UPDATES

സിനിമ

തലനരച്ചവരെ എന്തും വിളിക്കാം; ന്യൂ ജെന്‍ പിള്ളേരെ തൊട്ടാല്‍ കളി മാറും

Avatar

പച്ചയ്ക്ക് തെറി പറയുക, കക്കൂസില്‍ കേറി നിന്നു പ്രേമിക്കുക, യഥേഷ്ടം കള്ളും കഞ്ചാവുമൊക്കെയായി ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ആഘോഷിക്കുക; ന്യൂജനറേഷന്‍ സിനിമകളെന്ന പേരില്‍ ഇറങ്ങാന്‍ തുടങ്ങിയ മലയാളം പടങ്ങളുടെ പൊതുഘടകങ്ങള്‍ ഇതൊക്കെയാണെന്നാണ് അംബുജാക്ഷനോട് ആരോ പറഞ്ഞു തന്നത്. കാലം മാറിക്കൊണ്ടിരിക്കും അതിനനുസരിച്ച് ശീലങ്ങളും. ഇതറിയാവുന്നതുകൊണ്ട് അംബുജാക്ഷന്‍ ഇന്നേവരെ ഒരു ന്യൂജന്‍ സിനിമയെയും എതിര്‍ക്കാനും ശ്രമിച്ചിട്ടില്ല, കാണാതിരിക്കാന്‍ തയ്യാറായിട്ടുമില്ല. പിന്നെ പിന്നെ ഈ വക ട്രെന്‍ഡുുകള്‍ മാറി വന്നൂ. അപ്പോള്‍ ആരോ പറഞ്ഞു ന്യൂജനറേഷന്‍ സിനിമകളെന്നാല്‍ പുതിയകാല പയ്യന്മാര്‍ എടുക്കുന്ന വ്യത്യസ്തതയാര്‍ന്ന സിനിമകളെന്നാണ് വിവക്ഷയെന്ന്. അംബുജാക്ഷന്‍ അതും വിശ്വസിച്ചു. പൂഴി മണ്ണില്‍ സൂചി തിരയുന്നതുപോലെയായിരുന്നു ഇത്തരം സിനിമകളില്‍ വ്യത്യസ്തത തിരഞ്ഞത്. ഇതിനിടയില്‍ കുറച്ച് പഴക്കമുള്ളവരുടെ സിനിമകളും വന്നുകൊണ്ടിരുന്നു. പതഞ്ഞു തീര്‍ന്ന സോപ്പുകളെന്നാണ് അത്തരം സിനിമകളുടെ പുറകില്‍ നിന്നവര്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ നിന്നു കിട്ടിയ പരിഹാസം. അത്തരക്കാരുടെ ആധിപത്യം മലയാള സിനിമയില്‍ നിന്ന് അവസാനിപ്പിക്കണമെന്നും ഇനിയുള്ള കാലം പുതിയ പുത്രന്മാരുടെതാണെന്നുമുള്ള ഉദ്‌ബോധനങ്ങളുടെ പെരുമ്പറകളും നവമാധ്യമങ്ങളിലൂടെ മുഴങ്ങി. ശരിയാണ്, മാറ്റത്തിനുപോലും മാറ്റമുണ്ടാകുന്ന പുതിയകാലത്ത് വഴിയൊഴിയേണ്ടവര്‍ ഒഴിഞ്ഞേപറ്റൂ. പക്ഷേ പകരം വരുന്നവര്‍ യഥാര്‍ത്ഥ പകരക്കാരല്ലെങ്കിലോ?

നവ തലമുറ സിനിമകളുടെ ഇപ്പോഴത്തെ നിലവാരംവെച്ച് അംബുജാക്ഷന്‍ അമര്‍ത്തി ചിന്തിച്ചപ്പോള്‍ തോന്നിയതാണ്. ഇതൊക്കെ മതിയോ നമ്മുടെ സിനിമകളെന്നു പറയാന്‍? സിനിമ ഒരു കലയാണെന്നു പറഞ്ഞാല്‍ തേങ്ങാക്കുലയാണെന്നു മറുത്തു പറയുന്നവരുടെ മുന്നില്‍ ഇത്തരമൊരു ചോദ്യം ചോദിച്ചാല്‍ അദ്യം വരുന്ന മറുപടി; ഇതൊക്കെ പറയാന്‍ തനിക്കെന്താടോ യോഗ്യത എന്നായിരിക്കും. ഏതെങ്കിലുമൊരു സിനിമയ്ക്ക് ആരെങ്കലുമൊരുത്തന്‍ നിരൂപണം എഴുതിയാല്‍; നിരൂപണമെഴുതാന്‍ നിനക്കെന്തൂട്ടൂ യോഗ്യതയാടാ ഗഡീന്നു ചോദിക്കണ പാര്‍ട്ടീസാണല്ലോ. അങ്ങനെയാരെങ്കിലും അംബുജാക്ഷനോടു ചോദിക്കുകയാണെങ്കില്‍ അവരോടു ഞാന്‍ പറയും; സിനിമ കാണുന്ന ഒരുവന്‍ എന്ന നിലയില്‍ കിട്ടിയ യോഗ്യത തന്നെയെന്ന്. കൂട്ടാന് ഉപ്പുണ്ടോ എരിവുണ്ടോ എന്നൊക്കെ പറയാന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കണമെന്നൊന്നും ഇല്ലല്ലോ? രുചിയറിയാനുള്ള കഴിവുണ്ടായാല്‍ മതി. ഒരു സൃഷ്ടി പൂര്‍ത്തിയായി കഴിഞ്ഞാല്‍ സൃഷ്ടാവിന് അതിലുള്ള അവകാശം നഷ്ടമായെന്നും പിന്നീടത് ആസ്വാദകന് അവകാശപ്പെട്ടതാണെന്നും വിവിരമുള്ളവര്‍ പറഞ്ഞത് വായിച്ചിട്ടുണ്ട്. ഇവിടെയിപ്പോള്‍ ആസ്വാദകന് എന്തെങ്കിലും പറയണമെങ്കില്‍ അത് സൃഷ്ടാവിനെ വേദനിപ്പിക്കാതെ വേണമെന്നാണ് ശാഠ്യം. പണ്ട് താനെഴുതിയൊരു കൃതിക്ക് മുണ്ടശ്ശേരി മാഷ് നടത്തിയ മണ്ഡനവിമര്‍ശനം വായിച്ചൊരു സ്വാമി എഴുത്തു മതിയാക്കി നാടുവിട്ട കഥ കേട്ടിട്ടുണ്ട്. ഈ ന്യൂജനറേഷന്‍ കാലത്ത് ജീവിച്ചിരിക്കാനുള്ള ഭാഗ്യക്കേട് കോഴിക്കോടന്‍ സാറിനൊന്നും വരുത്താതിരുന്ന ഈശ്വരനോട് അംബുജാക്ഷന്‍ നന്ദി പറയുന്നു.

ഒരു കലാകരനും ആസ്വാദകനും വേണ്ട ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഹൃദയ വിശാലതയാണ്. എന്തിനെയും സ്വീകരിക്കാനുള്ള വലിപ്പം അവരുടെ മനസ്സുകള്‍ക്കുണ്ടാവണം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പുത്തന്‍ കാല സിനിമാക്കാര്‍ക്കും അവരുടെ ആസ്വാദകര്‍ക്കും(ഇവരെ ആസ്വാദകരെന്നു വിളിക്കുന്നതിലും നല്ലത് ആരാധകരെന്നു വിളിക്കുന്നതായിരിക്കും) ഈ പറഞ്ഞ സവിശേഷത ഇല്ലെന്നു തന്നെയാണ് അംബുജാക്ഷന് മനസ്സിലാക്കാന്‍ കഴിയുന്നത്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തതാണെങ്കിലും അതൊരു നവപ്രതിഭയുടെ പ്രയത്‌നഫലമാണെന്ന ന്യായം വിളമ്പി അതിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നു പറയാന്‍ നിങ്ങളൊക്കെയാരണ് ഹേ…? മോശമായതിനെ മോശം എന്നു തന്നെ പറയണം. വിമര്‍ശനങ്ങളെ പോസിറ്റീവ് മൂഡില്‍ എടുക്കന്നവനാണ് യഥാര്‍ത്ഥ പോരാളി. വിജയങ്ങളില്‍ നിന്ന് ആരും ഒന്നും പഠിക്കുന്നില്ല തോല്‍വികളാണ് ഗുരുക്കന്മാര്‍. എന്നാല്‍ തോല്‍വി സമ്മതിക്കില്ലെന്നു വാശി കാണിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ പരാജയമാണ്.

കൃത്യമായൊരു ഡിസ്‌ക്രിമിനേഷന്‍ ഈയടുത്തായി സോഷ്യല്‍ മീഡിയകളില്‍ കാണുന്നുണ്ട്. ഒരു ഭാഗത്ത് ഓള്‍ഡ് ജനറേഷന്‍ എന്നു പറയുന്ന സിനിമകളും മറുഭാഗത്ത് ന്യൂജനറേഷന്‍ സിനിമകളും. ഓള്‍ഡ് ജനറേഷന്‍ സിനിമകള്‍ അഥവ തലനരച്ചവരുടെ സിനിമകളെ എങ്ങനെ വേണമെങ്കിലും വിമര്‍ശിക്കാം പരിഹസിക്കാം. അവര്‍ പണ്ടു ചെയ്തതൊന്നും കാര്യമായി എടുക്കാറേയില്ല. എന്തും ഏതും വിളിച്ചു പറയാം. മോഹന്‍ ലാലോ മമ്മൂട്ടിയോ കമലോ രഞ്ജിത്തോ സിബി മലയിലോ ആരുമാകട്ടെ. 80 കളില്‍ സിനിമയില്‍ വന്നവര്‍ 2015 ലും നിലനില്‍ക്കുന്നതിലെ പൊരുത്തക്കേടുകള്‍ തെറികളായി വരെ പ്രകടിപ്പിക്കാറുണ്ട് നമ്മുടെ സോഷ്യല്‍ മീഡിയ. സഭ്യമായ വിമര്‍ശനങ്ങള്‍ ഇവര്‍ക്കു നേരെ ഉയരുമ്പോള്‍ അംബുജാക്ഷനും അതിനെ സപ്പോര്‍ട്ട് ചെയ്യാറുണ്ട്, ഇടയ്‌ക്കൊക്കെ സ്വന്തം നിലയ്ക്ക് വിമര്‍ശിക്കാറുമുണ്ട്. ചിലരൊക്കെ അസ്വസ്ഥരാകുമെങ്കിലും ഓള്‍ഡ് ജനറേഷന്‍കാരെന്നു വിളിക്കുന്ന ഭൂരിഭാഗംപേരും അതെല്ലാം പോസിറ്റീവ് മൈന്‍ഡില്‍ എടുക്കുമെന്നു തന്നെയാണ് വിശ്വാസം. പലവുരി പഴികേട്ടു തന്നെയാണ് അവരൊക്കെ തങ്ങളുടേതായ സ്ഥാനം നേടിയെടുത്തതും. ഒരു കൃതിയെ അതിലെ ഒരോ വരിയുമെടുത്തും അതിനെ മൊത്തമായും നിരൂപണം നടത്തുന്ന മാര്‍ഗങ്ങള്‍ നമുക്കുണ്ടായിരുന്നു. അത്തരത്തില്‍ സിനിമകളും വിമര്‍ശനങ്ങള്‍ക്കും വിധേയരായിട്ടുണ്ട്. നീലക്കുയിലിനും ചെമ്മീനും ഭാര്‍ഗവി നിലയത്തിനുമൊക്കെ കുത്തിനോവിക്കലുകള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ആകയാല്‍ അതാതുകാലത്തെ സിനിമകളെല്ലാം തന്നെ അന്നന്നുണ്ടായിരുന്ന വിമര്‍ശകരാല്‍ പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ട്. പക്ഷെ ആ വിമര്‍ശകരൊന്നും ഇന്നത്തെപ്പോലെ തെറിവിളികള്‍ പരസ്യമായി കേള്‍ക്കേണ്ടി വന്നവരല്ല. നേരത്തെ സൂചിപ്പിച്ച ഡിസ്‌ക്രിമിനേഷന്‍ ഇവിടെയാണ് പ്രകടമാകുന്നത്. സോഷ്യല്‍ മീഡിയകളില്‍ വളമിട്ടു വിളയിക്കാന്‍ ശ്രമിക്കുന്ന സിനിമാക്കൃഷിക്കാരുടെ കാലത്ത് തെറ്റുചൂണ്ടിക്കാണിക്കുന്നവനെ കൈലി പൊക്കി കാണിക്കുന്ന അനുചര/ ആരാധകവൃന്ദങ്ങളാണ് ഈ വകഭേദത്തിന്റെ സൃഷ്ടാക്കള്‍. 

ഈ ഓണത്തിനിറങ്ങിയ സിനിമകളില്‍ കൊള്ളം എന്നു മനസ്സില്‍ തട്ടി പറയാവുന്ന ഒരു മലയാള സിനിമയും ഉണ്ടായിരുന്നില്ല. എന്നിട്ടും എല്ലാവരും പറഞ്ഞു ഞങ്ങളുടെ സിനിമയാണ് ബെസ്റ്റ് എന്ന്. ശാമ്പശിവന് കജ പറയാന്‍ അറിയാമോ, കൊല്ലം ബാവൂവിന് പാടാന്‍ അറിയാമോ, കജാപ്രസംഗം കേക്കണേല്‍ അതെന്റെ കേക്കണോന്ന് പണ്ടൊരു ശുകു വീരവാദം പറഞ്ഞതാണ് അംബുജാക്ഷന്റെ മനസ്സില്‍ വന്നത്. എല്ലാ കാക്കയ്ക്കും തന്‍കുഞ്ഞ് ഇരുപത്തിനാലു കാരറ്റ് പൊന്നുതന്നെയാണ്. എന്നുകരുതി കണ്ടു നില്‍ക്കുന്നൊരാള്‍ ദേ കാക്കേ നിങ്ങടെ കുഞ്ഞിന് കളറ് ബ്ലാക്കാണല്ലോ എന്നു പറഞ്ഞാല്‍ കാക്ക കൊത്താന്‍ വരുവാണോ ചെയ്യേണ്ടത്? ലോഹം മോശമാണെന്നും രഞ്ജിത്ത് പറ്റിച്ചെന്നും പറഞ്ഞ്( അതിനപ്പുറവും പറഞ്ഞു) എല്ലാവരും പൊങ്കാലയിട്ടു. ഇതൊരുമാതിരി……രാജാവായിപ്പോയെന്ന് കമലിനോടും പറഞ്ഞു; പറഞ്ഞവരൊക്കെ ചാരിതാര്‍ത്ഥ്യം അടഞ്ഞതല്ലാതെ അവരെയൊന്നും ആരും കേറി തന്തയക്കും തള്ളയ്ക്കും വിളിച്ചതായി കേട്ടിട്ടില്ല. എന്നാലോ ഇതേ സിനിമകള്‍ക്കൊപ്പം ഇറങ്ങിയ ന്യൂജനറേഷന്‍ രാമായണകഥകളെ പറ്റിപ്പറഞ്ഞപ്പോള്‍ കളി മാറി.

നീയൊക്കെ ആരാടാ നിരൂപിക്കാന്‍ എന്ന് മട്ടില്‍ ചോദ്യങ്ങള്‍. ഒന്നുകില്‍ നീരൂപിക്കുന്നതിന് സര്‍വകലാശാല ബിരുദം സാക്ഷ്യപ്പെടുത്തണം, അല്ലെങ്കില്‍ വിമര്‍ശിക്കുന്നവന്‍ ഉടനടി പുതിയൊരു തിരക്കഥയെഴുതി സിനിമയെടുത്തിരിക്കണം എന്നാണ് തിട്ടൂരം ഇറക്കുന്നത്. ഒരു സിനിമയുടെ പ്ലസുകളും മൈനസുകളും(മൈനസുകള്‍ മാത്രമേയുള്ളൂവെങ്കില്‍ അതല്ലേ പറയാന്‍ പറ്റൂ) പറയണമെങ്കില്‍ കുറസോവയും ബര്‍ഗ്മാനും ആകണോ? സിനിമയുടെ ബേസ് എന്തെങ്കിലുമൊക്കെ അറിഞ്ഞിട്ടുണ്ടെന്നു കരുതി സിനിമാക്കാരനായാല്‍ തനിക്ക് പാകപ്പിഴകളൊന്നും വരില്ലെന്നു പറയുന്നവര്‍ ഒരു കലാകാരന്‍ ആണോ? തനിക്കു പറ്റിയ തെറ്റുകള്‍ മറ്റൊരാള്‍ ചൂണ്ടിക്കാട്ടിയാല്‍ അത് അംഗീകരിക്കണം. അല്ലാതെ താനെത്ര കഷ്ടപ്പെട്ടാണെന്നോ ഈ സിനിമ ഉണ്ടാക്കിയതെന്നും വെറും രണ്ടര മണിക്കൂര്‍ എ സിയിലിരുന്ന് അത് കണ്ടവന്‍ ആ സിനിമയെ കുറ്റം പറഞ്ഞാല്‍ എങ്ങനെ സഹിക്കുമെന്നും ചോദിക്കുന്നവന്‍ വിവരദോഷിയാണ്. രണ്ടര മണിക്കൂര്‍ എ സിയിലിരിക്കുന്നെങ്കില്‍ അത് സ്വന്തം കൈയിലെ കാശുമുടക്കിയാണ്. അല്ലാതെ ഒരു സംവിധായകനോ നായകനോ കൊണ്ടുപോയി കൊടുത്തിട്ടല്ല. അങ്ങനെ മുടക്കുന്ന കാശിന്റെ ഒരുഭാഗം നിങ്ങള്‍ കൈനീട്ടി വാങ്ങുന്നുമുണ്ട്. ഇരുപത് രൂപ മുടക്കി വാങ്ങുന്ന മുളകുപൊടിക്ക് എരിവില്ലെന്നു പറഞ്ഞു ഉപഭോക്തൃ കോടതിയില്‍ കേസുകൊടുക്കാം, നൂറും നൂറ്റമ്പതും രൂപ മുടക്കി കാണുന്ന ഒരു സിനിമ മോശമാണെങ്കില്‍ അതു മോശമായിപ്പോയി എന്നു എവിടെയെങ്കിലും കുറിച്ചിട്ടാല്‍ അത് മഹാ അപരാധമോ?

വേറെ ചിലര്‍ പറയുന്നതുകേള്‍ക്കാം; ഒന്നിനെയും വേണ്ട സമയത്ത് മലയാളി അംഗീകരിക്കില്ലെന്ന്. ഇതിനൊപ്പം സ്ഥിരമായി പറയുന്ന ഉദ്ദാഹരണം പത്മരാജന്‍ സിനിമകളെയാണ്. പത്മരാജന്‍ സിനിമകള്‍ തിയേറ്റര്‍ പരാജയങ്ങളായിരുന്നുവെന്നത് അംബുജാക്ഷനും സമ്മതിക്കുന്ന കാര്യമാണ്. എന്നുകരുതി ഒറ്റൊരുത്തനും തിയേറ്ററില്‍ പോയി ആ സിനിമകള്‍ കണ്ടിട്ടില്ലയെന്നൊന്നും പറഞ്ഞേക്കരുത്. ആ സിനിമകളെയെല്ലാം അന്നത്തെ നിലവാരുമുള്ള പ്രേക്ഷകന്‍ സ്വീകരിച്ചിട്ടുണ്ട്. അന്നതൊന്നും കാണാന്‍ കഴിയാതിരുന്ന പിന്‍തലമുറയും അതേ സിനിമകള്‍ സ്വീകരിക്കുകയായിരുന്നു. കാലത്തെ ജയിച്ചു നില്‍ക്കുന്ന സൃഷ്ടികളായതുകൊണ്ട് അതിനെ നാം ക്ലാസിക്കുകളെന്നും പുകഴ്ത്തുമ്പോള്‍ അതിന്റെ പിതൃത്വവും തങ്ങള്‍ക്കാണെന്നു ന്യൂജന്‍കാര്‍ പറയരുത്. ഇറങ്ങിയകാലത്ത് പരാജയമായിരുന്നൊരു ഞാന്‍ ഗന്ധര്‍വന്‍ ഇന്ന് സൂപ്പര്‍ സിനിമയാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് ആ സിനിമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ വിമര്‍ശിച്ചു തോല്‍പ്പിച്ചു എന്ന പരിതാപം പേറുന്നൊരു ന്യൂജന്‍കാല സിനിമ നാളത്തെ തലമുറ കൈയേല്‍ക്കുമെന്നുറപ്പുള്ള മൗലിക സൃഷ്ടിയാണെന്ന് ആര്‍ക്കെങ്കിലും പന്തയം വയ്ക്കാമോ? ഇന്നത്തെ ഒരു മലരും മറ്റൊരു വസന്തത്തിലേക്ക് മണം ചൊരിയില്ലെന്ന് ഉറപ്പാണ്. പൊതിഞ്ഞു സൂക്ഷിക്കാന്‍ കഴിയാത്ത തല്‍ക്കാല രുചിയുള്ള ജംഗ് ഫൂഡ്‌സ്മാത്രമാണവ.

സിനിമ ഒരു കലാസൃഷ്ടിയാണ്. അതു മനസിലാക്കണം. അല്ലെങ്കില്‍ എക്കണോമിക്‌സ് പഠിച്ച വിജയന്‍ മാഷ് പരസ്യചിത്രം എടുക്കാന്‍ പോയതുപോലെയാവും. അതിനെയാരെങ്കിലും കുറ്റം പറഞ്ഞാല്‍ നീയാരാടാ…എന്നു ചോദിക്കുകയല്ല വേണ്ടത്…ആത്മാര്‍ത്ഥയാണ് കലയോട് കാണിക്കുന്നതെങ്കില്‍ വീഴ്ച്ചയില്‍ നിന്നു പഠിക്കുക, തഴമ്പുള്ള കൈകൊണ്ട് ആയത്തില്‍ കൊട്ടാം…

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍