UPDATES

സയന്‍സ്/ടെക്നോളജി

പ്ലൂട്ടോയ്ക്ക് പകരമുള്ള ഒമ്പതാമനെ കുറിച്ചുള്ള തെളിവുകള്‍ കണ്ടെത്തി

Avatar

അഴിമുഖം പ്രതിനിധി

സൗരയൂഥത്തില്‍ പ്ലൂട്ടോയുടെ ഭ്രമണ പഥത്തിനുമപ്പുറത്തെ ഇരുട്ടില്‍ ഭീമാകാരനായ ഗ്രഹം ഒളിച്ചിരിക്കുന്നതിന്റെ തെളിവുകള്‍ ലഭിച്ചതായി കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ജ്യോതി ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു. ഈ ഗ്രഹത്തെ സൗരയൂഥത്തിലെ ഒമ്പതാമന്‍ എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഐസ് നിറഞ്ഞ ഗ്രഹമാണ് കണ്ടെത്തിയിരിക്കുന്നത്.

ഭൂമിയെക്കാളം അഞ്ചു മുതല്‍ 10 വരെ ഇരട്ടി വലിപ്പമുണ്ട് ഈ ഗ്രഹത്തിനെന്ന് അസ്‌ട്രോണമിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഈ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഈ ലേഖനത്തിന്റെ കര്‍ത്താക്കളും ശാസ്ത്രജ്ഞന്‍മാരുമായ മൈക്കേല്‍ ബ്രൗണും കോണ്‍സ്റ്റന്റൈന്‍ ബാട്ടിഗിനും ഈ ഗ്രഹത്തെ നേരിട്ട് വീക്ഷിച്ചിട്ടില്ല.

പകരം സോളാര്‍ സംവിധാനത്തിന്റെ പുറത്ത് അടുത്തിടെ കണ്ടു പിടിച്ച കുള്ളന്‍ ഗ്രഹങ്ങളുടേയും മറ്റു ചെറിയ വസ്തുക്കളുടേയും ചലനം നിരീക്ഷിച്ചാണ് അവര്‍ പുതിയ ഗ്രഹത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഈ ഭീമാകാരനായ ഗ്രഹത്തിന്റെ ആകര്‍ഷണ വലയം കുള്ളന്‍ ഗ്രഹങ്ങളുടേയും ചെറിയ വസ്തുക്കളുടേയും ഭ്രമണപഥത്തെ സ്വാധീനിക്കുന്നുണ്ട്. വ്യാഴത്തിന്റേയോ ശനിയുടേയോ ഭൂഗുരുത്വാകര്‍ഷണ ബലം കാരണം വളരെ കാലം മുമ്പ് സൗരയൂഥത്തിന്റെ അതിരുകളിലേക്ക് തള്ളപ്പെട്ടു പോയതാകാം ഈ ഗ്രഹമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.


ഒമ്പതാമത്തെ ഗ്രഹം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് വലുതായിരിക്കും. ഇപ്പോള്‍ കണക്കാക്കിയിരിക്കുന്ന പിണ്ഡം അനുസരിച്ച് ഭൂമിയുടെ വ്യാസത്തിന്റെ രണ്ട് മുതല്‍ നാല് വരെ മടങ്ങ് കൂടുതലാണ് ഇതിനുള്ളതെന്ന് ഗവേഷകര്‍ കരുതുന്നു. വ്യാഴത്തിനും ശനിക്കും യുറാനസിനും നെപ്റ്റിയൂണിനും പിന്നില്‍ അഞ്ചാമത്തെ വലിയ ഗ്രഹമായി ഇതിനെ കണക്കാക്കാനാകും. എന്നാല്‍ അത്രയും അതിവിദൂരമായ ദൂരത്തില്‍ വളരെ കുറച്ച് സൂര്യ പ്രകാശത്തെ മാത്രമേ ഈ ഗ്രഹം പ്രതിഫലിപ്പിക്കുകയുള്ളൂ. ഇതുകാരണം നിലവിലെ ശക്തിയേറിയ ടെലസ്‌കോപ്പുകളുടെ കണ്ണുകളെ പോലും കബളിപ്പിച്ച് ഒളിച്ചിരിക്കാനും. എങ്കിലും പ്രതീക്ഷയോടെ രണ്ട് ഭൂഖണ്ഡങ്ങളിലെ ടെലസ്‌കോപ്പുകള്‍ ഈ പുതിയ ഗ്രഹത്തിനായി തെരച്ചില്‍ തുടരുകയാണ്. സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായ നെപ്ട്യൂണില്‍ നിന്നും വളരെയകലെയാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്.

ഈ ഗ്രഹം നിലനില്‍ക്കുന്നുവെന്ന് സ്ഥിരീകരിച്ചാല്‍ സൗരയൂഥത്തിന്റെ ചിത്രം മാറ്റി വരയ്‌ക്കേണ്ടി വരും. 1930-ല്‍ കണ്ടെത്തിയ പ്ലൂട്ടോ സൗരയൂഥത്തിലെ ഒമ്പതാമനായി എട്ട് ദശാബ്ദത്തില്‍ അധികം വാണിരുന്നു. എന്നാല്‍ ഒരു ദശാബ്ദം മുമ്പ് പ്ലൂട്ടോയെ ശാസ്ത്രജ്ഞന്‍മാര്‍ കുള്ളന്‍ ഗ്രഹമായി തരം താഴ്ത്തിയിരുന്നു.

സൗരയൂഥത്തിന്റെ പുറംഭാഗത്ത് പ്ലൂട്ടോയുടെ വലിപ്പത്തിലെ വസ്തുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ പ്ലൂട്ടോയെ സൗരയൂഥത്തിലെ ഗ്രഹപദവിയില്‍ നിന്നും ഒഴിവാക്കിയത്. എന്നാല്‍ നാസയുടെ ന്യൂഹൊറൈസണ്‍സ് പര്യവേഷണം പ്ലൂട്ടോയെ കടന്നുപോയപ്പോള്‍ നടത്തിയ കണ്ടെത്തലുകള്‍ ഈ തീരുമാനത്തെ വിമര്‍ശനത്തിന് വിധേയമാക്കി. അന്തരീക്ഷവും കാലാവസ്ഥയും ഒക്കെ ഒരു ലോകമാണ് പ്ലൂട്ടോയ്ക്ക് ഉള്ളതെന്നായിരുന്നു ന്യൂഹൊറൈസണ്‍സ് പര്യവേഷണ വാഹനം പ്ലൂട്ടോയ്ക്ക് സമീപത്തു കൂടെ കടന്നു പോയപ്പോള്‍ കണ്ടെത്തിയത്.

പുതിയ ഗ്രഹത്തെ ടെലസ്‌കോപ്പിലൂടെ നേരിട്ട് വീക്ഷിക്കുന്നതുവരെ അതിന്റെ നിലനില്‍പ്പ് സിദ്ധാന്തങ്ങളില്‍ മാത്രമായിരിക്കും. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ ഒമ്പതാമനെ നേരിട്ട് വീക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ്. പ്ലൂട്ടോയേക്കാളും 5000 ഇരട്ടി പിണ്ഡമുണ്ട് ഈ പുതിയ ഗ്രഹത്തിന് എന്നാണ് അനുമാനം. ഈ ഗ്രഹത്തെ ടെലസ്‌കോപ്പിലൂടെ വീക്ഷിച്ചു കഴിഞ്ഞാല്‍ പ്ലൂട്ടോ കടന്നുപോയതു പോലുള്ള വിശകലനത്തിന് വിധേയമാകും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍