UPDATES

ജോബി വര്‍ഗീസ്

കാഴ്ചപ്പാട്

ജോബി വര്‍ഗീസ്

ന്യൂസ് അപ്ഡേറ്റ്സ്

ഒരു ന്യൂ ജെനറേഷന്‍ ആനപ്രേമത്തിന്റെ കഥ

ഇന്നു തൃശ്ശൂര്‍പൂരം. നിങ്ങളിതു വായിക്കുമ്പോഴേക്കും കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റിയ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ മണികണ്ഠനാലുകടന്ന് വടക്കുംനാഥന്റെ ഗോപുരവാതില്‍ക്കലെത്തിയിരിക്കും. ഇനി അയ്യന്തോള്‍, ലാലൂര്, നെയ്തിലക്കാവ് അങ്ങനെ ഏഴു ക്ഷേത്രങ്ങളില്‍ നിന്നും ചെറുപൂരങ്ങള്‍ ഒന്നൊന്നായി വരവായി. മേളവാദ്യങ്ങളുടെ അകമ്പടിയോടെ, തലയെടുപ്പുള്ള ഗജരാജന്‍മാര്‍ തിടമ്പിലേറ്റി ഓരോ ദേവീദേവന്‍മാരെയും വടക്കുംനാഥന്റെ തിരുസന്നിധിയിലെത്തിക്കുന്ന പ്രൗഢഗംഭീരമായ വരവുകള്‍. രാവിലെതന്നെ മഠത്തിലേക്കെഴുന്നെള്ളിയ തിരുവമ്പാടി ഭഗവതിയും, ഉച്ചയോടെ പാറമേക്കാവു ഭഗവതിയും എത്തുന്നതോടെ മേളങ്ങള്‍ ഉച്ചസ്ഥായിയിലാവും. ഇലഞ്ഞിത്തറയും, തേക്കിന്‍കാടും, നാടും നഗരവും മേളക്കൊഴുപ്പില്‍ മദോന്‍മത്തമാകും.

ഓരോ ദേവീദേവന്‍മാരെയും തിടമ്പിലേറ്റാന്‍ തിരഞ്ഞെടുക്കുന്നത് സ്വാഭാവികമായും ഏറ്റവും ലക്ഷണമൊത്ത ഗജവീരന്‍മാരെയായിരിക്കുമല്ലൊ? അതിലൊന്ന് തിരുവമ്പാടി ചന്ദ്രശേഖരനായിരിക്കും. 

ബീഹാറിയായ മുപ്പത്തിയഞ്ചു വയസ്സുകാരന്‍ ചന്ദ്രശേഖരന്‍ ‘ഭോലു’വെന്ന സര്‍ക്കസ്സുകാരനായാണു കേരളത്തിലെത്തുന്നത്, പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്. അന്നവനെ വാങ്ങിയ ഗോപിവാര്യര്‍  ഏഴുവര്‍ഷം മുമ്പ് തിരുവമ്പാടി ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി. അങ്ങിനെ ഭോലുവായി വന്ന ചന്ദ്രശേഖരന്‍ തിരുവമ്പാടി ചന്ദ്രശേഖരനായി. അന്ന് പതിമൂന്നുകാരനായ മിഥുന്‍ ശീവേലി തൊഴാന്‍ ക്ഷേത്രത്തിലെത്തി. നെറ്റിപ്പട്ടം കെട്ടിനിന്ന ചന്ദ്രശേഖരനും മിഥുനുമിടയില്‍ എന്തോ ഒരു വൈബ്. മിഥുന്‍ ചന്ദ്രശേഖരന്റെ ഫാനായി.

പിന്നീട് എങ്ങനെയെങ്കിലും ചന്ദ്രശേഖരന്റെ അടുത്തെത്താനുള്ള ശ്രമമായി. ക്ഷേത്രത്തിനടുത്തു താമസിക്കുന്ന സഹപാഠി വിവേകിനെ കൂട്ടുപിടിച്ചു. മറ്റൊരു സഹപാഠിയായ രഘുനാഥും കൂടിച്ചേര്‍ന്ന് ആനയുടമ ഗോപിവാര്യരുടെ മകന്‍ ആനന്ദ്‌ വാര്യരെ സമീപിച്ചു. അങ്ങനെ ചന്ദ്രശേഖരന്റെ അടുത്തെത്തിയ കുട്ടികളുടെ ഗൈഡായി അല്‍പ്പം മുതിര്‍ന്ന ആനപ്രേമിയായ അരുണ്‍ കൂടി ചേര്‍ന്നു. ഈ കൂട്ടായ്മയിലൊരു ഫാന്‍ ക്ലബ് പിറന്നു. തിരുവമ്പാടി ചന്ദ്രശേഖരന്റെ ന്യൂ ജനറേഷന്‍ ഫാന്‍ ക്ലബ്. 

ഫാന്‍ക്ലബ്ബിന്റെ ദിവസം തുടങ്ങുന്നത് ഫ്രിഡ്ജില്‍ നിന്നാകും. അവിടെ സേ്റ്റാക്കു ചെയ്യുന്ന ബ്രെഡ്, തക്കാളി, തണ്ണിമത്തന്‍ മുതലായ ന്യൂജെനറേഷന്‍ ആന സ്‌നാക്‌സുമായി തിരുവമ്പാടിയിലേക്ക്. വഴിയില്‍ മൂവായിരത്തോളം ഫ്രണ്ട്സുള്ള ചന്ദ്രശേഖരന്റെ് ഫേസ്ബുക്ക് പേജില്‍ വന്ന കമന്റുകള്‍ പരിശോധിച്ച് ചന്ദ്രശേഖരന്റെ പുതിയ വിവരങ്ങളും, പിക്‌ചേഴ്‌സും പോസ്റ്റുചെയ്യും.’ചന്ദ്രോദയ’ മെന്ന വാട്‌സാപ് ഗ്രൂപ്പിലേക്കും വിവരങ്ങള്‍ കൈമാറും.

അവരെത്തുമ്പോഴേക്കും മുപ്പതുകാരനായ പാപ്പാന്‍ വിമോഷ് ആനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടാവും. പനംപട്ടയെ തഴഞ്ഞ് ചന്ദ്രശേഖരന്‍ സ്‌നാക്‌സുകളാസ്വദിക്കും. പിന്നീടു ഫാന്‍ക്ലബ്ബിന്റെ വക കുളിയാണ്. നിന്ന നില്‍പ്പില്‍ മൂന്നു ഹോസ്സുകളുപയോഗിച്ച് മിഥുനും, വിവേകും, രഘുവും കുടി ഒരു ഓള്‍റൗണ്ട് സ്‌പ്രേ സംഘടിപ്പിക്കും. പിന്നീടു കിടത്തിക്കുളിപ്പിക്കലാണ്. വിമോഷ് ചെരിച്ചുകിടത്തുന്ന ആനയെ മൂന്നുപേരും ചേര്‍ന്നു തേച്ചു വെടിപ്പാക്കും. തൊണ്ട്, ബ്രഷ്, ചകിരി, കല്ല് മുതലായ സ്‌ക്രബ്ബറുകളാണുപയോഗിക്കുന്നത്. ചിലപ്പോള്‍ സോപ്പുപൊടിയും ഉപയോഗിക്കുന്നു. ഫാന്‍ക്ലബ്ബിന്റെ ചെലവില്‍ വാങ്ങിയ ബ്രാന്‍ഡഡ് സോപ്പുപൊടികള്‍. അമരത്തിനും, നടക്കുമിടയിലുള്ള വയറുഭാഗം തേക്കുമ്പോഴാണത്രെ ആന ചില്‍ഔട്ടാകുന്നത്. അവനപ്പോള്‍ നല്ല മയക്കത്തിലാകും. ചന്ദ്രശേഖരനെ കുളിപ്പിച്ച് പട്ടയും മറ്റും ഇട്ടുകൊടുത്തശേഷം കോളേജ്‌വിദ്യാര്‍ത്ഥികളായ മിഥുനും, രഘുവും, വിവേകും കോളേജിലേക്കു പോകും. പിന്നീടവരെത്തുക വൈകിട്ടായിരിക്കും.

എന്നാല്‍ പൂരത്തിനങ്ങിനെയല്ല. നെയ്തിലക്കാവിലമ്മയെത്തി തെക്കേഗോപുരം തള്ളിത്തുറക്കുന്നതുമുതല്‍ പാറമേക്കാവും തിരുവമ്പാടിയും ഉപചാരം ചൊല്ലിപ്പിരിയുന്നതുവരെയുള്ള മൂന്നുദിവസവും ആനയും, അവന്റെ ഫാന്‍സും ബിസിയായിരിക്കും. അന്നവര്‍ കോളേജ് ബങ്ക് ചെയ്യും. പൂരത്തിനിടക്കെന്തു പഠിത്തം? കഴിഞ്ഞ പൂരത്തിന് മിഥുനു പരീക്ഷയായിരുന്നു. രാവിലെ സാമ്പിള്‍ വെടിക്കെട്ടു കഴിഞ്ഞ് കോയമ്പത്തൂരെ കോളേജിലേക്ക് വിട്ടയാള്‍  നാലുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ, കഷ്ടിച്ചൊരു മണിക്കൂര്‍ കൊണ്ടെഴുതി ഉച്ചക്കു രണ്ടുമണിയോടെ പൂരപ്പറമ്പില്‍ തിരിച്ചെത്തിയത്രെ! അവിടെ തിടമ്പേറ്റിനിന്ന ചന്ദ്രശേഖരനു കൂട്ടുനില്‍ക്കാന്‍.

ഇന്നു പൂരപ്പറമ്പില്‍ അണിനിരക്കുന്ന തെച്ചിക്കോട്ടു രാമചന്ദ്രന്‍, തിരുവമ്പാടി ശിവസുന്ദര്‍, പാറമേക്കാവു പദ്മനാഭന്‍, ഗുരുവായൂര്‍ നന്ദന്‍, ഇങ്ങനെ എല്ലാ ഗജവീരന്‍മാരുടെയും കൂടെ മിഥുനെപ്പോലെയുള്ള യംഗ്‌സ്റ്റേഴ്‌സുണ്ടാവും. ന്യൂ ജെനറേഷന്‍ ആനപ്രേമികള്‍.

അഴിമുഖം യു ടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

ജോബി വര്‍ഗീസ്

ജോബി വര്‍ഗീസ്

ചാലക്കുടി സ്വദേശിയാണ് ജോബി വര്‍ഗീസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദം. ഹ്രസ്വചിത്ര സംവിധായകന്‍. സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകന്‍. ലോകസിനിമയെ കുറിച്ചുള്ള എഴുത്തുകള്‍ സിനിമ ജാലകത്തിലൂടെ വായിക്കാം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍