UPDATES

പുതിയ കള്ളപ്പണനിയമം വെറും പ്രഹസനം അഥവാ മോദിയുടെ ചില ഉണ്ടയില്ലാ വെടികള്‍

ഇന്ത്യക്കാര്‍ വിദേശത്ത് സൂക്ഷിച്ച കള്ളപ്പണം തിരിച്ചുപിടിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ പദ്ധതി നേടിയത് വെറും 638 വെളിപ്പെടുത്തല്‍ പ്രഖ്യാപനങ്ങളും 4147 കോടി രൂപയും മാത്രമാണ്. അതായത് തനിക്ക് വിദേശത്ത് അനധികൃതമായി ആസ്തിയുണ്ടെന്നും അല്ലെങ്കില്‍ വെളിപ്പെടുത്താത്ത വരുമാനം വിദേശത്ത് നേടിയിട്ടുണ്ടെന്നുമുള്ള  ഓരോ വെളിപ്പെടുത്തലിലും നിസാരമെന്ന് പറയാവുന്ന ശരാശരി 6.5 കോടി രൂപ. ഈ തുകയുടെ ഏതാണ്ട് മൂന്നില്‍ രണ്ട് അഥവാ 2448 കോടി രൂപ നികുതിയുടെ രൂപത്തില്‍ ഖജനാവിലേക്ക് വരും. കള്ളപ്പണക്കാരായ വമ്പന്‍ സ്രാവുകള്‍ സെപ്റ്റംബര്‍ അവസാനദിവസം തീര്‍ന്ന മൂന്നുമാസം നീണ്ട മാപ്പാക്കല്‍ പദ്ധതിയെ അവഗണിക്കാന്‍ തീരുമാനിച്ചതിന്റെ തെളിവാണ് ഈ നിസാര തുക.

കണക്കുകൂട്ടലുകള്‍ക്ക് വിപരീതമായി, പദ്ധതിയുടെ ആനുകൂല്യം  ഉപയോഗിക്കാന്‍ അവസാനനിമിഷത്തില്‍ പ്രതീക്ഷിച്ച തള്ളിച്ചയൊന്നും ഉണ്ടായില്ല. മെയ് മാസത്തില്‍ പാര്‍ലമെന്‍റ് അംഗീകരിച്ച വെളിപ്പെടുത്താത്ത വിദേശം വരുമാനവും ആസ്തികളും (നികുതി ചുമത്തല്‍) നിയമത്തിന് കീഴില്‍ വലിയ ഘോഷത്തോടെ പ്രഖ്യാപിച്ച പദ്ധതിക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചത്.

സര്‍ക്കാരിന്റെ വിമര്‍ശകര്‍ കരുതിയപോലെ രാജ്യത്തെ കള്ളപ്പണമെന്ന വലിയ പ്രശ്നത്തിന് മേല്‍ ഈ വെളിപ്പെടുത്തല്‍ പദ്ധതി ഒട്ടും കാര്യമായ സ്വാധീനം ഉണ്ടാക്കിയില്ല. എങ്കിലും ധനമന്ത്രി അരുണ്‍ ജെറ്റ്ലി വെളിപ്പെടുത്തല്‍ പദ്ധതിക്ക് ലഭിച്ച തണുപ്പന്‍ പ്രതികരണത്തെ കണ്ടില്ലെന്നു നടിക്കുകയാണ്. ഇപ്പൊഴും വിദേശത്ത് അനധികൃത നിക്ഷേപവും അപ്രഖ്യാപിത ആസ്തികളും ഉള്ളവര്‍ക്കെതിരെ നികുതി  വകുപ്പ് കര്‍ശന നടപടികള്‍ എടുക്കുമെന്ന ഭീഷണി ധനമന്ത്രിയും ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസും അടക്കമുള്ളവര്‍ മുഴക്കുന്നുമുണ്ട്. എന്നാല്‍ ഇതൊക്കെ വെറും ഉണ്ടായില്ലാ വെടികളാണ്.

അടിസ്ഥാനപരമായ ചോദ്യം ഇത്ര കാര്യക്ഷമമല്ലാത്ത ഒരു നിയമം എന്തിന് കൊണ്ടുവന്നു എന്നാണ്. 2014-ലെ പൊതുതെരഞ്ഞടുപ്പിന്റെ അവസരത്തില്‍ നരേന്ദ്ര മോദിയും ബി ജെ പിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളും അവകാശപ്പെട്ടത് തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഓരോ ദരിദ്ര ഇന്ത്യന്‍ കുടുംബത്തിനും 15 ലക്ഷം രൂപ നല്കാന്‍ കഴിയുന്നത്ര വിദേശത്തുള്ള കള്ളപ്പണം നാട്ടില്‍ തിരിച്ചെത്തിക്കും എന്നതായിരുന്നു. ബാബ രംദേവിനെ പോലുള്ള മോദി അനുയായികള്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നൂറു ദിവസത്തിനുള്ളില്‍ ഇത് നടപ്പാക്കും എന്നും വാഗ്ദാനം നല്കി. യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രതീക്ഷകളായിരുന്നു എന്നത് വ്യക്തമാണ്.

വിദേശത്ത് കള്ളപ്പണനിക്ഷേപമുള്ളവരെ സംരക്ഷിക്കാനായി അവരുടെ പേരുകള്‍ പുറത്തുവിടാതിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ ചെയ്തത് എന്ന് നിരന്തരം ആരോപിച്ചിരുന്ന ബി ജെ പി ഇപ്പോള്‍ പ്രതിരോധത്തിലാണ്. തെരഞ്ഞെടുപ്പുകാലത്ത് അക്കാശക്കോട്ട കെട്ടിപ്പൊക്കി ആളുകള്‍ക്ക് മുന്നില്‍ വെച്ച പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍  അവര്‍ക്കിപ്പോള്‍ എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടേണ്ടതുണ്ട്. വാസ്തവം പറഞ്ഞാല്‍ അന്നും ഇന്നും ഇന്ത്യക്കാരുടെ വിദേശത്തുള്ള കള്ളപ്പണ നിക്ഷേപം എത്രയെന്നതിനെക്കുറിച്ച് ആര്‍ക്കും വലിയ ധാരണയില്ല എന്നതാണ്; ഊഹക്കണക്കുകള്‍ക്ക് പഞ്ഞമില്ലെങ്കിലും.

തന്റെ മന്‍ കി ബാത് റേഡിയോ പരിപാടിയില്‍ ഇന്ത്യക്കാരുടെ വിദേശ കള്ളപ്പണ നിക്ഷേപം എത്രയാണ് എന്നതിനെക്കുറിച്ച് കൃത്യം ധാരണയില്ല എന്ന് മോദി സമ്മതിച്ചിരുന്നു. “എത്ര കള്ളപ്പണ നിക്ഷേപം ഉണ്ടെന്നത്, എനിക്കോ, സര്‍ക്കാരിനോ, നിങ്ങള്‍ക്കൊ, മുന്‍ സര്‍ക്കാരുകള്‍ക്കൊ ആര്‍ക്കും തന്നെ അറിയില്ല. എല്ലാവരും സ്വന്തം നിലക്ക് കണക്കുകള്‍ അവതരിപ്പിക്കുകയാണ്. എന്നാല്‍ ഞാന്‍ അക്കങ്ങളില്‍ കുരുങ്ങികിടക്കാന്‍ ആഗ്രഹിക്കുന്നില്ല. ആ തുക- അത് രണ്ട് രൂപയോ അഞ്ചു രൂപയോ ഒരു കൂടിയോ അതില്‍ക്കൂടുതലോ- എത്രയുമാകട്ടെ, ദരിദ്രര്‍ക്കവകാശപ്പെട്ട ആ പണം തിരികെക്കൊണ്ടുവരാനാണ് എന്റെ പ്രതിബദ്ധത. എന്റെ ശ്രമങ്ങളില്‍ ഒരു വീഴ്ച്ചയുമുണ്ടാകില്ലെന്നും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു.”

തെരഞ്ഞെടുപ്പുകാലത്ത് പറഞ്ഞ ഒരു അതിശയോക്തിയായിരുന്നു അതൊക്കെയെന്ന് ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷാ ABP News ടെലിവിഷന് നല്കിയ അഭിമുഖടില്‍ ഈയിടെ പറഞ്ഞത് വിവാദമായിരുന്നു.

പുതിയ നിയമത്തിന്റെയും വെളിപ്പെടുത്തല്‍ പദ്ധതിയുടെയും കുഴപ്പങ്ങള്‍ എന്തൊക്കെയാണ്? ഒന്ന്, വലിയ തോതില്‍ കള്ളപ്പണവും ഇന്ത്യക്കാരുടെ സമ്പത്തും (ഏതാണ്ട് 90 ശതമാനത്തോളം) ഇന്ത്യയില്‍ത്തന്നെയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പുതിയ നിയമം കള്ളപ്പണ പ്രശ്നത്തിന്റെ ചെറിയൊരു ഭാഗത്ത് മാത്രമേ തൊടുന്നുള്ളൂ. രണ്ട്. വിദേശത്ത് സൂക്ഷിച്ച കള്ളപ്പണം പോലും ഏറെക്കാലം അവിടെ നിക്ഷേപമായി കിടക്കുന്നില്ല. അത് ചെലവഴിക്കുകയോ, മൌറീഷ്യസും സിംഗപ്പൂരും പോലുള്ള നികുതിവെട്ടിപ്പിനുള്ള രക്ഷാകേന്ദ്രങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്ന തട്ടിപ്പിലൂടെ പുറത്തെത്തിക്കുകയോ(“round tripping”)  ഒക്കെയാണ് ചെയ്യുന്നത്.

തീര്‍ന്നില്ല. പദ്ധതിയുടെ മൂന്നാമത്തെ പരിമിതി അത് വിദേശവാസികളായ ഇന്ത്യക്കാര്‍ക്കോ (NRI) ഇന്ത്യന്‍ വംശജര്‍ക്കോ (PIO) ബാധകമല്ല എന്നതാണ്. വരുമാന നികുതിക്ക് കീഴില്‍ വരുന്ന ഇന്ത്യയിലെ താമസക്കാര്‍ക്ക് മാത്രമേ ഇത് ബാധകമാകുന്നുള്ളൂ. വരുമാന നികുതിനിയമം അനുസരിച്ച് ഒരാള്‍  ഒരു സാമ്പത്തിക വര്‍ഷത്തില്‍ 182 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ചില്ലെങ്കില്‍ അയാള്‍ NRI ആയി കണക്കാക്കപ്പെടാന്‍ അര്‍ഹനാണ്. പുതിയ നിയമത്തെ കരുതി വെളിപ്പെടുത്താത്ത അനധികൃത വിദേശ സമ്പാദ്യമുള്ളവര്‍ക്ക് തങ്ങളുടെ താമസസ്ഥലം മാറ്റിക്കാണിക്കുന്നത് ഒട്ടും ബുദ്ധിമുട്ടുള്ള സംഗതിയല്ല.

മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ ബിശ്വജിത്ത് ഭട്ടാചാര്യ വിശേഷിപ്പിച്ചപ്പോലെ ഈ നിയമം ഒരു പ്രഹസനമാണ്. കാരണം 1999-ലെ വിദേശ വിനിമയ നിയമം (FEMA) ലംഘിച്ച് ഒരാള്‍ അനധികൃത വിദേശ എക്കൌണ്ട് വെച്ചിരുന്നാല്‍ പോലും പുതിയ നിയമം അയാള്‍ക്ക് ബാധകമാകുന്നില്ല.FEMA-യാകട്ടെ രാജ്യത്തിന് പുറത്തും അധികാരാതിര്‍ത്തിയുള്ളതും രാജ്യത്ത് താമസക്കാരനായ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ വിദേശത്തുള്ള എല്ലാ കാര്യാലയങ്ങള്‍ക്കും, ശാഖകള്‍ക്കും, പ്രതിനിധികള്‍ക്കും ബാധകമാകുന്നതുമാണ്. നിയമത്തിലെ മറ്റൊരു വലിയ പിഴവ് പണം വിദേശ നാണയമായി തിരികെയെത്തിക്കാന്‍ അത് വെളിപ്പെടുത്തന്നയാളെ നിര്‍ബന്ധിതനാക്കുന്നില്ല എന്നതാണ്. 

പാര്‍ലമെന്റില്‍ അംഗീകരിച്ച ഒരു നിയമത്തിനെ ഒരു ഭരണ ഉത്തരവിലൂടെ മറികടകടന്നുകൊണ്ട് നിയമം നടപ്പാക്കുന്നത് ഏപ്രില്‍ 1, 2016-ല്‍ നിന്നും ഈ വര്‍ഷം ജൂലായ് 1-ആക്കി  മാറ്റി. ഇതും ചോദ്യം ചെയ്യപ്പെടാതെ പോയ ഒരു നിയമവിരുദ്ധ നടപടിയാണെന്ന് ഭട്ടാചാര്യ ചൂണ്ടിക്കാട്ടുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയെ സംബന്ധിച്ച് കള്ളപ്പണമെന്ന വലിയ പ്രശ്നത്തെ നേരിടാന്‍ ഈ പുതിയ നിയമം അപ്രസക്തമാണ് എന്നതാണ് കാര്യം. വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്കെതിരെ തങ്ങള്‍ എന്തെങ്കിലും ചെയ്തു എന്ന് മോദി സര്‍ക്കാരിന് അവകാശപ്പെടാനും പ്രധാനമന്ത്രിയുടെ മുഖം രക്ഷിക്കാനുമായി തട്ടിക്കൂട്ടിയ ഒരു നിയമമാണിത്. അതുകൊണ്ടുള്ള ഉപയോഗവും അത്രയൊക്കെയേ ഉള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍