UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

2016-ല്‍ ഇന്ത്യയില്‍ വരാനിരിക്കുന്ന കാറുകള്‍

ബൈജു എന്‍ നായര്‍

പുതിയൊരു വാഹനവര്‍ഷം പിറക്കുകയാണ്. 2015-ലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ വാഹനനിര്‍മ്മാതാക്കളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി കാണാം. 2014-ല്‍ അതായിരുന്നില്ല സ്ഥിതി. ലോകത്തിലെ ഏറ്റവും വലിയ വാഹനവിപണിയാകും എന്നു പ്രവചിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ വാഹനവിപണി മൂക്കുകുത്തി വീഴുന്ന കാഴ്ചയായിരുന്നു അന്ന് കണ്ടത്. ഏതായാലും 2015-ലെ വില്‍പനയുടെ ഊര്‍ജം ഉള്‍ക്കൊണ്ടു കൊണ്ട് 2016-ല്‍ കൂടുതല്‍ പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് വാഹനനിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. ഇത്തവണത്തെ സ്മാര്‍ട്ട് ഡ്രൈവില്‍ മാരുതിയുടേയും ഹുണ്ടായ്‌യുടേയും ഹോണ്ടയുടേയും ഫോര്‍ഡിന്റേയും ഫോക്‌സ് വാഗണിന്റേയും ടാറ്റയുടേയും മഹീന്ദ്രയുടേയും ഡാറ്റ്‌സണിന്റേയും ടെയോട്ടയുടേയും നിസ്സാന്റേയും പുതിയ വാഹനങ്ങളെ പരിചയപ്പെടാം.

1. മാരുതി ഇഗ്‌നിസ്

നവംബറില്‍ ജപ്പാനില്‍ നടന്ന ടോക്യോ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെട്ട ‘ഇഗ്‌നിസ്’ എന്ന കോംപാക്ട് എസ് യു വി സെപ്തംബറില്‍ ഇന്ത്യയിലെത്താന്‍ സാദ്ധ്യത. ഹാച്ച്ബായ്ക്കിന്റെ വലിപ്പവും  (3700 മി.മീ-1600മി.മീ-1595 മി.മീ) എസ് യു വിയുടെ ഉയരവും ലുക്കുകളുമുള്ള ഇഗ്‌നിസിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണുണ്ടാവുക 1.2 ലിറ്റര്‍ പെട്രോളും 1.3 ലിറ്റര്‍ ഡീസലും. വീല്‍ബെയ്‌സ് 2438 മി.മീ. എസ് ക്രോസ്, ബെലേനോ എന്നിവയ്ക്കു ശേഷം ‘നെക്‌സ’ എന്ന ലൈഫ്‌സ്‌റ്റൈല്‍ ഷോറൂമിലൂടെ വില്‍പ്പനയ്‌ക്കെത്തുന്ന മൂന്നാമത് മോഡല്‍ ഇഗ്‌നിസായിരിക്കും എന്നും ഓട്ടോപാണന്മാര്‍ പാടി നടക്കുന്നുണ്ട്. വരുന്നത് : 2016 സെപ്തംബര്‍. വില : 4.5 5. 5 ലക്ഷം രൂപ.

2. മാരുതി വിറ്റാര

ഓട്ടോമൊബൈല്‍ ചാരന്മാരെ വിശ്വസിക്കാമെങ്കില്‍, മാരുതിയുടെ വക ഒരു കോംപാക്ട് എസ് യു വി കൂടി 2016 ഒടുവിലോ 2017 തുടക്കത്തിലോ പ്രതീക്ഷിക്കാം. വില 15 ലക്ഷത്തിനു മേലെ. ഹ്യുണ്ടായ് ക്രെറ്റയെക്കാള്‍ പ്രീമിയം ലുക്ക് ഉണ്ട് വിറ്റാരയ്ക്ക്. എസ് ക്രോസിലെ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുള്‍പ്പെടെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം. ഓള്‍ വീല്‍ ഡ്രൈവും സാദ്ധ്യതയുണ്ട്. നെക്‌സ ഷോറും വഴി വിറ്റഴിക്കാനാവും കമ്പനി ഉദ്ദേശിക്കുന്നത്. വരുന്നത് : 2016 ഒടുവില്‍. വില : 15-18 ലക്ഷം രൂപ.


3. വാഗണ്‍ ആര്‍ 7 സീറ്റര്‍

ഡാട്‌സണ്‍ ഗോ പ്ലസ് എന്ന കുഞ്ഞുകാര്‍ 7 സീറ്റുകളുമായി വന്ന് ഇന്ത്യക്കാരെ അമ്പരപ്പിച്ചിട്ട് നാളുകള്‍ ഏറെയായില്ല. ഗോപ്ലസ് വലിയ വിജയമായില്ല. പക്ഷേ, ഏതു സെഗ്‌മെന്റും വിജയിപ്പിക്കാന്‍ അറിയാവുന്ന മാരുതി അങ്ങനെയൊരു മോഡലുമായി വരികയാണ്. വാഗണ്‍ ആറിലാണ് മാരുതി ഒരു നിര സീറ്റുകള്‍ കൂടി ഫിറ്റു ചെയ്യാന്‍പോകുന്നത്. ‘സി’ പില്ലര്‍ വരെ സാദാ വാഗണ്‍ ആര്‍ തന്നെയാണ്. അതിനു ശേഷം പ്ലാറ്റ്‌ഫോമിന് അല്പം കൂടി നീളം കൂട്ടി, 7 സീറ്ററാക്കി മാറ്റും. ഒരു ലിറ്റര്‍ കെ 10 എഞ്ചിനോടൊപ്പം സെലേറിയോയിലെ 800 സിസി ഡീസല്‍ എഞ്ചിനും പ്രതീക്ഷിക്കാം. വരുന്നത് : 2016 ജൂണ്‍-ജൂലായ് വില : 4.5-6 ലക്ഷം രൂപ.

4. ഷെവര്‍ലേ സ്പിന്‍

രണ്ട് മാസങ്ങള്‍ക്കു മുമ്പ് സ്മാര്‍ട്ട് ഡ്രൈവ് തായ്‌ലന്റില്‍ വെച്ച് ഷെവര്‍ലേ സ്പിന്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ഓര്‍മ്മയുണ്ടാവുമല്ലോ. 2016 ഒടുവില്‍ സ്പിന്‍ എന്ന 7 സീറ്റര്‍ എം പി വി ഇന്ത്യയിലെത്തും. മാരുതി എര്‍ട്ടിഗ, ഹോണ്ട മൊബീലിയോ എന്നിവയാണ് സ്പിന്നിന്റെ എതിരാളികള്‍. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഘടിപ്പിക്കപ്പെടുക. വലിപ്പത്തിന്റെ കാര്യത്തില്‍ നിലവിലുള്ള എം പി വികളേക്കാള്‍ ഒരുപടി മുന്നിലാണ് സ്പിന്‍. വിലയുടെ കാര്യത്തില്‍ മത്സരിക്കാന്‍ കഴിഞ്ഞാല്‍ വിജയസാധ്യത ഉറപ്പിക്കാം. വരുന്നത് : 2016 ഒടുവില്‍. വില : 7-10 ലക്ഷം രൂപ.

5. മാരുതി വൈ ബി എ

തുടക്കത്തില്‍ പറഞ്ഞ ഇഗ്‌നിസിനു മുമ്പ് മാരുതി മറ്റൊരു കോംപാക്ട് എസ് യു വി വിപണിയിലെത്തിക്കുമെന്നു കേള്‍ക്കുന്നു. വൈ ബി എ എന്നാണ് ആ വാഹനത്തിന്റെ കോഡ് നെയിം. സുസുക്കി ഗ്രാന്റ് വിറ്റാരയുടെ ചെറുരൂപമാണ് വൈ ബി എ . വലിപ്പം എതാണ്ട് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിനൊപ്പം. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്നിവ കൂടാതെ ഒരു 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും പ്രതീക്ഷിക്കാം. വരുന്നത് : 2016 മാര്‍ച്ച് ഏപ്രില്‍ . വില : 7-13 ലക്ഷം രൂപ.

6. ഹ്യുണ്ടായ് എലാന്‍ട്ര

ആദ്യകാലത്ത് ഇന്ത്യയില്‍ വിജയം നേടുകയും പിന്നീട് ഒളിമങ്ങുകയും ചെയ്ത എക്‌സിക്യൂട്ടീവ് സെഡാനാണ് ഹ്യുണ്ടായ് എലാന്‍ട്ര. 2016 തുടക്കത്തില്‍ തന്നെ പുതിയ എലാന്‍ട്രയെ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായ്. മുന്‍ഗാമിയെക്കാള്‍ 20 മി.മീ നീളവും 25 മി.മീ വീതിയും കൂടുതലുണ്ട്. 2 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ പെട്രോള്‍/ഡീസല്‍ വേരിയന്റുകളാവും. 6 സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും പ്രതീക്ഷിക്കാം. ഹ്യുണ്ടായ് വികസിപ്പിച്ചു കൊണ്ടിരിക്കുന്ന 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും എലാന്‍ട്രയിലൂടെ വെളിച്ചം കണ്ടേക്കാം.വരുന്നത് : 2016 ഫെബ്രുവരി മാര്‍ച്ച്. വില : 14-20 ലക്ഷം രൂപ.


7. ഹ്യുണ്ടായ് ട്യൂസോണ്‍

ഒരു കാലത്ത് ഇന്ത്യയിലെ എസ് യു വി പ്രേമികളുടെ ഹരമായിരുന്ന ട്യൂസോണ്‍ പുതിയ രൂപഭാവങ്ങളില്‍ തിരികെ വരുന്നു. 2015-ല്‍ ജനീവ ഓട്ടോഷോയില്‍ അവതരിപ്പിക്കപ്പെട്ട പുതിയ ട്യൂസോണ്‍ വലിയ എസ്‌യു വിയായ സാന്റഫേയുമായി രൂപസാദൃശ്യം പേറുന്നുണ്ട്. എലാന്‍ട്രയുടെ എഞ്ചിന്‍ വേരിയന്റുകളും 6/7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും എലാന്‍ട്രയിലും പ്രതീക്ഷിക്കാം.വരുന്നത് : 2016 ഒടുവില്‍. വില : 18-24 ലക്ഷം രൂപ.


8. ഹോണ്ട അക്കോര്‍ഡ് 

ലോകത്തിലെ ഏറ്റവും മികച്ച സെഡാനുകളിലൊ ന്നായ ഹോണ്ട അക്കോര്‍ഡ് ഇന്ത്യയില്‍ വില്പന അവസാനിപ്പിച്ചിട്ട് കുറച്ചു കാലമായി. പല ധനികരുടെയും ഇഷ്ടവാഹനമായ അക്കോര്‍ഡ് തിരിച്ചുവരുന്ന കാഴ്ച 2016 മാര്‍ച്ചില്‍ കാണാം. ഇപ്പോഴും പെട്രോള്‍ എഞ്ചിന്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി. 2.4 ലിറ്റര്‍ എഞ്ചിനായിരിക്കും അത്. സ്റ്റെബിലിറ്റിയുടെയും സാങ്കേതിക വിദ്യയുടെയും കാര്യത്തില്‍ മുന്‍നിരയിലായിരിക്കും, അക്കോര്‍ഡ്. വരുന്നത് : 2016 മാര്‍ച്ച്. വില : 27-30 ലക്ഷം രൂപ. 

9. ഹോണ്ട ബി ആര്‍ വി

ഹോണ്ടയുടെ 7 സീറ്റര്‍ കോംപാക്ട് എസ് യു വിയായ ബി ആര്‍ വി ഫെബ്രുവരി മാസത്തില്‍ ഇന്ത്യന്‍ വിപണിയിലെത്തും. മൊബിലിയോയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കപ്പെട്ട ബി ആര്‍ വി മത്സരിക്കുന്നത് റെനോ ഡെസ്റ്റര്‍, ഹ്യുണ്ടായ് ക്രെറ്റ എന്നിവയോടായിരിക്കും. സിറ്റിയിലെ 1.5 ലിറ്റര്‍ പെട്രോള്‍/ഡീസല്‍ എഞ്ചിനുകള്‍ പ്രതീക്ഷിക്കാം. 6 സ്പീഡ് മാനുവല്‍/സിവിടി ട്രാന്‍സ്മിഷനുകളുണ്ടാവും ഈ സെഗ്‌മെന്റിലെ ഏക 7 സീറ്ററാണിത്. ബി ആര്‍ വിയുടെ ജപ്പാനില്‍ നിന്നുള്ള ടെസ്റ്റ് ഡ്രൈവ് സ്മാര്‍ട്ട് ഡ്രൈവ് പ്രസിദ്ധീകരിച്ചിരുന്നു. വരുന്നത് : 2016 ഫെബ്രുവരി. വില : 8-12 ലക്ഷം രൂപ.

10. ഹോണ്ട സി ആര്‍ വി ഡീസല്‍

ഹോണ്ടയുടെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ സി ആര്‍ വി ക്ക് ഡീസല്‍ എഞ്ചിന്‍ മോഡല്‍ ഇല്ല എന്നതാണ് ഏക പോരായ്മ. ആ കുറവ് നികത്തിക്കൊണ്ട് 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി സി ആര്‍ വി 2016 മദ്ധ്യത്തോടെ ഇന്ത്യയിലെത്തും. 4 വീല്‍ ഡ്രൈവ് ഉണ്ടാകുമോ എന്നറിവായിട്ടില്ല. ഹോണ്ടയുടെ എഞ്ചിനുകള്‍ മൈലേജിന് പേരുകേട്ടവയാണ്. സി ആര്‍ വിയും മോശമാകില്ല. വരുന്നത് : 2016 ജൂണ്‍ . വില : 24-27 ലക്ഷം രൂപ

11. ഫോര്‍ഡ് എന്‍ഡേവര്‍

വലിപ്പം കൊണ്ട് പണ്ടേ ശ്രദ്ധിക്കപ്പെട്ട ട്രക്ക്‌ബേസ്ഡ് എസ് യു വിയാണ് ഫോര്‍ഡ് എന്‍ഡേവര്‍. എന്‍ഡേവറിനെക്കാള്‍ വലിപ്പമുള്ള ഒരേയൊരു എസ് യു വിയേ ഇന്ത്യയിലുള്ളു ഇസുസു എം യു 7. പുതിയ എന്‍ഡേവര്‍ വരികയാണ്. പഴയതുമായി രൂപത്തില്‍ ഒരു സാദൃശ്യവുമില്ല. 2.2 ലിറ്റര്‍/3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുണ്ടാവും. മാനുവല്‍/ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും എല്ലാ ആധുനിക ഉപകരണങ്ങളും ഉള്‍പ്പെടുത്തി മൊത്തത്തില്‍ ഉടച്ചുവാര്‍ത്തിട്ടുണ്ട് എന്‍ഡേവറിനെ. വരുന്നത് : 2016 തുടക്കത്തില്‍. വില : 25-30 ലക്ഷം രൂപ.


12. ഫോര്‍ഡ് മസ്താങ്ങ് 

ലോകത്തിലെമ്പാടും ആരാധകരുള്ള സ്‌പോര്‍ട്‌സ് കാറാണ് ഫോര്‍ഡ് മസ്താങ്. 50 വര്‍ഷത്തിലേറെയായി ഈ പേര് വാഹനപ്രേമികളുടെ സിരകളെ ത്രസിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഇന്ത്യയ്ക്കായി മസ്താങ് 2016-ല്‍ മാറ്റങ്ങളോടെ വരികയാണ്. മാറ്റം എന്നുദ്ദേശിച്ചത്, ആദ്യമായി റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മസ്താങ് ഇന്ത്യയ്ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ടു എന്നാണ്. 5 ലിറ്റര്‍ വി 8 (435 ബി എച്ച് പി) , 2.3 ലിറ്റര്‍ ഇക്കോബൂസ്റ്റ് (306 ബി എച്ച് പി) എഞ്ചിനുകള്‍ പ്രതീക്ഷിക്കാം. ബി എം ബ്ല്യു എം സീരീസിനെയും ഓഡി ആര്‍ എസ് 5-നെയും ഒതുക്കാന്‍ മസ്താങ്ങിനു കഴിയും. വരുന്നത് : 2016 തുടക്കത്തില്‍. വില : ഒരു കോടിക്കു മേലെ.


13. ഫോക്‌സ്‌വാഗണ്‍ പസാറ്റ് 

എട്ടാം തലമുറയില്‍പ്പെട്ട ഫോക്‌സ്‌വാഗണ്‍ പസാറ്റ് അടുത്തവര്‍ഷം തുടക്കത്തില്‍ ഇന്ത്യയിലെത്തും. വലിപ്പവും ലക്ഷ്വറികളും വര്‍ദ്ധിപ്പിച്ച പസാറ്റിന് 2 ലിറ്റര്‍, 187 ബി എച്ച് പി എഞ്ചിന്‍ ഘടിപ്പിക്കപ്പെടാനാണ് സാദ്ധ്യത. സ്‌കോഡ സൂപ്പര്‍ബ്, ബി എം ഡബ്ല്യു 3 സീരീസ്, ഓഡി എ4 എന്നിവയൊക്കെയായിരിക്കും പ്രധാന എതിരാളികള്‍. വരുന്നത് : 2016 മാര്‍ച്ച്. വില : 28-35 ലക്ഷം രൂപ.


14. പോളോ സെഡാന്‍

4 മിറ്ററില്‍ താഴെയുള്ള നീളവുമായി ടാറ്റാസെസ്റ്റ്, മാരുതി ഡിസയര്‍ തുടങ്ങി നിരവധി സെഡാനുകള്‍ വിപണിയിലെത്തിയിട്ടുണ്ട്. 4 മീറ്റര്‍ താഴെയാകുമ്പോള്‍ ഡ്യൂട്ടി കുറയും, അങ്ങനെ വില കുറച്ച് വില്‍ക്കാനും കഴിയും അതാണ് കസ്റ്റമറെയും ഹാപ്പിയാക്കുന്ന കാര്യം. ഫോക്‌സ്‌വാഗണ്‍ ഇതുവരെ അങ്ങനെയുള്ള കളികളൊന്നും നടത്തിയിട്ടില്ല. പക്ഷേ 2016-ല്‍ പോളോ ഹാച്ചിന്റെ ചെറിയ സെഡാനുമായി സബ് 4 മീറ്റര്‍ കളിയ്ക്കായി ഇറങ്ങുകയാണ് ഫോക്‌സ്‌വാഗണ്‍. വരുന്നത് : 2016 മദ്ധ്യം. വില : 6-9 ലക്ഷം രൂപ.


15. പോളോ ജിടിഐ

ഇന്ത്യയിലെ ആദ്യത്തെ ഹോട്ട് ഹാച്ച്ബായ്ക്ക് എന്ന വിശേഷണവുമായി ഫിയറ്റിന്റെ പ്യൂണ്ടോ ഇവോ അബാര്‍ത്ത് 145 ബി എച്ച് പി എഞ്ചിനുമായി വിപണിയിലെത്തിയിട്ട് കുറെ നാളായില്ല. ഇപ്പോള്‍ ഇതാ, അബാര്‍ത്തിനെ വെല്ലുന്ന ഹാച്ച്ബായ്ക്കുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു. 18 ലിറ്റര്‍ ടി എസ് ഐ പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ച പോളോയാണ് ആ പുലി. എഞ്ചിന്‍ പവര്‍ 189 ബി എച്ച് പി! 100 കി.മീ വേഗതയെടുക്കാന്‍ 6 സെക്കന്റോളം മതി. 7 സ്പീഡ് ഡി എസ് ജി ഗിയര്‍ ബോക്‌സ്. 15 ലക്ഷം രൂപയ്ക്കു മേല്‍ ഈ വരും റോക്കറ്റിന്. വരുന്നത് : 2015 മദ്ധ്യം. വില : 15-18 ലക്ഷം രൂപ.


16. ടാറ്റ സീക്ക

ടാറ്റയുടെ യൂറോപ്പിലെ ടെക്‌നിക്കല്‍ സെന്റര്‍ ഡിസൈന്‍ ചെയ്ത ഹാച്ച്ബായ്ക്ക് സീക്ക ജനുവരിയില്‍ വിപണിയിലെത്തും. മാരുതി സെലേറിയോപോലെയുള്ള ഹോട്ട് സെല്ലിങ് ഹാച്ചുകളെയാണ് സീക്ക ഉന്നം വെയ്ക്കുന്നത്. ഏറെ താമസിയാതെ സീക്കയുടെ സെഡാനും വന്നേക്കും. സീക്ക വരുന്നതോടെ ഇന്‍ഡിക്ക, ഇന്‍ഡിഗോ ഇ സി എസ് എന്നിവ വിടപറയാനുള്ള സാദ്ധ്യതയുമുണ്ട്. വരുന്നത് : 2016 ജനുവരി. വില : 6-6.5 ലക്ഷം രൂപ.

17. ടാറ്റ നെക്‌സണ്‍

2014 ലെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട കോണ്‍സെപ്റ്റ് മോഡലാണ് നെക്‌സണ്‍. നാലു മീറ്ററില്‍ താഴെ നീളമുള്ള കോംപാക്ട് എസ് യു വിയാണ് നെക്‌സണ്‍. ബോള്‍ട്ട്, സെസ്റ്റ് എന്നിവയുടെ പ്ലാറ്റ്‌ഫോമിലാണ് നെക്‌സണും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ (110 ബി എച്ച് പി) 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ എന്നിവ പ്രതീക്ഷിക്കാം. വരുന്നത് : 2016 ഒടുവില്‍. വില : 7.5- 10 ലക്ഷം രൂപ.


18. ടാറ്റ ഹെക്‌സ 

ആര്യ എന്നൊരു മള്‍ട്ടിപര്‍പ്പസ് വാഹനം വലിയ പ്രതീക്ഷയോടെയാണ് ടാറ്റ വിപണിയിലെത്തിച്ചതെങ്കിലും ചലനങ്ങളുണ്ടാക്കിയില്ല. അതിനുശേഷം ടാറ്റയുടെ ‘ഹൊറൈസണ്‍ നെക്സ്റ്റ്’ പദ്ധതി വന്നു. എല്ലാ മോഡലുകളും അടിമുടി പരിഷ്‌കരിക്കപ്പെട്ടു. അങ്ങനെ പരിഷ്‌കാരിയായി മാറിയ ഹെക്‌സ 2016 മദ്ധ്യത്തോടെ വിപണിയിലെത്തും. പഴയ ആര്യയെ ഹെക്‌സയുടെ ഡിസൈനില്‍ കണ്ടെത്താനാവില്ല. അത്യാധുനികമാണിപ്പോള്‍ ഡിസൈന്‍. 2.2 ലിറ്റര്‍, 154 ബി എച്ച് പി എഞ്ചിനും പുതിയതു തന്നെ. 4 വീല്‍ ഡ്രൈവും പ്രതീക്ഷിക്കാം. വരുന്നത് : 2016 മദ്ധ്യം. വില : 11-16 ലക്ഷം രൂപ.


19. മഹീന്ദ്ര എക്‌സ് യു വി 100

മഹീന്ദ്രയുടെ എക്‌സ് യു വി 500 എന്ന എസ് യു വി ഉജ്ജ്വല വിജയമാണ് നേടിയത്. ടി യു വി 300 എന്ന കോംപാക്ട് എസ് യു വിയും വില്പനയില്‍ കുതിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ കാറുകളല്ല, എസ് യു വികളാണ് തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമെന്നു തിരിച്ചറിഞ്ഞ മഹീന്ദ്ര ഒരു പുതിയ മോഡല്‍ കൂടി ഉടനെ വിപണിയിലെത്തിക്കും എക്‌സ് യു വി 100 എന്ന പേരില്‍. വലിപ്പം കുറഞ്ഞ ഈ മോഡല്‍ പ്രധാനമായും ക്രോസ് ഓവറുകളോടാവും മത്സരിക്കുക. ബോഡി മോണോക്കോക്കാണ്. എഞ്ചിന്‍ 1.2 ലിറ്റര്‍ പെട്രോള്‍/ഡീസല്‍. എഎംടി ഗിയര്‍ ബോക്‌സ് മോഡലുമുണ്ടാവും. വരുന്നത് : 2016 തുടക്കത്തില്‍. വില : 4.5-6 ലക്ഷംരൂപ.


20. ഡാട്‌സണ്‍ റെഡിഗോ

നിസാന്റെ ഉടമസ്ഥതയിലുള്ള പഴയ വാഹന കമ്പനിയായ ഡാട്‌സണ്‍ പുനരവതരിപ്പിച്ചപ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് ‘ഗോ’ എന്ന ഹാച്ച്ബായ്ക്കിനെ വിപണിയിലെത്തിച്ചത്. പക്ഷേ ‘ഗോ’ വലിയ വിജയമായില്ല. അതുകൊണ്ട് ‘റെഡി ഗോ’ എന്നൊരു പുതിയ ഹാച്ച്ബായ്ക്കുമായി നിസാന്‍ വരുന്നു. റെനോ ക്വിഡിന്റെ പ്ലാറ്റ്‌ഫോമും അതേ 799 സി സി എഞ്ചിനുമാണ് റെഡി ഗോയ്ക്കുണ്ടാവുക. കാണാന്‍ പോസ്റ്റ്‌മോഡേണ്‍ ലുക്കുകളുമുണ്ട്. ആള്‍ട്ടോ 800 നെ തറപറ്റിക്കുകയാണ് ലക്ഷ്യം. വരുന്നത് : 2016 മദ്ധ്യം. വില : 2.5-4 ലക്ഷം.


21. ടൊയോട്ട ഫോര്‍ച്യൂണര്‍

കഴിഞ്ഞ മാസത്തെ സ്മാര്‍ട്ട് ഡ്രൈവില്‍ പുതിയ ടൊയോട്ട ഫോര്‍ച്യൂണറിന്റെ തായ്‌ലന്റില്‍ നിന്നുള്ള ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട് വായിച്ചത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. ആ മോഡല്‍ 2016 ഒടുവില്‍ ഇന്ത്യയിലെത്തും. ദുര്‍മേദസൊക്കെ ചെത്തിയൊതുക്കി, ഗംഭീര ഡിസൈനിലാണ് പുതിയ ഫോര്‍ച്യൂണര്‍ വരുന്നത്. പുതിയ രണ്ട് എഞ്ചിനുകളുമുണ്ടാവും ഒരു 2.4 ലിറ്റര്‍ ഡീസലും 2.8 ലിറ്റര്‍ ഡീസലും. ഇപ്പോള്‍ നിലവിലുള്ള 2.5/3 ലിറ്റര്‍ എഞ്ചിനുകള്‍ ഇനിയുണ്ടാവില്ല. വരുന്നത് : 2016 ഒടുവില്‍. വില : 24-30 ലക്ഷം രൂപ.


23. ടൊയോട്ട ഇന്നോവ

ഇന്ത്യയുടെ പ്രിയപ്പെട്ട മള്‍ട്ടിപര്‍പ്പസ് വാഹനമായ ഇന്നോവയുടെ പുതുമോഡല്‍ 2016 മദ്ധ്യത്തോടെ ഇന്ത്യയിലെത്തും. ഇന്തോനേഷ്യ, തായ്‌ലന്റ് മാര്‍ക്കറ്റുകളില്‍ വില്പന ആരംഭിച്ച ശേഷമായിരിക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുക. ഇക്കുറി റൂഫ് ലൈന്‍ അല്പം ചെരിഞ്ഞാണ് പിന്നിലേക്ക് ഇറങ്ങുന്നത്. പുതിയ ഹെഡ്‌ലൈറ്റില്‍ ഡേടൈം റണ്ണിംഗ് ലാമ്പ്. പ്ലാറ്റ്‌ഫോം ഭാരം കുറഞ്ഞതാണ്. പുതിയ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 147 ബി എച്ച് പി പവര്‍ തരും. 6 സ്പീഡ് ഓട്ടോ മാറ്റിക് ട്രാന്‍സ്മിഷനും പ്രതീക്ഷിക്കാം. വരുന്നത് : 2016 ഫെബ്രുവരി. വില : 15-20 ലക്ഷം രൂപ. 


24. നിസാന്‍ എക്‌സ്‌ട്രെയ്ല്‍ 

നിസാന്റെ എക്‌സ്‌ട്രെയ്ല്‍ എന്ന ‘സോഫ്റ്റ് എസ് യു വി’ക്ക് ഇന്ത്യയില്‍ വലിയ വരവേല്‍പ്പൊന്നും ലഭിച്ചിരുന്നില്ല. അതുകൊണ്ട് 2014 ഒടുവില്‍ നിസാന്‍, എക്‌സ്‌ട്രെയ്‌ലിന്റെ കച്ചോടം നിര്‍ത്തിവെച്ചു. ഇനി വരുന്നത് പെണ്ണത്തമെല്ലാം കളഞ്ഞ് ഒത്ത ഒരാണ്‍കുട്ടിയായി രൂപമാറ്റം സംഭവിച്ച എക്‌സ്‌ട്രെയ്ല്‍ ആണ്. 2 ലിറ്റര്‍ ഡി സി ഐ ഡീസല്‍ എഞ്ചിനാണ് പുതിയ എക്‌സ്‌ട്രെയലില്‍. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം, ആക്ടിവ് റൈഡ് കണ്‍ട്രോള്‍ പോലെയുള്ള സസ്‌പെന്‍ഷന്‍ സെറ്റിങ്ങുകള്‍ ഇനി എക്‌സ്‌ട്രെയിലിനെ തോല്‍പ്പിക്കാനാവില്ല. വരുന്നത് : 2016 തുടക്കം. വില : 28-32 ലക്ഷം രൂപ.


25. നിസാന്‍ ജി.ടി.ആര്‍

സ്‌പോര്‍ട്‌സ് കാറുകളുടെ ഗണത്തിലെ മുടിചൂടാമന്നനായ ജി ടി ആറിനെ ഇന്ത്യയിലെത്തിക്കുമെന്ന് നിസാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 100 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ വെറും 3 സെക്കന്റു മതി ജി ടി ആറിന്. 3.8 ലിറ്റര്‍ ബി6 എഞ്ചിന്റെ പവര്‍ 542 കുതിരശക്തിയാണ്. സ്‌പോര്‍ട്‌സ് കാറാണെങ്കിലും ഒരു ‘എവരിഡേ’ കാറിന്റെ എല്ലാ ഗുണങ്ങളും ജി ടി ആറിന് ഉണ്ടുതാനും. വരുന്നത് : 2016 മെയ്. വില : 2 കോടി രൂപ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍