UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: അണ്വായുധ പരീക്ഷണവും ഇന്ത്യാ-പാക് നദീജല കരാറും

Avatar

1957 സെപ്തംബര്‍ 19
ആദ്യത്തെ ഭൂഗര്‍ഭ അണ്വായുധപരീക്ഷണം

ലാസ് വേഗാസിന്റെ വടക്ക് നെവാഡയില്‍ 1957 സെപ്തംബബര്‍ 19 ന് ആദ്യത്തെ ഭൂഗര്‍ഭ അണ്വായുധ പരീക്ഷണം നടന്നു. 1.7 കിലോടണ്‍ വരുന്ന അണ്വായുധങ്ങളാണ് അന്നവിടെ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചത്. ഈ പരീക്ഷണം റയിനിയര്‍ എന്നപേരിലാണ് അറിയപ്പെട്ടത്. ഓപ്പറേഷന്‍ പ്ലംബോബിന്റെ ഭാഗമായിട്ടായിരുന്നു റയിനിയര്‍ പരീക്ഷണം നടന്നത്.

പ്ലംബോബിന്റെ ഭാഗമായി 1957 മേയ് മുതല്‍ ഒക്ടോബര്‍വരെ 29 അണ്വായുധങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. ഈ പരീക്ഷണങ്ങളില്‍ അണ്വായുധങ്ങളുടെ സുരക്ഷയെ സംബന്ധിച്ചുള്ള പഠനങ്ങളും ഭാഗമാക്കിയിരുന്നു. ശീതയുദ്ധകാലത്ത് ഓപ്പറേഷന്‍ പ്ലംബോബ് ഏറെ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.

ലോകത്തെ ആദ്യത്തെ അണ്വായുധ പരീക്ഷണമായ മാന്‍ഹട്ടന്‍ പ്രൊജക്ടിന് ഒരു ദശാബ്ദത്തിനുശേഷമാണ് ഓപ്പറേഷ്ന്‍ പ്ലംബോബ് ആരംഭിക്കുന്നതും. 1963 ല്‍ ന്യൂക്ലിയര്‍ ആയുധ പരീക്ഷണങ്ങള്‍ അന്തരീക്ഷത്തിലോ, വെള്ളത്തിനടിയിലോ, വെള്ളത്തിനു മുകളിലോ വച്ച് നടത്തുന്നത് നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നെവാഡ ഭൂഗര്‍ഭ പരീക്ഷണത്തിനുള്ള വേദിയാകുന്നത്. 1951 ഉം 1992 നും ഇടയില്‍ ഇവിടെ ഏകദേശം 928 അണ്വായുധപരീക്ഷണങ്ങള്‍ നടന്നതായിട്ടാണ് പറയുന്നത്.

1960 സെപ്തംബര്‍ 19 
ഇന്‍ഡസ് വാട്ടര്‍ ഉടമ്പടി

ചരിത്രപ്രസിദ്ധമായ ഇന്ത്യ-പാക്കിസ്ഥാന്‍ നദീസഹകരണ കരാറായ ഇന്‍ഡസ് വാട്ടര്‍ ഉടമ്പടി 1960 സെപ്തംബര്‍ 19 ന് ഒപ്പുവച്ചു. കറാച്ചിയില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവും പാക്കിസ്ഥാന്‍ പ്രസിഡന്റ് മുഹമ്മദ് അയൂബ് ഖാനുമാണ് ഈ ഉടമ്പടിയില്‍ ഒപ്പ് വെച്ചത്. വിഭജനശേഷമുള്ള ഭൂപ്രകൃതത്തിനുസരിച്ച് മിക്ക നദികളും ഇന്ത്യയില്‍ ഉത്ഭവിച്ച് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന അവസ്ഥയായിരുന്നു. ഇന്‍ഡസ് വാട്ടര്‍ ഉടമ്പടി പ്രകാരം നദീജലങ്ങള്‍ ഇരുരാജ്യങ്ങളും കൈകാര്യം ചെയ്യുന്നതിന് അടിസ്ഥാന പ്രമാണങ്ങള്‍ നിലവില്‍ വന്നു. ഈ ഉടമ്പടിയുടെ മര്യാദകള്‍ പാലിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് പോയത്. 1965 ലും 1971 ലും നടന്ന യുദ്ധങ്ങള്‍ക്കിടയില്‍പോലും ഈ ഉടമ്പടി തകരാതെ സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നു.


എന്നാല്‍ പിന്നീട് കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഉടമ്പടിയെ ധിക്കരിച്ച് ഇന്ത്യ പലനദികളിലും വൈദ്യുതിയാവിശ്യങ്ങള്‍ക്കായുള്ള ഡാമുകള്‍ നിര്‍മ്മിക്കുകയാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു. പാക്കിസ്ഥാനെ സംബന്ധിച്ച് ഈ നദീജലങ്ങള്‍ അവരുടെ രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ആധാരമാണ്. ഈ വിഷയത്തില്‍ ഇന്ത്യയെ രാജ്യാന്തര നീതിന്യായകോടതിയുടെ മുന്നിലേക്ക് വരെ എത്തിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചു. എന്നാല്‍ ഇന്ത്യക്കെതിരെയുള്ള തങ്ങളുടെ ആരോപണം കൃത്യമായ തെളിവുകളോട് അവതരിപ്പിക്കുന്നതില്‍ പാക്കിസ്ഥാന് വിജയിക്കാന്‍ കഴിഞ്ഞുമില്ല.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍