന്ത്യ ആയുധഗവേഷണം നടത്തുന്നതില്‍ എന്തുതെറ്റാണ് ഉള്ളത്? അതിരിക്കെത്തന്നെ, ന്യൂട്രിനോ ആയുധങ്ങള്‍ എന്നതൊക്കെ വെറും ഭാവന മാത്രമാണ്.പ്രതികരണശേഷിയില്ലാത്ത മനുഷ്യന്‍ അസഭ്യം പറയുമോ എന്നു ചോദിക്കുന്നതിനു തുല്യമാണ് ന്യൂട്രിനോ ഉപയോഗിച്ച് ആയുധമുണ്ടാക്കാമോ എന്നത്. ന്യൂട്രിനോകളെ ഉപയോഗിച്ച് അനധികൃത അണുവായുധങ്ങള്‍ നശിപ്പിക്കാന്‍ ആകും എന്നതാണ്, എന്നെങ്കിലും കാലത്ത് പലതരം ടെക്നോളജികള്‍ ഊഹിക്കാവുന്നതിലും അപ്പുറത്ത് വികസിച്ചാല്‍ ലോകരാഷ്ട്രങ്ങളുടെ മൊത്തം സമ്പത്ത് ഉപയോഗിച്ച് ചെയ്യാനാവും എന്ന് ചില ഗവേഷകര്‍ ആശിക്കുന്നത്, അതാകട്ടെ ആയുധനിര്‍മ്മാണവുമല്ല, എന്നെങ്കിലും നടക്കുമോ എന്നതില്‍പ്പോലും മങ്ങിയ പ്രതീക്ഷയേ ഉള്ളൂ. [5]

അങ്ങനെഎന്തെങ്കിലും നല്ല കാര്യം നടക്കുമെന്ന വന്യമായ ഭാവന നൂറോ ആയിരമോ വര്‍ഷം കഴിഞ്ഞു സത്യമായാല്‍ത്തന്നെ, തേനിയിലെ നിരീക്ഷണാലയം ഉപയോഗിച്ചെന്നല്ല ലോകത്തെ സകല നിരീക്ഷണാലയങ്ങള്‍ ഒന്നിച്ചുപയോഗിച്ചാലും ഒരു സംഭാവനയും ചെയ്യാനാകില്ല.

 

9. ഫെര്‍മിലാബില്‍ നിന്നും ബീം ചെയ്യുന്ന ന്യൂട്രിനോകള്‍ തേനിയില്‍ ലക്ഷ്യം തെറ്റി പതിച്ചാല്‍ ആള്‍നാശമോ വസ്തുനാശമോ ഉണ്ടാകും.

 

നിരീക്ഷണാലയം അന്തരീക്ഷത്തില്‍ സ്വതേയുള്ള ന്യൂട്രിനോകളെയാണ് പഠിക്കുന്നത്.  ഫെര്‍മിലാബില്‍ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ ഇവിടേയ്ക്ക് ന്യൂട്രിനോ ബീം ചെയ്യാന്‍ ഭാവിയില്‍ സാധിച്ചാല്‍ത്തന്നെ ഒരു ന്യൂട്രിനോ ബീമിന്റെ മുന്നില്‍ ഒരായുസ്സു മുഴുവന്‍ നില്‍ക്കുന്ന ആളിനുപോലും ഒന്നും സംഭവിക്കില്ല. കാരണം ന്യൂട്രിനോകള്‍ സ്വാഭാവികമായോ കൃത്രിമമായോ ഉണ്ടാക്കിയത് എന്ന വ്യത്യാസമില്ലാതെ വസ്തുക്കള്‍ക്ക് സുതാര്യമാണ്. അത് എന്തെങ്കിലും രീതിയില്‍ പ്രതികരിക്കില്ല.

 

ന്യൂട്രിനോ നിരീക്ഷണശാലയെപ്പറ്റിയുള്ള ആരോപണങ്ങളെല്ലാം തീര്‍ത്തും തെറ്റിദ്ധാരണയോ വ്യാജാരോപണമോ ആണെന്ന് ആര്‍ക്കും സംശയം ഉണ്ടാവില്ലെന്ന് കരുതുന്നു. എന്തുകൊണ്ടാണ് ഇത് ചെയ്യുന്നത് എന്ന് ആലോചിച്ചാല്‍ അജ്ഞതയിലോ ദുരുദ്ദേശങ്ങളിലോ ഉടലെടുക്കുന്നതാണ് എന്നേ അനുമാനിക്കാനാവുന്നുള്ളൂ.

 

നമ്പൂതിരി വഴിയേ പോകുമ്പോള്‍ ആളുകള്‍ തോരണം കെട്ടുന്നത് കണ്ടു. അവരോട് എന്താണത് എന്നു തിരക്കി.

“ദൊരശ്ശണി വരുന്നുണ്ട്, അതാ.”

“ഓ! ഇത് കെട്ടിയാല്‍പിന്നെ ദൊരശ്ശണി വരില്ല അല്ലേ?”

“എന്താ ഈ പറയുന്നെ, ദൊരശ്ശണി വരുന്നേനാ തോരണം കെട്ടുന്നത്.”

“അങ്ങനാ, വൈദ്യുതി കമ്പീമ്മേക്കൂടി വരുമ്പോലെ, ഇതീക്കൂടാ ദൊരശ്ശണിവരുന്നെ!”, 

കാര്യം മനസ്സിലായ സന്തോഷത്തില്‍ നമ്പൂതിരി നടന്നങ്ങുപോയി. ദൊരശ്ശണി ആരാണെന്നും അറിയില്ല, തോരണം എന്താണെന്നും അറിയില്ല, പക്ഷേ സംഭവം എന്താണെന്ന് അങ്ങ് അനുമാനിച്ചു. ഇമ്മാതിരി അനുമാനിക്കലുകാര്‍ ശാസ്ത്രത്തിന്റെ പുരോഗതിക്കു തടസ്സം നില്‍ക്കുന്നവരാണ്.

 

 റഫറന്‍സ്

1. ഐ.എന്‍.ഓയുടെ പാരിസ്ഥിതികാഘാതപഠന റിപ്പോര്‍ട്ട്: http://www.ino.tifr.res.in/ino/reports/REIA-Final_doc.pdf

2. ന്യൂട്രിനോ നിരീക്ഷണാലയത്തെപ്പറ്റി മലയാളത്തിലുള്ള സംശയനിവാരിണി: http://www.ino.tifr.res.in/ino//docs/inofaq_mal.pdf

3. ശാസ്ത്ര-സാങ്കേതിക – വന- പരിസ്ഥിതി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റീ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പഠനം: http://twofourinsight.com/wp-content/uploads/2015/05/20150507-Rajya-sabha-DST-Demand-for-grants-258.pdf

4. സെനോണ്‍ നിരീക്ഷണാലയത്തിന്റെ വെബ്സൈറ്റ്: https://www-project.slac.stanford.edu/exo/

5. ന്യൂട്രിനോകള്‍ ഉപയോഗിച്ച് ആണവായുധ നീര്‍വീര്യംകരണം സാദ്ധ്യമോ? ഒരു ലേഖനം: http://xxx.tau.ac.il/pdf/0805.3991.pdf

6. സി.പി.ഐ-എം.എല്‍ (റെഡ്സ്റ്റാർ) 2015 മെയ് 22ല്‍ ബോഡിനായ്ക്കന്നൂര്‍ സമ്മേളനത്തില്‍ പി.ജെ. ജെയിംസ് അവതരിപ്പിച്ച ലേഖനം: http://www.cpiml.in/cms/articles/item/25-why-neutrino-project-is-not-neutral-p-j-james

7. 2012ല്‍ വി.ടി പദ്മനാഭന്‍ എഴുതിയ ന്യൂട്രിനോ നിരീക്ഷണാലയത്തെപ്പറ്റിയുള്ള ലേഖനം: http://www.countercurrents.org/padmanabhan241012.htm

8. വി.ടി പദ്മനാഭന്റെ ലേഖനത്തിനു റ്റാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ചിന്റെ മറുപടികള്‍: http://www.ino.tifr.res.in/ino/pressreldocs/Padmanabhan-Responses.pdf

http://www.ino.tifr.res.in/ino/pressreldocs/Padmanabhan-Responses-2.pdf

 

(ജിതിന്‍ ദാസ്- ദുബായ് നിവാസിയായ ഒരു നെറ്റിസണ്‍. ചരിത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം, പരിസ്ഥിതി എന്നിവയില്‍ താല്പര്യം.)  

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍