UPDATES

പുതിയ നോട്ടിലെ അക്കങ്ങള്‍ ഹിന്ദി ദേവനാഗരി ലിപിയിലാക്കിയതിനെതിരെ മുന്‍മന്ത്രി ബിനോയ് വിശ്വം സുപ്രീംകോടതിയില്‍

അഴിമുഖം പ്രതിനിധി

പുതിയ 500, 2000 നോട്ടിലെ അക്കങ്ങള്‍ ഹിന്ദി ദേവനാഗരി ലിപി ഉപയോഗിച്ചതിനെതിരെ ബിനോയ് വിശ്വം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പുതിയ നോട്ടുകളില്‍ ഹിന്ദി ദേവനാഗരി ലിപിയിലാണ് അക്കങ്ങള്‍ എഴുതിയിരിക്കുന്നതെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ബിനോയ് വിശ്വം പറയുന്നത്. ‘ഏതെങ്കിലും മിനിസ്ട്രിയുടെ ഔദ്യോഗിക ഹിന്ദി പ്രസിദ്ധീകരണത്തില്‍ അത് വായിക്കുന്നവരുടെ ആവശ്യാര്‍ത്ഥം മാത്രമേ സര്‍ക്കാര്‍ തലത്തില്‍ ദേവനാഗരി ലിപി ഉപയോഗിക്കാവൂ. അല്ലാതെ സര്‍ക്കാരിന്റെ ഓഫീസിലോ രാജ്യം മുഴുവന്‍ ഉപയോഗിക്കുന്ന കാര്യങ്ങളിലോ ദേവനാഗരി ലിപിയിലുള്ള അക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലയെന്ന് നിയമം ഉണ്ട്. ഇതുവരെ ഒരു കറന്‍സിയിലും ദേവനാഗരി ലിപി അക്കങ്ങള്‍ ഉപയോഗിച്ചിട്ടില്ല. പുതിയ 500, 2000 നോട്ടുകളില്‍ അത് ഉള്‍പ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണ്.’ എന്ന് ബിനോയ് വിശ്വം അഴിമുഖത്തോട് വ്യക്തമാക്കി.

അഡ്വക്കേറ്റ് ശ്രീറാം പാറക്കാട്ട് മുഖേനയാണ് ബിനോയ് വിശ്വം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. പുതിയ 500, 2000 നോട്ടുകളില്‍ അക്കങ്ങള്‍ എഴുതിയിരിക്കുന്നത് ഹിന്ദി ദേവനാഗരി ലിപിയിലാണ്. ഇത് ആശയകുഴപ്പം സൃഷ്ടിക്കും. 343 ക്ലോസ് 1 -പ്രകാരം ഇത് ഭരണഘടനാ വിരുദ്ധമാണ്. നോട്ടുകളില്‍ ആഗോള തലത്തില്‍ ഉപയോഗിക്കുന്ന അക്കങ്ങളെ ഉള്‍പ്പെടുത്താവൂ എന്ന് നിയമം ഉണ്ട്.  കൂടാതെ നോട്ടുകളില്‍ ധാരാളം അപാകതകളുണ്ടെന്നും അതിനാല്‍ പുതിയ 500, 2000 ശ്രേണി നോട്ടുകള്‍ മുഴുവന്‍ പിന്‍വലിക്കണമെന്നാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് അഡ്വക്കേറ്റ് ശ്രീറാം പാറക്കാട്ട് അറിയിച്ചത്.

നോട്ടിന്റെ ഗുണനിലവാരം മോശമാണ്. അതിനാല്‍ ആഗോള തലത്തില്‍ പുതിയ നോട്ടിന് സ്വീകാര്യയത ലഭിക്കുമോ എന്ന കാര്യം സംശയമാണ്. ആര്‍ബിഐ, യൂണിയന്‍ ഓഫ് ഇന്ത്യ, ധന മന്ത്രാലയം എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയതെന്നും ശ്രീറാം പാറക്കാട്ട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍